17.1 C
New York
Saturday, June 3, 2023
Home Special വിനാശകാലേ വിപരീതബുദ്ധി! (രാജൻ രാജധാനി എഴുതുന്ന വാരാന്ത്യ ചിന്തകൾ 57)

വിനാശകാലേ വിപരീതബുദ്ധി! (രാജൻ രാജധാനി എഴുതുന്ന വാരാന്ത്യ ചിന്തകൾ 57)

രാജൻ രാജധാനി✍

അനുനിമിഷം നാട്ടിൽ സംഭവിക്കുന്നതൊക്കെ ഒട്ടുമേ കലർപ്പില്ലാതെ നമ്മുടെ ശ്രദ്ധയിലേക്ക് കാലവിളംബമില്ലാതെ എത്തിക്കുക എന്നതാണ് ഒരു വാർത്താമാധ്യമത്തിൻ്റെ പ്രാഥമിക ധർമ്മം! ഇവിടെയുള്ള എല്ലാ മാധ്യമങ്ങളും കൃത്യമായത് ചെയ്യുന്നുണ്ടോ എന്നു ചോദിച്ചാൽ ഇല്ലെന്നാണ് എൻ്റെ ഉത്തരം. സത്യമതാണെങ്കിലും, നല്ലൊരു അളവിൽ ഇന്നും നമുക്ക് ആശ്രയിക്കാവുന്ന/ വിശ്വസിക്കാവുന്ന ദൃശ്യവാർത്താമാധ്യമങ്ങളിൽ ആദ്യത്തേത് ‘ഏഷ്യാനെറ്റ് ന്യൂസാണെന്ന’ സത്യം ഏതു നിഷ്പക്ഷനും സമ്മതിക്കും, സംശയമില്ല! നമ്മുടെ ‘രാജാവ് നഗ്നനാണെന്ന’ സത്യം തുറന്നു പറയാൻ അവർക്കുള്ളത്ര തന്റേടം പലപ്പോഴും മറ്റുള്ള മാധ്യമങ്ങൾ കാണിക്കുന്നില്ല. അവരുടെ ആ ധൈര്യം ഉന്നതസ്ഥാനങ്ങളിലുള്ള ചിലർക്ക് ദോഷമാകുമ്പോൾ, അതിനെ ഏതുവിധേനയും തകർക്കുക എന്നതും അവരുടെ ആവശ്യവും ലക്ഷ്യവുമായി മാറുന്നു.

സത്യമായവാർത്തയും അതിന്റെ വിശകലനവും അനുബന്ധ ചർച്ചകളും കൃത്യമായി നടത്താനും അവർ ശ്രമിക്കാറുണ്ട്. നമ്മുടെ സമൂഹത്തിലെ നിസ്സഹായരായ എത്രയോ പട്ടിണിപ്പാവങ്ങളുടെ ന്യായമായിട്ടുള്ള ആവശ്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ എത്തിക്കാനും, അതുവഴി അവർക്ക് അർഹമായ നീതി ലഭ്യമാക്കുവാനും പ്രസ്തുത ചാനലിൻ്റെ ശ്രമങ്ങളിലൂടെ കഴിയുന്നു എന്നതും ശ്ലാഘനീയമായ പ്രവർത്തനമികവിൻ്റെ നല്ലൊരു ലക്ഷണമാണ്. അങ്ങനെ എല്ലാ അർഥത്തിലും മാധ്യമധർമ്മം കൃത്യമായിപാലിക്കുന്ന പ്രസ്തുത ചാനലിന്റെ സ്വതന്ത്രവും നിഷ്പക്ഷവുമായുള്ള പ്രവർത്തനത്തിന് വിഘാതം സൃഷ്ടിക്കാനുള്ള ഏതൊരു നടപടിയും, നാട്ടിലെ സത്യസന്ധമായ വാർത്തകൾ ഗ്രഹിക്കാനായി കാത്തിരിക്കുന്ന പൊതുജനത്തിൻ്റെ കണ്ണും കാതും മൂടുന്നതിന് തുല്യമായിട്ടുള്ള പ്രവൃത്തി തന്നെയാണ്.

അധികാരത്തിൻ്റെ പിന്നാമ്പുറത്ത് നടന്ന,ഇന്നും നടക്കുന്ന എത്രയോ കറുത്തയാഥാർഥ്യങ്ങൾ നമ്മൾ അറിഞ്ഞത് പലപ്പോഴും ഈ ചാനലിന്റെ നിഷ്പക്ഷ നിലപാടിന്റെ ദാർഢ്യത കൊണ്ടാണ്. അവരുടെ ആ നിലപാടിനെ ഇല്ലാതാക്കാനായി അധികാരികളുടെ പിണിയാളുകൾ പരമാവധി ശ്രമിച്ചിട്ടും അവ ഫലിക്കാതെ വന്നപ്പോൾ, ഇതാ മറ്റൊരു കുട്ടിസംഘം അവരുടെ എറണാകുളം ബ്യൂറോയിൽ അതിക്രമിച്ചുകയറി ഭീഷണിയുടെ മ്ലേച്ഛമായ മാർഗ്ഗത്തിലൂടെ മാധ്യമസ്ഥാപനത്തെ സ്വന്തം വരുതിയിലാക്കാൻ ശ്രമിക്കുന്നു! എന്നും മാധ്യമ സ്വാതന്ത്ര്യത്തിനായി വാദിക്കുന്നവരെന്ന് നാഴികയ്ക്ക് നാല്പതുവട്ടം കൊട്ടിഘോഷിക്കുന്ന ഇവരുടെ ഈ വാക്കുകൾക്ക് യാഥാർഥ്യവുമായി എന്തെങ്കിലും ബന്ധമുണ്ടാകുമെന്ന് അവരുടെ സ്വന്തം അനുയായികൾ പോലും കരുതുമെന്ന് തോന്നുന്നില്ല.

സ്വതന്ത്രമാധ്യമപ്രവർത്തനത്തിനായി എന്നും വാദിക്കുകയും, എല്ലാ വേദിയിലും ഉച്ചത്തിലത് പറയുമ്പോഴും, സത്യസന്ധമായുള്ള ഏതൊരു ദൃശ്യമാധ്യമവാർത്തയും തങ്ങളുടെ നിക്ഷിപ്ത താല്പര്യങ്ങൾക്ക് അനുയോജ്യമല്ലെങ്കിൽ, ആ സത്യം തുറന്നുപറഞ്ഞ മാധ്യമസ്ഥാപനത്തെ നിശ്ശബ്ദമാക്കാനായി ഏത് മാർഗ്ഗവും അവർ സ്വീകരിക്കുമെന്നതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ കൊച്ചിയിലെ ഓഫീസിൽ കഴിഞ്ഞൊരു ദിവസം നടന്ന വിദ്യാർത്ഥികളുടെ സംഘടിതമായിട്ടുള്ള അതിക്രമിച്ചുകടക്കലും,ഏഷ്യാനെറ്റ് ന്യൂസിൻ്റെ കോഴിക്കോട് ഓഫീസിലെ അപ്രതീക്ഷിതവും അസ്വാഭാവികവുമായ ആ പൊലീസ് റെയ്ഡും. പരസ്പരവിരുദ്ധമായിട്ടുള്ള ഏതോ ഒരു കൃത്രിമ പരാതിയുടെ പേരിലാണ് ഈ പൊലീസ് നടപടി. ‘കാളപെറ്റെന്ന് കേട്ടാൽ കയറെടുക്കുവാനായി’ കാത്തു നിൽക്കണോ നമ്മുടെ നിയമപാലകർ? ഇത്തരം പ്രവൃത്തികൾ ആ സേനാവിഭാഗത്തിന് തന്നെ നാണക്കേടല്ലേ? താല്ക്കാലികമായ ചില രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി നടത്തുന്ന ഈ ഗിമിക്കുകൾ പഴയ ദിവാൻവാഴ്ച തന്നെയല്ലേ നമ്മെ ഓർമ്മപ്പെടുത്തുന്നത്?

ചിലയാളുകളുടെ വാക്കും പ്രവൃത്തിയും തമ്മിൽ പൊരുത്തപ്പെടില്ല; എങ്കിൽക്കൂടി ആ പ്രവൃത്തി അവർ തുടർന്നുകൊണ്ടേയിരിക്കും!പഴയകാലം കുളിക്കാൻ മടിയുള്ള ചിലർ കുളിച്ചില്ലെങ്കിലും, തങ്ങളുടെ അടിവസ്ത്രങ്ങൾ പുരപ്പുറത്തായി വിരിച്ചിടുമായിരുന്നു. അങ്ങനെ ചെയ്യുന്നപക്ഷം തങ്ങൾ കുളിച്ചിട്ടില്ല എന്നുള്ള സത്യം മറ്റുള്ളവർ മനസ്സിലാക്കില്ല എന്നാണ് അവരുടെ ചിന്ത. ആ ചിന്താഗതിയിൽ കാര്യമായ ഒരു മാറ്റം പലരിലും ഇപ്പോഴും ഉണ്ടായിട്ടില്ല എന്നാണ് തോന്നുന്നത്. സത്യത്തിന്റെയും നീതിയുടെയും സംരക്ഷകർ തങ്ങൾ മാത്രമാണെന്നാണ് ചിലരുടെയൊക്കെ ഭാവം. കാര്യവിവരമുള്ള പൊതുജനം ഒക്കെയും തിരിച്ചറിയുന്നുണ്ടാകുമെന്ന ചിന്തയും അവരെ അലട്ടുന്നേയില്ല. പുറമേ പറയുന്നതും, അകമേ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും തീർത്തും വിരുദ്ധമാണ്. അനീതിക്കെതിരേ പൊരുതാൻ ഈ നാട്ടിൽ തങ്ങൾ മാത്രമേയുള്ളു എന്നാണ് ഇവരുടെ ബാഹ്യ ഭാവം; ഉള്ളിൽ അവരെന്നും അനീതിക്കൊപ്പം നിലകൊള്ളുകയും ചെയ്യും. ഈ വൈരുദ്ധ്യം ഇനിയും തുടർന്നു പോകുവാൻ കഴിയുമെന്ന ചിന്ത മൗഢ്യമാണ്. കാലിനടിയിലെ മണ്ണ് ചോർന്നു പോകുന്നു എന്നുള്ള സത്യവും ഇവർ അറിയുന്നില്ല എന്നാണോ!?

വാർത്താ മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടിയിട്ട് എത്രനാൾ സത്യത്തെ മറച്ചുപിടിക്കാമെന്നാണ് ഇവരുടെ ചിന്ത! സത്യം അത് പുറത്തുവന്നല്ലേ മതിയാകൂ; അല്പം വൈകിയാണെങ്കിലും അത് പലരുടെയും മുഖംമൂടി അഴിച്ചുകാട്ടുമെന്നതിൽ സംശയമില്ല! പോകാവുന്നിടത്തോളം പോവുക എന്നതാണ് ഇന്നുള്ള അവരുടെ ലക്ഷ്യം.അതിന് വിഘാതമാകുന്നതെല്ലാം അവർ തച്ചുടയ്ക്കും. തങ്ങളുടെ പ്രീണനത്തിന് വഴങ്ങുന്നവവർക്ക് അനർഹമായ സ്ഥാനമാനങ്ങൾ; അല്ലാത്തവർ ദണ്ഡനമേറ്റുവാങ്ങാൻ ഒരുങ്ങുക എന്നതാണ് അവരുടെ സന്ദേശം. അനർഹമായി അധികാര കസേരകൾ കയ്യടക്കിയ പല സാംസ്കാരിക(?) നായകരുടെയും പ്രതികരണശേഷി ഇതിനകം അവർ ഇല്ലാതാക്കി! മുമ്പ് നിരന്തരമായി നമ്മെ ഓർമ്മപ്പെടുത്തിയ ആവിഷ്കാരസ്വാതന്ത്ര്യം സ്വതന്ത്രപത്രപ്രവർത്തനം എന്നതെല്ലാം എന്നേ അവർ മറന്നു പോയി. മേധാക്ഷയം ബാധിച്ചിട്ടും അധികാരകസേരയിൽ അള്ളിപ്പിടിച്ചിരിക്കുന്ന അവരോട്: നട്ടെല്ലു പണയം വച്ചിട്ടല്ലേ, നിങ്ങൾ അവിടെ ഇരിക്കുന്നതെന്ന് ചിന്താശേഷിയുള്ള ആരും തന്നെ ചോദിക്കാതിരിക്കട്ടെ!

രാജൻ രാജധാനി✍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെ-ഫോണ്‍: പത്തനംതിട്ട ജില്ലയില്‍ 956 കിലോ മീറ്റര്‍ ദൂരത്തില്‍ കേബിള്‍; 500 ഭവനങ്ങളിലും 1331 സ്ഥാപനങ്ങളിലും കെ ഫോണ്‍

കെ-ഫോണ്‍ ഉദ്ഘാടനം അഞ്ചിന്; ആദ്യ ഘട്ടം 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 14,000 വീടുകളിലും. മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി നാടിനു സമര്‍പ്പിക്കും എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ -...

📱വാർത്തകൾ വിരൽത്തുമ്പിൽ 📱 | 2023 | ജൂൺ 03 | ശനി

◾ഒഡീഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 261 പേര്‍ മരിച്ചു. ആയിരത്തോളം പേര്‍ക്കു പരിക്ക്. മൂന്നു ട്രെയിനുകളാണ് അപകടത്തില്‍ പെട്ടത്. ബംഗളൂരുവില്‍നിന്ന് ഹൗറയിലേക്കു പോകുകയായിരുന്ന യശ്വന്ത്പൂര്‍- ഹൗറ എക്സ്പ്രസ് പാളം തെറ്റി മറിഞ്ഞു....

ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം ദുർബ്ബലമായെന്ന് രാഹുൽ ഗാന്ധി

വാഷിംഗ്ടൺ ഡിസി: ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം ദുർബ്ബലമായെന്നും പ്രവർത്തനപരമായ ജനാധിപത്യത്തിന് പത്രസ്വാതന്ത്ര്യം വളരെ നിർണായകമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വ്യാഴാഴ്ച വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരുമായി സംവദിക്കുന്നതിനിടെ ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ...

ഇന്ത്യൻ-അമേരിക്കൻ ദേവ് ഷാ 2023-ലെ സ്‌ക്രിപ്‌സ് നാഷണൽ സ്പെല്ലിംഗ് ബീ ചാമ്പ്യൻ

ഫ്ലോറിഡ: ഫ്ലോറിഡയിൽ നിന്നുള്ള 14-കാരനായ ഇന്ത്യൻ-അമേരിക്കൻ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ദേവ് ഷാ, "പ്സാമോഫൈൽ" എന്ന വാക്ക് ശരിയായി ഉച്ചരിച്ചു 2023 ലെ സ്‌ക്രിപ്‌സ് നാഷണൽ സ്‌പെല്ലിംഗ് ബീ നേടി. വ്യാഴാഴ്ച 95-ാമത്...
WP2Social Auto Publish Powered By : XYZScripts.com
error: