17.1 C
New York
Sunday, October 1, 2023
Home US News 📱വാർത്തകൾ വിരൽത്തുമ്പിൽ 📱 | 2023 | ജൂൺ 04 | ഞായർ

📱വാർത്തകൾ വിരൽത്തുമ്പിൽ 📱 | 2023 | ജൂൺ 04 | ഞായർ

◾ഒഡിഷയിലെ ബാലസോറില്‍ മൂന്നു ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 288 ആയി. 1,176 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടി. 382 പേര്‍ ചികില്‍സയില്‍ തുടരുകയാണ്.

◾ട്രെയിന്‍ ദുരന്ത പ്രദേശം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വേദനാജനകം, വാക്കുകളില്ലെന്നു നരേന്ദ്ര മോദി പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റവര്‍ക്കു മികച്ച ചികിത്സ ഉറപ്പാക്കുമെന്നും മരിച്ചവരുടെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അപകട സ്ഥലത്തും പരിക്കേറ്റവര്‍ ചികില്‍സയിലുള്ള ആശുപത്രിയിലും പ്രധാനമന്ത്രി സന്ദര്‍ശിച്ചു.

◾ഒഡിഷ ട്രെയിന്‍ ദുരന്തത്തിനു കാരണം ഷാലിമാര്‍ – ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസ് ട്രാക്ക് തെറ്റി ഗുഡ്സ് ട്രെയിനില്‍ ഇടിച്ചുകയറിയതാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. തെറ്റായ സിഗ്നല്‍ ലഭിച്ചതിനാലാകാം കോറമണ്ഡല്‍ എക്സ്പ്രസ് ട്രാക്ക് തെറ്റി ഓടാന്‍ കാരണമെന്നാണ് നിഗമനം.

◾ട്രെയിനുകള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനമായ ‘കവച്’ ഒഡീഷയില്‍ അപകടത്തില്‍പ്പെട്ട ട്രെയിനുകളില്‍ ഇല്ലാതിരുന്നെന്നു റിപ്പോര്‍ട്ട്. ട്രെയിനുകളുടെ യാത്ര ഒരു കേന്ദ്രത്തിലിരുന്നു നിരീക്ഷിക്കാനും ഒരു മേഖലയില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളുടെ വിവരം അങ്ങോട്ടെത്തുന്ന മറ്റു ട്രെയിനുകള്‍ക്കു ലഭ്യമാക്കാനും സഹായിക്കുന്ന സംവിധാനമാണ് ‘കവച്’.

◾അമേരിക്കയില്‍ രാഹുല്‍ഗാന്ധി നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിയശേഷം പ്രതികരിക്കാമെന്ന് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണില്‍ എത്തിയ വിദേശകാര്യമന്ത്രി ജയശങ്കര്‍. മോദി സര്‍ക്കാരിനെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ക്കു താന്‍ ഇന്ത്യയില്‍ തിരിച്ചെത്തിയശേഷം മറുപടി നല്‍കുമെന്ന് ജയശങ്കര്‍ പറഞ്ഞു. ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ജയശങ്കര്‍ കേപ്ടൗണില്‍ എത്തിയത്.

◾അമേരിക്കയിലെ ലോക കേരള സഭ സമ്മേളനത്തിന്റെ ധനസമാഹരണത്തിനു പുറത്തിറക്കിയ ഗോള്‍ഡ്, സില്‍വര്‍ പാസുകള്‍ വാങ്ങാന്‍ ആളില്ല. മുഖ്യമന്ത്രിക്കൊപ്പമിരുന്നു വിരുന്നു കഴിക്കാന്‍ ഗോള്‍ഡ് പാസ് ലക്ഷം രൂപയ്ക്കും സില്‍വര്‍ പാസ് അമ്പതിനായിരം രൂപയ്ക്കും വില്‍ക്കാനായിരുന്നു പരിപാടി. സംഭവം വിവാദമായതോടെ വാങ്ങാന്‍ ആരും മുന്നോട്ടു വരുന്നില്ല. എട്ടാം തീയതി മുതല്‍ 11 വരെയാണ് ലോക കേരള സഭ. ഇതിനകം 2.80 ലക്ഷം ഡോളര്‍ പിരിച്ചെടുത്തിട്ടുണ്ട്. .

◾ഇരുചക്ര വാഹനത്തില്‍ മൂന്നാമത്തെയാളായി കുട്ടികള്‍ക്കു പ്രത്യേക ഇളവ് അനുവദിക്കാനാവില്ലെന്നു കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി എളമരം കരീം എംപിയുടെ കത്തിനു നല്‍കിയ മറുപടിയിലാണ് നിലപാട് അറിയിച്ചത്. നാളെ മുതല്‍ സംസ്ഥാനത്ത് എഐ ക്യാമറ വഴി പിഴ ഈടാക്കാന്‍ തീരുമാനിച്ചിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

◾ശനിയാഴ്ച അധ്യയന ദിനമാക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരമാണ് 220 അധ്യയന ദിനങ്ങളാക്കുന്നത്. ശനിയാഴ്ച അധ്യയന ദിനമാക്കുന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സന്തോഷമാണെന്നു മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

◾കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ 25 പ്രതികളില്‍ നിന്ന് 125.84 കോടി രൂപ ഈടാക്കാന്‍ നടപടി തുടങ്ങി. സഹകരണ ജോയന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ട് പ്രകാരം ജില്ലാ കളക്ടറാണ് നടപടി ആരംഭിച്ചത്. സിപിഎമ്മുകാരായ 20 മുന്‍ ഡയറക്ടര്‍മാരില്‍നിന്നും മുന്‍ സെക്രട്ടറി, മുന്‍ മാനേജര്‍, മുന്‍ അക്കൗണ്ടന്റ് എന്നിവര്‍ ഉള്‍പ്പടെ അഞ്ചു പേരില്‍നിന്നുമാണ് തുക ഈടാക്കുക.

◾കാലവര്‍ഷം എത്തുകയായി. കന്യാകുമാരി തീരത്തുള്ള കാലവര്‍ഷം രണ്ടു ദിവസത്തിനകം കേരളത്തിലെത്തും. വൈകിയാണ് മഴക്കാലം തുടങ്ങുന്നതെങ്കിലും ഇനിയുള്ള ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകും. തെക്കന്‍ കേരളത്തിലാണ് തുടക്കത്തില്‍ മഴ ലഭിക്കുക. രണ്ടു ദിവസത്തിനുശേഷം മലബാറില്‍ മഴ ശക്തമാകും.

◾സംസ്ഥാനത്തെ മൂന്നു സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്റെ വിലക്ക്. മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനു തൃശൂര്‍ ജൂബിലി, തിരുവനന്തപുരം കാരക്കോണം സി.എസ്.ഐ, ശ്രീ ഗോകുലം എന്നീ മെഡിക്കല്‍ കോളേജുകള്‍ക്കാണ് എംബിബിഎസ് കോഴ്സിന് അനുമതി നിഷേധിച്ചത്. നിര്‍ദിഷ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതുവരെയാണ് വിലക്ക്.

◾വിദ്യാഭ്യാസ കച്ചവടം അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. എല്‍കെജി, യുകെജി പ്രവേശനത്തിനും മറ്റുമായി പണം വാങ്ങുന്ന രീതി അവസാനിപ്പിക്കുമെന്നും പൊതുവിദ്യാഭാസ വകുപ്പ് നടപ്പാക്കുന്ന ചട്ടങ്ങളും നിയമങ്ങളും എല്ലാ വിദ്യാലയങ്ങളും പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

◾ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സന്ദീപ് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നില്ലെന്ന് കണ്ടെത്തല്‍. ഫോറന്‍സിക് പരിശോധന ഫലം കോടതിക്ക് കൈമാറി. രക്തം, മൂത്രം എന്നിവയില്‍ മദ്യത്തിന്റെയോ ലഹരി വസ്തുക്കളുടെയോ സാന്നിദ്ധ്യമില്ല. പ്രതിക്ക് കാര്യമായ മാനസിക പ്രശ്‌നമില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി.

◾സംസ്ഥാനത്തെ ഒരു വിഭാഗം പെന്‍ഷന്‍കാര്‍ക്ക് ക്ഷേമപെന്‍ഷന്‍ തുക മുഴുവനും കിട്ടില്ല. കേന്ദ്ര വിഹിതം ലഭിക്കാത്തതാണു കാരണം. കേന്ദ്ര വിഹിതം രണ്ടു വര്‍ഷത്തെ തുക കുടിശികയാണ്. 200 മുതല്‍ 500 വരെ രൂപയുടെ കുറവാണ് പെന്‍ഷന്‍ തുകയില്‍ ഉണ്ടാകുക. ജൂണ്‍ എട്ടിനു പെന്‍ഷന്‍ വിതരണം ആരംഭിക്കും.

◾മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ് ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്. നാലാം തവണയാണ് അനധികൃത സ്വത്ത് സമ്പാദന കേസില്‍ നോട്ടീസ് നല്‍കുന്നത്. നാളെ രാവിലെ 11 ന് ഹാജരാകാനാണ് നിര്‍ദ്ദേശം.

◾കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ പുനഃസംഘടന ഏകപക്ഷീയമാക്കിയെന്ന് ആരോപിച്ച് ഡിസിസി യോഗങ്ങള്‍ അടക്കമുള്ളവ ബഹിഷ്‌കരിക്കുമെന്ന് എ ഗ്രൂപ്പ്. മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് പട്ടിക തയ്യാറാക്കിയതെന്ന് കോഴിക്കോട്ടെ നേതാവായ എംകെ രാഘവന്‍ എംപി വിമര്‍ശിച്ചു.

◾സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാന്‍ യോഗ്യത നേടിയവരുടെ പട്ടികയില്‍ 23 പേര്‍. ഓരോരുത്തരുടേയും പ്രവര്‍ത്തനം വിലയിരുത്തി, അഖിലേന്ത്യ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയാണ് പട്ടിക തയ്യാറാക്കിയത്. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് നോമിനേഷന്‍ നല്‍കാം. രാഹുല്‍ മാങ്കൂട്ടത്തില്‍, ജെ എസ് അഖില്‍ തുടങ്ങിയവര്‍ പട്ടികയിലുണ്ട്.

◾ഹെലികോപ്റ്റര്‍ വാടകക്ക് എടുക്കാനുള്ള പോലീസിന്റെ കരാര്‍ ത്രിശങ്കുവില്‍. ചിപ്സണ്‍ ഏവിയേഷന് കരാര്‍ നല്‍കാന്‍ രണ്ടു മാസം മുമ്പ് മന്ത്രിസഭാ യോഗം തീരുമാനിച്ചെങ്കിലും കരാറില്‍ ഒപ്പുവച്ചില്ല. ടെണ്ടര്‍ കാലാവധി കഴിഞ്ഞതിനാല്‍ തീരുമാനം അസാധുവായി. ടെണ്ടറില്‍ പങ്കെടുത്ത കമ്പനികളുമായി ചര്‍ച്ച നടത്താന്‍ ഡിജിപിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.

◾കൊച്ചിയിലെ മാലിന്യം ബ്രഹ്‌മപുരത്തേക്കു കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് മന്ത്രി പി.രാജീവ്. ഇക്കാര്യം മേയറോട് വ്യക്തമാക്കിയിട്ടുണ്ട്. ചര്‍ച്ച ചെയ്യാന്‍ അടുത്ത ആഴ്ച തദ്ദേശ മന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേരും.

◾കോഴിക്കോട് ബീച്ചിലെ ലയണ്‍സ് പാര്‍ക്കിനു സമീപം രണ്ടു കുട്ടികളെ കടലില്‍ കാണാതായി. ഫുട്ബോള്‍ കളിക്കുന്നതിനിടെ ബോളെടുക്കാന്‍ കടലില്‍ ഇറങ്ങിയതായിരുന്നു. ഒളവണ്ണ സ്വദേശികളായ ആദില്‍ ഹസന്‍, മുഹമ്മദ് ആദില്‍ എന്നിവരെയാണു കടലില്‍ കാണാതായത്.

◾ഉപയോഗിക്കാത്ത 11 കെ.വി ലൈന്‍ ചെമ്പുകമ്പികള്‍ മോഷണം പോയി. മാന്നാര്‍ വൈദ്യുതി സെക്ഷന്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന പാണ്ടനാട് ചിറക്കുഴി ട്രാന്‍സ്ഫോര്‍മറിനു സമീപത്തെ പാടത്തുള്ള വൈദ്യുതിത്തൂണുകളിലെ ചെമ്പ് ലൈനുകളാണു അപഹരിച്ചത്. ട്രാന്‍സ്ഫോര്‍മറിന്റെ ഇരുവശവുമുള്ള പാടത്തെ ലൈനുകളും നഷ്ടപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് സ്ഥാപിച്ച ഈ ലൈനുകളില്‍ ഗേജ് കൂടിയ ശുദ്ധമായ ചെമ്പു കമ്പികളാണ് ഉപയോഗിച്ചിരുന്നത്. ഒന്നര കിലോമീറ്റര്‍ നീളത്തില്‍ മൂന്നുലൈനുകള്‍ കാണാതെ പോയിട്ടുണ്ട്. പോലീസ് അന്വേഷണം തുടങ്ങി.

◾ലൈസന്‍സ് ഇല്ലാതെ നാടന്‍ തോക്ക് കൈവശംവച്ച മധ്യവയസ്‌കന്‍ പിടിയില്‍. കാഞ്ഞിരവേലി ഇഞ്ചപ്പതാല്‍ പുതുക്കുന്നത് ബെന്നി വര്‍ക്കിയെ(56) ആണ് അറസ്റ്റു ചെയ്തത്.

◾പനി ബാധിച്ച മകളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കാര്‍ പോസ്റ്റിലിയിച്ച് ഒന്നരവയസുകാരി മരിച്ചു. ചേര്‍ത്തല നഗരസഭ നാലാം വാര്‍ഡില്‍ നെടുംമ്പ്രക്കാട് കിഴക്കെ നടുപ്പറമ്പില്‍ മുനീറിന്റെയും അസ്‌നയുടെയും മകള്‍ ഒന്നര വയസുള്ള ഹയ്‌സ ആണ് മരിച്ചത്.

◾വര്‍ക്കല വെട്ടൂരില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. വെട്ടൂര്‍ സ്വദേശിയായ 58 വയസുള്ള ഫൈസലുദ്ദീന്‍ ആണ് മരിച്ചത്. വള്ളത്തില്‍ ഒപ്പമുണ്ടായിരുന്ന രണ്ടു പേരില്‍ ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

◾നിരവധി സിനിമകള്‍ ഷൂട്ട് ചെയ്ത തൃശൂരിലെ ചേലൂര്‍ മനയില്‍ മോഷണം. മമ്മൂട്ടി ചിത്രമായ വല്യേട്ടന്‍ അടക്കം നിരവധി സിനിമകള്‍ ഷൂട്ട് ചെയ്ത ചേലൂര്‍ മനയില്‍ മോഷണം നടത്തിയ കൊല്‍ക്കത്ത സ്വദേശിയെ പൊലീസ് പിടികൂടി.

◾പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ മൈക്ക് പ്രവര്‍ത്തന രഹതിനായപ്പോള്‍ വലിച്ചെറിഞ്ഞ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ബാര്‍മറില്‍ നടന്ന പൊതുപരിപാടിക്കിടെയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.

◾തെലുങ്കാനയില്‍ തെലുങ്കുദേശം പാര്‍ട്ടിയും ബിജെപിയും തമ്മില്‍ സഖ്യം വരുന്നു. ഈ വര്‍ഷം അവസാനം നടക്കുന്ന തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പിലും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ഒന്നിച്ചു നില്‍ക്കും. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

◾പീരിയോഡിക് ടേബിള്‍ സിലബസില്‍നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് എന്‍സിഇആര്‍ടി. പ്ലസ് വണ്‍ പാഠപുസ്തകത്തില്‍ ഇതിനെപ്പറ്റി വിശദമായി പഠിക്കാനുണ്ടെന്നും എന്‍സിഇആര്‍ടി വ്യക്തമാക്കി.

◾സഹപ്രവര്‍ത്തകയോട് ദുരുദ്ദേശ്യത്തോടെ സുന്ദരിയാണെന്ന് പറയുകയും ഡേറ്റിംഗിനു ക്ഷണിക്കുകയും ചെയ്യുന്നത് ലൈംഗിക പീഡന പരിധിയില്‍ ഉള്‍പ്പെടുമെന്ന് മുംബൈ കോടതി. റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിലെ 42 കാരനായ അസിസ്റ്റന്റ് മാനേജരുടെയും സെയില്‍സ് മാനേജരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി.

◾പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി മതം മാറ്റുകയും ചെയ്‌തെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശില്‍ ഹിന്ദുവാണെന്ന വ്യാജേന പെണ്‍കുട്ടിയുമായി അടുപ്പത്തിലായ ആബിദ് എന്ന യുവാവാണ് ഇരുപത്തിനാലുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.

◾എഐ കാമറകളുടെ കൂട്ടവേട്ട നാളെ മുതല്‍. മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്കു ജൂണ്‍ അഞ്ചു മുതല്‍ പിഴ ഈടാക്കുമെന്നു നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

◾റോഡ് കാമറകള്‍ക്കു മുന്നില്‍ നാളെ പ്രതിഷേധ സമരം നടത്തുമെന്ന് മുസ്ലിം യൂത്ത് ലീഗ്. കാമറകള്‍ക്കു നൂറു മീറ്റര്‍ അകലെ അപായ ബോര്‍ഡുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. കാമറകള്‍ക്കെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നാളെ വൈകുന്നേരം അഞ്ചിനു പ്രതിഷേധിക്കുമെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നു.

◾കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പുനസംഘടനയെച്ചൊല്ലി സംസ്ഥാനത്തെ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ തമ്മില്‍ കലഹം. കൂടിയാലോചനയില്ലാതെയാണ് 197 ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതെന്ന് ആരോപിച്ച് എ, ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിനു പരാതി നല്‍കി. ഉപസമിതി തീര്‍പ്പാക്കിയ പേരുകള്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സ്വന്തം നിലയില്‍ വെട്ടിത്തിരുത്തിയെന്നാണു പരാതി.

◾കെ-ഫോണ്‍ ഉദ്ഘാടനം നാളെ. ആദ്യഘട്ടത്തില്‍ 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഒരു മണ്ഡലത്തില്‍ നൂറു വീടുകള്‍ക്ക് എന്ന തോതില്‍ 14,000 വീടുകള്‍ക്കുമാണു കണക് ഷന്‍ നല്‍കുന്നത്. സംസ്ഥാനത്തെ സാമ്പത്തികമായി പിന്നാക്കമുള്ള 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്കു സൗജന്യമായും മറ്റുള്ളവര്‍ക്കു മിതമായ നിരക്കിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുമെന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപനം. നാളെ വൈകിട്ട് നാലിനു നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അഴിമതി ആരോപിച്ച പ്രതിപക്ഷം ഉദ്ഘാടന ചടങ്ങു ബഹിഷ്‌കരിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.

◾പ്രീ പ്രൈമറി, പ്രൈമറി വിദ്യാലയങ്ങളെ കൂടുതല്‍ ആധുനികവത്ക്കരിക്കുമെന്ന് മന്ത്രി വി ശിവന്‍ കുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ണന്തല ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നിര്‍മ്മിച്ച വര്‍ണക്കൂടാരം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

◾ബ്രഹ്‌മപുരത്ത് മാലിന്യം തള്ളുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടി കൊച്ചി കോര്‍പറേഷന്‍. സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയും വിലക്കിയിരിക്കേയാണ് അനുമതി തേടിയിരിക്കുന്നത്. ഇതേസമയം, മാലിന്യ നീക്കം പരാജയപ്പെട്ടിരിക്കേ, മാലിന്യം നീക്കം ചെയ്യാന്‍ കൂടുതല്‍ സ്വകാര്യ കമ്പനികളില്‍നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു.

◾ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിന്‍ തീവയ്പു കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അടിക്കടി ഉണ്ടാകുന്ന തീവയ്പ് ദുരൂഹമാണെന്നും സുധാകരന്‍.

◾മുഖ്യമന്ത്രി പിണറായി വിജയനും സംഘവും അമേരിക്കയില്‍ യാചകവേഷം അണിയാന്‍ ശ്രമിക്കുകയാണെന്ന് ആര്‍എസ്പി സംസ്ഥാന ജനറല്‍ സെക്രട്ടറി ഷിബു ബേബി ജോണ്‍. ഇറച്ചി കടയില്‍ എല്ലിന്‍ കഷണം തേടിപ്പോകുന്ന പട്ടികളുടെ അവസ്ഥ അപമാനകരമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

◾സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിന്. സര്‍ക്കാര്‍ അനുവദിച്ച കമ്മീഷന്‍ യഥാസമയം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച സെക്രട്ടേറിയറ്റിനു മുന്നില്‍ സൂചനാ സമരം നടത്തും.

◾കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി സവാദിനെ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ മാലയിട്ട് സ്വീകരിച്ചു. കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് സവാദ് ഇന്നലെ ജയിലില്‍നിന്ന് പുറത്തിറങ്ങിയതിനു പിറകേയാണ് സ്വീകരണം ഒരുക്കിയത്. ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സിനെ കൂട്ടാന്‍ യുവതി ഒരുക്കിയ കെണിയാണെന്നാണ് മെന്‍സ് അസോസിയേഷന്റെ ആരോപണം.

◾കോഴിക്കോട് മെഡിക്കല്‍ കോളേജ് പീഡനക്കേസിലെ അതിജീവിതയെ ഭീഷണിപ്പെടുത്തിയ അഞ്ചു ജീവനക്കാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചതിനെതിരെ പീഡനത്തിന് ഇരയായ യുവതി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. തെളിവില്ലെന്നു പറഞ്ഞാണ് അഞ്ചു പേരേയും തിരിച്ചെടുത്തത്.

◾വിദേശത്തേക്കു പോകാന്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് 500 രൂപ കൈക്കൂലി വാങ്ങിയ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറെ വിജിലന്‍സ് പിടികൂടി. ഏഴുകോണ്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്‍ പ്രദീപാണ് അറസ്റ്റിലായത്.

◾പുനലൂരില്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു. പുനലൂര്‍ കക്കോട് സ്വദേശി സന്തോഷ് (44) ആണ് മരിച്ചത്. കൊലക്കേസില്‍ നിതിന്‍, സജികുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

◾വയനാട്ടില്‍ ഇടിമിന്നലേറ്റു യുവതി മരിച്ചു. അലക്കി ഉണക്കാനിട്ട വസ്ത്രം എടുക്കുന്നതിനിടെ മിന്നലേറ്റ മേപ്പാടി ചെമ്പോത്തറ കല്ലുമല കൊല്ലിവെയില്‍ ആദിവാസി കോളനിയിലെ സിമിയാണ് മരിച്ചത്.

◾മഞ്ചേശ്വരത്ത് ജേഷ്ഠന്‍ അനുജനെ കുത്തിക്കൊന്നു. കളായിയിലെ പ്രഭാകര നോണ്ട (40)യാണ് കൊല്ലപ്പെട്ടത്. സഹോദരന്‍ ജയറാം നോണ്ടയെ പോലീസ് തെരയുന്നു.

◾കൊല്ലം കടയ്ക്കലില്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി സൂരജിനെയാണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

◾കൊല്ലം ആയൂര്‍ വഞ്ചിപ്പെട്ടിയില്‍ കാറുമായി കൂട്ടിയിടിച്ച് പെട്രോള്‍ നിറച്ച ടാങ്കര്‍ ലോറി മറിഞ്ഞു. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ ഏറെ സമയം ഗതാഗതം തടസപ്പെട്ടു.

◾ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ പ്രതിയായ യുവാവിന് പത്തു വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. തൊണ്ടര്‍നാട് കുഞ്ഞോം ഉദിരചിറ പുത്തന്‍വീട്ടില്‍ ഷിജിന്‍ കുമാറിനെ (ഉണ്ണി-28)യാണ് കല്‍പ്പറ്റ സ്പെഷ്യല്‍ ഫാസ്റ്റ്ട്രാക്ക് കോടതി ശിക്ഷിച്ചത്.

◾പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ നടത്തേണ്ടിയിരുന്ന ഗോവ- മുംബൈ വന്ദേഭാരത് ട്രെയിന്‍ സര്‍വീസിന്റെ ഉദ്ഘാടനം മാറ്റിവച്ചു. ഒഡീഷയിലെ ബാലസോറിലെ ട്രെയിന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഉദ്ഘാടനം മാറ്റിയത്. ഇതേസമയം, ആഡംബര ട്രെയിനുകളായ വന്ദേഭാരത് ഉദ്ഘാടനം ചെയ്യാന്‍ ഓടിനടക്കുന്ന പ്രധാനമന്ത്രി റെയില്‍വേയില്‍ അടിസ്ഥാന സുരക്ഷാ സംവിധാനം സജ്ജമാക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നു പ്രതിപക്ഷം.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ലോകം പോയ വാരം ✍സ്റ്റെഫി ദിപിൻ

* ഹൃദയമാറ്റ ശസ്ത്രക്രിയ, അല്ലെങ്കിൽ മരണം എന്ന ഘട്ടത്തിലുള്ളവർക്ക് ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വച്ചുപിടിപ്പിക്കാനുള്ള സാധ്യത കൂടുതൽ സജീവമാകുന്നു. യുഎസിലെ ബാൾട്ടിമോറിൽ മേരിലാൻഡ് സർവകലാശാലാ മെഡിക്കൽ സെന്ററിൽ നടത്തിയ ഇത്തരത്തിലെ രണ്ടാം...

പെരുംകാളിയാട്ടം പ്രദർശനത്തിനെത്തുന്നു.

കലാസാഗര ഫിലിംസിന്റെ ബാനറിൽ ഷാജി ദാമോദരൻ തിരക്കഥയുഴുതി നിർമ്മിക്കുന്ന, സുനിൽ കെ തിലക് സംവിധാനം ചെയ്യുന്ന പെരുംകാളിയാട്ടം പ്രദർശനത്തിനൊരുങ്ങുന്നു. എം എസ് നാസർ, ഉല്ലാസ് പന്തളം, അനഘ മധു എന്നിവരാണ് ഈ സിനിമയിലെ പ്രധാന...

അന്നമ്മ അലക്സാണ്ടർ ( 86) നിര്യാതയായി

കേരളാ കൗമുദി കൊല്ലം ജില്ലാ ലേഖകനും മാർത്തോമാ സഭാ കൗൺസിൽ മുൻ അംഗവുമായ സാം ചെമ്പകത്തിലിന്‍റെ (തോമസ് അലക്സാണ്ടർ) മാതാവും പത്തനംതിട്ട ഇലന്തൂർ താഴയിൽ ചെമ്പകത്തിൽ പരേതനായ സി. വി. അലക്സാണ്ടറിന്‍റെ ഭാര്യയുമായ...

സഹകരണ സൊസൈറ്റിയില്‍പണം നിക്ഷേപിച്ചവര്‍ക്ക് 13 കോടി നഷ്ടം; വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെപ്രതിഷേധം

തിരുവനന്തപുരം: മുന്‍മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെപ്രതിഷേധം. തിരുവനന്തപുരം ജില്ലാ അണ്‍ എംപ്ലോയിസ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചവരാണ് ശാസ്തമംഗലത്തുള്ള ശിവകുമാറിന്റെ വീട്ടില്‍ പ്രതിഷേധിച്ചത്.കിള്ളിപ്പാലം, വെള്ളായണി, വലിയതുറബ്രാഞ്ചുകളിലെ നിക്ഷേപകരുടെ...
WP2Social Auto Publish Powered By : XYZScripts.com
error: