വ്യക്തികൾ ദൈവങ്ങൾ നിറഞ്ഞനാട്
ഇതെന്റെ നാട്
ചുറ്റിനും വ്യക്തികൾ ദൈവങ്ങൾ
നിറഞ്ഞതീയെന്റെ നാട്.
പാറപ്പുറങ്ങളും കുന്നിൻപുറങ്ങളും
ഓലത്തണ്ടികയും ദൈവാലയങ്ങൾ
ആതുരസേവനത്തിനായെത്തും
പണത്താൽ
ആറടിദൂരത്തിൽ ദേവാലയങ്ങൾ.
വചനം ഘോഷിക്കുന്നു
വാദ്യംമുഴങ്ങുന്നു
വാനിടത്തിലെങ്ങും സ്തുതിയുയരുന്നു
വ്യക്തികളിവിടെ ദൈവങ്ങളാകുന്നു
യുക്തികളിവിടെ വിഡ്ഢിത്തരങ്ങൾ..
വികാരത്തള്ളലിൽ വേലിയേറ്റങ്ങൾ
മാലാഖമാരായി രൂപമെടുക്കുന്നു.
അലറിവിളിക്കുന്നു, കൂകിവിളിക്കുന്നു
പറയുന്നവനറിയില്ല,കേൾക്കുന്നവനും
തഥാ..
പകുതിദിനം മാന്യനായവനും
പണ്ടുമുതലിന്നുവരെ മാംസം വിറ്റവളും
പെട്ടന്നൊരുനാളിൽ
വെളിപാടിലുണരുന്നു
ദൈവത്തിൻ കുഞ്ഞാട്
നിങ്ങളുണരുക.
നാലുദിനംമുമ്പ് വന്നവരോതി
ലോകനാശം വരുന്നു
തീകൊണ്ടതിനാൽ,
വേഗം വരികനീ യഹോവ വിളിക്കുന്നു.
രക്ഷനേടുക ഞങ്ങളോടൊപ്പം.
മൂന്ന്ദിനംമുമ്പ് വന്നവരോതി
തൊട്ടടുത്തിവിടെ കുന്നിൻമുകളിൽ
വചനപ്രഘോഷണവും
കൻവെഷനുമുണ്ടവിടെ
വന്നീടുക നീ ദൈവരാജ്യം
സമാഗതമായി
ഇന്നലെ വന്നൊരു ദൈവം എന്നോട്
ചൊല്ലി,
വചനം ശ്രവിക്കാത്ത നീയോ
പിശാചിന്റെ സന്തതി.
ഉണ്ടായ സ്വത്തെല്ലാമാലംബഹീനർക്ക്
നൽകിയ
ഞാനോ പിശാചിന്റെ സന്തതി കഷ്ടം!!.
വ്യക്തികൾ ദൈവങ്ങൾ നിറഞ്ഞ നാട്,
ഇതെന്റെ നാട്
ചുറ്റിനും വ്യക്തികൾ ദൈവങ്ങൾ
നിറഞ്ഞതീയെന്റെ നാട്.
ദൈവങ്ങളെക്കൊണ്ടു പൊറുതിമുട്ടി
ഞാനെന്റെ ചെറ്റപ്പുരവാതിൽ
കൊട്ടിയടച്ചു,
വ്യക്തികൾ ദൈവങ്ങളില്ലാത്ത
നാട്തേടി
ഞാനാ പടികടന്നു നടന്നു പോയി.
എം.തങ്കച്ചൻ ജോസഫ്✍