17.1 C
New York
Saturday, September 30, 2023
Home US News 📱വാർത്തകൾ വിരൽത്തുമ്പിൽ 📱 | 2023 | ജൂൺ 03 | ശനി

📱വാർത്തകൾ വിരൽത്തുമ്പിൽ 📱 | 2023 | ജൂൺ 03 | ശനി

◾ഒഡീഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 261 പേര്‍ മരിച്ചു. ആയിരത്തോളം പേര്‍ക്കു പരിക്ക്. മൂന്നു ട്രെയിനുകളാണ് അപകടത്തില്‍ പെട്ടത്. ബംഗളൂരുവില്‍നിന്ന് ഹൗറയിലേക്കു പോകുകയായിരുന്ന യശ്വന്ത്പൂര്‍- ഹൗറ എക്സ്പ്രസ് പാളം തെറ്റി മറിഞ്ഞു. ഇതിനിടെ അടുത്ത പാളത്തിലൂടെ വന്ന ഷാലിമാര്‍ – ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസ് പാളംതെറ്റി കിടന്ന കോച്ചുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കോറമണ്ഡല്‍ എക്സ്പ്രസിന്റെ കോച്ചുകള്‍ സമീപത്തെ ഗുഡ്സ് ട്രെയിനിനു മുകളിലേക്കു മറിഞ്ഞു. പരിക്കേറ്റ അഞ്ഞൂറിലേറെ പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.  മരണസംഖ്യ ഇനിയും വര്‍ധിച്ചേക്കാം. പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികില്‍സയിലുള്ള നിരവധി പേര്‍ ഗുരുതരാവസ്ഥയിലാണ്.   ചില ബോഗികള്‍ പൊളിച്ചാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. പാളങ്ങളിലെ ബോഗികള്‍ നീക്കം ചെയ്ത് തകര്‍ന്ന പാളങ്ങള്‍ പുനസ്ഥാപിച്ച് ഗതാഗതം പുനസ്ഥാപിക്കാനുള്ള പണികള്‍ തുടങ്ങി.

◾ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കു പത്തു ലക്ഷം രൂപയും ഗുരുതര പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയും ധനസഹായമായി നല്‍കുമെന്നു കേന്ദ്ര സര്‍ക്കാര്‍. ട്രെയിന്‍ അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടുക്കം പ്രകടിപ്പിച്ചു. കുടുംബാംഗങ്ങളുടെ ദുഖത്തിനൊപ്പം പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

◾പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിന്‍ ദുരന്തം നടന്ന ബാലസോറിലേക്ക്. ആശുപത്രികളില്‍ ചികില്‍സയിലുള്ളവരെ സന്ദര്‍ശിക്കും. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച അടിയന്തര യോഗത്തിനുശേഷമാണ് സ്ഥലം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്.

◾കൈകാലുകള്‍ അറ്റുപോയ മൃതദേഹങ്ങള്‍. കംപര്‍ട്ടുമെന്റുകള്‍ക്കടിയില്‍ ചതഞ്ഞരഞ്ഞ ശരീരങ്ങള്‍. തകര്‍ന്ന ട്രാക്കുകളിലും കംപാര്‍ട്ടുമെന്റുകളിലും ചോരപ്പുഴ. ചിതറിത്തകര്‍ന്ന കംപാര്‍ട്ടുമെന്റുകള്‍. ബാലസോറിലെ ദുരന്തമുഖത്തെ ഭീകര കാഴ്ച. മരിച്ചവരുടെ ബന്ധുക്കളും പരിക്കേറ്റവരും അവരുടെ ബന്ധുക്കളുമെല്ലാം ആശുപത്രികളില്‍ വാവിട്ടു കരയുന്ന കാഴ്ച ഹൃദയഭേദകം.

◾ഒഡീഷ ട്രെയിന്‍ അപകടത്തില്‍ പരിക്കേറ്റവരില്‍ മലയാളികളും. കണ്ടശാങ്കടവ് സ്വദേശികളായ കിരണ്‍, വിജേഷ്, വൈശാഖ്, രഘു, എന്നിവര്‍ക്കാണ് പരിക്കേറ്റത്. ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ടു കൊല്‍ക്കത്തയില്‍ പോയി തിരിച്ചു വരുന്നതിനിടയിലാണ് അപകടത്തില്‍പ്പെട്ടത്. നാലുപേരുടെയും പരിക്ക് ഗുരുതരമല്ല.

◾കോറമണ്ഡല്‍ എക്സ്പ്രസ് ട്രെയിന്‍ കംപാര്‍ട്ടുമെന്റുകള്‍ പന്ത് ഉരുളുന്നതുപോലെ മൂന്നു വട്ടം മറിഞ്ഞെന്ന് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടവര്‍. ‘കോച്ചിലെ പലരും മരിച്ചു. നില്‍ക്കുകയായിരുന്നത് കൊണ്ടാണ് തങ്ങള്‍ രക്ഷപ്പെട്ടത്. അപകടത്തിനു ശേഷം എമര്‍ജന്‍സി വാതില്‍ പൊളിച്ചാണ് പുറത്തേക്കിറങ്ങിയത്. തൃശൂര്‍ അന്തിക്കാട് സ്വദേശി കിരണ്‍ പറഞ്ഞു.

◾ഒഡീഷയിലെ ട്രെയിന്‍ ദുരന്തത്തിന്റെ ഉത്തരവാദിത്വമേറ്റ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവയ്ക്കമെന്ന് സിപിഐ നേതാവും എംപിയുമായ ബിനോയ് വിശ്വം. സമ്പന്നര്‍ക്കുള്ള ആഡംബര ട്രെയിനുകളില്‍ മാത്രമാണ് റെയില്‍വേയ്ക്കു ശ്രദ്ധ. പാവപ്പെട്ടവര്‍ യാത്ര ചെയ്യുന്ന ട്രെയിനുകളെ അവഗണിച്ചതിന്റെ ഫലമാണു അപകടമെന്നും ബിനോയ് വിശ്വം.

◾ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് 43 ട്രെയിനുകള്‍ റദ്ദാക്കി. 38 ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. കേരളത്തില്‍നിന്നുള്ള ഒരു ട്രെയിന്‍ റദ്ദാക്കി. ഒരെണ്ണം വഴിതിരിച്ചുവിട്ടു. ഇന്നു വൈകിട്ട് 4.55 നു പുറപ്പെടേണ്ട തിരുവനന്തപുരം സെന്‍ട്രല്‍ – ഷാലിമാര്‍ ബൈ വീക്കിലി സൂപ്പര്‍ഫാസ്റ്റ് (22641) റദ്ദാക്കി. വൈകിട്ട് 5.20ന് പുറപ്പെടേണ്ട കന്യാകുമാരി – ദിബ്രുഗഡ് വിവേക് സൂപ്പര്‍ഫാസ്റ്റ് (22503) വഴി തിരിച്ചുവിടും.

◾എഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് തിങ്കളാഴ്ച മുതല്‍ പിഴ ഈടാക്കും. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, ടു വീലറില്‍ രണ്ടിലേറെ പേര്‍ യാത്ര ചെയ്താല്‍ 1000 രൂപ, ഡ്രൈവിംഗിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപ, അനധികൃത പാര്‍ക്കിംഗ് 250 രൂപ, അമിതവേഗത്തിന് 1500 രൂപ എന്നിങ്ങനെയാണ് പിഴ. ജംഗ്ഷനുകളിലെ ചുവപ്പു സിഗ്‌നല്‍ ലംഘിച്ചാല്‍ കോടതിയാണു ശിക്ഷ വിധിക്കുക. ഓരോ തവണ ക്യാമറയില്‍ പതിയുമ്പോഴും പിഴ ആവര്‍ത്തിക്കും.

◾ഏഴാം തീയതി ആരംഭിക്കാനിരുന്ന സ്വകാര്യബസ് സമരം മാറ്റിവച്ചു. പെര്‍മിറ്റ് പ്രശ്‌നം കോടതിയുടെ പരിഗണനയിലായതിനാലും, വിദ്യാര്‍ത്ഥി കണ്‍സഷന്‍ റിപ്പോര്‍ട്ട് ജൂണ്‍ 15 നു ശേഷമേ സര്‍ക്കാരിനു ലഭിക്കൂ എന്നതിനാലുമാണ് സമരം മാറ്റി വച്ചതെന്നു ബസ് ഉടമകളുടെ സംഘടനാ നേതാക്കള്‍ അറിയിച്ചു.

◾തൃശൂര്‍ ഡി സിസി സെക്രട്ടറിയും വടക്കാഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവുമായ കെ അജിത് കുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് രാജി.

◾സിനിമാ സംവിധായകന്‍ രാജസേനന്‍ ബിജെപി വിട്ട് സിപിഎമ്മിലേക്ക്. തിരുവനന്തപുരത്തെ എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി അദ്ദേഹം ചര്‍ച്ച നടത്തി.

◾പരിസ്ഥിതി ദിനാഘോഷത്തില്‍ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കാന്‍ മലയാളി വിദ്യാര്‍ത്ഥിനി തീര്‍ത്ഥ. ഇന്റര്‍ സ്‌കൂള്‍ പെയിന്റിംഗ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് താമരശേരി ജിവിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥിനി എസ്. തീര്‍ത്ഥ യോഗ്യത നേടിയത്.

◾ആദ്യവിവാഹം മറച്ചുവച്ച് മറ്റൊരു യുവതിയെ വന്‍ തുക സ്ത്രീധനം വാങ്ങി വിവാഹം കഴിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. എറണാകുളം കുട്ടമ്പുഴ പഞ്ചായത്ത് ഓഫിസിലെ എല്‍ഡി ക്ലര്‍ക്കും കൊല്ലം കൊട്ടാരക്കര സ്വദേശിയുമായ ശ്രീകലയില്‍ ശ്രീനാഥാണ് അറസ്റ്റിലായത്. രണ്ടാം ഭാര്യയുടെ പരാതിയിലാണു നടപടി.

◾തൃശൂര്‍ സ്വദേശികളായ ഡോക്ടര്‍ ദമ്പതികള്‍ കോഴിക്കോട് മലാപ്പറമ്പില്‍ മരിച്ച നിലയില്‍. ഡോ. റാം മനോഹര്‍( 70) ഭാര്യ ശോഭ മനോഹര്‍( 68) എന്നിവരാണ് മരിച്ചത്. രോഗികളാണെന്നും മകള്‍ക്കും മരുമകനും ഭാരമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

◾ആലപ്പുഴയില്‍ മാതാപിതാക്കള്‍ക്കൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്ത രണ്ടു വയസുകാരന്‍ വാഹനാപകടത്തില്‍ മരിച്ചു. പൂന്തോപ്പ് വൈക്കത്തുപറമ്പ് വീട്ടില്‍ ജോര്‍ജ് ദേവസ്യ- അനീഷ ദമ്പതികളുടെ ഏക മകന്‍ ആദം ജോര്‍ജ് ആണ് മരിച്ചത്. കാറിന്റെ കണ്ണാടി തട്ടി സ്‌കൂട്ടര്‍ മറിയുകയായിരുന്നു.

◾മദ്യപിച്ച് ട്രാക്കില്‍ കിടന്ന് ട്രെയിന്‍ വൈകിപ്പിച്ചതിനു കൊല്ലം എഴുകോണ്‍ സ്വദേശി അശോകനെതിരേ റെയില്‍വെ കേസെടുത്തു. ടെക്നിക്കല്‍ സ്‌കൂളിന് സമീപത്തെ ട്രാക്കില്‍ മൃതദേഹം കിടക്കുന്നുവെന്നു പുനലൂര്‍- നാഗര്‍കോവില്‍ എക്സ്പ്രസിന്റെ ലോക്കോ പൈലറ്റ് അറിയിച്ചതനുസരിച്ച് എത്തിയ പോലീസിനു മദ്യപിച്ചു ലക്കുകെട്ട നിലയില്‍ അശോകനെയാണു കണ്ടെത്താനായത്.

◾അരിക്കൊമ്പനുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പങ്കുവച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് തേനി ജില്ല കളക്ടര്‍ ഷാജീവന. ജനവാസ മേഖലയിലേക്ക് ആന എത്തുന്നുവെന്നു തെറ്റായ വിവരം പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് തേനി കളക്ടറുടെ ഇടപെടല്‍.

◾കണ്ണൂരില്‍ ട്രെയിന്‍ കംപാര്‍ട്ടുമെന്റ് കത്തിച്ചത് ഭിക്ഷാടനം തടഞ്ഞതിലുള്ള വിരോധംമൂലമെന്ന് പ്രതി കൊല്‍ക്കത്ത സ്വദേശി പ്രസൂണ്‍ ജിത് സിക്ദര്‍. തന്നെ ഓടിച്ചുവിട്ട സുരക്ഷാ ജീവനക്കാരോടുള്ള വിരോധംമൂലമാണ് തീയിട്ടതെന്നാണ് നാല്‍പതുകാരനായ ഇയാള്‍ നല്‍കിയ മൊഴി. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പോലീസ് സംഘം കൊല്‍ക്കത്തയിലെത്തി. കൊല്‍ക്കത്തില്‍ വെയിറ്ററായി ജോലി ചെയ്തിരുന്ന ഇയാള്‍ കുറച്ചുനള്‍ മുമ്പാണ് കേരളത്തിലെത്തിയതെന്ന് ഉത്തര മേഖല ഐ ജി നീരജ് കുമാര്‍ ഗുപ്ത വിശദീകരിച്ചു.

◾മൂന്നു മാസമായി മുടങ്ങിക്കിടക്കുന്ന ക്ഷേമ പെന്‍ഷനിലെ ഒരു മാസത്തെ പെന്‍ഷന്‍ ഈ മാസം എട്ടു മുതല്‍ വിതരണം ചെയ്യും. 64 ലക്ഷം പേര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക. ഇതിനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു.

◾ആറാം തിയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും 30 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നു പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കേരള തീരത്ത് ഒന്നേകാല്‍ മീറ്റര്‍വരെ ഉയരത്തില്‍ തിരമാലകളുണ്ടാകുമെന്നു ജാഗ്രത നിര്‍ദ്ദേശം. കടലാക്രമണത്തിനും സാധ്യത.

◾മുസ്ലിം ലീഗ് മതേതര കക്ഷിയാണെന്ന രാഹുല്‍ ഗാന്ധിയുടെ നിരീക്ഷണം കോണ്‍ഗ്രസിന്റെ അനുഭവത്തില്‍നിന്നുള്ളതാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ സമൂഹത്തെ ശരിയായ വഴിയിലൂടെ നയിച്ചത് മുസ്ലീം ലീഗാണെന്നു പി.കെ. കുഞ്ഞാലിക്കുട്ടി.

◾കെഎസ്ആര്‍ടിസി ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന യുവതിയുടെ പരാതി കള്ളപ്പരാതിയാണെന്ന് ആരോപിച്ച് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ ഡിജിപിക്കു പരാതി നല്‍കി. ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സിനെ കൂട്ടാന്‍ യുവതി കള്ളക്കെണി ഒരുക്കിയതാണെന്നാണ് പരാതി. പ്രതി സവാദ് ജയിലില്‍നിന്നു പുറത്തിറങ്ങിയാല്‍ സ്വീകരണം നല്‍കുമെന്ന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ അറിയിച്ചു.

◾റബറിനു 300 രൂപ തറ വില പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി സിപിഎമ്മിന്റെ കര്‍ഷക സംഘടനയായ കേരള കര്‍ഷക സംഘം സമരത്തിന്. ആറാം തീയതി താമരശ്ശേരിയില്‍ സമരസായാഹ്നം സംഘടിപ്പിക്കുമെന്ന് കേരള കര്‍ഷകസംഘം അറിയിച്ചു. തലശേരി ആര്‍ച്ച്ബിഷപ്പ് ഉന്നയിച്ച ആവശ്യം ഏറ്റെടുത്താണു സമരം.

◾കൊലക്കേസിലെ പ്രതികളെ വെറുതേ വിട്ടതിനെതിരായ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കേ, തൊണ്ടിമുതല്‍ നശിപ്പിക്കാന്‍ ഉത്തരവിട്ട ജില്ലാ ജഡ്ജിയോട് ഹൈക്കോടതി വിശദീകരണം തേടി. കൊല്ലം മൈലക്കാട് ജോസ് സഹായന്‍ വധക്കേസുമായി ബന്ധപ്പെട്ട തൊണ്ടി മുതലുകളാണ് നശിപ്പിക്കുന്നത്. കൊല്ലപ്പെട്ടയാളുടെ ഭാര്യ നല്‍കിയ ഉപഹര്‍ജിയിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്.

◾പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണത്തിന് സഹകരണവകുപ്പ് പ്രത്യേകസംഘത്തെ നിയോഗിച്ചു. കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തെത്തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി വാസവന്‍ പറഞ്ഞു.

◾പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ മുന്‍ പ്രസിഡന്റ് കെ കെ എബ്രഹാം കെ പി സി സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വച്ചു. ജയിലില്‍നിന്നാണ് കെപിസിസി പ്രസിഡന്റിനു രാജി കത്തയച്ചത്.

◾മലപ്പുറം പുളിക്കലില്‍ റസാഖ് പയമ്പ്രോട്ടിന്റെ ആത്മഹത്യക്ക് ഇടയാക്കിയ പ്ലാസ്റ്റിക് ഫാക്ടറിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ പഞ്ചായത്തിന് അധികാരമില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്. സ്റ്റോപ് മെമോ കൊടുക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പഞ്ചായത്ത് ഓഫീസില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

◾സിനിമാ ഷൂട്ടിംഗിനിടെ പതിനൊന്നുകാരിയോടു ലൈംഗികാതിക്രമം നടത്തിയതിന് ജൂണിയര്‍ ആര്‍ട്ടിസ്റ്റുകളെ എത്തിക്കുന്നയാള്‍ കോട്ടയത്ത് അറസ്റ്റിലായി. കങ്ങഴ കടയനിക്കാട് മടുക്കക്കുഴിയില്‍ വീട്ടില്‍ എം കെ റെജി (51) യാണ് പിടിയിലായത്. കാഞ്ഞിരപ്പള്ളി, തിടനാട് മേഖലയില്‍ ഷൂട്ടിംഗ് നടക്കുന്ന സിനിമയില്‍ അഭിനയിക്കാന്‍ എത്തിച്ച പെണ്‍ക്കുട്ടിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയെന്നാണു കേസ്.

◾കോന്നി കൊക്കാത്തോട് കാഞ്ഞിരപ്പാറയില്‍ കാട്ടാന ചരിഞ്ഞ നിലയില്‍. വായില്‍ ആഴത്തിലുള്ള മുറിവുണ്ട്. പടക്കം കടിച്ച് പൊട്ടിത്തെറിച്ചതുമൂലം ഉണ്ടായ മുറിവാണെന്നാണ് നിഗമനം.

◾അട്ടപ്പാടിയില്‍ മരത്തില്‍ ഡ്രോണ്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍. ഷോളയൂര്‍ കടമ്പാറ ഊരിനടുത്താണ് മരത്തില്‍ ഡ്രോണ്‍ കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.

◾വയനാട്ടില്‍നിന്ന് 1090 ക്വിന്റല്‍ കുരുമുളക് പണം നല്‍കാതെ അപഹരിച്ച് മുംബൈയില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ പിടികൂടി. മുംബൈ സ്വദേശിയായ മന്‍സൂര്‍ നൂര്‍ മുഹമ്മദിനെയാണ് വെള്ളമുണ്ട പൊലീസ് അറസ്റ്റ് ചെയ്തത്.

◾കരുനാഗപ്പള്ളിയില്‍ യാചകന്റെ പണം മോഷ്ടിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍. ചവറ സ്വദേശി മണിലാലിനെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. യാചകനായ സുകുമാരന്‍ നായര്‍ രാത്രി ക്ഷേത്ര മണ്ഡപത്തിലാണ് കിടന്നുറങ്ങിയിരുന്നത്. സമീപമുള്ള ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പണം അപഹരിച്ചത്.

◾പതിമ്മൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയയാളെ മഞ്ചേരി പോക്സോ അതിവേഗ കോടതി പത്തു വര്‍ഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. വെട്ടത്തൂര്‍ മല്ലശ്ശേരി കൃഷ്ണന്‍കുട്ടിയെയാണ് ശിക്ഷിച്ചത്.

◾തൃശൂര്‍ കട്ടിലപ്പൂവം സ്‌കൂളിനു മുന്നില്‍ മധുരം വിതരണം ചെയ്യാന്‍ എത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകരെ ഐ.എന്‍.ടി.യുസി പ്രവര്‍ത്തക മര്‍ദിച്ചു.

◾മണിപ്പൂര്‍ സംഘര്‍ഷത്തില്‍ മരണം 98. 310 പേര്‍ക്ക് പരിക്കേറ്റു. തീവയ്പിന് 4014 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആയുധങ്ങള്‍ താഴെവയ്ക്കണണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അഭ്യര്‍ത്ഥനക്കു പിന്നാലെ 140 പേര്‍ ആയുധങ്ങള്‍ നല്കിയെന്ന് അധികൃതര്‍ അവകാശപ്പെട്ടു.

◾മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെ ഭാവി തുലാസില്‍. മണിപ്പൂര്‍ കലാപത്തെ ഉചിതമായ രീതിയില്‍ കൈകാര്യം ചെയ്തില്ലെന്ന് ബിജെപി എംഎല്‍എമാര്‍ അടക്കമുള്ളവര്‍ കേന്ദ്രമന്ത്രി അമിത് ഷായ്ക്കു പരാതി നല്‍കി. കുകി മെയ്തി വിഭാഗക്കാരായ എംഎല്‍എമാരടക്കം മുഖ്യമന്ത്രിക്കെതിരെ പരാതിപ്പെട്ടിട്ടുണ്ട്.

◾ലൈംഗിക പീഡന കേസില്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷന്‍ സിംഗിനെ ഒമ്പതാം തിയതിക്കകം അറസ്റ്റു ചെയ്യണമെന്ന അന്ത്യശാസനവുമായി കര്‍ഷക സംഘടനാ നേതാക്കള്‍. ഇല്ലെങ്കില്‍ ജന്തര്‍ മന്തറില്‍ കര്‍ഷക സമരത്തിന് സമാനമായ സമരം വീണ്ടും ആരംഭിക്കും. ഖാപ് പഞ്ചായത്തിനു ശേഷമാണ് കര്‍ഷക സംഘടനാ നേതാക്കള്‍ സമരം പ്രഖ്യാപിച്ചത്.

◾ഗുസ്തി താരങ്ങളുടെ ആരോപണം നേരിടുന്ന ബിജെപി എംപി പ്രധാനമന്ത്രിയുടെ സുരക്ഷാ കവചത്തിലാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ യശസുയര്‍ത്തിയവര്‍ തെരുവില്‍ നീതിക്കായി യാചിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

◾ബ്രിജ് ഭൂഷന്‍ സിംഗിനെതിരെ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങള്‍ക്കു പിന്തുണയുമായി 1983 ല്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയ താരങ്ങള്‍. കപില്‍ദേവ് അടക്കമുള്ള താരങ്ങളാണ് പിന്തുണ പ്രഖ്യാപിച്ചത്. ഗുസ്തി താരങ്ങളെ തെരുവിലൂടെ വലിച്ചിഴച്ചത് ഏറെ ദുഃഖകരമാണ്. മെഡല്‍ ഗംഗയില്‍ ഒഴുക്കാനുള്ള നീക്കം പോലുള്ള കടുത്ത നടപടികളിലേക്ക് താരങ്ങള്‍ പോകരുതെന്നും ഇതിഹാസ താരങ്ങള്‍ ആവശ്യപ്പെട്ടു.

◾കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ സിദ്ധരാമയ്യ സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ അഞ്ച് ഗ്യാരന്റികളും നടപ്പാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജൂലൈ ഒന്നു മുതല്‍ 200 യൂണിറ്റ് വൈദ്യുതി സൗജന്യമായിരിക്കും. തൊഴിലില്ലാത്ത വീട്ടമ്മമാര്‍ക്കു മാസം 2000 രൂപ, ബിപിഎല്‍ കുടുംബങ്ങള്‍ക്കും അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്കും 10 കിലോ ധാന്യം സൗജന്യം, സ്ത്രീകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കര്‍ണാടക ആര്‍ടിസി ബസില്‍ സൗജന്യ യാത്ര. തൊഴില്‍ രഹിതരായ ബിരുദധാരികള്‍ക്ക് 3000 രൂപയും ഡിപ്ലോമക്കാര്‍ക്ക് 1500 രൂപയും

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സെപ്റ്റംബര്‍ 30 ലോക പരിഭാഷാ ദിനം (wrold translation day) 📚🌏✍ലാലു കോനാടീൽ

" എഴുത്തുകാർ ദേശീയ സാഹിത്യം സൃഷ്ടിക്കുന്നു.. വിവർത്തകർ ലോക സാഹിത്യം സൃഷ്ടിക്കുന്നു..." എല്ലാ വർഷവും സെപ്റ്റംബർ 30-ന് ആണ് അന്താരാഷ്ട്ര പരിഭാഷാ ദിനമായി ആഘോഷിക്കുന്നത്.. വിവർത്തകരുടെ രക്ഷാധികാരിയായി കണക്കാക്കപ്പെടുന്ന ബൈബിൾ പരിഭാഷകനും മദ്ധ്യസ്ഥനായ വിശുദ്ധ...

പാട്ടിന്റെ പാലാഴിയിലെ അതുല്യ താരകങ്ങൾ (2) ബിച്ചു തിരുമല ✍ജലജ മധുസൂദനൻ

ബിച്ചു തിരുമല (1942 - 2021) കാവ്യഭംഗി തുളുമ്പുന്ന വരികളിൽ മലയാള ചലച്ചിത്രഗാനാസ്വാദകർക്കും എന്നും ഓർമ്മിക്കാവുന്ന നിരവധി പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവാണ് ബിച്ചു തിരുമല. ഗാനരചന, സംഗീതസംവിധാനം എന്നിവയ്ക്ക് പുറമെ, 'ശക്തി' എന്ന സിനിമയുടെ കഥയും...

‘മലയാള നോവൽ സാഹിത്യം’ (ഭാഗം – 9) ✍പ്രഭ ദിനേഷ്

'മലയാളി മനസ്സ്' ന്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും 'മലയാള നോവൽ സാഹിത്യം' ത്തിന്റെ ഒമ്പതാം ഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏 മലയാള നോവൽ സാഹിത്യത്തിലെ ആദ്യത്തെ ചരിത്രനോവലാണ് സി.വി. രാമൻപിള്ള യുടെ 'മാർത്താണ്ഡ വർമ്മ'. നോവലിസ്റ്റ് സി.വി....

🌹🌹യോഗമയ ക്ഷേത്രം (പാർട്ട്‌ -6) ✍ജിഷ ദിലീപ്, ഡൽഹി

ഈ ക്ഷേത്രം രാജ്യത്തിന്റെ സംസ്കാരത്തിന്റെയും വാസ്തുവിദ്യയുടെയും ഭക്തരുടെ ആത്മീയതയുടെയും പ്രതീകമാണ്. ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മേൽക്കൂരയിൽ നിന്ന് തൂങ്ങിക്കിടക്കുന്ന ഫാനും അതിൽ നിന്നും ഏതാണ്ട് നിലവിളക്ക് പോലുള്ള ഒരു വസ്തുവും തൂങ്ങിക്കിടക്കുന്നുണ്ട്. ഇവ ഒരേ...
WP2Social Auto Publish Powered By : XYZScripts.com
error: