17.1 C
New York
Thursday, September 28, 2023
Home US News 📱വാർത്തകൾ വിരൽത്തുമ്പിൽ 📱 | 2023 | മെയ് 24 | ബുധൻ

📱വാർത്തകൾ വിരൽത്തുമ്പിൽ 📱 | 2023 | മെയ് 24 | ബുധൻ

◾ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സ് പ്രാബല്യത്തിലായി. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കു പുറമേ, അധിക്ഷേപം, അസഭ്യം പറയല്‍ എന്നിവ നിയമത്തിന്റെ പരിധിയില്‍ വരും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തിന് ഏഴു വര്‍ഷംവരെ തടവുശിക്ഷയാണ് പുതിയ നിയമത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്.

◾ഇരുചക്ര വാഹനത്തില്‍ പന്ത്രണ്ടു വയസിനു താഴെയുള്ള കുട്ടിയുമായി യാത്ര ചെയ്താല്‍ പിഴ ഈടാക്കില്ലെന്നു ഗതാഗത മന്ത്രി ആന്റണി രാജു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെയാണ് ഈ ആനുകൂല്യം. ഇക്കാര്യത്തിനു മോട്ടോര്‍ വാഹന നിയമ ഭേദഗതി വേണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എഐ ക്യാമറകള്‍ കണ്ടെത്തുന്ന മോട്ടോര്‍ വാഹന നിയമ ലംഘനങ്ങളില്‍ ജൂണ്‍ അഞ്ചു മുതല്‍ പിഴ ഈടാക്കുമെന്ന് മന്ത്രി ആന്റണി രാജു.

◾ജൂണ്‍ ഏഴു മുതല്‍ അനിശ്ചിതകാല ബസ് സമരം. വിദ്യാര്‍ത്ഥികളുടെ ചാര്‍ജ് യാത്രാ നിരക്കിന്റെ പുതിയാക്കി വര്‍ദ്ധിപ്പിക്കുക, കണ്‍സഷന് പ്രായപരിധി നിശ്ചയിക്കുക, ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ തുടരാന്‍ അനുവദിക്കുക, പെര്‍മിറ്റ് നിലനിര്‍ത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. പന്ത്രണ്ട് ബസുടമ സംഘടനകളുടെ ഏകോപന സമിതിയാണ് കൊച്ചിയില്‍ സമര പ്രഖ്യാപനം നടത്തിയത്. ഇന്നു സര്‍ക്കാരിന് പണിമുടക്ക് നോട്ടീസ് നല്‍കും.

◾സിവില്‍ സര്‍വീസ് പരീക്ഷയില്‍ പാലാക്കാരി ഗഹനാ നവ്യ ജെയിംസ് ആറാം റാങ്ക് നേടി. മലയാളിയായ വി.എം. ആര്യ 36-ാം റാങ്കു കരസ്ഥമാക്കി. ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്. 933 പേരുടെ റാങ്ക് പട്ടികയില്‍ ആദ്യ നാല് റാങ്കുകളും പെണ്‍കുട്ടികള്‍ക്കാണ്. സിവില്‍ സര്‍വീസ് പാസായ 933 പേരുടെ പട്ടികയാണ് യുപിഎസ്സി പ്രഖ്യാപിച്ചത്.

◾വീല്‍ ചെയറിലിരുന്ന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 913 ാം റാങ്കു നേടി വയനാട്ടുകാരി ഷെറിന്‍ ഷഹാന. കമ്പളക്കാട് തേനൂട്ടിക്കല്ലിങ്ങല്‍ പരേതനായ ഉസ്മാന്റേയും ആമിനയുടേയും മകളാണ് ഈ ഇരുപത്തഞ്ചുകാരി. രണ്ടു വര്‍ഷംമുമ്പ് വീടിന്റെ ടെറസില്‍നിന്നു വീണു പരിക്കേറ്റതിനാലാണു വീല്‍ ചെയറിലാകേണ്ടി വന്നത്.

◾കോഴ വാങ്ങി കോടീശ്വരനായ വില്ലേജ് അസിസ്റ്റന്റ് പിടിയില്‍. പാലക്കാട് പാലക്കയം വില്ലേജ് ഓഫീസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാറാണ് 12 കോടി രൂപയുടെ അനധികൃത സമ്പാദ്യവുമായി അറസ്റ്റിലായത്. വസ്തുവിന്റെ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന് 2,500 രൂപ കൈക്കൂലി വാങ്ങിയ ഇയാളുടെ വീട്ടില്‍നിന്ന് 35 ലക്ഷം രൂപയുടെ പണം, 40 ലക്ഷം രൂപയുടെ ബാങ്ക് ബോണ്ടുകള്‍, 25 ലക്ഷം രൂപയുടെ സേവിംഗ്സ് ബാങ്ക് നിക്ഷേപം, 11 കോടി രൂപയോളം വില വരുന്ന 17 കിലോ സ്വര്‍ണനാണയങ്ങള്‍ എന്നിവയാണു പിടിച്ചെടുത്തത്.

◾ഇടുക്കി പൂപ്പാറ ചൂണ്ടലില്‍ റോഡിലെ വളവില്‍ നിന്ന കാട്ടാനയെ കാറിടിച്ചു. ഇടിയേറ്റ് കാറിന്റെ ബോണറ്റില്‍ ആന ഇരുന്നതോടെ തകര്‍ന്ന കാറിലെ നാലു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചി ധനുഷ്‌കോടി ദേശീയപാതയിലാണ് സംഭവം. ആനയുടെ പരിക്ക് എത്രത്തോളം ഗുരുതരമെന്ന് വ്യക്തമല്ല. ചൂണ്ടല്‍ സ്വദേശി തങ്കരാജിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കാറിടിച്ചത് ചക്കക്കൊമ്പനെയാണെന്നു സംശയമുണ്ട്.

◾ഏഴു വര്‍ഷം പ്രചാരത്തിലുള്ള കറന്‍സി പിന്‍വലിച്ചതിലൂടെ ഇന്ത്യന്‍ കറന്‍സി ശക്തമല്ലെന്ന സന്ദേശമാണു നല്‍കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരള സമ്പദ് ഘടനയുടെ അവിഭാജ്യ ഘടകമാണ് വ്യാപാര സമൂഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

◾അഗ്‌നിശമന മാനദണ്ഡങ്ങള്‍ പാലിക്കാത്തതും അഗ്‌നിശമന സേനാ വിഭാഗത്തിന്റെ എന്‍ഒസി ഇല്ലാത്തതുമായ കിന്‍ഫ്ര പാര്‍ക്കിലെ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ സംഭരണ കേന്ദ്രം കത്തി നശിച്ചിരിക്കേ, കോര്‍പറേഷന്റെ എല്ലാ മരുന്നു സംഭരണ കേന്ദ്രങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ്, ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് സുരക്ഷാ ഓഡിറ്റ് നടത്തുക. ആശുപത്രികളില്‍ അഗ്‌നിശമന സേനയുടെ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.

◾അരിക്കൊമ്പന് അരി വാങ്ങാനെന്ന പേരില്‍ പണപ്പിരിവു നടത്തുന്ന വാട്ട്സാപ്പ് കൂട്ടായ്മകളെക്കുറിച്ച് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. അരിക്കൊമ്പനെ ചിന്നക്കനാലിലേക്ക് തിരികെയെത്തിക്കാനുള്ള നിയമനടപടികള്‍ക്കും അരി വാങ്ങി നല്‍കാനെന്നും പറഞ്ഞാണ് പണപ്പിരിവ്. പൊതുപ്രവര്‍ത്തകനും അഭിഭാഷകനുമായ ശ്രീജിത്ത് പെരുമന ഡിജിപിയ്ക്കു നല്‍കിയ പരാതിയിലാണ് അന്വേഷണം.

◾ഡോ വന്ദന ദാസ് കൊലക്കേസില്‍ പ്രതി സന്ദീപിനെ മാനസിക നില പരിശോധിക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സന്ദീപിന് സുരക്ഷ നല്‍കണമെന്ന് കോടതി പൊലീസിനു നിര്‍ദ്ദേശം നല്‍കി. ഒരാഴ്ചയെങ്കിലും കിടത്തി പരിശോധിച്ചാലേ സന്ദീപിന്റെ മാനസികാരോഗ്യം വിലയിരുത്താനാവൂവെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

◾വന്ദേ ഭാരത് എക്സ്പ്രസിനുനേരെ കല്ലെറിഞ്ഞ പ്രതി പിടിയില്‍. താനൂര്‍ സ്വദേശി മുഹമ്മദ് റിസ്വാനാണ് അറസ്റ്റിലായത്. കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ സംഭവിച്ച പിഴവാണെന്നും ട്രെയിനിനെ ലക്ഷ്യംവച്ചല്ല എറിഞ്ഞതെന്നുമാണ് പ്രതിയുടെ മൊഴി. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

◾കൊച്ചിയില്‍ വാഹനാപകടമുണ്ടായിട്ടും നിര്‍ത്താതെ ഓടിച്ചുപോയ സംഭവത്തില്‍ കടവന്ത്ര എസ്എച്ച്ഒ മനുരാജിനെ കാസര്‍ഗോഡ് ചന്തേര സ്റ്റേഷനിലേക്കു സ്ഥലംമാറ്റി. മനുരാജിനെതിരെ പൊലീസ് കേസെടുത്തിരുന്നു. അപകടമുണ്ടാക്കിയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

◾ഇടുക്കി കിഴുകാനത്ത് ആദിവാസി യുവാവ് സരുണ്‍ സജിക്കെതിരെ കാട്ടിറച്ചി കടത്തിയെന്നു കള്ളക്കേസെടുത്ത സംഭവത്തില്‍ സസ്പെന്‍ഷനിലായിരുന്ന ആറ് ഉദ്യോഗസ്ഥരെയും തിരിച്ചെടുത്തു. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍.എസ്. അരുണ്‍ ആണ് ഉത്തരവിട്ടത്. പൊലീസെടുത്ത കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുമ്പാണ് തിരിച്ചെടുത്തത്.

◾എറണാകുളത്ത് മട്ടുമ്മലില്‍ പാരമ്പര്യ വൈദ്യന്‍ ചമഞ്ഞ് പൈല്‍സിന് ചികിത്സ നടത്തിയ പശ്ചിമബംഗാള്‍ സ്വദേശി പിടിയില്‍. പത്താം ക്ലാസ് വിദ്യാഭ്യാസം പോലുമില്ലാത്ത ദിഗംബര്‍ ശസ്ത്രക്രിയ വരെ നടത്തിയിരുന്നു. പ്രൗഡഗംഭീരമായ ക്ലിനിക്കില്‍ അലോപ്പതി മരുന്നുകളും വിതരണം ചെയ്തിരുന്നു.

◾തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ യുവാവിനെ അറസ്റ്റുചെയ്തു. കുണ്ടമന്‍കടവില്‍ വാടകയ്ക്കു താമസിക്കുന്ന അക്ഷയ് ആണ് അറസ്റ്റിലായത്.

◾തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ശുചിമുറിയില്‍ യുവാവ് തൂങ്ങിമരിച്ചു. കുടപ്പനക്കുന്ന് വിശ്വഭാരതി തെക്കേവീട്ടില്‍ കണ്ണന്‍ (35)ആണു മരിച്ചത്. ഇയാള്‍ രോഗിയോ കൂട്ടിരിപ്പുകാരനോ അല്ലെന്നു പോലീസ്.

◾ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയില്‍ സതി അനുഷ്ടിക്കാന്‍ ഭര്‍തൃവീട്ടുകാര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് എന്‍ജിനീയര്‍ സബര്‍മതി നദിയില്‍ ചാടി ജീവനൊടുക്കി. രാജസ്ഥാനിലെ ബില്‍വാര സ്വദേശിനി സംഗീത ലഖ്ര എന്ന 28 കാരിയാണ് മരിച്ചത്. യുവതിയുടെ ആത്മഹത്യാക്കുറിപ്പിലാണ് സതി അനുഷ്ഠിക്കാന്‍ നിര്‍ബന്ധിച്ചെന്ന വിവരമുള്ളത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി പത്തിനാണു ഭര്‍ത്താവ് മരിച്ചത്. ഭര്‍തൃമാതാവിനും മറ്റു നാല് പേര്‍ക്കുമെതിരെ യുവതിയുടെ പിതാവ് രമേഷ് ലഖ്ര പൊലീസില്‍ പരാതി നല്‍കി.

◾പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് എംപിമാര്‍ക്ക് ക്ഷണക്കത്ത് അയച്ചു. ഞായറാഴ്ച 12 മണിക്ക് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ചടങ്ങ് ബഹിഷ്‌ക്കരിക്കാനാണ് ആംആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.

◾കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷാഫി സാദിയെ സിദ്ധരാമയ്യ സര്‍ക്കാര്‍ പുറത്താക്കി. ഷാഫി സാദി അടക്കം വഖഫ് ബോര്‍ഡിലെ നാലു പേരെയാണു നീക്കിയത്. കാന്തപുരം വിഭാഗക്കാരനായ ഷാഫിയെ കഴിഞ്ഞ ബിജെപി സര്‍ക്കാരാണ് നിയമിച്ചത്. കോണ്‍ഗ്രസ് ജയിച്ചപ്പോള്‍ മുസ്ലിം വിഭാഗത്തിന് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് ഇയാള്‍ സമ്മര്‍ദ്ദമുണ്ടാക്കിയിരുന്നു.

◾ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചിയില്‍ എട്ടു ലക്ഷം രൂപയുടെ രണ്ടായിരത്തിന്റെ നോട്ടുകള്‍. ഹിമാചല്‍ പ്രദേശിലെ കംഗ്ര ജില്ലയിലെ മാ ജ്വാല ദേവി ക്ഷേത്രത്തിനു മുന്നിലെ കാണിക്ക വഞ്ചിയിലാണ് രണ്ടായിരത്തിന്റെ 400 നോട്ടുകള്‍ ആരോ നിക്ഷേപിച്ചത്.

◾അപാര്‍ട്ടുമെന്റില്‍ ഐപിഎസ് ഓഫീസറുടെ കാറില്‍ ഇടിക്കുകയും ചവിട്ടുകയും ചെയ്തതിന് ടോളിവുഡ് താരം ഡിംപിള്‍ ഹയാതിക്കും പ്രതിശ്രുത വരന്‍ വിക്ടര്‍ ഡേവിഡിനുമെതിരെ ക്രിമിനല്‍ കേസ്. ജൂബിലി ഹില്‍സ് പൊലീസാണ് കേസെടുത്തത്. പാര്‍ക്കിംഗ് സ്ഥലത്ത് ഐപിഎസ് ഓഫീസര്‍ രാഹുലിന്റെ കാറില്‍ നടിയുടെ പ്രതിശ്രുതവരന്റെ വാഹനം അബദ്ധത്തില്‍ ഇടിച്ചു. ഐപിഎസ് ഓഫീസറുടെ ഡ്രൈവര്‍ ചേതന്‍ കുമാറുമായി തര്‍ക്കമായി. പ്രകോപിതയായ ഡിംപിള്‍ ഹയാതി കാറില്‍ ചവിട്ടി. ഡ്രൈവറുടെ പരാതിയിലാണു കേസ്.

◾‘അമുല്‍’ തമിഴ്‌നാട്ടില്‍ പാല്‍ സംഭരിക്കുന്നു. ധര്‍മ്മപുരി, വെല്ലൂര്‍, കൃഷ്ണഗിരി, തിരുവണ്ണാമലൈ, റാണിപേട്ട്, കാഞ്ചീപുരം ജില്ലകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളിലാണു പാല്‍ സംഭരണം. തമിഴ്‌നാട് ക്ഷീര സഹകരണ സംഘമായ ‘ആവിന്‍’ വാഗ്ദാനം ചെയ്തതിനേക്കാള്‍ ലിറ്ററിന് ഒന്നോ രണ്ടോ രൂപ അധികം നല്‍കുമെന്ന് അമുല്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

◾ഡിജിറ്റല്‍ മേഖലയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓസ്ട്രേലിയയിലെ ഇന്ത്യാക്കാരെ അഭിസംബോധന ചെയ്യുന്ന ചടങ്ങിലാണ് മോദി ഇങ്ങനെ പറഞ്ഞത്. മോദിയെ ‘ദി ബോസ്’ എന്ന് വിശേഷിപ്പിച്ചാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് സംസാരിച്ചത്.

◾പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ 28 നു നടക്കുന്ന ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. കോണ്‍ഗ്രസ്, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍ യുണൈറ്റഡ്, ആംആദ്മി, ശിവസേന, എന്‍സിപി, എസ് പി, ആര്‍ജെഡി, സിപിഐ, സിപിഎം, മുസ്ലിംലീഗ്, ജാര്‍ക്കണ്ട് മുക്തി മോര്‍ച്ച, നാഷണല്‍ കോണ്‍ഫറന്‍സ്, കേരളാ കോണ്‍ഗ്രസ് എം, ആര്‍എസ്പി, രാഷ്ട്രീയ ലോക്ദള്‍, വിടുതലൈ ചിരുതൈഗള്‍ കച്ചി, എംഡിഎംകെ എന്നിവ അടക്കം 19 പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവനയിറക്കി.

◾മാലിന്യം വലിച്ചെറിഞ്ഞതിനു പിടികൂടുന്ന വാഹനങ്ങള്‍ 250 രൂപ പിഴ ഈടാക്കി വിട്ടുകൊടുക്കരുതെന്നു ഹൈക്കോടതി. ഹൈക്കോടതിയുടെ അറിവില്ലാതെ വാഹനങ്ങള്‍ വിട്ടുകൊടുക്കരുതെന്ന് കൊച്ചി കോര്‍പറേഷനു നിര്‍ദ്ദേശം നല്‍കി. മാലിന്യ സംസ്‌കരണത്തില്‍ വീഴ്ച വരുത്തിയ കൊച്ചി നഗരസഭയ്ക്ക് 100 കോടി രൂപ പിഴ ചുമത്തിയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനുള്ള സ്റ്റേ കോടതി ജൂണ്‍ 30 വരെ നീട്ടി.

◾കണ്ണൂര്‍ ചെറുപുഴയില്‍ മൂന്ന് മക്കളടക്കം ഒരു വീട്ടിലെ അഞ്ചു പേര്‍ മരിച്ച നിലയില്‍. ചെറുപുഴ പാടിച്ചാലില്‍ രണ്ടാഴ്ച മുമ്പു രണ്ടാം വിവാഹം കഴിച്ച ഷാജി – ശ്രീജ ദമ്പതികളും മക്കളുമാണ് മരിച്ചത്. കുട്ടികളായ സൂരജ് (12),സുജിന്‍ (10),സുരഭി (8) എന്നിവരെ കോണിപ്പടികളില്‍ കെട്ടിതൂക്കി കൊലപ്പെടുത്തിയശേഷം ജീവനൊടുക്കുകയായിരുന്നു. ശ്രീജയുടെ ആദ്യ വിവാഹത്തിലെ മക്കളാണ് മരിച്ചത്. ഷാജിക്ക് വേറെ ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.

◾ബസുടമകളുടെ സംഘടനാ നേതാക്കള്‍ ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സംസ്ഥാനത്ത് ജൂണ്‍ ഏഴു മുതല്‍ അനിശ്ചിതകാല ബസ് സമരവുമായി മുന്നോട്ടു പോകുമെന്ന് ബസുടമകള്‍ അറിയിച്ചു.

◾ഉപരാഷ്ട്രപതിക്കു മുഖ്യമന്ത്രിയുടെ വസതിയില്‍ നല്‍കിയ പ്രാതല്‍ വിരുന്നില്‍ പങ്കെടുക്കാതിരുന്നത് കുറേ കാലങ്ങളായി താന്‍ പ്രാതല്‍ കഴിക്കാത്തതുകൊണ്ടാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള ഹൗസ് ജീവനക്കാരോട് ചോദിച്ചാല്‍ ഇക്കാര്യം അറിയാമെന്നും ഗവര്‍ണര്‍ പറഞ്ഞു.

◾മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കൊല്ലത്തെ സംഭരണ കേന്ദ്രത്തിലെ തീ പിടുത്തതിനു കാരണം കോര്‍പ്പറേഷന്റെ ഗുരുതര അനാസ്ഥയെന്ന് ഫയര്‍ഫോഴ്സ് മേധാവിയുടെ റിപ്പോര്‍ട്ട്. 2022 ലെ ഫയര്‍ ഓഡിറ്റില്‍ നല്‍കിയ നിര്‍ദ്ദേശങ്ങളൊന്നും നടപ്പാക്കിയില്ലെന്നാണ് റിപ്പോര്‍ട്ട്.

◾അഭിഭാഷകനുമായി ഒറ്റയ്ക്കു സംസാരിക്കാന്‍ അനുവദിക്കണമെന്ന ട്രെയിന്‍ തീവയ്പു കേസിലെ പ്രതി ഷാരുഖ് സെയ്ഫിയുടെ ആവശ്യം കോടതി തള്ളി. ഉദ്യോഗസ്ഥ സാന്നിധ്യമില്ലാതെ അഭിഭാഷകനുമായി സംസാരിക്കണമെന്നായിരുന്നു ഷാരൂഖ് സെയ്ഫിയുടെ ആവശ്യം.

◾സര്‍വകലാശാലകളിലും കോളജുകളിലും യൂണിയന്റെ ബലത്തില്‍ നിയമം കൈയിലെടുക്കുകയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് ആള്‍മാറാട്ടത്തിലൂടെ അട്ടിമറിച്ചതു സംസ്ഥാനത്തെ ഭീകരാവസ്ഥയുടെ ഉദാഹരണമാണ്. പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ കേരളം വിട്ടു പോകേണ്ടിവരുന്ന സ്ഥിതി നിര്‍ഭാഗ്യകരമാണ്. ഗവര്‍ണര്‍ പറഞ്ഞു.

◾ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ ആരും പൊന്നമ്പലമേട്ടിലേക്ക് പ്രവേശിക്കരുതെന്നു ഹൈക്കോടതി. പൊന്നമ്പല മേട്ടില്‍ അനധികൃത പൂജ നടത്തിയതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് നിര്‍ദേശം. പൂജ നടത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ പൊലീസിനോട് ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടു.

◾മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ് ശിവകുമാറിന് വീണ്ടും എന്‍ഫോഴ്സ്മെന്റ് നോട്ടീസ്. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാനാണ് നിര്‍ദേശം. കഴിഞ്ഞ മാസം ഇരുപതിന് ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് വിളിപ്പിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവച്ചിരുന്നു.

◾സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ അധ്യക്ഷ മേഴ്‌സിക്കുട്ടനെതിരെ ആരോപണവുമായി പി.വി ശ്രീനിജന്‍ എംഎല്‍എ. സര്‍ക്കാര്‍ ഭൂമിയില്‍ സ്വന്തം പേരില്‍ സ്‌പോര്‍ട്‌സ് അക്കാദമി തുടങ്ങാന്‍ ശ്രമിച്ച് അനുമതി ലഭിക്കാത്തതിന്റെ നിരാശയും കാലാവധി തീരുംമുന്‍പ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്തുപോയതിന്റെ നിരാശയുമാണ് മേഴ്‌സിക്കുട്ടനെന്ന് ശ്രീനിജന്‍ പറഞ്ഞു.

◾കൂലിയിനത്തില്‍ ലഭിക്കാനുള്ള പന്തീരായിരം രൂപ കിട്ടാത്തതിനു ബംഗാളിയായ തൊഴിലുടമയുടെ പതിനാറുകാരിയായ മകളെ കുത്തിക്കൊന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവിനുള്ള ശിക്ഷ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. പശ്ചിമ ബംഗാള്‍ ബര്‍ദ്ധമാന്‍ ഖല്‍ന ഗുഗുഡന്‍ഗയിലെ സാദത്ത് ഹുസൈന്‍ (29) ആണ് പ്രതി. കൊല്ലപ്പെട്ട സമീന ഖാത്തൂന്‍(16) ന്റെ പിതാവിന്റെ കീഴില്‍ ജോലി ചെയ്തു വരികയായിരുന്നു പ്രതി. 2018 സെപ്റ്റംബര്‍ 28 നാണ് കേസിനാസ്പദമായ സംഭവം.

◾ആലുവയില്‍ കന്യാസ്ത്രീ മഠത്തിന്റെ കെട്ടിടത്തിനു മുകളില്‍നിന്നും വീണ് കന്യാസ്ത്രിക്കു ഗുരുതര പരിക്ക്. കോളനി പടി ധര്‍മ്മഗിരി സെന്റ് ജോസഫ് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ മേരിയെ (52)യാണു കെട്ടിടത്തിനു താഴെ വീണ നിലയില്‍ കണ്ടെത്തിയത്.

◾വിഴിഞ്ഞത്ത് മത്സ്യബന്ധന ബോട്ടില്‍ കടലില്‍ നടത്തിയ ഉല്ലാസ സവാരി പൊലീസ് തടഞ്ഞു. സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെ കുട്ടികളെയും സ്ത്രീകളെയും ഉള്‍പ്പെടെ ഒന്‍പതംഗ സംഘവുമായി മല്‍സ്യബന്ധന ബോട്ടില്‍ പോകാനൊരുങ്ങുമ്പോഴാണ് പോലീസ് പിടികൂടിയത്.

◾പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്പീക്കറുടെ സീറ്റിനു സമീപം ചരിത്ര പ്രാധാന്യമുള്ള സ്വര്‍ണ ചെങ്കോല്‍ സ്ഥാപിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇക്കാര്യം വെളിപെടുത്തിയത്. അധികാരം കൈമാറുന്നതിന്റെ ചിഹ്നമായി ബ്രിട്ടീഷുകാര്‍ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനു കൈമാറിയ ചെങ്കോലാണിത്.

◾പ്രമുഖ ബോളിവുഡ് നടന്‍ നിതേഷ് പാണ്ഡെ നാസിക്കിലെ ഇഗ്താപൂരിയിലെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍. അമ്പതു വയസായിരുന്നു. ഷൂട്ടിംഗിന് എത്തിയതായിരുന്നു താരം.

◾ടെലിവിഷന്‍ നടി വൈഭവി ഉപാധ്യായ വാഹനാപകടത്തില്‍ മരിച്ചു. ഹിമാചല്‍പ്രദേശില്‍ കാര്‍ അപകടത്തിലാണ് നടി വൈഭവി ഉപാധ്യായ മരിച്ചത്. കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. പ്രതിശ്രുത വരനും ഒപ്പമുണ്ടായിരുന്നു.

◾ഐപിഎല്ലില്‍ ഇന്ന് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് – മുംബൈ ഇന്ത്യ മത്സരം. ഇന്നത്തെ മത്സരത്തിലെ വിജയികള്‍ 26ന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സുമായി ഏറ്റുമുട്ടും. രണ്ടാം ക്വാളിഫയറിലെ വിജയികളാണ് 28 ന് നടക്കുന്ന ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സുമായി ഏറ്റുമുട്ടുക.

◾ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബന്ധം ടി 20 ക്രിക്കറ്റ് പോലെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നരേന്ദ്ര മോദിയുടെ സന്ദര്‍ശനം ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബന്ധം ദൃഢമാക്കിയെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പറഞ്ഞു. ഇരു പ്രധാനമന്ത്രിമാരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ വ്യാപാരം, വാണിജ്യം, കുടിയേറ്റം, സാങ്കേതിക വിദ്യ, ഖനനം അടക്കം വിവിധ തലങ്ങളിലെ സഹകരണങ്ങള്‍ക്കു കരാറായി.

◾ഐപിഎല്‍ പതിനാറാം സീസണിന്റെ ഫൈനലില്‍ പ്രവേശിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 15 റണ്‍സിന് തകര്‍ത്താണ് ചെന്നൈ സൂപ്പര്‍ കിങ്സ് ഫൈനലില്‍ പ്രവേശിച്ചത്. 60 റണ്‍സെടുത്ത റിതുരാജ് ഗെയ്ക്വാദിന്റെ മികവില്‍ ചെന്നൈ 7 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ടൈറ്റന്‍സിന് 20 ഓവറില്‍ 157 റണ്‍സിന് എല്ലാവരുടേയും വിക്കറ്റുകള്‍ നഷ്ടമായി. വാലറ്റത്ത് റാഷിദ് ഖാന്‍ തകര്‍ത്തടിച്ചെങ്കിലും അവസാന രണ്ട് ഓവറിലെ 34 റണ്‍സ് വിജയലക്ഷ്യം ടൈറ്റന്‍സിന് നേടാനായില്ല. നാലോവറില്‍ 18 റണ്‍സ് മാത്രം വിട്ടു നല്‍കി 2 വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയുടെ പ്രകടനം ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. 26ന് നടക്കുന്ന രണ്ടാം ക്വാളിഫയര്‍ നിലവിലെ ചാമ്പ്യന്‍മാരായ ഹാര്‍ദിക് പാണ്ഡ്യയുടേയും സംഘത്തിന്റേയും വിധിയെഴുതും.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഭൂകമ്പം ഉണ്ടായാല്‍ ആന്‍ഡ്രോയിഡ് ഫോണില്‍ അറിയിപ്പ്; ‘എര്‍ത്ത് ക്വേക്ക് അലര്‍ട്ട്’ ഇന്ത്യയില്‍.

ഭൂകമ്പം സംബന്ധിച്ച അറിയിപ്പുകൾ ഇനി ആൻഡ്രോയിഡ് ഫോണുകളിൽ ലഭിക്കും. ഇതിന് സഹായിക്കുന്ന പുതിയ ഫീച്ചർ ഗൂഗിൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഫോണിന്റെ ആക്സിലറോ മീറ്റർ പോലുള്ള സെൻസറുകൾ ഉപയോഗിച്ചാണ് ഗൂഗിൾ ഭൂമികുലുക്കം തിരിച്ചറിയുക. ഇതിന്റെ...

കണ്ണൂർ സ്ക്വാഡ് ചോർന്നു; ഓൺലൈനിൽ എച്ച്ഡി പതിപ്പ്.

മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ് തിയേറ്ററിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ചോർന്നു. ചിത്രത്തിന്റെ എച്ച്ഡി പതിപ്പാണ് വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ചോർന്നിരിക്കുന്നത്. നവാഗതനായ റോബി വർഗീസ് രാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു...

ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം.

ചെന്നൈ: ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. കുംഭകോണം പാപനാശത്താണ് സംഭവം. സ്ഥലത്ത് മൊബൈൽ ഫോണുകളുടേയും വാച്ചുകളുടേയും റിപ്പയർ കട നടത്തിയിരുന്ന കോകില(33)യാണ് മരിച്ചത്. ചാർജ് ചെയ്ത് കൊണ്ട് ഫോണിൽ...

അടഞ്ഞ വാതിലുകള്‍ (കഥ)✍ബെന്നി സെബാസ്റ്റ്യൻ

ഉത്രാടപ്പാച്ചിലിലാണ് ചുററു പാടുമുള്ള നാട്ടുവഴികള്‍, ഉച്ചയൂണും കഴിഞ്ഞ് വെറുതെ പുറത്തേയ്ക്കിറങ്ങി. വിശാലമായ മുററത്തിനുമപ്പുറം ഗെയിററ്, അതിനുമപ്പുറം വെയിലു തിളയ്ക്കുന്ന റോഡ് , വെറുതെ ഗെയിററില്‍ കവിള്‍ ചേര്‍ത്തു നിന്നു. ഉച്ചസമയമായതുകൊണ്ട് റോഡ് വിജനമാണ്, വീട്ടില്‍ നിന്നും കുട്ടികളുടെ...
WP2Social Auto Publish Powered By : XYZScripts.com
error: