കേരളത്തിന്റെ കലാരംഗത്തും സാമൂഹ്യസാംസ്‌കാരിക രംഗങ്ങളിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് പ്രേംജി. നാടകരംഗത്തുനിന്ന് സിനിമയിലേക്കെത്തിയ അദ്ദേഹം ഒരൊറ്റ സിനിമ കൊണ്ടുതന്നെ പ്രേക്ഷകമനസ്സുകളെ കീഴടക്കിയ അഭിനേതാവാണ്. അനായാസവും അനിതരസാധാരണവുമായ അഭിനയമികവിനുടമയായ അദ്ദേഹത്തെ പോലുള്ള നടൻമാർ ഇന്ത്യൻ സിനിമയിൽ തന്നെ വിരളമാണ്.
മലപ്പുറം ജില്ലയിൽ 1908 സെപ്റ്റംബർ 23 നായിരുന്നു മുല്ലമംഗലത്ത് പരമേശ്വരൻ ഭട്ടതിരിപ്പാട് എന്ന പ്രേംജിയുടെ ജനനം. മുല്ലമംഗലത്ത് കേരളൻ ഭട്ടതിരിപ്പാടും ദേവസേന അന്തർജ്ജനവുമാണ് മാതാപിതാക്കൾ. കവിയും നാടകനടനും എന്നതിലുപരി ഒരു സാമൂഹ്യപരിഷ്കർത്താവ് കൂടിയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സാമൂഹിക കാഴ്ചപ്പാടുകളെ വെല്ലുവിളിക്കുന്ന ഒന്നായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അക്കാലത്തു സമുദായത്തിൽ നിഷിദ്ധമായിരുന്ന വിധവാവിവാഹം സ്വന്തം ജീവിതത്തിൽ തന്നെ നടപ്പിലാക്കിക്കൊണ്ട് അദ്ദേഹം അനേകം ചെറുപ്പക്കാർക്ക് ഒരു വലിയ മാതൃകയായി.
വി ടി ഭട്ടതിരിപ്പാടിന്റെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്ക് അദ്ദേഹം കടന്നുവരുന്നത്. ഒട്ടേറെ നാടകങ്ങളിൽ അദ്ദേഹം വേഷമിട്ടു. നാടകത്തിലെ അഭിനയപരിചയം സിനിമയിലേക്കുള്ള വഴിതുറന്നു. മിന്നാമിനുങ്ങ് ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. തച്ചോളി ഒതേനൻ, കുഞ്ഞാലി മരയ്ക്കാർ, സിന്ദൂരചെപ്പ്, പിറവി തുടങ്ങി അറുപതോളം ചിത്രങ്ങളിൽ അഭിനയിച്ചു. പിറവിയിലെ രാഘവചാക്യാർ എന്ന കഥാപാത്രമാണ് അദ്ദേഹത്തെ അവിസ്മരണീയനാക്കിയത്.
പിറവിയിലെ അഭിനയത്തിന് അദ്ദേഹത്തിന് 1988 ലെ മികച്ച നടനുള്ള കേന്ദ്ര, സംസ്ഥാന അവാർഡുകൾ ലഭിച്ചു. 1998 ഓഗസ്റ്റ് പത്തിനായിരുന്നു അന്ത്യം.
പ്രേംജി എന്ന നടനെ പ്രശസ്തിയുടെ നെറുകയിലെത്തിച്ച പിറവി എന്ന ചിത്രത്തിലേക്ക് ഒരെത്തിനോട്ടം
************
ശ്രീ ഷാജി എൻ കരുൺ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 1989 ൽ പുറത്തിറങ്ങിയ ‘പിറവി’. അടിയന്തിരാവസ്ഥക്കാലത്തും അതിന് ശേഷവും കേരളത്തിലെ രാഷ്ട്രീയ, സാമൂഹ്യ മണ്ഡലങ്ങളിൽ കോളിളക്കം സൃഷ്‌ടിച്ച, ഇന്നും മലയാളികളുടെ മനസ്സിലെ ഉണങ്ങാത്ത മുറിവായ ഒരു സംഭവത്തെ അവലംബിച്ചാണ് ഈ സിനിമ. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കപ്പെട്ട ഈ ചിത്രം ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെട്ട ഒരേടാണ്. ദേശീയ അവാർഡ് അടക്കം നിരവധി ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങൾ ഈ ചിത്രം കരസ്ഥമാക്കി.
പ്രേംജി എന്ന അതുല്യപ്രതിഭയുടെ അഭിനയമികവ് കൊണ്ട് അനശ്വരമാക്കപ്പെട്ട രാഘവചാക്യാർ എന്ന കഥാപാത്രത്തിന്റെയും കുടുബത്തിന്റെയും കാത്തിരിപ്പിന്റെ കഥയാണ് പിറവി. പ്രതീക്ഷയാണ് ഓരോ കാത്തിരിപ്പിനെയും സുഖകരമാക്കുന്നത്. ആ പ്രതീക്ഷ കെടുമ്പോഴും അനന്തമായ കാത്തിരിപ്പിനായി വിധിക്കപ്പെടുന്ന ജീവിതങ്ങളുടെ നിസ്സഹായമായ മുഖങ്ങൾ കണ്ടിട്ടുണ്ടോ നിങ്ങൾ? മഴക്കാലത്തെ ഓർമ്മിപ്പിക്കും വിധം ചില നേരങ്ങളിൽ ആർത്തലച്ചു പെയ്യുകയും ചിലപ്പോൾ മൂടിക്കെട്ടി നിശബ്ദമാക്കപ്പെടുകയും ചെയ്യുന്നുണ്ടാവും അവരുടെ ദുഃഖം.
നഗരത്തിലെ കോളേജിൽ ഉപരിപഠനത്തിനായി പോയ ചാക്യാരുടെ മകൻ രഘുവിന്റെ തിരോധാനമാണ് സിനിമയുടെ ഇതിവൃത്തം. പക്ഷെ ഒരിക്കൽ പോലും ആ തിരോധാനത്തിന്റെ കാരണങ്ങളിലേക്കോ അതിലേക്ക് നയിക്കുന്ന രാഷ്ട്രീയ, സാമൂഹ്യ പശ്ചാത്തലങ്ങളിലേക്കോ സിനിമ കടന്നുചെല്ലുന്നില്ല. പോലീസ് കസ്റ്റഡിയിലെടുക്കുന്ന രഘുവിനെ പിന്നീടാരും കണ്ടിട്ടില്ല. രഘുവിനെ അന്വേഷിച്ചു ആഭ്യന്തര മന്ത്രിയെയും ഐ ജിയേയും കാണാനിറങ്ങേണ്ടി വരുന്ന, അവർ പറയുന്ന പച്ചക്കള്ളങ്ങളെ മുഴുവൻ വിശ്വസിക്കുന്ന നിഷ്കളങ്കനായ, നിസ്സഹായനായ, വൃദ്ധനായ ഒരച്ഛൻ. ആ അച്ഛനോടൊപ്പം വേച്ചുവേച്ചു നടന്നും പടവുകൾ കയറുമ്പോൾ കിതച്ചും അടിതെറ്റി വീഴുമ്പോൾ നെടുവീർപ്പിട്ടും കാഴ്ചക്കാരന്റെ മനസ്സ് പിടയും. ഓരോ ദിവസത്തെ ലാസ്റ്റ് ബസിലും അവസാനിക്കുന്ന പ്രതീക്ഷകൾ പെരുമഴയിലും കാഴ്ചക്കാരന്റെ മനസ്സിനെ ചുട്ടുപൊള്ളിക്കും. അക്കരെയ്ക്കുള്ള തോണിയിലെ പ്രതീക്ഷകൾ ഇക്കരെയ്ക്കുള്ള തോണിയിൽ നിരാശകൾക്ക് വഴിമാറുമ്പോൾ നിരാശയുടെ തണുപ്പ് പ്രേക്ഷകമനസ്സുകളിലും അരിച്ചിറങ്ങും.
നീതി നിഷേധത്തിന്റെ ഇരയായ ആ അച്ഛനെ ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി ഒരിക്കലെങ്കിലും സ്വന്തം അച്ഛന്റെ സ്ഥാനത്ത് സങ്കല്പിച്ചു പോകും നിങ്ങൾ. പ്രേംജി എന്ന നടന്റെ അഭിനയവൈഭവത്തെ നമിക്കാതെ വയ്യ, ഒപ്പം ഷാജി എൻ കരുണിന്റെ സംവിധാന മികവിനെയും. തോണിക്കാരനും തോണിയും പിന്നെ നിർത്താതെ പെയ്യുന്ന മഴയും ഈ സിനിമയിലെ മുഖ്യ കഥാപാത്രങ്ങളാണ്.
ഈ ചിത്രം നിങ്ങളുടെ ഉള്ളു പൊള്ളിക്കും. നിങ്ങളിലെ മനുഷ്യത്വത്തെ ചോദ്യം ചെയ്യും. ഒപ്പം ഒരിറ്റു കണ്ണീരേറ്റു വാങ്ങി, ഒച്ചപ്പാടുകൾ ബാക്കി വയ്ക്കാതെ മറവിയുടെ കയങ്ങളിലേക്ക് സ്വയം ആഴ്ന്നിറങ്ങിയ ചാക്യാരെയും വെള്ളായിയപ്പനെയും (കടൽത്തീരത്തിലെ വെള്ളായിയപ്പൻ ) പോലുള്ള മനുഷ്യരുടെ നിസ്സഹായത നിങ്ങളിലും നിറയും. ഇതുപോലുള്ള മനുഷ്യർ ഇന്നും നമുക്കിടയിലുണ്ടാവും. നമ്മുടെയൊക്കെ ചിന്തകളിലെവിടെയോ മറവിയുടെ മാറാല മൂടിക്കിടക്കുന്ന നിസ്സഹായരായ ഒരുപറ്റം അച്ഛന്മാരുടെ ഓർമ്മകൾക്ക് പ്രണാമമർപ്പിക്കുന്നു. ഒപ്പം പ്രേംജി എന്ന അസാമാന്യ കലാകാരനും ആദരപൂർവ്വം പ്രണാമമർപ്പിക്കുന്നു.
ദിവ്യ എസ് മേനോൻ✍
👍