17.1 C
New York
Saturday, September 30, 2023
Home US News 📱വാർത്തകൾ വിരൽത്തുമ്പിൽ 📱 | 2023 | മെയ് 31 | ബുധൻ

📱വാർത്തകൾ വിരൽത്തുമ്പിൽ 📱 | 2023 | മെയ് 31 | ബുധൻ

◼️കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പത്തു ദിവസത്തെ സന്ദര്‍ശനത്തിന് അമേരിക്കയില്‍. വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന രാഹുല്‍ യു എസിലെ ഇന്ത്യക്കാരുമായി സംവദിക്കും.

◼️ചിലര്‍ അറിവുള്ളവരായി നടിക്കുന്നുവെന്നും മോദി അതിലൊരാളാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. എല്ലാം അറിയാമെന്നാണ് ഭാവം. ദൈവത്തെവരെ പഠിപ്പിക്കും. ശാസ്ത്രജ്ഞരേയും സൈനികരേയും ഉപദേശിക്കും. ബിജെപിയില്‍ ചോദ്യങ്ങളില്ല. ആജ്ഞകള്‍ മാത്രമേയുള്ളൂവെന്നും അമേരിക്കയിലെ സംവാദപരിപാടിയില്‍ രാഹുല്‍ഗാന്ധി പരിഹസിച്ചു.

◼️ലോക്‌സഭാ മണ്ഡലങ്ങള്‍ 545 ല്‍നിന്ന് എണ്ണൂറാക്കി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കത്തിനു സുതാര്യമായ മാനദണ്ഡം വേണമെന്ന് കോണ്‍ഗ്രസ് രാഹുല്‍ഗാന്ധി. ജനപ്രാതിനിധ്യത്തില്‍ മാറ്റം വരുത്തുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണം. എങ്ങനെയാണ് ഇത് നടപ്പാക്കുന്നതെന്ന് അറിയാന്‍ ആകാംഷയുണ്ട്. രാാഹുല്‍ഗാന്ധി പറഞ്ഞു.

◼️2000 രൂപയേക്കാള്‍ 500 രൂപയുടെ നോട്ടുകളിലാണു വ്യാജ നോട്ടുകള്‍ കൂടുതലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ വിവരം. ഈ വര്‍ഷം 500 രൂപ കള്ളനോട്ടുകളുടെ എണ്ണം 14.4 ശതമാനം വര്‍ദ്ധിച്ച് 91,110 എണ്ണമായെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. 2,000 രൂപ നോട്ടുകളുടെ മൂല്യം 9,806 രൂപയായി കുറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

◼️രാജ്യത്തെ 150 മെഡിക്കല്‍ കോളജുകളുടെ അംഗീകാരം നഷ്ടമായേക്കും. സൗകര്യങ്ങള്‍ ഒരുക്കാത്തതിന്റെ പേരില്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരമാണ് നഷ്ടമാകുന്നത്. നിലവില്‍ 40 മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം നഷ്ടമായി. കേരളത്തിലെ മെഡിക്കല്‍ കോളജുകള്‍ക്കു ഭീഷണിയില്ല. എട്ടു സംസ്ഥാനങ്ങളിലെ മെഡിക്കല്‍ കോളജുകള്‍ക്കെതിരെയാണ് നടപടി.

◼️പോപ്പുലര്‍ ഫ്രണ്ട് പ്രതികളുമായി ബന്ധപ്പെട്ട് കേരളത്തിലടക്കം മൂന്നു സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്. 25 ഇടങ്ങളിലാണ് റെയ്ഡ്. നിലമ്പൂര്‍, കൊണ്ടോട്ടി, മഞ്ചേശ്വരം എന്നിവിടങ്ങളിലാണു കേരളത്തിലെ റെയ്ഡ്.

◼️സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍നിന്ന് ഇന്നു 11,801 പേര്‍ വിരമിക്കുന്നു. ഈ വര്‍ഷം വിരമിക്കുന്ന 21,537 പേരില്‍ പകുതിയിലേറെ പേരാണ് ഇന്നു വിരമിക്കുന്നത്. സ്‌കൂള്‍ പ്രവേശനത്തിനായി മെയ് മാസം ജനന തീയതി രേഖപ്പെടുത്തുന്ന പതിവുണ്ടായിരുന്നതിനാലാണ് ഇത്രയധികം പേരുടെ കൂട്ടവിരമിക്കലുണ്ടാകുന്നത്. വിരമിക്കുന്നവര്‍ക്ക് 15 മുതല്‍ 80 വരെ ലക്ഷം രൂപ എന്ന നിരക്കില്‍ 1500 കോടിയോളം രൂപ സര്‍ക്കാര്‍ നല്‍കേണ്ടിവരും.

◼️മുസ്ലീം ലീഗിനെതിരെ ബദല്‍ നീക്കവുമായി ലീഗ് വിമതര്‍ കോഴിക്കോട്ട് മുസ്ലീം സംഘടനകളുടെ യോഗം. മലബാറിലെ പ്ലസ് ടു സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയെ കാണാന്‍ യോഗം തീരുമാനിച്ചു. സമസ്ത എ പി ഇകെ വിഭാഗവും പിഡിപി, ഐഎന്‍എല്‍ തുടങ്ങിയ പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുത്തു. ലീഗ് മുന്‍ സംസ്ഥാന സെക്രട്ടറി കെഎസ് ഹംസയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.

◼️പൊലീസ് കുടുംബങ്ങളും ലഹരി മുക്തമല്ലെന്ന് എക്‌സൈസ് കമ്മീഷണര്‍ എസ് ആനന്ദകൃഷ്ണന്‍. ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ സ്വന്തം ജീവന്‍ നല്‍കിയും പൊലീസ് സുരക്ഷ നല്‍കേണ്ടതായിരുന്നെന്ന് പൊതുസമൂഹത്തില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ടെന്നും വിരമിക്കല്‍ പ്രസംഗത്തില്‍ ഡിജിപി എസ് ആനന്ദകൃഷ്ണന്‍ പറഞ്ഞു.

◼️അരിക്കൊമ്പനു സുരക്ഷയും ചികിത്സയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ട്വന്റി ട്വന്റി് ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിന് ഹൈക്കോടതിയില്‍നിന്നു വിമര്‍ശനം. ആനയെ കേരളത്തിലേക്കു കൊണ്ട് വരണമെന്ന ആവശ്യത്തിലെ സത്യസന്ധത സംശയിക്കുന്നുവെന്നും കോടതി.

◼️ഇക്കഴിഞ്ഞ 26 നു നടന്ന അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പരീക്ഷയ്ക്കുള്ള പിഎസ് സി ചോദ്യങ്ങള്‍ രണ്ട് ഓണ്‍ലൈന്‍ സൈറ്റുകളില്‍നിന്ന് അതേപടി പകര്‍ത്തിയതാണെന്ന് പരാതിയുമായി ഉദ്യോഗാര്‍ഥികള്‍.

◼️എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോയ്‌ക്കെതിരെ എംഎല്‍എ. തന്നെ എന്‍സിപിയില്‍ നിന്ന് പുറത്താക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ ചരട് വലിച്ചെന്നാണ് കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് ആരോപിച്ചത്. പാര്‍ട്ടിക്ക് അനുവദിച്ച ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങളെല്ലാം മന്ത്രി എകെ ശശീന്ദ്രനും പിസി ചാക്കോയും ചേര്‍ന്ന് പങ്കിട്ടെടുത്തെന്നും എംഎല്‍എ ആരോപിച്ചു.

◼️ബാലരാമപുരം മതപഠന ശാലയിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. ബീമാപ്പള്ളി സ്വദേശി ഹാഷിം ഖാനെ (20)യാണ് പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്നു പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടത്തിയിരുന്നു.

◼️സാമ്പത്തിക തട്ടിപ്പു കേസില്‍ പിടിയിലായ തൃശൂര്‍ കോഓപ്പറേറ്റീവ് വിജിലന്‍സ് ഡിവൈഎസ്പി കെ എ സുരേഷ് ബാബുവിന്റെ ഭാര്യ നുസ്രത്തിനെതിരെ കൂടുതല്‍ പരാതികള്‍. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നാണ് പരാതികളെത്തിയത്. അഭിഭാഷക ചമഞ്ഞും സാമ്പത്തിക ഇടപാടുകള്‍ പറഞ്ഞു തീര്‍ക്കാനെന്ന പേരില്‍ ഭീഷണിപ്പെടുത്തിയും റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തും ഇവര്‍ പണം തട്ടിയെന്നാണ് പാരാതി.

◼️കൂത്താട്ടുകുളം കരിമ്പനയില്‍ ഇറച്ചിക്കട തൊഴിലാളി തിരുവനന്തപുരം സ്വദേശി രാധാകൃഷ്ണനെ (48) വെട്ടിക്കൊന്നു. തമിഴ്‌നാട് സ്വദേശി അര്‍ജുനെ തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ പിടിയിലായി.

◼️നിലമ്പൂര്‍ ചാലിയാര്‍ പുഴയുടെ മമ്പാട് കടവില്‍ സ്വര്‍ണ ഖനനം പോലീസ് തടഞ്ഞു. ഒമ്പത് മോട്ടോറുകളും ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. മമ്പാട് ടൗണ്‍ കടവ് ഭാഗത്ത് വലിയ ഗര്‍ത്തകളുണ്ടാക്കി മോട്ടോര്‍ സ്ഥാപിച്ചാണ് സ്വര്‍ണ ഖനനം നടത്തിയിരുന്നത്.

◼️സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന കെ ഫോണ്‍ പദ്ധതിയിലൂടെ സൗജന്യ ഇന്റര്‍നെറ്റ് നല്‍കിയത് 917 വീടുകളില്‍ മാത്രം. സാങ്കേതിക സൗകര്യം ലഭ്യമാക്കിയ പകുതിയോളം സ്‌കൂളുകളിലും അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ കെ ഫോണ്‍ എത്തില്ല. റോഡ് പണി അടക്കമുള്ള കാരണങ്ങളാല്‍ സംസ്ഥാന വ്യാപകമായി കേബിളുകള്‍ നശിച്ചതാണ് പ്രധാന തടസം.

◼️ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരായ ലൈംഗീകാരോപണത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഗുസ്തി താരങ്ങള്‍ നടത്തുന്ന പ്രതിഷേധത്തില്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ പ്രതികരണം. താരങ്ങളോടുള്ള സമീപനം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും സംഭവത്തില്‍ പക്ഷപാതരഹിതമായ അന്വേഷണം വേണമെന്നും ഐഒസി ആവശ്യപ്പെട്ടു.

◼️ഗുസ്തി താരങ്ങളും കര്‍ഷക സംഘടനകളും സമരത്തിനു വരുന്നതു തടയാന്‍ ഇന്ത്യാ ഗേറ്റില്‍ സൈന്യത്തെ നിയോഗിച്ചു. സമരം നടത്തിയിരുന്ന ജന്തര്‍ മന്ദര്‍ പോലീസ് അടച്ചുപൂട്ടിയിരുന്നു. ഇന്ത്യാ ഗേറ്റില്‍ സമരം അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.

◼️ബ്രിജ് ഭൂഷണെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് രാജ്യാന്തര മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാനുള്ള ഗുസ്തിതാരങ്ങളുടെ ശ്രമം കര്‍ഷക സംഘടനാ നേതാക്കള്‍ തടഞ്ഞു. ഒളിമ്പിക്സ് മെഡല്‍ നേടിയ സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടും അടങ്ങുന്ന സംഘമാണ് മെഡലുകള്‍ നെഞ്ചോടു ചേര്‍ത്തു പൊട്ടിക്കരഞ്ഞുകൊണ്ട് ഹരിദ്വാറില്‍ ഗംഗാതീരത്ത് എത്തിയത്. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് അടക്കം ആയിരക്കണക്കിന് ആളുകള്‍ ഹരിദ്വാറില്‍ എത്തി മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുന്നതില്‍നിന്നു താരങ്ങളെ പിന്തിരിപ്പിച്ചു. അഞ്ചു ദിവസത്തിനകം നടപടിയില്ലെങ്കില്‍ വീണ്ടും ഗംഗാ തീരത്തെത്തുമെന്ന് കായിക താരങ്ങള്‍ പറഞ്ഞു. കര്‍ഷക സംഘടനകള്‍ ഇന്ന് ഖാപ് പഞ്ചായത്ത് ചേരുന്നുണ്ട്.

◼️റെഗുലേറ്ററി കമ്മീഷന്റെ അനുമതിയില്ലാതെ വൈദ്യുതി ബോര്‍ഡിന് ഉപഭോക്താക്കളില്‍നിന്ന് പ്രതിമാസം യൂണിറ്റിന് പത്തു പൈസ നിരക്കു വര്‍ധിപ്പിക്കാം. റെഗുലേറ്ററി കമ്മീഷന്‍ പുറത്തിറക്കിയ ഉത്തരവിലാണ് ഈ നിര്‍ദേശം.

◼️സംസ്ഥാനത്തെ ഒമ്പതു ജില്ലകളിലെ 19 തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. രാവിലെ പത്തിനാണ് വോട്ടെണ്ണല്‍. രണ്ടു കോര്‍പ്പറേഷന്‍, രണ്ടു മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പു നടന്നത്.

◼️സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ കൊടുത്ത് പാവപ്പെട്ടവരെ സ്വാധീനിക്കാന്‍ പിണറായി വിജയനു സാധിക്കില്ലെന്നു യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. എ.ഐ ക്യാമറയില്‍ തീവെട്ടിക്കൊള്ളയാണ് നടന്നതെങ്കില്‍ കെ ഫോണ്‍ പദ്ധതി 1500 കോടിയുടെ അഴിമതി നടത്താന്‍ വേണ്ടി മാത്രം പടച്ചുണ്ടാക്കിയതാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

◼️കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സ്വജനപക്ഷപാതമുണ്ടെന്ന ഗവര്‍ണറുടെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി. കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയാണു തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.

◼️ ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകം ഹണി ട്രാപ്പല്ലെന്നും തനിക്കു കൊലപാതകത്തില്‍ പങ്കില്ലെന്നും പ്രതി ഫര്‍ഹാന. എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയാണ്. കൊലപാതകം നടക്കുമ്പോള്‍ താന്‍ മുറിയിലുണ്ടായിരുന്നു. താന്‍ സാക്ഷി മാത്രമാണെന്നാണ് ഫര്‍ഹാനയുടെ മറുപടി.

◼️തന്നെ സംസ്ഥാന സെക്രട്ടറിയാക്കാതിരിക്കാന്‍ സംസ്ഥാനത്തെ ചില നേതാക്കള്‍ അട്ടിമറി നടത്തിയെന്ന് മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍. കനല്‍വഴികള്‍ എന്ന ആത്മകഥയുടെ പ്രകാശന ചടങ്ങിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രായപരിധി കടമ്പയാക്കിയാണ് കാനം പക്ഷം ദിവാകരനെ വെട്ടിയത്. യൂണിവേഴ്സിറ്റി കോളേജിലെ പഠനകാലത്ത് ഒരു കന്യാസ്ത്രീയോട് തോന്നിയ കടുത്ത പ്രണയത്തെ കുറിച്ചടക്കം വെളിപ്പെടുത്താത്ത പല വിവരങ്ങളും ആത്മകഥയിലുണ്ട്.

◼️സോണ്ട ഇന്‍ഫ്രാടെക്കിനെ കരിമ്പട്ടികയില്‍ പെടുത്താന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു. സോണ്ടയെ ബ്രഹ്‌മപുരത്തെ ബയോമൈനിംഗില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

◼️കെഎംഎസ്സിഎല്‍ ഗോഡൗണുകളിലെ തുടര്‍ച്ചയായ തീപ്പിടുത്തങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടി പറയാതെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പത്തു ദിവസത്തിനുള്ളില്‍ മൂന്നു ഗോഡൗണുകളാണു കത്തിയത്. തീ കെടുത്തുന്നതിനിടെ ഒരു ഫയര്‍മാന്‍ മരിച്ചു, കോടികളുടെ നഷ്ടമുണ്ടായി. സ്റ്റോക്കുള്ള ബ്ലീച്ചിംഗ് പൗഡറുകള്‍ ആശുപത്രികളിലെ സ്റ്റോറുകളില്‍നിന്ന് മറ്റൊരിടത്തേക്കു മാറ്റാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.

◼️പുല്‍പ്പള്ളിയില്‍ ജീവനൊടുക്കിയ രാജേന്ദ്രന് ജപ്തി നോട്ടീസ് അയച്ചിട്ടില്ലെന്ന് പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതി. 2016 ല്‍ അധികാരത്തിലിരുന്ന ഭരണ സമിതിക്കെതിരെ വായ്പാ തിരിമറിക്കു രാജേന്ദ്രന്‍ പരാതി നല്‍കിയിരുന്നു. വിജിലന്‍സ് കേസെടുത്ത് ഭരണ സമിതി അംഗങ്ങള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. എട്ടു കോടി 30 ലക്ഷം രൂപ തിരിച്ചുപിടിക്കാന്‍ നടപടി തുടങ്ങിയെന്നും ബാങ്ക് ഭരണ സമിതി പറയുന്നു.

◼️അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ആവശ്യമായ ചികിത്സ നല്‍കണം, തമിഴ്നാട് പിടികൂടിയാലും കേരളത്തിന് കൈമാറണം, കേരളത്തിലെ ഉള്‍വനത്തിലേക്ക് അരിക്കൊമ്പനെ മാറ്റണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.

◼️എറണാകുളം മുളന്തുരുത്തി പൊലീസ് സ്റ്റേഷനിലെ സിപിഒ ഷൈന്‍ ജിത്ത് ജീവനൊടുക്കി. വൈക്കം സ്വദേശിയായ ഇയാള്‍ കുടുംബവുമൊത്ത് വൈക്കം നാനാടത്ത് താമസിച്ചു വരികയായിരുന്നു. മെഡിക്കല്‍ ലീവ് കഴിഞ്ഞ് ജോലിക്ക് പ്രവേശിക്കാനിരിക്കേയാണ് ജീവനൊടുക്കിയത്.

◼️നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു. 49 വയസായിരുന്നു. ഗുരുതര കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

◼️ജിദ്ദയിലും നാട്ടിലും ബിസിനസുകാരനായ മലപ്പുറം കാളികാവ് അഞ്ചച്ചവിടി സ്വദേശി ഹംസ കണ്ടപ്പന്‍ എന്ന സീക്കോ ഹംസ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. 66 വയസായിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.

◼️തനിക്കു വായിക്കാന്‍ അറിയുമോയെന്ന ഡോക്ടറുടെ അധിക്ഷേപത്തിന് മറുപടി പറഞ്ഞിരുന്നെങ്കില്‍ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കുടുക്കി ജയിലില്‍ കിടക്കേണ്ടി വരുമായിരുന്നെന്നു മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ പ്രഫസറായ ഡോ. മുഹമ്മദ് ഇര്‍ഷാദ്. അംഗപരിമിതര്‍ക്കുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനായി കൊല്ലം ആര്‍ എം ഒ ഓഫീസില്‍ എത്തിയപ്പോഴാണ് ഇര്‍ഷാദിന് ദുരനുഭവമുണ്ടായത്. നൂറു ശതമാനം ശാരീരിക വൈകല്യമുള്ളവര്‍ക്കാണ് റെയില്‍വെ ആനുകൂല്യമെന്നായിരുന്നു ഡോക്ടറുടെ വാദം. നൂറു ശതമാനം അംഗപരിമിതര്‍ എങ്ങനെ യാത്ര ചെയ്യുമെന്ന് ചോദിച്ചപ്പോള്‍ അതു താന്‍ റയില്‍വേയോട് ചോദിക്കൂവെന്നാണു ഡോക്ടറുടെ മറുപടി. ഇര്‍ഷാദ് സോഷ്യല്‍ മീഡിയയിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്.

◼️കിണര്‍ വൃത്തിയാക്കുന്നതിനിടെ ഇടിഞ്ഞു താഴ്ന്ന റിംഗുകള്‍ക്കിടയില്‍ കാല്‍ കുടുങ്ങി മണിക്കൂറുകളോളം ജീവനുവേണ്ടി പൊരുതിയ വയോധികന്‍ മരിച്ചു. ചെങ്ങന്നൂര്‍ കോടുകുളഞ്ഞിയിലെ കിണറില്‍ രാവിലെ ഒമ്പതരയോടെ കുടുങ്ങിയ പെരുങ്കുഴി കൊച്ചുവീട്ടില്‍ കെ.എസ്. യോഹന്നാനെ (72) രാത്രി ഒമ്പതരയോടെയാണു അഗ്‌നിശമന സേന എത്തി പുറത്തെടുത്തത്. ആറു റിംഗുകള്‍ കാലിനു മുകളിലായതാണ് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയത്.

◼️കോഴിക്കോട് വീട്ടുമുറ്റത്ത് ഇടിമന്നലേറ്റ് വീട്ടമ്മ മരിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ ഒഴലക്കുന്ന് കാരംപാറമ്മല്‍ പരേതനായ സ്വാമിയുടെ മകള്‍ ഷീബ (43) ആണ് മരിച്ചത്.

◼️കണ്ണൂരില്‍ കെഎസ്ഇബി കരാര്‍ ജീവനക്കാരന്‍ തൃശൂര്‍ സ്വദേശി ബിജുവിനെ കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തുക്കളായ രണ്ടു പേര്‍ അറസ്റ്റില്‍. കൊല്ലം സ്വദേശികളായ എസ്. സുനില്‍കുമാര്‍, എന്‍. നവാസ് എന്നിവരെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.

◼️കായംകുളം താലൂക്ക് ആശുപത്രിയില്‍ ഹോം ഗാര്‍ഡ് രഘുവിനെ കൈയേറ്റം ചെയ്തതിനു വേലഞ്ചിറ ശ്രീനിലയത്തില്‍ വിഷ്ണുവിനെ കായംകുളം പൊലീസ് അറസ്റ്റു ചെയ്തു.

◼️ബാലരാമപുരത്ത് മതപഠനശാലയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടി ആറു മാസം മുമ്പു പീഡനത്തിരയായെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മതപഠനകേന്ദ്രത്തില്‍ എത്തുന്നതിനു മുമ്പേ പീഡിപ്പിച്ച പൂന്തുറ സ്വദേശിയായ ആണ്‍ സുഹൃത്തിനെതിരെ പൊലീസ് പോക്സോ കേസെടുത്തു.

◼️തൃശൂര്‍ അരിമ്പൂരില്‍ ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയ പതിനാലുകാരന്‍ മുങ്ങിമരിച്ചു. മനക്കൊടി ഏലോത്ത് ശങ്കരയ്ക്കല്‍ വീട്ടില്‍ പ്രതീഷ് – മായ ദമ്പതികളുടെ മകന്‍ അക്ഷയ് ആണ് മരിച്ചത്.

◼️കണ്ണൂര്‍ വിമാനത്താവളത്തില്‍ 64 ലക്ഷം രൂപ വരുന്ന 1048 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് ചെങ്കള സ്വദേശി മുഹമ്മദ് സാബിത്തിനെ അറസ്റ്റു ചെയ്തു.

◼️ഡല്‍ഹി സര്‍ക്കാരിനെതിരായ കേന്ദ്രസര്‍ക്കാരിന്റെ വിവാദ ഓര്‍ഡിനന്‍സിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനു പിന്തുണണെയന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പിന്തുണ തേടി കേജരിവാള്‍ സിപിഎം ആസ്ഥാനത്ത് എത്തി കേജരിവാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

◼️മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേ നയിക്കുന്ന ശിവസേനയിലെ 22 എംഎല്‍എമാരും ഒമ്പത് എംപിമാരും പാര്‍ട്ടി വിടുമെന്ന് ഉദ്ധവ് താക്കറെ പക്ഷ ശിവസേനയുടെ മുഖപത്രമായ സാമ്നയുടെ എഡിറ്റോറിയല്‍. ബിജെപിയുടെ രണ്ടാനമ്മ പെരുമാറ്റത്തില്‍ ശ്വാസമുട്ടുന്ന എംപിമാരും എംഎല്‍എമാരും രാജിവയ്ക്കുമെന്നാണ് ഉദ്ധവ് പക്ഷം അവകാശപ്പെടുന്നത്.

◼️കര്‍ണാടകത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ക്ഷാമബത്ത 31 ശതമാനത്തില്‍ നിന്ന് 35 ശതമാനമാക്കി വര്‍ധിപ്പിച്ചു. ശമ്പളവും പെന്‍ഷനും വര്‍ധിക്കും. ബിജെപി സര്‍ക്കാര്‍ ഫെബ്രുവരി 28-ന് ഇടക്കാല ആശ്വാസമായി 17 ശതമാനം ശമ്പള വര്‍ദ്ധന നടപ്പാക്കിയിരുന്നു. ഏഴാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ചാണ് ഇപ്പോള്‍ 35 ശതമാനംവരെ ക്ഷാമബത്ത വര്‍ധിപ്പിച്ചത്.

◼️മണിപ്പൂരിലെ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്കു പത്തു ലക്ഷ രൂപയും സര്‍ക്കാര്‍ ജോലിയും നല്‍കും. ആവശ്യവസ്തുക്കളുടെ ക്ഷാമവും വിലക്കയറ്റവും പരിഹരിക്കാന്‍ അടിയന്തര നടപടിയെടുക്കാനും തീരുമാനമായി. മണിപ്പൂര്‍ സന്ദര്‍ശിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യമന്ത്രി ബൈറോണ്‍സിഗും തമ്മില്‍ ചര്‍ച്ച നടത്തിയാണു തീരുമാനമെടുത്തത്.

◼️പൊലീസും സംവിധാനവും വിശുദ്ധമല്ലെന്നാണ് ഇന്ത്യയിലെ പെണ്‍കുട്ടികള്‍ പറയുന്നതെന്ന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. സ്ത്രീകളെ ബഹുമാനിക്കുന്നതിനെകുറിച്ച് ചെങ്കോട്ടയില്‍ മോദി പ്രസംഗിച്ചു. എന്നാല്‍ ലൈംഗികാതിക്രമം നടത്തിയ കുറ്റവാളിയെ സംരക്ഷിക്കുകയാണെന്നും ഖര്‍ഗെ കുറ്റപ്പെടുത്തി.

◼️സുഹൃത്ത് കുത്തിക്കൊന്ന പതിനാറുകാരിയുടെ കുടുംബത്തിന് ഡല്‍ഹി സര്‍ക്കാര്‍ പത്തു ലക്ഷം രൂപ നല്‍കും. പ്രതിയായ സാഹിലിനെ കുടുക്കിയത് ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണെന്നു പോലീസ്.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സെപ്റ്റംബര്‍ 30 ലോക പരിഭാഷാ ദിനം (wrold translation day) 📚🌏✍ലാലു കോനാടീൽ

" എഴുത്തുകാർ ദേശീയ സാഹിത്യം സൃഷ്ടിക്കുന്നു.. വിവർത്തകർ ലോക സാഹിത്യം സൃഷ്ടിക്കുന്നു..." എല്ലാ വർഷവും സെപ്റ്റംബർ 30-ന് ആണ് അന്താരാഷ്ട്ര പരിഭാഷാ ദിനമായി ആഘോഷിക്കുന്നത്.. വിവർത്തകരുടെ രക്ഷാധികാരിയായി കണക്കാക്കപ്പെടുന്ന ബൈബിൾ പരിഭാഷകനും മദ്ധ്യസ്ഥനായ വിശുദ്ധ...

പാട്ടിന്റെ പാലാഴിയിലെ അതുല്യ താരകങ്ങൾ (2) ബിച്ചു തിരുമല ✍ജലജ മധുസൂദനൻ

ബിച്ചു തിരുമല (1942 - 2021) കാവ്യഭംഗി തുളുമ്പുന്ന വരികളിൽ മലയാള ചലച്ചിത്രഗാനാസ്വാദകർക്കും എന്നും ഓർമ്മിക്കാവുന്ന നിരവധി പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവാണ് ബിച്ചു തിരുമല. ഗാനരചന, സംഗീതസംവിധാനം എന്നിവയ്ക്ക് പുറമെ, 'ശക്തി' എന്ന സിനിമയുടെ കഥയും...

‘മലയാള നോവൽ സാഹിത്യം’ (ഭാഗം – 9) ✍പ്രഭ ദിനേഷ്

'മലയാളി മനസ്സ്' ന്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും 'മലയാള നോവൽ സാഹിത്യം' ത്തിന്റെ ഒമ്പതാം ഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏 മലയാള നോവൽ സാഹിത്യത്തിലെ ആദ്യത്തെ ചരിത്രനോവലാണ് സി.വി. രാമൻപിള്ള യുടെ 'മാർത്താണ്ഡ വർമ്മ'. നോവലിസ്റ്റ് സി.വി....

🌹🌹യോഗമയ ക്ഷേത്രം (പാർട്ട്‌ -6) ✍ജിഷ ദിലീപ്, ഡൽഹി

ഈ ക്ഷേത്രം രാജ്യത്തിന്റെ സംസ്കാരത്തിന്റെയും വാസ്തുവിദ്യയുടെയും ഭക്തരുടെ ആത്മീയതയുടെയും പ്രതീകമാണ്. ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മേൽക്കൂരയിൽ നിന്ന് തൂങ്ങിക്കിടക്കുന്ന ഫാനും അതിൽ നിന്നും ഏതാണ്ട് നിലവിളക്ക് പോലുള്ള ഒരു വസ്തുവും തൂങ്ങിക്കിടക്കുന്നുണ്ട്. ഇവ ഒരേ...
WP2Social Auto Publish Powered By : XYZScripts.com
error: