മാർച്ച് അവസാനം ആകുമ്പോഴേയ്ക്കും ഈ മഹാ നഗരിയുടെ വൈകുന്നേരങ്ങൾ സുന്ദരമാകാറുണ്ട് . വേനൽ കാലത്തു മണൽ കരിഞ്ഞു പറക്കുന്ന ദുബായ് നഗരത്തിന്റെ ശാന്തവും സുന്ദരവുമായ മറ്റൊരു മുഖം, തണുപ്പിന്റെ കമ്പളം മാറ്റി ചൂടിലേയ്ക്കു ചായുന്ന ഈ സമയം.
ചെറിയ തണുത്ത കാറ്റിൽ തെന്നിമാറുന്ന മുടിയിഴകളെ ഒതുക്കിക്കൊണ്ടു സണ്ണി “അൽബഹാറാ ജംങ്‌ഷന്‍”മുറിച്ചു കടന്നു .. വീണ്ടും അവൻ ഫോണിൽ ഉള്ള whatsap മെസ്സേജി ലേയ്ക്ക് നോക്കി വെസ്റ്റേൺ യൂണിയന്റെ മുകളിൽ മൂന്നാമത്തെ നിലയിലെ അപാർട്മെന്റ് . പഴയ ഹൈസ്കൂൾ കൂട്ടുകാരുടെ whatsap ഗ്രൂപ്പിൽ അവന്റെ ആദ്യ മെസ്സേജ് വീണ എവിടെ എന്നായിരുന്നു .. പല പല മെസ്സേജുകളിലൂടെയും അന്വേഷണങ്ങളിലൂടെയും ആണ് താൻ തേടി നടന്ന ആൾ ദുബായിയിൽ തന്റെ
കൈപ്പാട് അകലെ തന്നെ ഉണ്ടന്ന് അവൻ അറിഞ്ഞത് .. പിന്നീടാണ് നേരിട്ട് മെസ്സേജ് അയച്ചതും ക്ഷണം ലഭിച്ചതും . മറ്റൊരു അത്ഭുതവും അവനെ ഏറെ ആനന്ദിപ്പിച്ചു പുസ്തകങ്ങളെ ഇഷ്ടപ്പെട്ടിരുന്ന വീണ,ഏറെ എഴുതുന വീണ,തന്റെ കൗമാര സ്വപ്നങ്ങളുടെ ചിപ്പിയിൽ ഒളിപ്പിച്ചു വച്ച സഹപാഠി തന്നെ ആയിരുന്നു എന്നതാണ് .
ലിഫ്റ്റിൽ 3 എന്ന നമ്പർ അമർത്തുമ്പോൾ വിരലുകളിൽ ഒരു ചെറിയ വിറ പടരുന്നത് അവനറിഞ്ഞു , പണ്ടും താനിങ്ങനെ ആയിരുന്നല്ലോ തികഞ്ഞ ഒരു അന്തർമുഖൻ . വർഷങ്ങൾ എത്ര ആയിരിക്കണം മുപ്പതോ മൂപ്പത്തിരണ്ടോ ?? ഒരിക്കൽ പോലും തന്നെ നേരിട്ട് കണ്ടിട്ടില്ല എന്ന് പറഞ്ഞ ആളുടെ അടുത്തേക്കാണ് പോകുന്നത് ലിഫ്റ്റിൽ എഴുതിയിരുന്ന അറബി ലിപികളിലേയ്ക് അവൻ തുറിച്ചു നോക്കി കെട്ടുപിണഞ്ഞു കിടക്കുന്ന ഓർമകളുടെ കിനാവള്ളികൾ പോലെ പൊരുളറിയാതെ അവയും നിസ്സംഗതയോടെ അവനെ നോക്കി .
മൂന്നാമത്തെ ഫ്ലോറിൽ വലതുവശത്തു രണ്ടാമത്തെ വാതിൽക്കൽ എത്തിയപ്പോൾ സ്വന്തം ഹൃദയം മിടിക്കുന്നതു അവനു കേൾക്കാമായിരുന്നു . പക്ഷെ അവനെ അമ്പരപ്പിച്ചുകൊണ്ട് അവന്റെ സാന്നിധ്യം അറിഞ്ഞപോലെ അകത്തുനിന്നും ആരോ വാതിൽ തുറന്നു . ചെറിയ മണികളുടെ പതിഞ്ഞ നാദത്തിനൊപ്പം വലിയ ആർഭാടം ഇല്ലാത്ത കോട്ടൺ സാരിയിൽ ഒതുങ്ങിനിൽകുന്ന ശാന്തമായ ഒരുമുഖം അവനെ അകത്തേയ്ക്കു ക്ഷണിച്ചു . മുൻപിൽ നിൽക്കുന്ന രൂപത്തെ തന്റെ ഓർമകളുടെ ഓളപ്പരപ്പിൽ ആദ്യം തുഴഞ്ഞു കയറിവന്ന ആ സുന്ദരിയുമായി താരതമ്യ പ്പെടുത്തുവാൻ കഴിയാതെ മനസ് പതറി നിന്നു.
വീണയും അവനെ തന്നെ നോക്കിനിൽകുക ആയിരുന്നു .. , നെറ്റി ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന തലയും വെളുപ്പിനെ കറുപ്പിച്ചു ഇല്ലാതാക്കാൻ പാഴ്ശ്രമം നടത്തിയ താടി രോമങ്ങളും, പക്ഷേ കാലം മായ്ക്കാത്ത പരിഭ്രമം നിറഞ്ഞ പുഞ്ചിരി കണ്ണുകളിലെ കൗതുകത്തോടൊപ്പം വിരിഞ്ഞുനിന്നു .ആ പത്താം ക്ലാസുകാരൻ ബഹുദൂരം മാറിയിരിക്കുന്നു . സ്വീകരണ മുറിയിൽ അവൾക്കഭിമുഖമായി ഇരിക്കുമ്പോഴും അവന്റെ പതറിയ കണ്ണുകൾ അവളുടെ ചിരിയിലും അലമാരയിൽ വൃത്തിയായി അടുക്കിവെച്ച ബുക്കുകളിലും മാറി മാറി പതിഞ്ഞു ..മുൻപിലെ മേശമേൽ കിടക്കുന്ന പുസ്തകങ്ങളുടെ പുറം ചട്ടയിൽ “വീണ “ എന്നപേര് വ്യക്തമായി കാണാമായിരുന്നു .
എന്താണ് സണ്ണി നോക്കുന്നത് എന്ന അവളുടെ ചോദ്യം അയാളെ വീണ്ടും അവളിലേയ്ക്കു തന്നെ കൊണ്ടുവന്നു .എന്റെ “നിശബ്ദ പ്രണയം “ ആയിരുന്നു അല്ലേ?? വിഷാദം തളം കെട്ടിയ കണ്ണുകൾ മുകളിലേക്കുയർത്തി അവൾ പറഞ്ഞു “ കാലങ്ങൾ എത്ര കഴിഞ്ഞിരിക്കുന്നു എന്നെ തിരക്കി അങ്ങനെ ആരും വരാറില്ല പക്ഷേ താൻ എന്നെ ശരിക്കും അൽഭുത പ്പെടുത്തുന്നു ..
.കുടുംബം ?എന്ന അവന്റെ കണ്ണിലെ ചോദ്യത്തിനു മറുപടി ആയി അവൾ പറഞ്ഞു ഒരുകുട്ടി ഉണ്ട് .. ഭർത്താവും ഒത്തു ഞങ്ങൾ ഇവിടെ തന്നെ ആയിരുന്നു താമസം .. മദ്യത്തിനോടുള്ള ഒടുങ്ങാത്ത ആസക്തി കാരണം അയാൾക്കു ജോലി നഷ്ടമായി ,
മകനുമായി അയാൾ നാട്ടിലേയ്ക്ക് വണ്ടി കയറി .. മകൻ എന്റെ അമ്മയുടെ കൂടെയാണ് ഇപ്പോൾ ഉള്ളത് ..അവന്റെ പാഠനത്തിനും അയാളുടെ ഡീഅഡിക്ഷൻ സെന്ററിലെ ചികിത്സയ്ക്കും ഒക്കെ ആയി പണം വേണം .. ഞാനിവിടെ ഒരു ട്രാവൽ ഏജൻസിയിൽ ജോലി ചെയ്യുന്നു കൂടെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു കിട്ടുന്ന പണവും ഒക്കെ ആയി കാര്യങ്ങൾ നടക്കുന്നു .
അവൾ പറഞ്ഞു നിർത്തിയ നിശബ്ദതയിൽ നിന്നും അവൻ പറഞ്ഞു തുടങ്ങി , വീണയ്ക്കു എന്നെ അറിയില്ല എങ്കിലും എനിക്ക് തന്നെ അറിയാമായിരുന്നു .. ഞാനിവിടെ മിലൻ ഫർമസ്യൂട്ടിക്കലിൽ മാർക്കറ്റിംഗ് സെക്ഷനിൽ ആണ് ഭാര്യയും രണ്ടു കുട്ടികളും ഉണ്ട് .
പത്താം തരത്തിലെ ഓട്ടമത്സരങ്ങളിൽ ഓടിക്കിതയ്ച്ചു എത്തുന്ന രണ്ടായി മുടി പിന്നിയിട്ട സുന്ദര ചിത്രം എത്ര മായ്ച്ചാലും മായാതെ എന്നും മനസ്സിൽ ഉണ്ടായിരുന്നു . കാലം എത്ര ശ്രമിച്ചാലും ചില മുഖങ്ങൾ മനസ്സിൽ നിന്നും പോകില്ല , ഒരു വ്യാളിയെ പോലെ എത്ര കുടഞ്ഞു കളയാൻ ശ്രമിച്ചാലും കാലുകൾ ഇറുക്കി വീണ്ടും അത് അള്ളിപ്പിടിച്ചു കൂടുതൽ ആഴത്തിലേയ്ക്ക് പോകും , ചിലപ്പോൾ അവിടെനിന്നും ചോര പൊടിയും .
ഓടിവന്നു കൈ പുറകിലേക്കു കുത്തി നീ കിതയ്ക്കുമ്പോൾ മേല്ചുണ്ടിലെ നനുത്ത രോമങ്ങളിൽ ഉരുണ്ടുകൂടിയ വിയർപ്പുകണങ്ങൾ കോരി മാറ്റാൻ ഞാനെത്ര കൊതിച്ചിട്ടുണ്ടന്നോ ?
ഇഷ്ടം തുറന്നു പറയുവാൻ പേടി ആയിരുന്നു അന്നും ഞാൻ അന്തർമുഖൻ ആയിരുന്നു, ഹൃദയം പകർത്തിയ മുഴുമിപ്പിക്കാത്ത കത്തുകളെ എത്ര പാതിരാത്രികളിൽ കഴുത്തു ഞെരിച്ചു കൊന്നിരുന്നു ,
പക്ഷേ വീണ സണ്ണിയെ അറിഞ്ഞിരുന്നില്ലല്ലോ !!!ഒന്ന് നോക്കിയിട്ടുപോലും ഇല്ലല്ലോ … വീണ എന്നും എന്റെ മനസ്സിന്റെ തീരാ നഷ്ടം ആണ് ..
അതിനു മറുപടി എന്നവണ്ണം അവൾ പതിയെ എഴുന്നേറ്റു , മേശയിൽനിന്നും നേരത്തെ തയ്യാറാക്കി വച്ചിരുന്ന ഒരു പുസ്തകം അയാൾക്കു നേരെ നീട്ടികൊണ്ടു പറഞ്ഞു ‘ ഇത് വായിച്ചിട്ടു പറയണം എനിക്ക് സണ്ണിയെ അറിയുമായിരുന്നോ എന്ന് .’
ആശ്ചര്യത്തോടെ അവന്റെ മിഴികൾ വിടർന്നു .. ആ പുസ്തകത്തിന്റെ പേരുതന്നെ ‘ വേനൽമഴ” .വീണ്ടും അവൾ തുടർന്നു.. ഇതിൽ ഉണ്ട് എന്റെ മനസ്, നിന്റെ മനസ് , നമ്മുടെ മനസ് . അക്ഷരങ്ങൾ ഞാൻ വാക്കുകളും വാചകങ്ങളും ആക്കിയപ്പോൾ ഞാൻ തുറന്ന വാതിലിലൂടെ എന്നെ കാണാൻ വന്ന അതിഥി ശലഭം ആണു നീ .. ഞാൻ മഴക്കാറായപ്പോൾ അതു നനയാൻ നീ ഒരുങ്ങിയതു പണ്ടേ ഞാൻ അറിഞ്ഞിരുന്നു .. പക്ഷേ കാലം എല്ലാം നമുക്കു നൽകില്ല . പക്ഷേ അതുചില വിട്ടു വീഴ്ചകൾ നമുക്കു ചെയ്യും അതാണു എന്റെ മനസ്സിലേയ്ക്കു പെയ്യുന്ന ഈ വേനൽ മഴ.
അവൾ തന്ന ചായയും കുടിച്ചു വീണ്ടും അൾബഹാറാ റോഡിൻറെ തിരക്കിലേയ്ക് അലിഞ്ഞപ്പോൾ അനിർവചനീയമായ ഒരാനന്ദം അവന്റെ സിരകളിൽ അലതല്ലി .. നീണ്ട മൂന്നു പതിറ്റാണ്ടുകൾ മനസ്സിൽ ഒളിപ്പിച്ച , പ്രണയം അക്ഷരങ്ങളായ് സാഷാത്കരിക്ക പെട്ടിരിക്കുന്നു അതൊരു നിധിപോലെ അവൻ ഹൃദയത്തോട് അടുക്കിപ്പിടിച്ചു ….
നിഷ എലിസബത്ത് ജോർജ്ജ്, ഫിലഡൽഫിയ✍