ബെർലിൻ – ജർമ്മനിയിലെ രണ്ടാമത്തെ വലിയ സിറ്റിയായ ഗ്രോസ് ഹാംബർഗിൽ യഹോവ സാക്ഷികളുടെ ആരാധന ഹാളിനുള്ളിൽ വ്യാഴാഴ്ച അജ്ഞാതരുടെ വെടിവയ്പ്പിൽ നിരവധി ആളുകൾ കൊല്ലപ്പെടുകയും, പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. ആറോ ഏഴോ പേർ മരിച്ചതായി ജർമ്മൻ മാധ്യമ റിപ്പോർട്ടുകൾ ചെയ്യുന്നെങ്കിലും പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
ഒരു ഓട്ടോ റിപ്പയർ ഷോപ്പിനോട് ചേർന്നുള്ള മൂന്ന് നില കെട്ടിടമായ യഹോവ സാക്ഷികളുടെ ആരാധനാ ഹാളിൽ വ്യാഴാഴ്ച രാത്രി ഒൻപതു മണിയോടെയാണ് വെടിവയ്പ്പുണ്ടായത്. സംഭവസ്ഥലത്തെത്തിയ പോലീസ് നിരവധിപ്പേരെ വെടിയേറ്റ നിലയിൽ കണ്ടെത്തി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
വെടിയുതിർത്തയാൾ ഓടിപ്പോയതായി സൂചനയില്ലെന്നും കുറ്റവാളി കെട്ടിടത്തിലോ മരിച്ചവരുടെ കൂട്ടത്തിലോ ആയിരിക്കാനാണ് സാധ്യതയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
19-ാം നൂറ്റാണ്ടിൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ സ്ഥാപിതമായതും ന്യൂയോർക്കിലെ വാർവിക്കിൽ ആസ്ഥാനവുമായ ഒരു അന്താരാഷ്‌ട്ര സഭയാണ് യഹോവ സാക്ഷികൾ. സുവിശേഷ പ്രവർത്തനവുമായി ബന്ധപ്പെട്ട് ലോകമെമ്പാടും ഏകദേശം 8.7 ദശലക്ഷം അംഗത്വമുണ്ടെന്ന് അവകാശപ്പെടുന്നു, ജർമ്മനിയിൽ ഏകദേശം 170,000 പേരുണ്ട്.
മനോ സാം