വാഷിംഗ്ടൺ ഡി.സി: അമേരിക്കയിൽ മാസ് ഷൂട്ടിംഗ് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ തോക്ക് വിൽപ്പനയിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യത്തിന് യു.എസ് സെന്ററിൽ അംഗീകാരം. ചൊവ്വാഴ്ച അവതരിപ്പിച്ച ഗൺ കൺട്രോൾ ബിൽ ഇരു പാർട്ടികളുടെയും സഹകരണത്തോടെയാണ് പാസാക്കിയത് .
ഇരു പാർട്ടികൾക്കും 50 – 50 കക്ഷി നിലയിൽ നിന്നും വ്യത്യസ്തമായി ഡെമോക്രാറ്റിക്ക് പാർട്ടിയുടെ 50 അംഗങ്ങൾക്ക് ഒപ്പം റിപ്പബ്ലിക്കൻ പാർട്ടിയിലെ 14 അംഗങ്ങൾ അനുകൂലിച്ചു } വോട്ടു ചെയ്തു . റിപ്പബ്ലിക്കൻ പാർട്ടിയുടെ ഭാഗത്തു നിന്നും ജോൺ കോനിന്റെ നേതൃത്വത്തിലാണ് റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചത്..
ബൈഡൻ മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നത് പോലെ ഗൺ വാങ്ങുന്നതിനുള്ള പ്രായപരിധി 21 ആക്കണമെന്നതും മാരക പ്രഹര ശേഷിയുള്ള തോക്കുകളുടെ വിൽപ്പന ഒഴിവാക്കണമെന്നതും ബില്ലിൽ ഇല്ല. മറിച്ച് 21 വയസ്സിന് താഴെ തോക്ക് വാങ്ങുന്നവരുടെ ബാക്ഗ്രൗണ്ട് ചെക്ക് നടത്തണമെന്ന നിർദ്ദേശവും മാനസിക അസ്വാസ്ഥ്യമുള്ളവരിൽ നിന്നും സമൂഹത്തിന് ഭീഷണിയുള്ളവരിൽ നിന്നും തോക്കുകൾ പിടിച്ചു വാങ്ങുന്നതിനുള്ള വ്യവസ്ഥകൾ മാത്രമാണ് ബില്ലിലുള്ളത് .
വീണ്ടും ഈ ബിൽ വെള്ളിയാഴ്ച വോട്ടെടുപ്പിന് വരും അതിന് ശേഷം യു.എസ് ഹൗസും ബിൽ പാസാക്കേണ്ടതുണ്ട്. 1994 ന് ശേഷമാണ് ഇത്രയും കർശനമായ നിയമനിർമാണം നടപ്പാക്കുന്നത് . നിലവിലുള്ള തോക്ക് ഉടമസ്ഥർക്ക് ഈ നിയമം മൂലം യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ലെന്നും ബിൽ ഉറപ്പു നൽകുന്നു .
റിപ്പോർട്ട്: പി.പി. ചെറിയാൻ