17.1 C
New York
Monday, May 29, 2023
Home US News വാർത്തകൾ വിരൽത്തുമ്പിൽ | 2023 | ഏപ്രിൽ 01 | ശനി

വാർത്തകൾ വിരൽത്തുമ്പിൽ | 2023 | ഏപ്രിൽ 01 | ശനി

◾സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാന ദൃശ്യാവിഷ്‌കാര വിവാദത്തില്‍ പൊലീസ് കേസെടുത്തു. മാതാ പേരാമ്പ്രയുടെ ഡയറക്ടറടക്കം 11 പേര്‍ക്കെതിരെയാണ് കേസ്. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തി കോഴിക്കോട് നടക്കാവ് പൊലീസാണു കേസെടുത്തത്. രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ ഡയറക്ടര്‍ വി.ആര്‍. അനൂപ് പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയെടുത്തിരുന്നില്ല. തുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു.

◾സംസ്ഥാന സര്‍ക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഇന്നു വൈകുന്നേരം വൈക്കത്ത് എത്തും. പെരിയോര്‍ പ്രതിമയിലും ഗാന്ധി പ്രതിമയിലും പുഷ്പാര്‍ച്ചന നടത്തിയതിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും വൈക്കം കായലോര ബീച്ചിലെ സമ്മേളന വേദിയില്‍ പ്രസംഗിക്കും.

◾കേരളത്തില്‍ പെട്രോളിനും ഡിസലിനും രണ്ടു രൂപ വര്‍ധിപ്പിച്ചതോടെ കേന്ദ്ര ഭരണപ്രദേശമായ മാഹിയിലേക്കു വാഹന പ്രവാഹം. കുറഞ്ഞ നിരക്കില്‍ ഇന്ധനം നിറയ്ക്കാനാണ് വാഹനങ്ങള്‍ മാഹിയിലേക്ക് എത്തുന്നത്. മദ്യത്തിനും ഭീമമായ വില വ്യത്യാസമാണ്.

◾തിരുവനന്തപുരം എസ്എപി ക്യാമ്പിലെ പൊലീസ് പെട്രോള്‍ പമ്പ് താല്‍ക്കാലികമായി അടച്ചു. ഒന്നരകോടിയിലേറെ രൂപ കുടിശ്ശികയുള്ളതിനാല്‍ ഇന്ധന വിതരണം നിര്‍ത്തിയതാണു കാരണം.

◾പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണംമൂലം കേരളം രാജ്യത്തെ ഏറ്റവും കടക്കെണിയിലായ സംസ്ഥാനമായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 5000 കോടി രൂപയുടെ നികുതിഭാരമാണ് ഇന്നു മുതല്‍ ജനങ്ങളുടെ ചുമലില്‍ കെട്ടിവച്ചത്. ഇതിനെതിരേ യുഡിഎഫ് ഇന്ന് കരിദിനമായി ആചരിക്കുകയാണ്. ജനങ്ങളെ നികുതിക്കൊള്ള നടത്തിയാണ് പിണറായി സര്‍ക്കാരിന്റെ വാര്‍ഷികാഘോഷം നടത്തുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

◾ഏപ്രില്‍ മൂന്നിന് ഇടുക്കിയില്‍ എല്‍ഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഹര്‍ത്താല്‍ പിന്‍വലിച്ചത്. ഭൂ നിയമ ഭേദഗതി ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ആവശ്യപ്പെട്ടാണ് എല്‍ഡിഎഫ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരുന്നത്.

◾വൈക്കത്തെ പെരിയാര്‍ സ്മാരകം പുനരുദ്ധരിക്കുന്നതിന് എട്ടുകോടി രൂപ തമിഴ്‌നാട് സര്‍ക്കാര്‍ അനുവദിച്ചു. നിയമസഭയിലാണ് 8.14 കോടി രൂപ അനുവദിക്കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പ്രഖ്യാപിച്ചത്.

◾അരിക്കൊമ്പനെ പിടികൂടുന്നതിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ വിവേകിനെതിരെ അധിക്ഷേപത്തിനും കലാപാഹ്വാനത്തിനും ഇടുക്കി എസ്പിക്ക് പരാതി. പൂപ്പാറ സ്വദേശികളെ അധിക്ഷേപിച്ചെന്നും മനപ്പൂര്‍വം ലഹളയുണ്ടാക്കാന്‍ ഉദ്ദേശിച്ചുമാണ് വിവേക് പ്രസ്താവനയിറക്കിയതെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ കെ എസ് അരുണ്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

◾കോണ്‍ഗ്രസിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി പരിപാടിയില്‍ കെ മുരളീധരനു പ്രസംഗിക്കാന്‍ അവസരം നല്‍കാത്തതു ശരിയായ നടപടിയല്ലെന്നു ശശി തരൂര്‍. സീനിയറായ മുന്‍ കെപിസിസി പ്രസിഡന്റിനെ അപമാനിച്ചത് ശരിയായില്ലെന്ന് തരൂര്‍ പറഞ്ഞു.

◾കണ്ണൂര്‍ കൊട്ടിയൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു. കേളകം ഒറ്റപ്ലാവിലെ നെടുമറ്റത്തില്‍ ലിജോ ജോസ് (32), ആറ് വയസുകാരനായ മകന്‍ നെബിന്‍ ജോസ് എന്നിവരാണ് മരിച്ചത്. ഇരട്ടത്തോട് ബാവലിപ്പുഴയിലെ താല്‍ക്കാലിക തടയണയില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും.

◾കോഴിക്കോട് കൊളത്തൂരില്‍ ക്ഷേത്രോല്‍സവത്തിനിടെ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. കൊളത്തൂര്‍ എരമംഗലം സ്വദേശി ബിനീഷ് (42)ആണ് മരിച്ചത്.

◾തമിഴ്നാട്ടില്‍ വാഹന അപകടത്തില്‍ ഒരു മലയാളി മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശി പ്രസന്ന കുമാര്‍ (29) ആണ് മരിച്ചത്. നിര്‍ത്തിയിട്ടിരുന്ന കാറില്‍ കണ്ടെയ്നര്‍ ലോറി ഇടിച്ചാണ് അപകടം.

◾ഹൈദരാബാദില്‍ ചാര്‍മിനാറിന് സമീപം രാമനവമി ആഘോഷത്തിനിടെ റമദാന്‍ പ്രാര്‍ത്ഥനകള്‍ക്കെതിരേ പ്രകോപന മുദ്രാവാക്യം വിളിച്ചതുമൂലമുണ്ടായ സംഘര്‍ഷത്തില്‍ കേസെടുത്ത് പൊലീസ്. സംഘര്‍ഷത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

◾കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഇസ്ലാമിക രാജ്യങ്ങളാകുമെന്ന് രാമനവമി ദിവസം പ്രസംഗിച്ച ബിജെപി എംഎല്‍എ രാജാ സിംഗിനെ പാര്‍ട്ടിയില്‍നിന്നു സസ്പെന്‍ഡ് ചെയ്തു. ഹൈദരാബാദിലാണ് വിവാദ പ്രസംഗം നടത്തിയത്.

◾പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ വിവരങ്ങള്‍ രഹസ്യമാക്കാന്‍ തീരുമാനിച്ച ഗുജറാത്ത് ഹൈക്കോടതിയുടെ വിധി ജനങ്ങളില്‍ സംശയം ജനിപ്പിക്കുന്നതാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. വിദ്യാഭ്യാസമില്ലാത്ത പ്രധാനമന്ത്രിയെ ആര്‍ക്കും വിഢിയാക്കാമെന്നും കെജരിവാള്‍ പരിഹസിച്ചു.

◾അയോഗ്യനാക്കപ്പെട്ടതിനാല്‍ ഔദ്യോഗിക വസതി ഒഴിഞ്ഞ കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഡല്‍ഹിയില്‍തന്നെ വീടു രജിസ്റ്റര്‍ ചെയ്ത് നല്‍കുമെന്ന് സേവാദള്‍ വനിതാ നേതാവ്. ഡല്‍ഹി മംഗോള്‍പുരിയിലെ വീട് രാഹുല്‍ ഗാന്ധിക്കു നല്‍കുമെന്നാണ് രാജ്കുമാരി ഗുപ്ത വ്യക്തമാക്കിയത്.

◾ചെന്നൈ കലാക്ഷേത്രത്തിലെ മുന്‍ വിദ്യാര്‍ത്ഥിനിയുടെ ലൈംഗികാരോപണ പരാതിയില്‍ അധ്യാപകനെതിരെ കേസ്. അസിസ്റ്റന്റ് പ്രൊഫസറായ ഹരി പദ്മനെതിരെയാണ് ചെന്നൈ പൊലീസ് കേസെടുത്തത്.

◾നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ ബിജെപി, ജെഡിഎസ് എംഎല്‍എമാര്‍ രാജിവച്ച് കോണ്‍ഗ്രസിലേക്ക്. ബിജെപി എംഎല്‍എ എന്‍ വൈ ഗോപാലകൃഷ്ണ, ജെഡിഎസ് നിയമസഭാംഗമായ എ ടി രാമസ്വാമി എന്നിവരാണ് രാജി സമര്‍പ്പിച്ചത്. അടുത്ത ദിവസം കോണ്‍ഗ്രസില്‍ ചേരും.

◾കാനഡ അതിര്‍ത്തിയില്‍ ഇന്ത്യക്കാരടക്കം എട്ടു പേര്‍ മരിച്ചു. അമേരിക്കയിലേക്ക് അനധികൃത കുടിയേറ്റത്തിന് ശ്രമിച്ചവരാണ് മരിച്ചത്. ചതുപ്പില്‍ മറിഞ്ഞ നിലയില്‍ കാണപ്പെട്ട ബോട്ടിനു സമീപമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

◾യുകെ. പ്രധാനമന്ത്രി ഋഷി സുനക് കഴിഞ്ഞ വര്‍ഷം പലപ്പോഴായി സ്വകാര്യ ജെറ്റ് യാത്രക്കായി അഞ്ചു ലക്ഷം യൂറോ ചെലവാക്കിയെന്ന് ബ്രിട്ടീഷ് മാധ്യമമായ ദ ഗാര്‍ഡിയന്‍.

◾ഐപിഎല്ലില്‍ ഇന്ന് രണ്ടു കളികള്‍. ഉച്ചതിരിഞ്ഞ് 3.30 നുള്ള ആദ്യ മത്സരത്തില്‍ പഞ്ചാബ് കിംഗ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടും. വൈകീട്ട് 7.30 നുള്ള രണ്ടാമത്തെ മത്സരത്തില്‍ ലക്നൗ സൂപ്പര്‍ ജയിന്റ്സ് ഡല്‍ഹി ക്യാപിറ്റല്‍സുമായിട്ടാണ് ഏറ്റുമുട്ടുക.

◾പ്രവാസി ഇന്ത്യക്കാര്‍ക്ക് വിദേശത്തിരുന്ന് നാട്ടിലെ വൈദ്യുതി, ഫോണ്‍ ബില്ലുകളും സ്‌കൂള്‍ ഫീസ്, നികുതികള്‍ തുടങ്ങിയ യൂട്ടിലിറ്റി ബില്ലുകളും രൂപയില്‍ തന്നെ അടയക്കാന്‍ കനറാ ബാങ്ക് സൗകര്യമൊരുക്കുന്നു. ഭാരത് ബില്‍ പേമെന്റ് സിസ്റ്റവുമായി (ബിബിപിഎസ്) ചേര്‍ന്നാണ് കനറാ ബാങ്ക് പുതിയ സൗകര്യം ഏര്‍പ്പെടുത്തിയത്. ഒമാനിലെ ഇന്ത്യക്കാരായ പ്രവാസികള്‍ക്കാണ് ഈ സൗകര്യം ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്. നാഷണല്‍ പെയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഉപസ്ഥാപനമായ ഭാരത് ബില്‍പേ ലിമിറ്റഡുമായും ഒമാനിലെ മുസന്‍ദം എക്‌സ്‌ചേഞ്ചുമായും സഹകരിച്ചാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. പ്രവാസികള്‍ക്കായി ഈ സൗകര്യമൊരുക്കുന്ന ആദ്യ പൊതുമേഖലാ ബാങ്കാണ് കനറാ ബാങ്ക്.

◾ഉപഭോക്താക്കള്‍ കാത്തിരുന്ന ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഒറ്റത്തവണ മാത്രം കേള്‍ക്കാന്‍ കഴിയുന്ന ഓഡിയോ മെസേജുകളാണ് വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. പ്ലേ വണ്‍സ് ഓഡിയോ എന്ന പുതിയ ഫീച്ചര്‍ നിലവിലെ വ്യൂ വണ്‍സ് ഓപ്ഷന്‍ സമാനമാണ്. ആദ്യ ഘട്ടത്തില്‍ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമാകുക. വരും മാസങ്ങളില്‍ ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കളിലേക്കും പ്ലേ വണ്‍സ് ഓഡിയോ ഫീച്ചര്‍ എത്തുന്നതാണ്. പ്ലേ വണ്‍സ് ഓഡിയോ ഫീച്ചര്‍ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ വാട്സ്ആപ്പ് സൂചനകള്‍ നല്‍കിയിരുന്നു. പ്ലേ വണ്‍സ് ഓഡിയോയിലൂടെ ലഭിക്കുന്ന ഓഡിയോ സന്ദേശങ്ങള്‍ സേവ് ചെയ്യാനോ, റെക്കോര്‍ഡ് ചെയ്യാനോ, ഷെയര്‍ ചെയ്യാനോ സാധിക്കുകയില്ല. ഒരു തവണ മാത്രം കാണാന്‍ കഴിയുന്ന ചിത്രങ്ങളും വീഡിയോകളും അയക്കാന്‍ സാധിക്കുന്ന വ്യൂ വണ്‍സ് ഫീച്ചര്‍ ഉപഭോക്താക്കള്‍ക്കായി മാസങ്ങള്‍ക്കു മുന്‍പ് തന്നെ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ ഫീച്ചറും എത്തുന്നത്.

◾സംസ്ഥാനത്തു കെട്ടിട നിര്‍മാണ പെര്‍മിറ്റിനുള്ള ഫീസ് കുത്തനെ വര്‍ധിപ്പിച്ചു. 300 ചതുരശ്ര മീറ്റര്‍ വരെയുള്ള നിര്‍മാണത്തിന് അപേക്ഷിച്ചാലുടന്‍ പെര്‍മിറ്റ് ലഭ്യമാകും. നൂറു ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ് ഫീസ് 300 രൂപയും മുന്നൂറു വരെ ചതുരശ്ര മീറ്റര്‍ വരെയുള്ളവയ്ക്ക് ആയിരം രൂപയുമാണ് ഫീസ്. മുന്നൂറു ചതുരശ്ര മീറ്ററിനു മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് പഞ്ചായത്തുകളില്‍ മൂവായിരം രൂപയും മുനിസിപ്പാലിറ്റികളില്‍ നാലായിരം രൂപയും കോര്‍പറേഷനുകളില്‍ അയ്യായിരം രൂപയുമാണു പെര്‍മിറ്റ് ഫീസ്. നിരക്കുകള്‍ ഏപ്രില്‍ പത്തിനു നിലവില്‍ വരും.

◾സംസ്ഥാന സര്‍ക്കാരിന്റെ നികുതി വര്‍ധന പ്രാബല്യത്തിലാകുന്ന ഇന്ന് യുഡിഎഫ് കരിദിനമായി ആചരിക്കുമെന്ന് കണ്‍വീനര്‍ എംഎം ഹസന്‍. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും നഗരങ്ങളിലും യുഡിഎഫ് പ്രവര്‍ത്തകര്‍ കറുത്ത ബാഡ്ജ് ധരിക്കും. കരിങ്കൊടി ഉയര്‍ത്തിയും പന്തം കൊളുത്തിയും പ്രതിഷേധിക്കുമെന്നും ഹസന്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് രാവിലെ 11 ന് രക്തസാക്ഷി മണ്ഡപത്തില്‍നിന്നു സെക്രട്ടേറിയറ്റിലേക്ക് പ്രകടനം നടത്തും.

◾പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം ആരാഞ്ഞതിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് 25,000 രൂപ ശിക്ഷ എന്ന വിചിത്ര വിധിയുമായി ഗുജറാത്ത് ഹൈക്കോടതി. വിവരാവകാശ അപേക്ഷയില്‍ ഗുജറാത്ത് സര്‍വ്വകലാശാല വിവരങ്ങള്‍ കൈമാറണമെന്നു 2016 ല്‍ നല്‍കിയ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി.

◾ഉദ്യോഗസ്ഥര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍നിന്നും വ്യക്തികളില്‍നിന്നും അവാര്‍ഡുകള്‍ വാങ്ങുന്നതു ചീഫ് സെക്രട്ടറി വിലക്കി. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ നേരിട്ട് അപേക്ഷ നല്‍കി ഉദ്യോഗസ്ഥര്‍ അവാര്‍ഡുകള്‍ സ്വീകരിക്കരുത്. പൊതുഭരണ വകുപ്പ് വഴി മാത്രം അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കണം. നേരിട്ട് പാരിതോഷികം സ്വീകരിക്കുന്നത് അച്ചടക്ക ലംഘനമാണെന്നാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. ശബരിമലയിലെ തിരക്ക് നിയന്ത്രിച്ചതിന് പത്തനംതിട്ട ജില്ലാ കളക്ടര്‍ അവാര്‍ഡ് വാങ്ങിയതിനെതിരെ ഐപിഎസ് ഉദ്യോഗസ്ഥര്‍ രംഗത്തുവന്നിരുന്നു.

◾കെ.കെ രമ എംഎല്‍എയ്ക്കെതിരായ അപവാദ പ്രചാരണത്തിനെതിരെ ആര്‍എംപി നിയമനടപടിക്ക്. എംവി ഗോവിന്ദനും സച്ചിന്‍ ദേവിനും ദേശാഭിമാനിക്കും എതിരെ മാനനഷ്ടത്തിനു കേസ് കൊടുക്കുമെന്ന് ആര്‍എംപി വ്യക്തമാക്കി. സിപിഎം കേന്ദ്രങ്ങളുടെ അറിവോടെയാണ് രമയ്ക്കെതിരായ വധഭീഷണിയും നിയമസഭയിലെ സംഘര്‍ഷവും എന്നാണ് ആരോപണം. നിയമസഭാ സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്കു കത്ത് നല്‍കും.

◾ഗവര്‍ണറുടെ ഉത്തരവനുസരിച്ച് കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ചുമതലയേറ്റതു ചട്ടലംഘനമാണെന്ന് ആരോപിച്ച് ഡോ. സിസ തോമസിനു വിരമിക്കല്‍ ദിവസമായ ഇന്നലെ കുറ്റാരോപണ പത്രിക നല്‍കി. എതിര്‍വാദ പത്രിക 15 ദിവസത്തിനകം നല്‍കണം. സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറുടെ ചുമതല നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും കുറ്റാരോപണ പത്രികയില്‍ പറയുന്നു.

◾ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലറായ സജി ഗോപിനാഥിന് സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലറുടെ അധിക ചുമതല നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവിറക്കി. സര്‍ക്കാര്‍ രാജ്ഭവന് നല്‍കിയ മൂന്നു പേരുടെ പട്ടികയില്‍ ഒന്നാമത്തെ പേര് സജി ഗോപിനാഥിന്റേതായിരുന്നു.

◾വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായി അദാനി ഗ്രൂപ്പിന് സംസ്ഥാന സര്‍ക്കാര്‍ 100 കോടി രൂപ കെഎഫ്‌സിയില്‍ നിന്ന് വായ്പയെടുത്തു കൈമാറി. പുലിമുട്ട് നിര്‍മാണ ചെലവിന്റെ ആദ്യ ഗഡുവാണ് കൈമാറിയത്. മാര്‍ച്ച് 31 നകം 347 കോടി രൂപ വേണമെന്നാണ് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നത്. ഹഡ്കോ വായ്പ കിട്ടാത്തതിനാല്‍ സഹകരണ കണ്‍സോഷ്യത്തില്‍ നിന്ന് വായ്പയെടുക്കാനാണു സര്‍ക്കാര്‍ ശ്രമിച്ചിരുന്നത്.

◾താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കാന്‍ ഏപ്രില്‍ അഞ്ച് മുതല്‍ ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. പൊതു അവധി ദിവസങ്ങളിലും ശനി, ഞായര്‍ ദിവസങ്ങളിലും വൈകുന്നേരം മൂന്നു മുതല്‍ രാത്രി ഒന്‍പതു വരെ ഭാരവാഹനങ്ങള്‍ക്കു പ്രവേശനം അനുവദിക്കില്ല.

◾മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റി ചെലവാക്കിയെന്ന കേസ് ലോകായുക്ത ഫുള്‍ ബെഞ്ച് പരിഗണിക്കുന്നതു ഭീഷണിപ്പെടുത്തി നേടിയ വിധിയാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണം ബാലിശമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഭീഷണിപ്പെടുത്തിയാല്‍ വഴങ്ങുന്നവരെ ജഡ്ജി എന്നു വിളിക്കാന്‍ പറ്റുമോ എന്നും എം വി ഗോവിന്ദന്‍ ചോദിച്ചു.

◾സംസ്ഥാനത്ത് ഇന്നു മുതല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന കര്‍ശനമാക്കും. ഹെല്‍ത്ത് കാര്‍ഡ് എടുക്കാന്‍ നല്‍കിയ സാവകാശം ഇന്നലത്തോടെ തീര്‍ന്നതിനാലാണ് പരിശോധന.

◾ദേവികുളത്ത് ഉപതെരഞ്ഞെടുപ്പ് വേണമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എംപി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നല്‍കി. ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് കത്തു നല്‍കിയത്. സുപ്രീം കോടതിയെ സമീപിക്കാന്‍ ഹൈക്കോടതി എ രാജയ്ക്കു പത്തു ദിവസം അനുവദിച്ചിരുന്നു.

◾സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ മാപ്പു പറയില്ലെന്നും ചില്ലിക്കാശുപോലും നഷ്ടപരിഹാരം നല്‍കില്ലെന്നും സ്വപ്ന സുരേഷ്. നിയമ നടപടികള്‍ നേരിടാന്‍ തയാറാണെന്ന് ഗോവിന്ദന് സ്വപ്ന അഭിഭാഷകന്‍ മുഖേന മറുപടി അയച്ചു.

◾റവന്യു മന്ത്രി കെ രാജന്‍ വീണു പരിക്കേറ്റു. തൃശൂരിലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് സന്ദര്‍ശനത്തിനിടെയാണ് മന്ത്രി വീണത്. പടി ഇറങ്ങുന്നതിനിടെ കാല്‍ തെന്നി വീഴുകയായിരുന്നു. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ആരോഗ്യ നില തൃപ്തികരമാണ്.

◾2016 ല്‍ കാസര്‍കോട് കുമ്പളയിലുണ്ടായ നിയമസഭാ തെരഞ്ഞെടുപ്പ് ആക്രമണത്തില്‍ സിപിഎം ഏരിയ സെക്രട്ടറി അടക്കം ഏഴു പേര്‍ക്കു തടവുശിക്ഷ. സിപിഎം കുമ്പള ഏരിയ സെക്രട്ടറി ഇച്ചിലങ്കോട്ടെ സി എ സുബൈറിനെ നാല് വര്‍ഷം തടവിനാണ് കാസര്‍കോട് സബ് കോടതി ശിക്ഷിച്ചത്. സിപിഎം പ്രവര്‍ത്തകരായ സിദ്ധിഖ് കാര്‍ള, കബീര്‍, അബ്ബാസ് ജാഫര്‍, സിജു, നിസാമുദ്ദീന്‍, ഫര്‍ഹാന്‍ എന്നിവരെ രണ്ടു വര്‍ഷം തടവിനും ശിക്ഷിച്ചു.

◾വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് നെടുമങ്ങാട് സൂര്യ ഗായത്രിയെ കുത്തിക്കൊന്ന കേസില്‍ പ്രതി അരുണിന് ജീവപര്യന്തം തടവുശിക്ഷ. ആറു ലക്ഷം രൂപ പിഴയും അടയ്ക്കണം. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധിച്ചത്. 2021 ഓഗസ്റ്റ് 30 നാണ് സുര്യ ഗായത്രിയെ അരുണ്‍ (29) കുത്തിക്കൊന്നത്.

◾സിദ്ദിഖ് കാപ്പന്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി ഏപ്രില്‍ 11 ലേക്കു ലഖ്നൗ എന്‍.ഐ.എ കോടതി മാറ്റി. പ്രതിയാക്കിയ നടപടി റദ്ദാക്കണമെന്നാണ് സിദ്ദിഖ് കാപ്പന്റെ ആവശ്യം. 27 മാസത്തെ ജയില്‍വാസത്തിനു ശേഷമാണ് മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായത്.

◾കരിപ്പൂരില്‍ നാലു പേരില്‍ നിന്നായി രണ്ടു കോടിയോളം രൂപയുടെ മൂന്നര കിലോഗ്രാമോളം സ്വര്‍ണം കസ്റ്റംസ് പിടികൂടി. ശരീരത്തിലും ഹാന്‍ഡ് ബാഗേജിലും സോക്സിനുള്ളിമായിട്ടാണ് ഇവര്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്തിയത്. ജിദ്ദയില്‍ നിന്ന് വന്ന യാത്രക്കാരായ മലപ്പുറം സ്വദേശിയായ റഹ്‌മാനില്‍ (43), മലപ്പുറം കരുളായി സ്വദേശിയായ മുഹമ്മദ് ഉവൈസ്, എയര്‍ അറേബ്യ വിമാനത്തില്‍ അബുദാബിയില്‍ നിന്ന് വന്ന കോഴിക്കോട് കൂടരഞ്ഞി സ്വദേശിയായ ഉണ്ണിച്ചല്‍ മേത്തല്‍ വിജിത്ത് (29) എന്നിവരില്‍നിന്നാണു സ്വര്‍ണം പിടിച്ചത്.

◾പലിശക്കാരന്റെ മര്‍ദ്ദനവും ഭീഷണിയുംമൂലം മത്സ്യക്കച്ചവടക്കാരന്‍ ജീവനൊടുക്കി. ശംഖുമുഖം സ്വദേശി സുജിത് കുമാറാണ് മരിച്ചത്. വട്ടിപ്പലിശക്കാരനായ രാജേന്ദ്രനെതിരേ സുജിത് കുമാര്‍ പരാതി നല്‍കിയിട്ടും വലിയതുറ പൊലീസ് കേസെടുത്തില്ലെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ചു.

◾നാദാപുരം പേരോട് വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ മര്‍ദിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പേരോട് സ്വദേശിയും യുവതിയുടെ അയല്‍വാസിയുമായ നീര്‍ക്കരിമ്പില്‍ മൂസയാണ് (36) അറസ്റ്റിലായത്.

◾യുവതിയെ ബൈക്കിലെത്തി ഇടിച്ചിട്ട് ഏഴു പവന്‍ മാല കവര്‍ന്ന സംഘം അറസ്റ്റില്‍. കുളച്ചല്‍ സ്വദേശി നീധീഷ് രാജ (22), ചെമ്മാന്‍ വിള സ്വദേശി പ്രേംദാസ് (23), വഴുക്കംപ്പാറ മണവിള സ്വദേശി വിഘ്നേഷ് (20 ) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

◾പച്ചക്കറി വാഹനത്തില്‍ 76 കിലോ കഞ്ചാവു കടത്തിയ കേസില്‍ പ്രതികള്‍ക്ക് പത്തു വര്‍ഷം തടവുശിക്ഷ. ഗ്രാം കഞ്ചാവ് കടത്തിയ കേസിലെ പ്രതികളെയാണ് കോടതി ശിക്ഷിച്ചത്. പടിയൂര്‍ തൊഴുത്തിങ്ങപുറത്ത് സജീവന്‍, പറവൂര്‍ കാക്കനാട്ട് വീട്ടില്‍ സന്തോഷ് എന്നിവരെയാണ് തൃശൂര്‍ ഫസ്റ്റ് ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.

◾പാലക്കാട് ജില്ലയില്‍ പോക്സോ കേസില്‍ പ്രതിക്ക് 22 വര്‍ഷം തടവു ശിക്ഷ. കല്ലടിക്കോട് 15 കാരിയെ പീഡിപ്പിച്ച കേസില്‍ കൊല്ലം സ്വദേശി ആദര്‍ശിനെയാണ് പട്ടാമ്പി കോടതി ശിക്ഷിച്ചത്. പിഴത്തുകയായ ഒന്നര ലക്ഷം അതിജീവിതയ്ക്ക് കൈമാറാനും കോടതി ഉത്തരവിട്ടു.

◾കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും ക്രിമിനല്‍ മാനഷ്ടക്കേസ്. ഭാരത് ജോഡോ യാത്രക്കിടെ ആര്‍എസ്എസിനെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കൗരവര്‍ എന്നു വിശേഷിപ്പിച്ചതിനെതിരേയാണ് ഹരിദ്വാര്‍ കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

◾ഡോളര്‍ ക്ഷാമം നേരിടുന്ന രാജ്യങ്ങളുമായി രൂപയില്‍ വ്യാപാരം നടത്തുമെന്ന് ഇന്ത്യ. രൂപയെ ആഗോള കറന്‍സിയാക്കാനാണു നീക്കം. 2030 ഓടെ ഇന്ത്യയുടെ കയറ്റുമതി രണ്ടു ലക്ഷം കോടി ഡോളറായി ഉയര്‍ത്തും. ഇതിനുള്ള ഫോറിന്‍ ട്രേഡ് പോളിസി പുറത്തിറക്കി.

◾മദ്യനയ കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യഹര്‍ജി ഡല്‍ഹി റോസ് അവന്യൂ കോടതി തള്ളി. ജാമ്യം നല്‍കരുതെന്ന സിബിഐയുടെ വാദം കോടതി അംഗീകരിച്ചു. ഫെബ്രുവരി 26 നാണ് മനീഷ് സിസോദിയയെ സിബിഐ അറസ്റ്റു ചെയ്തത്.

◾വിദ്യാഭ്യാസമില്ലാത്ത പ്രധാനമന്ത്രി രാജ്യത്തിന് അപമാനവും ആപത്തുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത ആരാഞ്ഞതിന് 25,000 രൂപ ശിക്ഷ വിധിച്ച ഗുജറാത്ത് ഹൈക്കോടതി ഉത്തരവു വിചിത്രമെന്നും അദ്ദേഹം പരിഹസിച്ചു.

◾34 വര്‍ഷം മുമ്പുള്ള കൊലക്കേസില്‍ ഒരു വര്‍ഷത്തെ തടവുശിക്ഷ പൂര്‍ത്തിയാക്കി പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ദു ഇന്ന് ജയില്‍ മോചിതനാകും. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

◾ബെംഗളൂരുവില്‍ 19 കാരിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറില്‍ നാലു മണിക്കൂറോളം കൂട്ടബലാത്സംഗത്തിനിരയാക്കിയ നാലംഗ സംഘത്തെ അറസ്റ്റു ചെയ്തു. കോറമംഗലയില്‍ നിന്നാണ് 19 കാരിയെ സംഘം തട്ടിക്കൊണ്ടുപോയത്. 22 നും 26 നും ഇടയില്‍ പ്രായമുള്ള സതീഷ്, വിജയ്, ശ്രീധര്‍, കിരണ്‍ എന്നിവരാണ് അറസ്റ്റിലായത്.

◾ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്സിക്കെതിരായ മത്സരം പൂര്‍ത്തിയാക്കാതെ മൈതാനം വിട്ട കേരള ബ്ലാസ്റ്റേഴ്സിന് 4 കോടി രൂപ പിഴശിക്ഷ. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റേതാണ് വിധി. മോശം പെരുമാറ്റത്തിന്റെ പേരില്‍ പരസ്യമായി ക്ഷമാപണം നടത്താനും നിര്‍ദേശിച്ചു. ക്ഷമാപണം നടത്തിയില്ലെങ്കില്‍ 6 കോടി രൂപ പിഴയടയ്ക്കണം. കളിക്കളത്തില്‍നിന്ന് താരങ്ങളെ തിരികെ വിളിച്ച ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുക്കൊമനോവിച്ചിന് 10 മത്സരങ്ങളില്‍ വിലക്കും 5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. വുക്കൊമനോവിച്ചും പരസ്യമായി മാപ്പു പറയണം. ഇല്ലാത്തപക്ഷം പിഴ ശിക്ഷ 10 ലക്ഷമാകും.

◾ഐപിഎല്‍ പതിനാറാം സീസണിന്റെ ആദ്യ മത്സരത്തില്‍ വിജയം ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം. കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്സിനെ 5 വിക്കറ്റിന് തകര്‍ത്താണ് ഗുജറാത്ത് ഈ വിജയം സ്വന്തമാക്കിയത്. 50 ബോളില്‍ 92 റണ്‍സ് നേടിയ റിതുരാജ് ഗെയ്ക്ക്വാദിന്റെ കരുത്തില്‍ ചെന്നൈ ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം നാല് ബോളുകള്‍ ശേഷിക്കേ ഗുജറാത്ത് മറികടന്നു. 36 ബോളില്‍ 63 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിന്റെ ഇന്നിംഗ്സാണ് ഗുജറാത്തിനെ വിജയത്തിലേക്കെത്തിച്ചത്.

◾ചൈനീസ് ഇ കൊമേഴ്സ് കമ്പനിയായ ആലിബാബ ആറ് ബിസിനസ് ഗ്രൂപ്പുകളായി വിഭജിക്കുന്നു. മാറുന്ന വിപണിയിലെ കൂടുതല്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്താനാണ് വിഭജനമെന്ന് ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിങ് ലിമിറ്റഡ് അറിയിച്ചു. ക്ലൗഡ് ഇന്റലിജന്‍സ്, താബോ ടിമാള്‍, ലോക്കല്‍ സര്‍വീസ്, ഗ്ലോബല്‍ ഡിജിറ്റല്‍, കാന്യോ സ്മാര്‍ട് ലോജിസ്റ്റിക്സ്, ഡിജിറ്റല്‍ മീഡിയ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് എന്നിങ്ങനെ ആറു ഗ്രൂപ്പുകളായാണ് തിരിക്കുക. പുതിയ പ്രധാനമന്ത്രി ലി ചിയാങ് സ്വകാര്യമേഖലയ്ക്ക് മികച്ച പിന്തുണ നല്‍കുന്നതിന്റെ പശ്ചാത്തലത്തിലാണ് ബിസിനസ് വിപുലപ്പെടുത്താനുള്ള ആലിബാബയുടെ നീക്കം. രണ്ടു വര്‍ഷം ചൈനയ്ക്കു പുറത്തു ജീവിച്ച ആലിബാബ സ്ഥാപകനും മുന്‍ ചെയര്‍മാനുമായ ജാക്ക് മാ ഈയിടെ രാജ്യത്ത് തിരിച്ചെത്തുകയും ചെയ്തിരുന്നു. പുതിയ തീരുമാനം വന്നതോടെ വ്യാപാരത്തിന്റെ തുടക്കത്തില്‍ വിലയില്‍ ഒന്‍പതു ശതമാനത്തോളം നേട്ടം രേഖപ്പെടുത്തി. 24 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് കമ്പനി ഇത്തരമൊരു വലിയ മാറ്റത്തിന് ഒരുങ്ങുന്നത്.

◾ഇന്ത്യയില്‍ പുതിയൊരു ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചിരിക്കുകയാണ് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഒഡീസ് ഇലക്ട്രിക് വെഹിക്കിള്‍സ്. 1.10 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് (എക്‌സ്-ഷോറൂം, അഹമ്മദാബാദ്) കമ്പനി വേഡര്‍ എന്ന മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചത്. 999 രൂപയുടെ ബുക്കിംഗ് തുകയ്ക്ക് വേഡര്‍ ഓണ്‍ലൈനായോ ഒഡീസ് ഡീലര്‍ഷിപ്പുകള്‍ മുഖേനയോ ബുക്ക് ചെയ്യാം. ജൂലൈ മുതല്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ഡെലിവറി ആരംഭിക്കും. സബ്‌സിഡികള്‍ക്കും വേഡര്‍ അര്‍ഹമാണ്. മോട്ടോര്‍സൈക്കിളിന് 85 കിലോമീറ്റര്‍ പരമാവധി വേഗതയുണ്ട്. ഇതിന് മൂന്ന് റൈഡ് മോഡുകള്‍ ഉണ്ടാവും- ഫോര്‍വേഡ്, റിവേഴ്‌സ്, പാര്‍ക്കിംഗ് എന്നിവയാണത്. വേഡര്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ബാറ്ററിയിലും പവര്‍ട്രെയിനിലും ഒഡീസ് മൂന്ന് വര്‍ഷത്തെ വാറന്റി വാഗ്ദാനം ചെയ്യുന്നു.

◾വിഭിന്ന ജനവിഭാഗങ്ങളുടെ ജീവിതവും സംഘര്‍ഷങ്ങളും സമസ്യകളും അവയുടെ ആഴവും പരപ്പും ഉള്‍ക്കൊണ്ട് ചേതോഹരമായി അവതരിപ്പിക്കുന്ന നാര്‍മുടി പുടവ, ദൈവങ്ങള്‍, വലക്കാര്‍ തുടങ്ങിയ നോവലുകള്‍പോലെ ജനപ്രീതി നേടിയ കൃതി. ‘ഉണ്ണിമായയുടെ കഥ’. സാറാ തോമസ്. ഡിസി ബുക്സ്. വില 256 രൂപ.

◾കേരളീയ വിഭവങ്ങളുടെ പെരുമ ലോകമെങ്ങും വിളമ്പിയ ഷെഫ് സുരേഷ് പിള്ള ബാല്യകാലം തൊട്ടുള്ള ഓര്‍മകളിലേക്കു വായനക്കാരെ കൂടെക്കൂട്ടുന്നു. ഭക്ഷണത്തെക്കുറിച്ചു രുചിയുള്ള കഥകള്‍ ധാരാളം കേട്ടാണു വളര്‍ന്നത്. എങ്കിലും ബാല്യത്തിനു നിറവും മണവും രുചിയും കുറവായിരുന്നു. അവഗണനയുടെ കയ്പില്‍ ജീവിതകഥയുടെ തുടക്കം. പിന്നീട് മധുരമുള്ള നേട്ടങ്ങളിലേക്ക് വിസ്മയകരമായ വളര്‍ച്ച. ഇന്ന് സമൂഹമാധ്യമങ്ങളില്‍ 20 ലക്ഷം ‘പിന്തുടര്‍ച്ച’ക്കാരുള്ള ഷെഫ് പിള്ളയ്ക്ക് അന്നും ഇന്നും അടുക്കള തന്നെ ഊര്‍ജം; അടങ്ങാത്ത അഭിനിവേശം. ‘രുചിനിര്‍വാണ – ഷെഫ് സുരേഷ് പിള്ളയുടെ ജീവിതം’. സുരേഷ് പിള്ള /റസല്‍ ഷാഹുല്‍. മനോരമ ബുക്സ്. വില: 440 രൂപ.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇടിവെട്ടി മഴ വ്യാഴാഴ്ച വരെ പെയ്യും; ഇന്ന് നാലു ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയും 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇന്ന്...

ചോർന്നൊലിച്ച് നരേന്ദ്ര മോദി സ്റ്റേഡിയം; പുറംമോടി മാത്രമേ ഉള്ളൂവെന്ന് വിമർശനം.

അഹമ്മാബാദ്: കനത്ത മഴയിൽ ചോർന്നൊലിച്ച് ഐ.പി.എൽ ഫൈനലിന് വേദിയാകുന്ന ഗുജറാത്തിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയം. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ഒരുഭാഗം ചോര്‍ന്നൊലിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിക്കുന്നത്....

‘ഐപിഎല്‍ ഫൈനലില്‍ ഗില്ലും ജഡേജയും ഷമിയും കളിക്കില്ല, ഇംഗ്ലണ്ടിലേക്ക് പോകും’; വൈറലായി ‘ജയ് ഷാ’യുടെ ട്വീറ്റ്.

ഐപിഎല്‍ 16ാം സീസണിന്റെ ഫൈനല്‍ പോരാട്ടം മഴ വില്ലനായതോടെ റിസര്‍വ് ഡേയായ ഇന്നത്തേക്ക് മാറ്റിയിരിക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് ടോസ് പോലും ഇടാന്‍ സാധിക്കാതെ വന്നതോടെയാണ് മത്സരം മാറ്റിയത്. എന്നാല്‍ ഇന്നും കനത്ത മഴ...

കോട്ടയത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു.

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പങ്കാളി കൈമാറ്റ കേസിലെ പരാതിക്കാരിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് മരണപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് രാവിലെ നാലുമണിയോടെയായിരുന്നു മരണം. പരാതിക്കാരിയായ തന്റെ ഭാര്യയെ...
WP2Social Auto Publish Powered By : XYZScripts.com
error: