◾സിആര്‍പിഎഫും പോലീസും സുരക്ഷ നല്‍കാതെ പിന്മാറിയെന്ന് ആരോപിച്ച് ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചു. യാത്ര നയിക്കുന്ന രാഹുല്‍ഗാന്ധിക്കരികിലേക്കു ജനം തള്ളിക്കയറി. അര മണിക്കൂറോളം രാഹുല്‍ഗാന്ധിക്കു നടക്കാന്‍പോലും കഴിഞ്ഞില്ല. പാര്‍ട്ടി നേതാക്കള്‍ക്കും നിയന്ത്രിക്കാനായില്ല. ബനിഹാളില്‍നിന്ന് അനന്ത് നാഗിലേക്കുള്ള യാത്ര ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് ഗുരുതരമായ സുരക്ഷാ വീഴ്ച. ഇതോടെ യാത്ര കാറിലാക്കി. അല്‍പ സമയത്തിനകം നിര്‍ത്തിവയ്ക്കുകയും ചെയ്തു. മുന്നറിയിപ്പില്ലാതെയാണ് സിആര്‍പിഎഫും പോലീസും പിന്മാറിയതെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ഇന്നു യാത്ര തുടരുമെന്നും രാഹുല്‍ പറഞ്ഞു.
◾അദാനി ഗ്രൂപ്പിന്റെ ഇടപാടുകളില്‍ സൂക്ഷ്മപരിശോധന നടത്തുന്നുണ്ടെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ. ഗ്രൂപ്പിന്റെ വിദേശ നിക്ഷേപകരുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക അന്വേഷണം വിപുലമാക്കും. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് പഠിച്ചുവരികയാണെന്നും സെബി അറിയിച്ചു. അദാനി ഗ്രൂപ്പ് ഓഹരി വിപണിയില്‍ വില ഉയര്‍ത്തി കാണിച്ചും കള്ളക്കമ്പനികളുടെ പേരിലും തട്ടിപ്പു നടത്തിയെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി തകര്‍ന്നു. അദാനി ഗ്രൂപ്പിന്റെ ഓഹരിവില നിലംപരിശായി. നാലേകാല്‍ ലക്ഷം കോടി രൂപയുടെ മൂല്യത്തകര്‍ച്ചയാണ് അദാനി ഗ്രൂപ്പിനുണ്ടായത്.
◾രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സുരക്ഷയ്ക്കായി ഇന്ന് സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് മണ്ഡലം തലത്തില്‍ സര്‍വ്വമത പ്രാര്‍ത്ഥനയും പൊതുസമ്മേളനവും നടത്തുമെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. വൈകുന്നേരം നാലിനാണു പരിപാടി നടത്തുക. ഭാരത് ജോഡോ യാത്രയെ അട്ടിമറിക്കാനുള്ള ബിജെപി നീക്കത്തിന്റെ ഭാഗമായാണ് സുരക്ഷ പിന്‍വലിച്ചതെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി.
◾ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പിനു ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. മുഹമ്മദ് ഫൈസലിന്റെ ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ച സാഹചര്യത്തിലാണ് നിര്‍ദ്ദേശം. വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസലിനെ കവരത്തി കോടതി ശിക്ഷിച്ചതോടെയാണ് ലക്ഷദ്വീപില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
◾മകളെ ശല്യം ചെയ്യുന്നുവെന്ന പോലീസ് ഓഫീസറായ അച്ഛന്റെ പരാതിയില്‍ പൊലീസ് ചോദ്യം ചെയ്ത യുവാവ് ജീവനൊടുക്കി. ചവറ സ്വദേശി അശ്വന്താണ് (21) മരിച്ചത്. അശ്വന്തിന്റെ മൃതദേഹവുമായി ബന്ധുക്കള്‍ ചവറ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. പൊലീസ് ക്യാമ്പിലെ അസിസ്റ്റന്റ് കമാന്റ് ഓഫീസറുടെ പരാതിയിലാണ് പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തത്. ഈ സമയത്ത് പെണ്‍കുട്ടി ഞരമ്പു മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചു. പിറ്റേന്നു രാവിലെ വീണ്ടും ഹാജരാകണമെന്നു നിര്‍ദ്ദേശിച്ചാണു രാത്രി അശ്വന്തിനെ വിട്ടയച്ചത്. പെണ്‍കുട്ടിയും അശ്വന്തും പ്രണയത്തിലായിരുന്നെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.
◾മെഡിക്കല്‍ കോളേജ് അദ്ധ്യാപകര്‍ക്കു ശമ്പളകുടിശികയും ക്ഷാമബത്തയും നല്‍കണമെന്നും ജോലിസമയം നിര്‍വചിക്കണമെന്നും കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍. എന്‍ട്രി കേഡറിലുള്ള ശമ്പളത്തിലെ അപാകതകളും പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. നടപടിയില്ലെങ്കില്‍ സമരത്തിനിറങ്ങുമെന്നും മുന്നറിയിപ്പു നല്‍കി.
◾സംസ്ഥാന സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കാന്‍ താന്‍ പ്രതിപക്ഷ നേതാവല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആരോഗ്യ, സാമൂഹ്യക്ഷേമ മേഖലകളില്‍ അടക്കം പല മേഖലകളില്‍ സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റിലുള്ളതിനാല്‍ ചാന്‍സലര്‍ പദവി വിഷയത്തില്‍ നിയമസഭയ്ക്കു തനിച്ച് തീരുമാനം എടുക്കാനാകില്ല. ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളില്‍ മാത്രമാണു താന്‍ വിമര്‍ശിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു.
◾അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ആന്റണി സണ്ണി കണ്ണൂരില്‍ പിടിയില്‍. മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിന് പിറകേയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
◾അനില്‍ ആന്റണി രാജിവച്ച കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറായി ഡോ. പി സരിനെ കോണ്‍ഗ്രസ് നിയമിച്ചു. ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ കോണ്‍ഗ്രസ് നയത്തിനു വിരുദ്ധമായി പ്രതികരിച്ചതിനു പിറകേയാണ് അനില്‍ ആന്റണി രാജിവച്ചത്. വി ടി ബല്‍റാമിനാണ് കെ പി സി സി സോഷ്യല്‍ മീഡിയയുടെ ചുമതല. കെ.പി.സി.സി ഓഫീസ് ചുമതലയില്‍ നിന്ന് ജനറല്‍ സെക്രട്ടറി ജി. എസ്. ബാബുവിനെ മാറ്റി. സംഘടനാ ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന് ഓഫീസ് ചുമതല കൂടി നല്‍കി. ജി. എസ്. ബാബുവിനു സേവാദളിന്റെ ചുമതല നല്‍കി.
◾സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ നൂതന കൃഷി രീതികളെക്കുറിച്ചു പഠിക്കാന്‍ ഇസ്രായേലിലേക്കു കൃഷിമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പോകുന്നതിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. ഇക്കാര്യങ്ങള്‍ തീരുമാനിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
◾കൊച്ചി തുറമുഖം വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതിയുടെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി ശരിവച്ചു. 2021 ല്‍ റഫ്രിജറേറ്ററില്‍ ഒളിപ്പിച്ച് 7.16 കോടി രൂപയുടെ സ്വര്‍ണ്ണക്കട്ടികള്‍ കടത്തിയ എറണാകുളം സ്വദേശി അബ്ദുള്‍ റൗഫിന്റെ കൊഫെപോസ കരുതല്‍ തടങ്കല്‍ ആണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചത്.
◾കൊച്ചി വടവുകോട് ബ്ലോക്ക് പഞ്ചായത്തില്‍ ട്വന്റി 20 ഭരണ സമിതിക്കെതിരെ യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസം പരാജയപ്പെട്ടു. എല്‍ഡിഎഫ് അംഗങ്ങള്‍ വിട്ടുനിന്നതാണ് കാരണം. ട്വന്റി 20 ക്കും യുഡിഎഫിനും അഞ്ചു വീതം അംഗങ്ങളാണുള്ളത്. എല്‍ഡിഎഫിന് മൂന്നംഗങ്ങളും.
◾തൊടുപുഴ വെള്ളിയാമറ്റം പഞ്ചായത്ത് ഭരണം എല്‍ഡിഎഫില്‍നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. പ്രസിഡന്റായ സ്വതന്ത്ര അംഗം ഇന്ദു ബിജുവിന്റെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണം നേടിയത്. ഇന്ദു ബിജു തന്നെയാണ് ഇത്തവണയും പ്രസിഡന്റ്. പതിനഞ്ചംഗ ഭരണസമിതിയില്‍ യുഡിഎഫിന് ഏഴ്, എല്‍ഡിഎഫിന് ആറ്, രണ്ടു സ്വതന്ത്രര്‍ എന്നിങ്ങനെയാണു കക്ഷി നില. എല്‍ഡിഎഫ് ഇന്ദുവിനോടു രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ യുഡിഎഫിലേക്കു മാറുകയായിരുന്നു.
◾ചായ കുടിച്ചതിന്റെ വിലയില്‍ അമ്പതു പൈസയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഹോട്ടലുടമയെ കുത്തിക്കൊന്ന കേസിലെ പ്രതിക്കു ജീവപര്യന്തം തടവു ശിക്ഷ. വെടിമറ സ്വദേശി അനൂപിനെയാണ് അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. എറണാകുളം പറവൂരില്‍ ഹോട്ടലുടമയായ സന്തോഷിനെ 2006 ജനുവരി പതിനേഴിനെ കൊലപ്പെടുത്തിയെന്നാണു കേസ്. രണ്ടു കൂട്ടു പ്രതികള്‍ക്കും നേരത്തെ തടവു ശിക്ഷ വിധിച്ചിരുന്നു.
◾കാഞ്ഞങ്ങാട്ട് വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ കടന്നു പിടിച്ച പൊലീസുദ്യോഗസ്ഥന്‍ അറസ്റ്റില്‍. കണ്ണൂര്‍ എആര്‍ ക്യാമ്പിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീകണ്ഠപുരം സ്വദേശി പി വി പ്രദീപനാണ് അറസ്റ്റിലായത്. ഇയാള്‍ മദ്യലഹരിയാലായിരുന്നു.
◾വര്‍ക്കലയില്‍ അനുമതിയില്ലാതെ ഡിജെ പാര്‍ട്ടിയും മദ്യ സല്‍ക്കാരവും നടത്തിയ സ്വകാര്യ റിസോര്‍ട്ട് പോലീസ് അടച്ചുപൂട്ടിച്ചു. നോര്‍ത്ത് ക്ലിഫിലെ സണ്‍ ഫ്രാന്‍സിസ്‌കോ റിസോര്‍ട്ടില്‍നിന്ന് 40 കുപ്പി ബിയറും വിദേശമദ്യ ശേഖരവും പിടികൂടി. 500 രൂപ ടിക്കറ്റ് വച്ചായിരുന്നു ഡിജെ പാര്‍ട്ടി. ഹിമാചല്‍ പ്രദേശ് സ്വദ്ദേശി ധരം ചന്ദ്, പൂവച്ചല്‍ സ്വദേശി ഷിജിന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. റിസോര്‍ട്ട് ഉടമയായ വിദേശവനിതയെ പോലീസ് തെരയുന്നു.
◾മലയാളി യുവാവ് പോളണ്ടില്‍ കൊല്ലപ്പെട്ടു. പാലക്കാട് സ്വദേശി ഇബ്രാഹിമാണ് മരിച്ചത്. പോളണ്ടിലെ ഐഎന്‍ജി ബാങ്കില്‍ ജീവനക്കാരനായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോളണ്ട് പോലീസ് പിടികൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
◾കുമളിയില്‍ വഴിയാത്രികരുടെ ഇടയിലേയ്ക്ക് ഓട്ടോ ഇടിച്ചു കയറി നാലു വയസുകാരന്‍ മരിച്ചു. അച്ഛനെയും അമ്മയെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുപറമ്പില്‍ അരുണ്‍-ആശ ദമ്പതികളുടെ മകന്‍ അര്‍ണവ് (4) മരിച്ചത്. കുമളി കൊല്ലം പട്ടടയിലാണ് അപകടമുണ്ടായത്.
◾ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ ലഹരിവേട്ട. പാലക്കാട് എത്തിയ ഷാലിമാര്‍ എക്സ്പ്രസില്‍ നിന്ന് 45 ലക്ഷം രൂപയുടെ ചരസ് പിടികൂടി. ദിബ്രുഗഡ് എക്സ്പ്രസില്‍ നിന്ന് അഞ്ച് കിലോ കഞ്ചാവും പിടിച്ചെടുത്തു.
◾അതിരപ്പിള്ളി കൊന്നക്കുഴിയില്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എം.വി വിനയരാജിനെ സ്പെന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
◾പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഠിപ്പിച്ച കേസില്‍ സുരക്ഷാ ജീവനക്കാരനെ ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കൂറ്റനാട് വാവനൂര്‍ സ്വദേശി തുമ്പിപുറത്ത് വീട്ടില്‍ പ്രജീഷ് കുമാറിനെയാണ് പോക്സോ ചുമത്തി പൊലീസ് അറസ്റ്റു ചെയ്തത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തായിരുന്നു പ്രജീഷ് കുമാര്‍.
◾ഭാരത് ജോഡോ യാത്രയ്ക്കു സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ജമ്മു കാഷ്മീര്‍ പൊലീസ്. 15 കമ്പനി സിആര്‍പിഎഫിനെയും, 10 കമ്പനി ജമ്മു കാഷ്മീര്‍ പൊലീസിനെയും വിന്യസിച്ചിരുന്നു. സേനയ്ക്ക് നിയന്ത്രിക്കാനാവാത്തത്രയും വലിയ ആള്‍ക്കൂട്ടത്തെ യാത്രയില്‍ പങ്കെടുപ്പിച്ചതാണു പ്രശ്നമായത്. ഇത്രയേറെ ആളുകളെ പങ്കെടുപ്പിക്കുമെന്നും പൊലീസിനെ അറിയിച്ചില്ല. പൊലീസിനോട് ചര്‍ച്ച ചെയ്യാതെയാണു യാത്ര നിര്‍ത്തിയതെന്നും പൊലീസ് പറയുന്നു.
◾ത്രിപുര അടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവര്‍ എത്തിയിരുന്നു. നാളെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായേക്കും.
◾ത്രിപുരയില്‍ സിപിഎമ്മിലെ രണ്ട് പ്രമുഖ നേതാക്കള്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. ഒരാള്‍ സിറ്റിംഗ് എംഎല്‍എയും മറ്റൊരാള്‍ മുന്‍ എംഎല്‍എയുമാണ്. കൈലാസഹര്‍ മണ്ഡലത്തില്‍നിന്നുള്ള എം എല്‍എയായ മൊബൊഷാര്‍ അലിയാണ് ബിജെപിയില്‍ ചേര്‍ന്നത്.
◾ബാങ്ക് ജീവനക്കാര്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടത്താനിരുന്ന സമരം മാറ്റിവച്ചു. യൂണിയനുകള്‍ ചീഫ് ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 31 ന് വീണ്ടും ചര്‍ച്ച നടത്തും. ശമ്പള, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം പ്രഖ്യാപിച്ചിരുന്നത്.
◾ഗോതമ്പിനും ആട്ടയ്ക്കും പത്ത് വര്‍ഷത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന വില വര്‍ധന. വില കുറയ്ക്കാന്‍ 30 ലക്ഷം ടണ്‍ ഗോതമ്പ് സര്‍ക്കാര്‍ പൊതുവിപണിയില്‍ വില്‍ക്കും. മില്ലര്‍മാര്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ക്ക് ക്വിന്റലിന് 2,350 രൂപ എന്ന നിരക്കില്‍ നല്‍കും. ഗോതമ്പ് ആട്ടയാക്കി കിലോയ്ക്ക് 29.5 രൂപയ്ക്കു വില്‍ക്കാമെന്ന് ഉടമ്പടി നല്‍കേണ്ടിവരും. ഗോതമ്പിന്റെ ശരാശരി ചില്ലറ വില്‍പന വില കിലോയ്ക്ക് 33.3 രൂപയായിരുന്നപ്പോള്‍ ആട്ട കിലോയ്ക്ക് 38 രൂപയായിരുന്നു.
◾ഹരിയാനയില്‍ ബിജെപി- ജെജെപി ഭരണപക്ഷത്ത ആറു നേതാക്കള്‍ പ്രതിപക്ഷമായ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ ഹൂഡയുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ചൗധരി ഉദയ്ബെന്‍ നേതാക്കളെ മാലയിട്ട് സ്വീകരിച്ചു.
◾ഒഡിഷ മുന്‍ മുഖ്യമന്ത്രി ഗിരിധര്‍ ഗമാംഗ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ പാര്‍ട്ടിയായ ബിആര്‍എസില്‍ ചേര്‍ന്നു. ടി ആര്‍ എസ് എന്ന പാര്‍ട്ടി ദേശീയ പാര്‍ട്ടിയായി പ്രഖ്യാപിച്ച ശേഷം ചന്ദ്രശേഖര്‍ റാവുവിന്റെ പാര്‍ട്ടിയില്‍ എത്തുന്ന ഏറ്റവും പ്രമുഖനാണ് ഒഡിഷ മുന്‍മുഖ്യമന്ത്രി.
◾ജപ്പാന്‍ തീരത്ത് ചരക്കു കപ്പല്‍ മുങ്ങി എട്ടു മരണം. മരിച്ചവരില്‍ ചൈനീസ് പൗരന്മാരും ഉള്‍പ്പെടുന്നു. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. അഞ്ചു പേരെ രക്ഷപ്പെടുത്തി.
◾ജറുസലേമിലെ ജൂത ആരാധനാലയത്തില്‍ തോക്കുധാരി ഏട്ട് പേരെ വെടിവച്ചു കൊന്നു. 10 പേര്‍ക്ക് പരിക്കേറ്റു. അക്രമിയെ ഇസ്രയേല്‍ പൊലീസ് വധിച്ചു. വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ കഴിഞ്ഞ ദിവസം നടത്തിയ സൈനിക നടപടിയില്‍ 10 പലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിറകേയാണ് സിനഗോഗ് ആക്രമിക്കപ്പെട്ടത്.
◾മുംബൈ സിറ്റി എഫ്‌സി ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ അപരാജിതക്കുതിപ്പ് തുടരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ ജംഷേദ്പുരിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ലീഗില്‍ ഇതുവരെ തോല്‍വിയറിയാത്ത മുംബൈ പോയിന്റ് നിലയില്‍ ഒന്നാംസ്ഥാനത്ത് തുടരുകയാണ്.
◾ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന അണ്ടര്‍ 19 വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍. സെമിയില്‍ ന്യൂസീലന്‍ഡിനെ 8 വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. രണ്ടാമത്തെ സെമിയില്‍ ഇംഗ്ലണ്ടും ഓസ്ട്രേലിയയും ഏറ്റുമുട്ടും. ജനുവരി 29നാണു ഫൈനല്‍ പോരാട്ടം.
◾ന്യൂസിലാണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 21 റണ്‍സിന്റെ തോല്‍വി. ന്യൂസിലാണ്ട് ഉയര്‍ത്തിയ 177 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ന്യൂസീലന്‍ഡ് മുന്നിലെത്തി.
◾സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ പുരുഷ വിഭാഗം ഫൈനലില്‍. സെമിയില്‍ അമേരിക്കയുടെ ടോമി പോളിനെ മറികടന്നാണ് ജോക്കോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണിലെ തന്റെ 10-ാം ഫൈനലുറപ്പിച്ചത്. ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസാണ് ഫൈനലില്‍ ജോക്കോവിച്ചിന്റെ എതിരാളി.
◾ഇന്ത്യയിലേക്കുള്ള വെള്ളി ഇറക്കുമതി എക്കാലത്തെയും ഉയര്‍ന്ന നിലയില്‍. 2022ല്‍ 9450 ടണ്‍ വെള്ളിയാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം മറി കടന്നത് 2015ലെ റെക്കോര്‍ഡ് ആണ്. അന്ന് 8093 ടണ്‍ വെള്ളിയായിരുന്നു രാജ്യം ഇറക്കുമതി ചെയ്ത്. 2021ല്‍ വെള്ളി ഇറക്കുമതി വെറും 2773 ടണ്ണിന്റേതായിരുന്നു. കോവിഡിന് ശേഷം വ്യാവസായിക മേഖലയിലുണ്ടായ ഡിമാന്‍ഡ്, ആഭര നിര്‍മാതാക്കള്‍ സ്റ്റോക്ക് കൂട്ടിയത്, നിക്ഷേപം തുടങ്ങിയവയാണ് വെള്ളിയുടെ ഇറക്കുമതി ഉയരാന്‍ കാരണം. ഭൂരിഭാഗം ഇറക്കുമതിയും 2022ന്റെ രണ്ടാം പകുതിയിലായിരുന്നു. ഈ സമയം വെള്ളിവില കിലോയ്ക്ക് 55,000ന് താഴെ ആയിരുന്നതാണ് ഇറക്കുമതി ഉയരാന്‍ കാരണം. ജൂലൈ-ഓക്ടോബറില്‍ ഇറക്കുമതി ചെയ്തത് ഏകദേശം 4700 ടണ്‍ വെള്ളിയാണ്. കഴിഞ്ഞ വര്‍ഷം ആഭ്യന്തര ഉല്‍പ്പാദനം 700-750 ടണ്‍ മാത്രമായിരുന്നു. ഇന്ത്യന്‍ വിപണിയിലെ വെള്ളിയുടെ 40 ശതമാനവും വ്യവസായിക ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. 30 ശതമാനം വെള്ളി വാങ്ങുന്നത് നിക്ഷേപകരാണ്. ബാക്കി ആഭരണങ്ങള്‍, പാത്രങ്ങള്‍ തുടങ്ങിയവ നിര്‍മിക്കാനും ഉപയോഗിക്കുന്നു. നിലവില്‍ ഒരു കിലോ വെള്ളിക്ക് 75,000 രൂപയാണ്. വില ഉയര്‍ന്നപ്പോള്‍ ഡിമാന്‍ഡില്‍ ഇടിവ് ഉണ്ടായിട്ടുണ്ട്.
◾രാജ്യത്തെ പ്രമുഖ ആഭന്തര യുവി നിര്‍മ്മാതാക്കളായ മഹീന്ദ്ര പുതിയ ബൊലേറോ നിയോ ലിമിറ്റഡ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ 11.49 ലക്ഷം രൂപ (എക്സ് ഷോറൂം) പ്രാരംഭ വിലയില്‍ അവതരിപ്പിച്ചു. എസ്യുവിയുടെ ടോപ്പ്-സ്പെക്ക് എന്‍10 വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പരിമിത പതിപ്പ്. മഹീന്ദ്ര ബൊലേറോ നിയോ ലിമിറ്റഡ് എഡിഷന്‍ കോസ്മെറ്റിക് ഡിസൈനും ഇന്റീരിയര്‍ മാറ്റങ്ങളുമായി വരുന്നെങ്കിലും മെക്കാനിക്സ് അതേപടി തുടരുന്നു. ഫീച്ചറുകളുടെ കാര്യത്തില്‍, പുതിയ ലിമിറ്റഡ് എഡിഷന് റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ, ക്രൂയിസ് കണ്‍ട്രോള്‍, ബ്ലൂസെന്‍സ് കണക്റ്റഡ് കാര്‍ ടെക്, മള്‍ട്ടി-ഫങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍ എന്നിവയുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ലഭിക്കുന്നു. പുതിയ മഹീന്ദ്ര ബൊലേറോ നിയോ ലിമിറ്റഡ് എഡിഷന്റെ അതേ 1.5 ലിറ്റര്‍ എംഹാക്ക് 100 ഡീസല്‍ എഞ്ചിന്‍ 100 ബിഎച്പി കരുത്തും 260എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് വഴിയാണ് പിന്‍ ചക്രങ്ങളിലേക്ക് പവര്‍ കൈമാറുന്നത്.
◾സൗന്ദര്യത്തിന്റെയും അന്തസ്സിന്റെയും പ്രതീകമാണ് കോഹിനൂര്‍.ലോകപ്രശസ്തമായ ഈ രത്നത്തിന്റെ ചരിത്രം അത് കൈവശം വയ്ക്കുന്നതിനുവേണ്ടി നടത്തിയ അത്യാഗ്രഹത്തിന്റെയും കൊലപാതകത്തിന്റെയും പീഡനത്തിന്റെയും പിടിച്ചടക്കലിന്റെയും ചരിത്രത്തെ ഉള്‍ക്കൊള്ളുന്നു.ഇന്ത്യയില്‍ നിന്ന് ഖനനം ചെയ്ത് കണ്ടെത്തിയപ്പോള്‍ മുഗളന്മാര്‍, അഫ്ഗാ നികള്‍, പേര്‍ഷ്യക്കാര്‍ എന്നിവരിലൂടെ കടന്ന് ഒടുവില്‍ പത്തു വയസ്സുള്ള പഞ്ചാബിലെ രാജാവായ ദുലീപ് സിംഗിലൂടെ വിക്ടോറിയ രാജ്ഞിയിലേക്ക് എത്തിച്ചേര്‍ന്നതുവരെയുള്ള സങ്കീര്‍ണ്ണമായ കഥ ചാരുതയോടെയാണ് ഈ പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.രചനാശൈലിയുടെ ലാളിത്യവും ഗവേഷണത്തിന്റെ ആഴവും ഈ കൃതിയെ വ്യതിരിക്തമാക്കുന്നു.കോഹിനൂറിന്റെ സമഗ്രവും ആധികാരികവുമായ ചരിത്രം. ‘കോഹിനൂര്‍’. വിവര്‍ത്തനം: സുരേഷ് എം.ജി. ഡിസി ബുക്സ്. വില 350 രൂപ.