17.1 C
New York
Monday, May 29, 2023
Home US News 📱വാർത്തകൾ വിരൽത്തുമ്പിൽ 📱 | 2023 | മെയ് 25 | വ്യാഴം

📱വാർത്തകൾ വിരൽത്തുമ്പിൽ 📱 | 2023 | മെയ് 25 | വ്യാഴം

◾അഴിമതി നടത്തി രക്ഷപ്പെട്ട് എല്ലാ കാലവും നടക്കാനാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. എങ്ങനെ അഴിമതി നടത്താമെന്നു ഡോക്ടറേറ്റ് എടുത്തവരുണ്ട്. ഒരാള്‍ അഴിമതി നടത്തുന്നുണ്ടെങ്കില്‍ ഓഫീസിലെ മറ്റുള്ളവര്‍ ഒന്നുമറിയില്ലെന്ന മട്ടില്‍ ഇരിക്കരുത്. അഴിമതിക്കാരെ സംരക്ഷിക്കില്ലെന്ന നിലപാടാണ് സര്‍ക്കാരിനെന്നും അദ്ദേഹം പറഞ്ഞു. കേരള മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

◾78 ാം പിറന്നാള്‍ ആഘോഷിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകളുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. മലയാളത്തിലായിരുന്നു സ്റ്റാലിന്‍ മുഖ്യമന്ത്രിക്ക് ആശംസ അറിയിച്ചത്.

◾ചട്ടവിരുദ്ധമായ സര്‍വകലാശാല നിയമനങ്ങള്‍ അന്വേഷിക്കാന്‍ യുജിസി പ്രത്യേക സമിതിയെ നിയോഗിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളും പിഎച്ച്ഡി ഗവേഷണ ബിരുദങ്ങളും ചട്ടങ്ങള്‍ പാലിച്ചാണോയെന്ന് പരിശോധിക്കാനാണ് സമിതി. മുതിര്‍ന്ന അക്കാദമിക് വിദഗ്ധര്‍ ഉള്‍പെടുന്നതാകും സമിതി. കൃത്യമായ ഇടവേളകളില്‍ യോഗം ചേര്‍ന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫാക്കല്‍റ്റി നിയമനങ്ങള്‍, പിഎച്ച്ഡി ബിരുദങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുമെന്ന് യുജിസി അറിയിച്ചു.

◾അമേരിക്കന്‍ പ്രസിഡന്ററിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന്റെ പാര്‍ക്കിലേക്ക് വാഹനം ഇടിച്ചുകയറ്റിയ ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍. 19 വയസുള്ള സായ് വര്‍ഷിതാണ് പിടിയിലായത്. നാസി കൊടിയുമായി എത്തിയ യുവാവിനെതിരെ പ്രസിഡന്റിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നതടക്കമുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുത്തു.

◾ഷിക്കാഗോയിലെ ഒഹെയര്‍ അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ ആളുകള്‍ തമ്മിലുള്ള കൂട്ടത്തല്ലിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍. സ്ത്രീകളും പുരുഷന്മാരും അടക്കം പന്ത്രണ്ടു പേരോളം കൂട്ടത്തല്ലില്‍ പങ്കെടുത്തെന്നാണു റിപ്പോര്‍ട്ട്. വിമാനമിറങ്ങിയ രണ്ടു പേര്‍ തമ്മിലുണ്ടായ തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു.

◾ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്നു മൂന്നിനു പ്രസിദ്ധീകരിക്കും. വൈകുന്നേരം നാലു മുതല്‍ ഫലമറിയാം. 4.32 ലക്ഷം വിദ്യാര്‍ത്ഥികളാണു പരീക്ഷ എഴുതിയത്.

◾സംസ്ഥാന റവന്യൂ വകുപ്പില്‍ കൈക്കൂലി ഇടപാടുകളുണ്ടോയെന്ന് ആഭ്യന്തര അന്വേഷണം നടത്തുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. അഴിമതി അറിയിക്കാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടലും ടോള്‍ ഫ്രീ നമ്പറുമുണ്ട്. മൂന്നു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ വില്ലേജ് അസിസ്റ്റന്റ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരെ സ്ഥലം മാറ്റാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റിന് നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് പാലക്കയത്ത് വില്ലേജ് അസിസ്റ്റന്റിനെ കോഴക്കേസില്‍ അറസ്റ്റു ചെയ്തതിനു പിറകേയാണ് മന്ത്രിയുടെ ഇടപെടല്‍.

◾ഉപഭോക്താവില്‍നിന്ന് ഒമ്പതിനായിരം രൂപ വീതം വസൂലാക്കി സ്മാര്‍ട് മീറ്റര്‍ സ്ഥാപിക്കാനുള്ള ടെണ്ടര്‍ കെഎസ്ഇബി മരവിപ്പിച്ചു. വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ തീരുമാനം വരുന്നതുവരെയാണു പദ്ധതി മരവിപ്പിച്ചത്. ഉപഭോക്താക്കളില്‍നിന്ന് ഇത്രയും ഭീമമായ തുക ഈടാക്കുന്നതിനെതിരേ സിഐടിയു അടക്കം തൊഴിലാളി സംഘടനകള്‍ നിലപാടെടുത്തിരുന്നു.

◾എഐ ട്രാഫിക് ക്യാമറകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പുതിയ സമിതിയെ നിയമിച്ചു. അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് പ്രവര്‍ത്തനം വിലയിരുത്തുക. അടുത്ത മാസം അഞ്ചിനു മുമ്പ് സമിതി ക്യാമറയുടെ സാങ്കേതിക വശങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും.

◾പി പത്മരാജന്‍ പുരസ്‌കാരം സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിക്ക്. മികച്ച സംവിധായകനുള്ള പുരസ്‌കാരമാണ് ലിജോയ്ക്കു ലഭിച്ചത്. മമ്മൂട്ടി നായകനായി എത്തിയ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

◾കനത്ത കാറ്റിനും മഴയക്കും സാധ്യതയുള്ളതിനാല്‍ കേരളാ, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനു വിലക്ക്. ഞായറാഴ്ച വരെയാണ് വിലക്ക്. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്നാണു മുന്നറിയിപ്പ്.

◾അനധികൃത സ്വത്തു സമ്പാദിച്ചെന്ന് ആരോപിച്ചുള്ള മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരായ വിജിലന്‍സ് കേസ് ഹൈക്കോടതി മൂന്നു മാസത്തേക്കു സ്റ്റേ ചെയ്തു. എഫ്ഐആര്‍ നിയമവിരുദ്ധമായി തയാറാക്കിയതിനാല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷാജി നല്‍കിയ ഹര്‍ജിയിലാണു സ്റ്റേ.

◾ഡല്‍ഹിയിലെ കേരളാ സര്‍ക്കാരിന്റെ പ്രതിനിധി പ്രൊഫ. കെ.വി തോമസിന് ഒരു ലക്ഷം രൂപ ഓണറേറിയവും രണ്ട് അസിസ്റ്റന്റുമാര്‍, ഒരു ഓഫീസ് അറ്റന്‍ഡന്റ്, ഒരു ഡ്രൈവര്‍ എന്നിവരെ നിയമിക്കാനും സംസ്ഥാന മന്ത്രിസഭ അനുമതി നല്‍കി.

◾ബാഗില്‍ വെടിയുണ്ട മാത്രമാണെങ്കില്‍ കുറ്റകൃത്യമാവില്ലെന്ന് കേരള ഹൈക്കോടതി. തോക്കില്ലാതെ വെടിയുണ്ട മാത്രം പിടികൂടുന്നത് കുറ്റകൃത്യമാകില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. കണ്ണൂര്‍ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനക്കിടെ യാത്രക്കാരന്റെ ബാഗില്‍നിന്ന് വെടിയുണ്ട കണ്ടെത്തിയ കേസിലാണ് ഈ നിലപാടെടുത്തത്.

◾ഗവണ്‍മെന്റ് ഓഫ് ഇന്ത്യ എന്ന സ്റ്റിക്കര്‍ പതിച്ച വാഹനത്തില്‍ വന്ന് സ്വര്‍ണക്കടത്തു സംഘത്തില്‍നിന്ന് സ്വര്‍ണം കവര്‍ച്ച ചെയ്യാനെത്തിയ രണ്ടു പേര്‍ കരിപ്പൂരില്‍ പിടിയിലായി. കണ്ണൂര്‍ സ്വദേശിയും അര്‍ജുന്‍ ആയങ്കിയുടെ കൂട്ടാളിയുമായ മജീഫ്, എറണാകുളം സ്വദേശി ടോണി ഉറുമീസ് എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നാലു പേര്‍ ഓടി രക്ഷപ്പെട്ടു. അഞ്ചു പേര്‍ വാഹനപടകടത്തില്‍ മരിക്കാന്‍ ഇടയായ രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ പ്രതിയാണ് മജീഫ്.

◾തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍മാരെ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ രോഗിയെ അറസ്റ്റു ചെയ്തു. ചികിത്സയിലുള്ള ബാലരാമപുരം സ്വദേശി സുധീറിനെ (45)യാണ് പൊലീസ് അറസ്റ്റു ചെയ്തത്. നടുവേദനയ്ക്കു ചികില്‍സയ്ക്ക് എത്തിയ ഇയാള്‍ ഡോക്ടറോടു തട്ടിക്കയറി ഷര്‍ട്ടില്‍ കുത്തിപ്പിടിച്ചു.

◾കരുവാരക്കുണ്ടില്‍ മലയില്‍ കുടുങ്ങിയ രണ്ടു പേരെ കണ്ടെത്തി തിരിച്ചിറക്കി. ഇവര്‍ക്കൊപ്പം മല കയറി തിരിച്ചിറങ്ങിയ മൂന്നാമന്റെ സഹായത്തോടെയാണ് പൊലീസും അഗ്നിരക്ഷാ സേനയും ഇവരെ കണ്ടെത്തിയത്. കേരള കുണ്ട് വെള്ളച്ചാട്ടത്തിന് മുകള്‍ ഭാഗത്താണ് രണ്ടു പേരും കുടുങ്ങിയത്. മഴപെയ്തു ചോലയില്‍ വെള്ളം കയറിയതോടെ പാറക്കെട്ടില്‍ വഴുതി വീണ ഇവരെ കാണാനില്ലെന്നു മലയിറങ്ങിവന്ന മൂന്നാമന്‍ അറിയിച്ചതോടെയാണ് തെരച്ചില്‍ നടത്തിയത്. കരുവാരക്കുണ്ട് സ്വദേശികളായ യാസീം, അഞ്ജല്‍ എന്നിവരാണ് മലയില്‍ കുടുങ്ങിയത്.

◾കെട്ടിട നികുതി വര്‍ദ്ധിപ്പിച്ച് ജനങ്ങളെ കൊല്ലാകൊല നടത്തുകയാണെന്ന് കെ.മുരളീധരന്‍ എം.പി. തദ്ദേശ സ്ഥാപനങ്ങള്‍ക്കു വേണ്ടിയാണ് വര്‍ദ്ധനയെന്ന വാചകക്കസര്‍ത്ത് സര്‍ക്കാര്‍ അവസാനിപ്പിക്കണം. അദ്ദേഹം ആവശ്യപ്പെട്ടു. കേരള ബില്‍ഡിംഗ് ഓണേഴ്സ് വെല്‍ഫയര്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

◾ബസ് സര്‍വീസ് നിര്‍ത്തി സമരത്തിനില്ലെന്നും ജൂണ്‍ അഞ്ചു മുതല്‍ തിരുവനന്തപുരത്ത് അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍. ബഹുഭൂരിപക്ഷം ബസുടമകളുടെ സംഘടനകളും ഏഴു മുതല്‍ ബസ് സമരം പ്രഖ്യാപിച്ചിരിക്കേയാണ് ഫെഡറേഷന്‍ ബസ് സമരത്തിനില്ലെന്ന് അറിയിച്ചത്. സംസ്ഥാന പ്രസിഡന്റ് കെ.കെ.തോമസ് നിരാഹാരം അനുഷ്ഠിക്കുമെന്ന് തൃശൂരില്‍ നടന്ന സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ തീരുമാനിച്ചു.

◾തിരുവനന്തപുരം പേയാട് പള്ളിമുക്കില്‍ ബൈക്കിലെത്തി പെട്രോള്‍ പമ്പ് ജീവനക്കാരെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പിടിയില്‍. തിരുമല പ്ലാവിള തച്ചന്‍വിളാകത്ത് വീട്ടില്‍ ഉണ്ണി എന്ന മഹാദേവനെയാണ് തിരുമല ഭാഗത്തു നിന്ന് മലയിന്‍കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്.

◾പാലക്കാട് പാലക്കയത്ത് കൈക്കൂലി കേസില്‍ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ്‌കുമാറിനെ സര്‍വ്വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്തു.

◾കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ സ്ഥലങ്ങളിലെ അവകാശ തര്‍ക്കം തുടരുന്നതിനിടെ ഡേപ്സാംഗ്, ഡേംചോക്ക് മേഖലകളിലെ പട്രോളിംഗ് പുനരാരംഭിക്കുമെന്ന് കരസേന. ഡെപ്‌സാങ്ങിലെ പട്രോളിംഗിനുള്ള ഇന്ത്യയുടെ അവകാശങ്ങള്‍ ചൈന പുനഃസ്ഥാപിക്കണമെന്നും കരസേന ആവശ്യപ്പെട്ടു. ഇന്ത്യയിലേക്ക് 20 കിലോമീറ്റര്‍ വരെ ചൈനീസ് സേന കടന്നുകയറിയെന്ന മാധ്യമ വാര്‍ത്തകള്‍ ഇന്ത്യന്‍ കരസേന തള്ളി.

◾രാഹുല്‍ഗാന്ധി പുതിയ സാദാ പാസ്പോര്‍ട്ടിന് അപേക്ഷിച്ചു. ലോക്സഭാംഗത്വം നഷ്ടമായതോടെ രാഹുല്‍ ഗാന്ധിയുടെ ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് റദ്ദായിരുന്നു.

◾കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയ ഷാഫി സാദിയെ തിരിച്ചെടുത്തു. പുറത്താക്കിയ ഉത്തരവ് വന്നതിനു പിറകേ, ഷാഫി സാദി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ സന്ദര്‍ശിച്ചിരുന്നു. അതിനു പിറകേയാണ് ഷാഫി സാദി അടക്കം നാലു പേരുടെ നിയമനം റദ്ദാക്കിയ ഉത്തരവ് പിന്‍വലിച്ചത്.

◾വിദ്യാര്‍ത്ഥി വിസയിലുള്ളവര്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് യുകെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. യു.കെ ഹോം ഓഫീസ് പുറത്തിറക്കിയ ഇമിഗ്രേഷന്‍ നിയമത്തിലാണ് നിയന്ത്രണം കൊണ്ടുവന്നത്. ഗവേഷണാധിഷ്ഠിതമായ ബിരുദാനന്തര കോഴ്സുകള്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കു മാത്രമേ ഇനി കുടുംബാംഗങ്ങളെയും യുകെയിലേക്കു കൊണ്ടുപോകാനാകൂ.

◾ലോകത്തെ ഏറ്റവും ദുരിത രാജ്യം ആഫ്രിക്കയിലെ സിംബാബ്വെ. സാമ്പത്തിക സ്ഥിതി ആധാരമാക്കി രാജ്യങ്ങളെ വിലയിരുത്തുന്ന പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ സ്റ്റീവ് ഹാങ്കെയുടെ വാര്‍ഷിക ദുരിത സൂചികയിലാണ് ഈ വിവരം. സിംബാബേയിലെ പണപ്പെരുപ്പം കഴിഞ്ഞ വര്‍ഷം 243.8 ശതമാനമാണ്. പട്ടികയില്‍ 103-ാം സ്ഥാനത്തുള്ള ഇന്ത്യയിലെ പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. 134-ാം സ്ഥാനത്തുള്ള അമേരിക്കയിലും തൊഴിലില്ലായ്മയാണ് മുഖ്യ പ്രശ്നം. ഏറ്റവും സന്തുഷ്ടരായ രാജ്യം സ്വിറ്റ്സര്‍ലന്‍ഡാണ്. മൊത്തം 157 രാജ്യങ്ങളെയാണു റാങ്കു ചെയ്തത്.

◾പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളടക്കം ലഹരിക്കെണിയിലുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കെ സേതുരാമന്‍. എല്ലാ തട്ടിലുമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്കിടയിലും ലഹരി ഉപയോഗമുണ്ട്. പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന വേദിയിലായിരുന്നു കമ്മിഷണറുടെ പരാമര്‍ശം.

◾തൃശൂര്‍ ദേശീയപാതയില്‍ തലോര്‍ ജറുസലേമിനു സമീപം നിര്‍ത്തിയിട്ട മിനി കണ്ടെയ്നര്‍ ലോറിക്കു പിറകില്‍ മിനി ബസ് ഇടിച്ച് 23 പേര്‍ക്ക് പരിക്ക്. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

◾കാറിടിച്ച ചക്കക്കൊമ്പന് ഗുരുതരമായ പരിക്കില്ലെന്ന് വനം വകുപ്പ്. ആന നടക്കുന്നുണ്ട്. ഭക്ഷണവും വെള്ളവും കഴിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഒരാഴ്ചത്തേക്ക് ചക്കക്കൊമ്പനെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.

◾അരിക്കൊമ്പന്റെ പേരു പറഞ്ഞ് ഒരു രൂപപോലും പിരിച്ചിട്ടില്ലെന്ന് കെയര്‍ ആന്‍ഡ് കണ്‍സേണ്‍ ഫോര്‍ അനിമല്‍സ് എന്ന വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ സാറാ റോബിന്‍. തന്നെയും സഹോദരി മീരാ ജാസ്മിനെയും അപകീര്‍ത്തിപ്പെടുത്താനാണ് പരാതിക്കാരനായ അഡ്വ. ശ്രീജിത്ത് പെരുമന ശ്രമിക്കുന്നതെന്ന് സാറാ റോബിന്‍. അഡ്വ. ശ്രീജിത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

◾പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പന്‍ കുമളി ടൗണിന് സമീപമെത്തി മടങ്ങി. കുമളി ടൗണില്‍നിന്ന് ആകാശദൂര പ്രകാരം ആറു കിലോമീറ്റര്‍ അകലെ വരെ ആനയെത്തിയെന്നാണ് റേഡിയോ കോളര്‍ സിഗ്‌നലുകളില്‍നിന്നു ലഭിച്ച വിവരം.

◾രോഗിയായ ഭാര്യയെ പരിചരിക്കാന്‍ എത്തിയ അമ്പത്തിരണ്ടുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ 66 കാരന്‍ അറസ്റ്റില്‍. ഇടുക്കി രാജാക്കാട് എന്‍.ആര്‍. സിറ്റി സ്വദേശി സുരേഷിനെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് പിടികൂടിയത്.

◾കുപ്രസിദ്ധ മോഷ്ടാവ് അനില്‍കുമാറിന്റെ തിരുവനന്തപുരം വിളപ്പില്‍ശാലയിലെ വീട്ടില്‍ കുഴിച്ചിട്ട നിലയില്‍ 47 പവന്‍ സ്വര്‍ണാഭരണങ്ങളും ഡോളര്‍ ശേഖരവും കണ്ടെടുത്തു. കാവില്‍കടയിലെ ഒരു വീട്ടില്‍ നടത്തിയ കവര്‍ച്ചയുടെ തെളിവെടുപ്പിനിടെയാണ് ആള്‍താമസമില്ലാത്ത വീട്ടില്‍ കുഴിച്ചിട്ടിരുന്ന മോഷണ വസ്തുക്കള്‍ കണ്ടെടുത്തത്.

◾പെരിന്തല്‍മണ്ണ ആലിപ്പറമ്പില് ഹണിട്രാപിലൂടെ രണ്ടു ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ അന്വേഷണം. 65 കാരനെ 43 കാരിയായ സ്ത്രീ രാത്രി 11 ന് വീട്ടിലേക്ക് വിളിച്ചു വരുത്തി ഹണി ട്രാപ്പില്‍ കുടുക്കിയാന്നാണു കേസ്. രാത്രി വീട്ടിലെത്തിയപ്പോള്‍ അഞ്ചു പുരുഷന്മാര്‍ ചേര്‍ന്ന് മൊബൈലില്‍ വീഡിയോ എടുത്തു ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്നാണു കേസ്.

◾നിക്ഷേപിച്ച തുക ചികിത്സാ ആവശ്യത്തിന് നല്‍കാമെന്ന വാക്ക് തെറ്റിച്ച് കരുവന്നൂര്‍ സഹകരണ ബാങ്ക്. മാപ്രാണം സ്വദേശി ജോഷിയെയാണ് പണം നല്‍കാമെന്നു പറഞ്ഞ് കബളിപ്പിച്ചത്. ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ട്യൂമര്‍ ശസ്ത്രക്രിയയാണ്. നാലു മാസം മുമ്പ് ആശുപത്രിക്കിടക്കയിലെത്തി നല്‍കിയ ഉറപ്പാണ് ബാങ്ക് അധികൃതര്‍ തെറ്റിച്ചത്.

◾ആര്‍എസ്എസ്, ബജ്‌റംഗ്ദള്‍ സംഘടനകള്‍ക്കെതിരെ ലഘുലേഖ വിതരണം ചെയ്ത സംഭവത്തില്‍ പത്തു പേര്‍ക്കെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തു. സാമൂഹ്യ മാധ്യമങ്ങളിലുടെ മുസ്ലിം പെണ്‍കുട്ടികളെ സ്‌നേഹം നടിച്ച് ആര്‍എസ്എസ്, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മതം മാറ്റുന്നുവെന്ന് ആരോപിച്ചാണു നോട്ടീസ് വിതരണം ചെയ്തത്. 45 കാരിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് നടപടി.

◾ഫ്‌ളാഗ് ഓഫ് ചെയ്ത് ആറു മാസത്തിനിടെ മൈസൂരു -ചെന്നൈ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ 64 ചില്ലുകള്‍ കല്ലേറില്‍ തകര്‍ത്തു. അത്രയും ചില്ലുകള്‍ മാറി. കഴിഞ്ഞ വര്‍ഷം നവംബര്‍ 11 നാണ് ചെന്നൈ മൈസുരു പാതയില്‍ വന്ദേഭാരത് എക്‌സ്പ്രസ് ഓടിത്തുടങ്ങിയത്.

◾പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കുന്ന ചെങ്കോലിനെ കോണ്‍ഗ്രസ് ഇത്രയുംകാലം അവജ്ഞയോടെയാണ് കണ്ടതെന്ന് ബിജെപി. നെഹ്‌റുവിനു സമ്മാനമായി കിട്ടിയ സ്വര്‍ണവടിയായാണ് കോണ്‍ഗ്രസുകാര്‍ ചെങ്കോലിനെ കണ്ടത്. ചെങ്കോല്‍ ആനന്ദഭവനിലേക്ക് ഒതുക്കപ്പെട്ടെന്നും ബിജെപി നേതാവ് അമിത് മാളവ്യ കുറ്റപ്പെടുത്തി.

◾ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതിഗംഭീര വരവേല്‍പു ലഭിച്ചെങ്കിലും പാര്‍ലമെന്റ് ഹൗസില്‍ ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയുടെ പ്രദര്‍ശിപ്പിച്ചു. 2002 ലെ ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന് ആരോപിക്കുന്ന വിവാദ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിനു പുറമേ, ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് പ്രതിനിധികളും മനുഷ്യാവകാശ പ്രവര്‍ത്തകരും ചര്‍ച്ച നടത്തുകയും ചെയ്തു.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പ്ലസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ വാർത്താ പ്രചാരണം നടത്തിയ പ്രതി പിടിയിൽ.

കൊല്ലം :പ്ലസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ വാർത്താ പ്രചാരണം നടത്തിയ പ്രതി പിടിയിൽ. വിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജ പ്രചാരണം നടത്തിയത് ബിജെപിയുടെ പഞ്ചായത്ത് അംഗമാണെന്നാണ് വിവരം. കൊല്ലം പോരുവഴി...

പോസ്റ്റ് ഓഫീസ് പദ്ധതികളില്‍ പത്തുലക്ഷത്തിന് മുകളില്‍ നിക്ഷേപിക്കുന്നവരുടെ ശ്രദ്ധയ്ക്ക്.

ലഘു സമ്പാദ്യ പദ്ധതികളില്‍ പത്തുലക്ഷത്തിന് മുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിന്റെ ഭാഗമായാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ പത്തുലക്ഷത്തിന് മുകളില്‍ നിക്ഷേപിക്കുന്നവര്‍ വരുമാനത്തിന്റെ ഉറവിടം വെളിവാക്കുന്ന തെളിവ്...

ജൂലായ് ഒന്നുമുതൽ കൺസഷൻ കാർഡ് നിർബന്ധം.

സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ കണ്‍സെഷന്‍ കാര്‍ഡ് നിര്‍ബന്ധം. പ്ലസ് ടു വരെയുള്ളവര്‍ക്ക് യൂണിഫോം ഉള്ളതിനാല്‍ കാര്‍ഡ് വേണ്ട. ഈ വര്‍ഷത്തെ കണ്‍സെഷന്‍ കാര്‍ഡ് മഞ്ഞ നിറത്തിലായിരിക്കും. വീട്ടിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും...

എൻ വി എസ് 01ന്റെ വിക്ഷേപണം വിജയകരം.

ജി പി എസിന് ബദലായി ഇന്ത്യ അവതരിപ്പിച്ച നാവിക് സംവിധാനത്തിന്റെ കാര്യശേഷി കൂട്ടുകയെന്ന ലക്ഷ്യത്തോടെ വിക്ഷേപിച്ച ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തി. വിക്ഷേപണ ശേഷിയുടെ കാര്യത്തിൽ ഇസ്രൊ വിക്ഷേപണ വാഹനങ്ങളിലെ രണ്ടാമനായ ജി എസ്...
WP2Social Auto Publish Powered By : XYZScripts.com
error: