വാഷിംഗ്ടൺ ഡി.സി.: അമേരിക്കയിൽ നാളിതുവരെ കണ്ടിട്ടില്ലാത്ത വിധം ഗ്യാസ് വില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ അല്പമെങ്കിലും ആശ്വാസം നൽകുന്നതിന് അടുത്ത മൂന്നു മാസത്തേക്ക് ഫെഡറൽ ടാക്സിന് അവധി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പ്രസിഡന്റ് ബൈഡൻ കോൺഗ്രസ്സിനെ സമീപിച്ചു.
ബുധനാഴ്ചയാണ് ബൈഡൻ സെപ്റ്റംബർ വരെ ഫെഡറൾ ടാക്സ് ഒഴിവാക്കണമെന്ന് കോൺഗ്രസ്സിനോട് ആവശ്യപ്പെട്ടത്. ഗ്യാസൊലിന്‍ ഗ്യാലന് 18 സെന്റും, ഡീസലിന് 24 സെന്റുമാണ് ഫെഡറൽ ടാക്സ് ഈടാക്കുന്നത്.
സംസ്ഥാന ടാക്സും, ഓയിൽ കമ്പനികളുടെ ടാക്സും ഇതോടൊപ്പം ഒഴിവാക്കണമെന്ന് ബൈഡൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഗ്യാസ് വില കൂടിയതിന് റഷ്യൻ ഉക്രെയ്ൻ യുദ്ധത്തെയാണ് കുറ്റപ്പെടുത്തുന്നതെങ്കിലും, സംസ്ഥാനങ്ങൾക്കും ഓയിൽ കമ്പനികൾക്കും ഇതിൽ പങ്കുണ്ടെന്ന് ബൈഡൻ പറഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വിലയിൽ കുറവു അനുഭവപ്പെട്ടിട്ടും, ഗ്യാസിന്റെ വിലയിൽ മാറ്റമില്ലാതെ തുടരുന്നതിനെയും ബൈഡൻ വിമർശിച്ചു.
ഒരു ഗ്യാലൻ ഗ്യാസിന് നാഷ്ണൽ ആവറേജ് 5 ഡോളറാണ്. ഈ വർഷാരംഭത്തിനു മുമ്പ് അമേരിക്കയിലെ ഏറ്റവും ഉയർന്ന ശരാശരി ഗ്യാസ് വില 4.14 ഡോളറായിരുന്നു. 2008 ജൂലായ് മാസമാണ് ഇത്രയും ഉയർന്ന ഗ്യാസ് വില രേഖപ്പെടുത്തിയത്.
ഗ്യാസ് വില ഉയരുന്നതു നവംബറിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിനെ ദോഷകരമായി ബാധിക്കുമെന്നതിനാലാണ് ബൈഡൻ ഇങ്ങനെയൊരു തീരുമാനത്തിലെത്തി ചേർന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
റിപ്പോർട്ട്: പി.പി. ചെറിയാൻ