നമ്മൾ അങ്ങനെയാണ്! നിത്യജീവിതത്തിൽ ഏവരേയും വിപരീതമായി ബാധിക്കുന്നതായ പ്രശ്നങ്ങൾക്കൊന്നും അർഹമായിട്ടുള്ള ഒരു ഗൗരവം നൽകാതെ, താരതമ്യേന നമ്മെ ഒട്ടും ബാധിക്കാത്ത വിവാദങ്ങൾക്ക് കാതോർത്ത് വിലയേറിയ സമയവും ഊർജവും അതിനായി വിനിയോഗിക്കുന്നു! മുമ്പെന്നതുപോലെ ഇന്നും അതങ്ങനെ തുടരുന്നു. ശരാശരി മനുഷ്യരുടെ ഈ സവിശേഷത വാർത്താമാധ്യമങ്ങളും നന്നേ ഉപയോഗപ്പെടുത്തുന്നു. അക്കാര്യത്തിലൊട്ടുമേ അവരെ കുറ്റപ്പെടുത്തുവാനും നമുക്ക് കഴിയില്ല; കാരണം, കാണികളുടെ താല്പര്യമാണ് അവർക്ക് മുഖ്യം! അതിനാൽ തന്നെ ടി.വി. ചാനലുകളുടെ വാർത്താബള്ളറ്റിനിലും അതുപോലെയുള്ള മറ്റ് പരിപാടികളിലും വിവാദങ്ങൾക്ക് അവരെന്നും അധികമായ പ്രാധാന്യം നൽകാൻ ശ്രമിക്കുന്നു; അല്ലെങ്കിൽ അങ്ങനെ ചെയ്യുവാനായിട്ട് അവർ നിർബന്ധിതരാകുന്നു എന്നതല്ലേ യാഥാർത്ഥ്യം. നമ്മൾ കാണികൾ ഭൂരിപക്ഷം പേരും അത്തരം വിവാദങ്ങളെ ആവോളം ആസ്വദിക്കുകയും ചെയ്യുമ്പോൾ അതങ്ങനെ തുടരുകയും ചെയ്യും.
എന്നും വിവിധ വിവാദവിഷയങ്ങളിലൂന്നിയുള്ള ചാനലുകളിലെ ‘അന്തിച്ചർച്ച’ തന്നെ ഇതിനൊരു നല്ല ഉദാഹരണമാണ്. ജനത്തെ പൊതുവായിട്ട് ബാധിക്കുന്ന എത്രയോ വിഷയങ്ങളെ ഇത്തരം വിവാദചർച്ചകളും പോർവിളികളും വിഴുങ്ങുന്നു; അല്ലെങ്കിൽ തമസ്ക്കരിക്കുന്നു! പൊതുവായിട്ട് ജനത്തെബാധിക്കുന്ന പല വിഷയങ്ങൾക്കും അർഹമായ പ്രാധാന്യവും ശ്രദ്ധയും ലഭിക്കാതെ പോകുന്നത് ഇത്തരം വിവാദവിഷയങ്ങളുടെ അതിപ്രസരം കൊണ്ടാണ്! മാധ്യമ ഭാഷയിൽ ‘വാർത്തയെ വാർത്ത വിഴുങ്ങുക’ എന്നുള്ള ഒരു പ്രയോഗമുണ്ട്. അതുതന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. നമുക്ക് വിവാദങ്ങളിലാണല്ലോ എന്നും താല്പര്യം. അതിനാൽ വിവാദങ്ങൾക്ക് അധിക സാധ്യതയുള്ള ഇടങ്ങൾ തേടിയാകും ചാനൽ ക്യാമറകളുടെ അനുദിന സഞ്ചാരവും!
ഇന്ന് ശരാശരിവരുമാനക്കാരെ വട്ടംചുറ്റിക്കുന്ന അവശ്യവസ്തുക്കളുടെ അമിതമായ വിലയേറ്റം പോലുള്ളവിഷയങ്ങൾ മാറ്റിവയ്ക്കപ്പെടുകയോ അപ്രധാനമയ വാർത്തകളുടെ ഗണത്തിലേക്ക് അവ മാറ്റപ്പെടുകയോ ചെയ്യുന്നു. പ്രേക്ഷകർക്ക് ആവശ്യമുള്ളത് നൽകുകയും അതിനൊടൊപ്പം പരസ്യവും നൽകിയാലേ ഈ മത്സരാധിഷ്ഠിത മേഖലയിൽ ചാനലിന് നിലനിൽക്കാൻ കഴിയൂ. ‘മരമറിഞ്ഞ് വളമിടണം’ എന്നല്ലേ ചൊല്ല്! അത് അവർ കൃത്യമായി ചെയ്യുന്നുണ്ട്. തീക്ഷ്ണമായ കോവിഡ് കാലത്തും വിവാദവിഷയങ്ങളാണ് നമുക്ക് ആസ്വാദ്യകരമായിരുന്നത്. അത്തരം വിഷയങ്ങളിലുള്ള തങ്ങളുടെ പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ‘ട്രോളുകളായും’ മറ്റും ശക്തമായി രേഖപ്പെടുത്താൻ പലരും ശ്രമിക്കും. എന്നാൽ, സമൂഹത്തിലെ എല്ലാവരേയും ഒന്നു പോലെ ബാധിക്കുന്ന ഒട്ടുമിക്ക വിഷയങ്ങളിലും ഭൂരിപക്ഷപേരും നിശ്ശബ്ദരാകാൻ ശ്രമിക്കുന്നു!
ഈ ലേഖകൻ്റെ സ്ഥിരം പംക്തിയായ ”വാരാന്ത ചിന്തകൾ” എന്ന ലേഖനപരമ്പരയുടെ കഴിഞ്ഞ ആഴ്ചയിലെ വിഷയം വിലക്കയറ്റത്തിനെതിരേ ഉള്ളതായിരുന്നു. സാധാരണയിൽനിന്നും വളരെ കുറച്ചുപേർ മാത്രമേ ‘വിലയേറ്റത്തിൽ വലയും വിലയില്ലാ മനുഷ്യൻ’ എന്ന ആ ലേഖനത്തോട് പ്രതികരിച്ചിട്ടുള്ളു. അനുകൂലമോ പ്രതികൂലമോ ആകട്ടെ, പ്രതികരിക്കാൻ പലരും വിമുഖരാണ്. എന്നാൽ അതിന് തൊട്ടുമുമ്പുള്ള “നീതിക്കായ് കേഴും അതിജീവിതർ” എന്ന ലേഖനത്തോട് വളരെയധികം പേർ നന്നായി പ്രതികരിക്കാനും തയ്യാറായി. ഇന്നിവിടെ വിവാദമായി നിൽക്കുന്ന ആ വിഷയത്തോട് എല്ലാവരും അനുകൂലമായി പ്രതികരിച്ചപ്പോഴും, നമ്മുടെ നിത്യജീവിതത്തെ സാരമായി ബാധിക്കുന്ന വിലക്കയറ്റ വിഷയം ആരുമേ ഗൗരവമായെടുത്തില്ല. അതിനെതിരേ ശക്തമായൊരു പ്രതികരണം നാം എവിടെയും കാണുന്നില്ല! അങ്ങേയറ്റം വിരോധാഭാസമായി തോന്നിയ ആ യാഥാർത്ഥ്യം ഇവിടെ തുറന്നു പറയാതെ പോകുവാനും എനിക്കു കഴിയുന്നില്ല. ഇന്നത്തെ ഈ ലേഖന വിഷയത്തിലേക്കെന്നെ നയിച്ചതുപോലും ഈ അനുഭവം തന്നെയാണ്.
എന്നും വിവാദങ്ങളെ മുറുകെപ്പിടിച്ച് അതിനെ കൃത്യമായി പിന്തുടരാനാണ് പലർക്കും താല്പര്യം! സമൂഹത്തിൽ അപൂർവ്വമായി സംഭവിക്കുന്ന കനിവിന്റെയും നന്മയുടെയും നല്ല വാർത്തകൾ നമ്മൾ കാണാതെ പോകും! നമ്മളാരും തന്നെ ആർക്കുവേണ്ടിയും ഒരിക്കലും ചെയ്യുവാൻ ഒരു സാധ്യതയുമില്ലാത്ത കരുണയോ തുണയോ മറ്റൊരാൾ സഹജീവിക്കുവേണ്ടി ചെയ്യുമ്പോൾ, ആ പ്രവൃത്തിയെ ഒന്നു പ്രോത്സാഹിപ്പിക്കാനോ അഭിനന്ദിക്കുവാനോ നമ്മുടെ ദുരഭിമാനചിന്ത അനുവദിക്കാറില്ല! പലർക്കും ആ പ്രവൃത്തിയെ പുച്ഛമായി കാണുവാനാകും കൂടുതൽ താല്പര്യം. അത്തരം സൽകർമ്മങ്ങൾക്ക് യഥാകാലം നല്ല പിന്തുണ കൊടുത്താൽ മാത്രമേ മറ്റുള്ളവർക്കും അതൊരു പ്രചോദനമായി മാറുകയുള്ളു. അത് ഇവിടെ സംഭവിക്കുന്നില്ല എന്നതാണ് ആധുനിക സമൂഹത്തിന്റെ അപചയം. എന്നാൽ ഒരിക്കലും ഒരുവൻ ചെയ്യുവാൻ പാടില്ലാത്തൊരു പ്രവൃത്തി അയാൾ സഹജീവിയോട് ചെയ്യുകയാണെങ്കിൽ അതിന് ആവശ്യത്തിലും അധികമായിട്ടുള്ള ഒരു ശ്രദ്ധയാകും എല്ലാക്കോണിൽനിന്നും ലഭിക്കുക. നന്മയെക്കാളും അധികം പ്രസിദ്ധി തിന്മയ്ക്ക് ലഭിക്കുമ്പോൾ ചിലർക്കെങ്കിലും ആവിധമുള്ള പ്രവൃത്തികൾ ചെയ്ത് (കു)പ്രസിദ്ധരാകാനുള്ള താല്പര്യം തോന്നിയാലും അത്ഭുതപ്പെടേണ്ടതില്ല.
ഇത്തരം വ്യത്യസ്തമായ ചിന്തകൾ പലതുണ്ട്. പക്ഷേ,പലപ്പോഴും അതൊന്നും പങ്കുവയ്ക്കാൻ കഴിയാറില്ല; കാരണം നാട്ടിലെ വർത്തമാനകാല രാഷ്ട്രീയവും അതോടൊപ്പം കടന്നുവരാനുള്ള സാധ്യതയുണ്ടല്ലോ. സങ്കുചിതമായ രാഷ്ട്രീയ വീക്ഷണകോണിലൂടെ മാത്രമേ ചിലരൊക്കെ എന്തിനേയും നോക്കിക്കാണുള്ളു. മഞ്ഞളിച്ച കണ്ണുകൊണ്ടു നോക്കിയാൽ എന്തും മഞ്ഞിച്ചേ കാണൂ. രാഷ്ടീയം നല്ലതാണ്,ആവശ്യവുമാണ്. പക്ഷേ, തൻകാര്യ നേട്ടങ്ങൾക്കായി മാത്രമുള്ള രാഷ്ട്രീയമാണ് പ്രശ്നകാരിയായി മാറുന്നത്. അനീതിക്കെതിരെ ശക്തമായി പ്രതികരിക്കാൻ എല്ലാ രാഷ്ട്രീയക്കാരും മടിക്കുന്നു! അവർക്ക് വോട്ടാണ് മുഖ്യം! അത് നഷ്ടമാകാതിരിക്കാനേ ആരും ശ്രമിക്കൂ. കേരളനാടിൻ്റെ ശ്രേഷ്ഠമായ മതസൗഹാർദ്ദത്തെപ്പോലും തകർക്കുവാനുള്ള ചിലരുടെ മനഃപൂർവമായിട്ടുള്ള ശ്രമങ്ങളേയും ചില രാഷ്ട്രീയസാഹചര്യങ്ങളിൽ അവർക്ക് പിന്തുണയ്ക്കേണ്ടി വരുന്നത് സങ്കടകരമല്ലേ? സാമാന്യ ചിന്താശേഷിയുള്ള നമുക്കെല്ലാർക്കും ബോധ്യമുള്ള കാര്യങ്ങളാകയാൽ അതിനെപ്പറ്റി കൂടുതൽ വിവരിക്കേണ്ടതില്ല.
അടുത്ത വാരാന്ത്യം വ്യത്യസ്തമായ മറ്റൊരു ചിന്തയിലൂടെ നമുക്കൊത്തുചേരാം.
രാജൻ രാജധാനി