17.1 C
New York
Wednesday, August 17, 2022
Home Special വിളയാട്ടം തുടരുന്ന സദാചാരഗുണ്ടകൾ (വാരാന്തചിന്തകൾ - അദ്ധ്യായം -39)

വിളയാട്ടം തുടരുന്ന സദാചാരഗുണ്ടകൾ (വാരാന്തചിന്തകൾ – അദ്ധ്യായം -39)

✍രാജൻ രാജധാനി

അവർ പൂന്തുവിളയാടുകയാണ്; സാക്ഷാൽ സദാചാര ഗുണ്ടകൾ! കരിമ്പനകളുടെ നാടായ അങ്ങ് പാലക്കാട്ടു നിന്നുമാണ് ഇക്കുറി വാർത്ത എത്തിയിട്ടുള്ളത്. പാലക്കാട് കല്ലടിക്കോട്ടുള്ള ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികളാണ് ഈ ‘സദാചാരസംരക്ഷകരുടെ’ ക്രൂരമായിട്ടുള്ള മർദ്ദനത്തിനും ഭീഷണിക്കും ഇരയായിതീർന്നത്. ആൺ-പെൺകുട്ടികൾ ബസ്റ്റോപ്പിൽ അടുത്തു ചേർന്നിരുന്നു എന്നതാണ് അവർ ചെയ്തതായ ‘പെരുംതെറ്റ്!’ ആധുനിക ഡിജിറ്റൽലോകത്ത് ഒരിക്കലും ആരും തന്നെ ചെയ്യാൻ പാടില്ലാത്ത അക്ഷന്തവ്യമായ തെറ്റ്!നമ്മുടെ സമൂഹത്തിലെ സദാചാരസംരക്ഷകർ എങ്ങനെ ഇത്തരം ഒരു പ്രവൃത്തിയോട് പ്രതികരിക്കാതിരിക്കും, ഇല്ലേ? ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇനി പ്രത്യേകം പ്രത്യേകം ക്ലാസ്സ്മുറികൾ വേണ്ടതില്ല എന്ന നിർദ്ദേശം ബന്ധപ്പെട്ടവർ നൽകിയതിന്റെ തൊട്ടടുത്ത ദിവസമാണെന്നു തോന്നുന്നു ഇത് സംഭവിക്കുന്നത്. മാത്രമോ, ഈ ക്രൂരതകളെല്ലാം നടക്കുമ്പോൾ ആ സ്കൂളിലെ പ്രിൻസിപ്പലിൻ്റെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നു എന്നതാണ്. എങ്കിലും സംഘടിതമായ ആ ആക്രമണത്തിനു മുമ്പിൽ അദ്ദേഹത്തിനും നിസ്സാഹയതയോടെ നോക്കിനില്ക്കാനല്ലേ കഴിയുമായിരുന്നുള്ളു!

നിർഭാഗ്യമെന്നു പറയട്ടെ: നമ്മുടെ രാഷ്ട്രീയ നേതാക്കൾക്കു നേർക്ക് കറുപ്പുനിറം കാട്ടുന്ന കക്ഷിരാഷ്ട്രീയ പ്രതിഷേധക്കാരോടു കാട്ടുന്ന ആ ക്രൗര്യവും ശൗര്യവുമൊന്നും നിയമപാലകർ ഈ സാമൂഹ്യവിരുദ്ധരോട് കാട്ടുന്നില്ല! എന്താണ് അതിന്റെ കാരണം? ഒരുപക്ഷേ, തങ്ങൾക്ക് ആ പാവം കുട്ടികളോട് കാട്ടുവാൻ കഴിയാത്തതായ കാര്യം ഈ തെമ്മാടികളെങ്കിലും കാട്ടട്ടെയെന്ന് കാക്കിക്കുപ്പായക്കാരും കരുതുന്നുണ്ടാകുമോ? സത്യം അത് എന്തുതന്നെയായാലും ഈ ശുദ്ധ തെമ്മാടിത്തം കാട്ടുന്ന ‘പകൽമാന്യൻമാർക്ക് ‘ തക്കതായ ശിക്ഷ നൽകിയേ മതിയാകൂ. അത് കൃത്യമായി നൽകാത്തതിനാലല്ലേ ഇക്കൂട്ടർക്ക് ഇടയ്ക്കിടെ തലപൊക്കാൻ കഴിയുന്നതും. ആ മർദ്ദനമേറ്റ കുട്ടികളുടെ മാതാപിതാക്കൾ നേരേ പൊലീസ്സ്റ്റേഷനിൽ ചെന്നു പരാതിനൽകിയിട്ടും അതു വാങ്ങി ഭദ്രമായി വച്ചിട്ട്, അടുത്ത ദിവസം വരൂ നോക്കട്ടെ എന്നാണ് പറഞ്ഞത്. സമ്മർദ്ദം ഏറിയപ്പോൾ രണ്ടുമൂന്നു സാമൂഹ്യദ്രോഹികളെ അറസ്റ്റു ചെയ്തങ്കിലും, അടുത്ത മണിക്കൂറിൽ തന്നെ അവരെയെല്ലാം നിസ്സാരകുറ്റം ചുമത്തി സ്റ്റേഷൻ ജ്യാമ്യത്തിൽ വിടുകയും ചെയ്തു. ഈ സദാചാര സംരക്ഷകരുടെ ഇരുളിൻ്റെ മറവിലെ ചെയ്തികൾ ഒന്നു മറനീക്കി നോക്കിയാലാണ് ഇവരുടെ യഥാർത്ഥ പ്രവൃത്തികൾ എന്തെന്ന് നമുക്ക് മനസ്സിലാകുക! അതിന് ആരെങ്കിലും മുമ്പോട്ടു വരുമോ?

ഓർക്കണം: ഒട്ടും തെളിവില്ലാത്ത പരാതികളുടെ പേരിൽപോലും രാഷ്ട്രീയ എതിരാളികളെ ഉടൻ അകത്താക്കി താക്കോൽ പോക്കറ്റിലിടുന്നതും ഇതേ പൊലീസ് തന്നെയാണ്. ആരോടും ഒരു വിധേയത്വവും കാട്ടാതെ നിഷ്പക്ഷമായി മാത്രം പ്രവർത്തിക്കുന്ന ഒരു പൊലീസ് സേന നമുക്ക് ഇല്ലാതെ പോയി! അഥവാ സത്യസന്ധരായിട്ടുള്ള അത്തരം ഉദ്യോഗസ്ഥർക്ക് സേനയിൽ സ്ഥാനം ഇല്ലാതെയായി. സ്വതന്ത്രമായിട്ടുള്ള ഒരു നിലപാട് സ്വീകരിക്കുന്നവർക്ക് എത്രകാലം യൂണിഫോം അണിഞ്ഞ് ഔദ്യോഗിക പദവി അലങ്കരിക്കാൻ കഴിയുക; എല്ലാം ചിന്തനീയം! പുഴുക്കുത്തുകൾ അവിടവിടെ ഉണ്ടെങ്കിലും നമ്മുടെ ഈ പോലീസ് മിടുക്കരാണ്; സ്വതന്ത്രമായി പ്രവർത്തിക്കുവാൻ അനുവദിക്കുമെങ്കിൽ! അപഹാസ്യമായ മറ്റൊരു കാര്യവും ഇതിനിടെ ഇവിടെ നടന്നിട്ടും അതിന് കാര്യമായ പൊതുജനശ്രദ്ധ ലഭിക്കാതെ പോയി എന്നതാണ് സത്യം. വടക്ക് തലശ്ശേരിക്കടുത്ത് സന്ധ്യനേരം സ്വന്തം വാഹനത്തിൽ കടൽപ്പാലം കാണുവാനെത്തിയ ദമ്പതികളുടെ നേർക്കാണ് നമ്മുടെ പൊലീസുകാർ ‘സദാചാരവിക്രിയകൾ’ കാട്ടിയത്. ഭാര്യയുടെ മുമ്പിൽ വച്ച് അങ്ങേയറ്റം ക്രൂരമായി ആ യുവാവിനെ മർദ്ദിക്കുകയും ആ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടും കാര്യമായ ഞെട്ടലൊന്നും ആർക്കുമുണ്ടായില്ല.

പലപ്പോഴും നമ്മുടെ പൊലീസുകാർ പോലും ‘സദാചാരപൊലീസാ’യി മാറുന്ന കാഴ്ചയാണ് നമ്മളവിടെയും കാണുന്നത്. കാക്കിധാരികളായ ‘സദാരപൊലീസിൽ’ നിന്ന് തികച്ചും ക്രുരമായ അനുഭവമാണവർക്ക് ഉണ്ടായതെങ്കിൽ നമ്മൾ ഇനി എവിടെ ആരോടാണ് പരാതിപ്പെടേണ്ടത്? ‘വേലിതന്നെ വിളവു തിന്നുന്ന കാലമല്ലേയിത്!’ പോലീസിന്റെ അനീതിയെ ആർക്കാണ് ചോദ്യം ചെയ്യാൻ കഴിയുക! അവരുടെ നിയമവിരുദ്ധ പ്രവൃത്തിയെ ആരെങ്കിലും എതിർക്കുന്നപക്ഷം അവർക്കെതിരെ പ്രയോഗിക്കുവാൻ നല്ലൊരു ആയുധം അവർക്കുണ്ട്; കൃത്യനിർവ്വഹണത്തിന് വിഘ്നമുണ്ടാക്കിയെന്ന കുറ്റം. ആർക്കും നേരേ എപ്പോഴും പ്രയോഗിക്കാവുന്ന ‘നല്ലൊരായുധം!’ പലപ്പോഴും കോടതികളിലും അവരുടെ ഇത്തരം മൊഴികൾക്കാകും ബലം ലഭിക്കുക. അങ്ങനെ വാദിയെ പ്രതിയാക്കുന്ന മിടുമിടുക്കല്ലേ നമ്മുടെ പൊലീസ് പലപ്പോഴും കാട്ടാറുള്ളത്. എത്രതന്നെ സംസ്ക്കാരസമ്പന്നമായ കുടുബത്തിൽ നിന്ന് എത്തുന്ന വിദ്യാസമ്പന്നരായാലും, പൊലീസിൽ എത്തിയാൽ പിന്നെ അവരുടെ നാക്കും വാക്കും ഒക്കെ സൗമ്യതയും സഭ്യതയുമൊക്കെ മറന്നേ പോകുന്നു. താമസ്സംവിനാ അവരും പച്ചയായ വെറും പൊലീസുകാരായി മാറുന്നു. ഒക്കെയും
നമ്മുടെ വിധി!

അടുത്ത വാരാന്ത്യം മറ്റൊരു വിഷയവുമായി എത്താമെന്ന് പ്രതീക്ഷിക്കുന്നു.

✍രാജൻ രാജധാനി

Facebook Comments

COMMENTS

- Advertisment -

Most Popular

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: