” എഴുത്തുകാർ ദേശീയ സാഹിത്യം സൃഷ്ടിക്കുന്നു.. വിവർത്തകർ ലോക സാഹിത്യം സൃഷ്ടിക്കുന്നു…”
എല്ലാ വർഷവും സെപ്റ്റംബർ 30-ന് ആണ് അന്താരാഷ്ട്ര പരിഭാഷാ ദിനമായി ആഘോഷിക്കുന്നത്.. വിവർത്തകരുടെ രക്ഷാധികാരിയായി കണക്കാക്കപ്പെടുന്ന ബൈബിൾ പരിഭാഷകനും മദ്ധ്യസ്ഥനായ വിശുദ്ധ ജെറോമിന്റെ തിരുനാളാണ് സെപ്റ്റംബർ 30…
പുസ്തകവായനയെ സ്‌നേഹിക്കുന്ന സാഹിത്യത്തെ ഇഷ്ടപ്പെടുന്ന ഏതൊരാളും അറിഞ്ഞിരിക്കേണ്ട ദിവസം.!
ഒരുദേശത്തിന്റെ ഭാഷയും സംസ്കാരവും ശൈലിയും എല്ലാം മറ്റൊരു ദേശത്തിന് പരിചിതമാകുന്നതമാകുന്നതും വളര്‍ച്ചപ്രാപിക്കുന്നതും ചില കൊടുക്കല്‍ വാങ്ങലുകളിലൂടെയാണ്. അത്തരമൊരു മൊഴിമാറ്റത്തിലൂടെ വളര്‍ച്ചയിലെത്തിയതാണ് നമ്മുടെ സാഹിത്യരംഗവും. മൊഴിമാറ്റത്തിലൂടെ വായനക്കാരന് പുതിയൊരു സംസ്‌കാരവും ശൈലിയും പരിചിതമാകുന്നതുപോലെ തന്നെ എഴുത്തുകാരുടെ ഒരു സമൂഹത്തെയും ഇത് ഏറെ സ്വാധീനിക്കുന്നു..
ഇന്ന് വിവര്‍ത്തനം ഒരു സാംസ്‌കാരിക പ്രക്രിയകൂടിയാണ്. മലയാളസാഹിത്യത്തിന്റെ തുടക്കം വിവിവര്‍ത്തനകൃതികളിലൂടെയാണെന്ന് പറയുന്നതില്‍ തെറ്റില്ല. നാടകം, നോവല്‍, കാവ്യങ്ങള്‍ എന്നിവയെല്ലാം സംസ്‌കൃതത്തിന്റെ മൊഴിമാറ്റങ്ങളായിരുന്നുവല്ലോ. കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍, കേരള പാണിനി എ. ആര്‍. രാജരാജവര്‍മ്മ, ആറ്റൂര്‍ കൃഷ്ണ പിഷാരടി, കെ. പി. നാരായണ പിഷാരടി, കുട്ടികൃഷ്ണമാരാര്‍, അങ്ങനെ വിവര്‍ത്തനത്തിലൂടെയും വ്യാഖ്യാനത്തിലൂടെയും വിശ്വകവി കാളിദാസനെ സംസ്‌കൃത കാവ്യ ലോകത്തെ മലയാളിക്ക് പരിചയപ്പെടുത്തിയവര്‍ ഏറെയാണ്.
പിന്നെ വിശ്വസാഹിത്യകാരന്മാരെല്ലാം ഓരോകാലങ്ങളിലായി മലയാളിയുടെ വായനാമുറികളെ അലങ്കരിക്കുയും വായനയെ വിശാലമാക്കുകയും ചെയ്തു…
ഇന്ന് മലയാള പുസ്തകപ്രസാധനരംഗത്ത് വിവര്‍ത്തനത്തിന് മുഖ്യമായ പങ്കാണുള്ളത്. ടോള്‍സ്‌റ്റോയിയുടെയും, ദസ്തയോവ്‌സ്‌കിയുടെയും മിക്ക ക്ലാസിക് കൃതികളും മലയാളവായനക്കാര്‍ക്കായി വിവര്‍ത്തനം ചെയ്തിട്ടുണ്ട്. വൈദേശിക നോവലുകള്‍ക്കൊപ്പം മികച്ച പല ഭാരതീയ നോവലുകളും മലയാളത്തിലെത്തി. താരാശങ്കര്‍ ബാനര്‍ജി, ബിഭൂതി ഭൂഷണ്‍, ആശാപൂര്‍ണാദേവി തുടങ്ങി നിരവധിപ്പേരുടെ നോവലുകള്‍ ഇതില്‍പ്പെടുന്നു…
ദേശീയത, പുനരുദ്ധാരണം, നവോത്ഥാനം, കമ്മ്യൂണിസം തുടങ്ങിയ ഘടകങ്ങളിലും ഭൂമിശാസ്ത്രപരമായും സമാനതകള്‍ പുലര്‍ത്തുന്ന ദേശങ്ങള്‍ എന്ന നിലയില്‍ ബംഗാളി നോവലുകള്‍ക്ക് മലയാളത്തില്‍ ഏറെ സ്വീകാര്യത ലഭിച്ചിട്ടുണ്ട്…
ഷേക്‌സ്പിയര്‍, വിക്റ്റര്‍യൂഗോ, ടോള്‍സ്‌റ്റോയി, മോപ്പസാങ് തുടങ്ങിയവരുടെയും നോബല്‍ ജേതാക്കളായ പാമുക്, യോസ, എല്‍ഫ്രഡ് യല്‍നക്, ഡോറിസ് ലെസിങ്, ടോണി മോറിസന്‍, ലെ ക്ലെസിയോ, ഗാവോ സിങ്ജിയാന്‍, സരമാഗോ, വില്യം ഗോള്‍ഡിങ്, അലക്‌സാണ്ടര്‍ സോള്‍ഷെനിസ്റ്റിന്‍, കവാബാത്ത, മുഗുവേല്‍ എയ്ഞ്ചല്‍ അസ്തൂറിയാസ്, സാര്‍ത്ര്, ജോണ്‍ സ്റ്റീന്‍ബെക്ക്, ആര്‍ബര്‍ട്ട് കാമു, ഹെമിങ്‌വേ, വില്യം ഫോക്‌നര്‍, ഹെര്‍മന്‍ ഹെസ്സെ, പേള്‍ ബക്ക്, നട്ട് ഹംസുന്‍ തുടങ്ങിയവരുടെയും മാന്‍ ബുക്കര്‍ ജേതാക്കളായ അരുന്ധതി റോയി മുതലുള്ളവരുടെ കൃതികള്‍ വരെ വിവര്‍ത്തനം ചെയ്ത് മലയാളത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസിന്റെ ‘Hundred Years of Solitude’ അദ്ദേഹം നോബല്‍ സമ്മാനം നേടി പ്രശസ്തനാകുന്നതിനു മുന്‍പുതന്നെ മലയാളത്തില്‍ പ്രസിദ്ധീകരിച്ചു എന്നതും ശ്രദ്ധേയമാണ്. ഇത് മൂലഭാഷയുടെയും മലയാളഭാഷയുടെയും വളര്‍ച്ചയെകുറിക്കുന്ന ഘടകങ്ങളണ്…
ക്ലാസിക് കൃതികളും ഫിക്ഷനുകളും മാത്രമല്ല മൂലധനം, മെയ് കാംഫ്, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ തുടങ്ങി പ്രശസ്തമായ ആത്മകഥകളും, ജീവചരിത്ര ഗ്രന്ഥങ്ങളും, ചരിത്രഗ്രന്ഥങ്ങളും, സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങളും എല്ലാം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത് വായനക്കാരിലേക്ക് എത്തിക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. ഇവയെല്ലാം മറ്റുഭാഷകളിലെന്നപോലെ മലയാളത്തിലും ബെസ്റ്റ് സെല്ലറുകളാണ്. ഇതിലൂടെ ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യന്‍, ഹിന്ദി ഭാഷകളോടും സാഹിത്യങ്ങളോടുളള വായനക്കാരുടെ ആഭിമുഖ്യമാണ് മനസ്സിലാക്കാന്‍ സാധിക്കുക.
ഇങ്ങനെ മലയാളസാഹിത്യത്തിന്റെ നവോത്ഥാനഘട്ടത്തില്‍ അതിലെ ഓരോ പ്രവണതകളെയും സ്വാധീനിച്ച് സമാന്തരമായി നീങ്ങുന്ന ഒരു വിവര്‍ത്തനശാഖയും മലയാളത്തില്‍ ഉണ്ടായിരുന്നതായി കാണാം….✍