💫കോവളം കുന്നുംപാറ ക്ഷേത്രം💫
കോവളം കുന്നുമ്പാറ ക്ഷേത്രത്തിൽ സുഹൃത്ത് റോജിൻ മാത്യുവുമൊന്നിച്ച് ഇന്നലെ പോയിരുന്നു. സാരഥിയായി സുനിലും. തിരുവനന്തപുരത്തു നിന്നും പോകുമ്പോൾ കോവളം ജംഗ്ഷന് തൊട്ടു മുൻപുള്ള വാഴമുട്ടത്തു നിന്നും ഇടത്തേക്ക് തിരിഞ്ഞ് ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം. വലിയൊരു കുന്ന്. കുന്നിൻ പുറത്ത് വലിയൊരു പാറ. കുന്നുമ്പാറ. അതിമനോഹരമായ പ്രദേശം. പാറപ്പുറത്താണ് ക്ഷേത്ര നിർമ്മിതി. മുരുകക്ഷേത്രം.
ഹരിതാഭമായ താഴ്‌വാരം. അതിനപ്പുറം അറബിക്കടൽ. കടലിൽ നിന്നുള്ള കാറ്റ് സദാസമയവും. നട്ടുച്ചയിലും കുളിർമ്മ. തൊട്ടടുത്ത് അഗസ്ത്യമുനി സന്ദർശിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന മറ്റൊരു പാറക്കെട്ടുമുണ്ട്. അവിടെ നിന്നാൽ വെള്ളായണിക്കായലും കാണാം. അവിടവും മനോഹരം തന്നെ.
കഥാപ്രസംഗ ചരിത്രത്തിൽ കോവളം കുന്നുമ്പാറ ക്ഷേത്രത്തിന് സവിശേഷമായൊരു സ്ഥാനമുണ്ട്. 1924 മെയ്മാസത്തിൽ വടക്കൻ പറവൂരെ ചേന്ദമംഗലം വടക്കുംപുറത്തെ കേളപ്പനാശാന്റെ നിലത്തെഴുത്ത് കളരിമുറ്റത്ത് ചരിത്രത്തിലെ ആദ്യകഥാപ്രസംഗം അവതരിപ്പിച്ച് ആദ്യകാഥികനെന്ന് പ്രഖ്യാതനായ സ്വാമി സത്യദേവൻ തന്റെ കലാസപര്യക്ക് തുടക്കം കുറിച്ചത് കോവളം കുന്നുംപാറ ക്ഷേത്രമുറ്റത്ത്.
കുന്നുംപാറ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയത് ശ്രീനാരായണ ഗുരുദേവനാണ്.126 വർഷങ്ങൾക്ക് മുൻപ്. പിൽക്കാലത്ത്, കൊല്ലവർഷം 1096 ൽ(1921) കുന്നുംപാറ ക്ഷേത്രത്തിൽ ഒരു ഹരികഥാകാലക്ഷേപം അരങ്ങേറി. അവതരിപ്പിച്ചത് നീലകണ്ഠൻ ഭാഗവതർ. ഭാഗവതരുടെ ജന്മസ്ഥലം ചേർത്തലയാണ്. കൃത്യമായി പറഞ്ഞാൽ ചേർത്തല പുത്തനമ്പലത്തിനടുത്ത് കണ്ണാട്ടു വീട്. സഞ്ചാരപ്രിയനും സംഗീതപ്രിയനുമായ നീലകണ്ഠൻ ഇന്ത്യയുടെ വിവിധ ഭാഗങ്ങൾ സഞ്ചരിക്കുകയും തമിഴ്നാട്ടിലെ കുംഭകോണത്ത് മൂന്നുവർഷം താമസിച്ച് സംഗീതം അഭ്യസിക്കുകയും ചെയ്തതിനു ശേഷമാണ് ഭാഗവതരായി നാട്ടിലേക്ക് മടങ്ങുന്നത്.
തമിഴ്ഹരികഥാകാലക്ഷേപമെന്ന കലാരൂപത്തിൽ ഏറെ ആകൃഷ്ടനായ ഭാഗവതർ അത്തരമൊരു പരിപാടി നാട്ടിലും അവതരിപ്പിക്കണമെന്നതാൽപര്യവുമായി നടക്കുമ്പോഴാണ് കവി കുമാരനാശാനുമായി പരിചയപ്പെടുന്നത്. ആശാനുമായുള്ള ബന്ധം കോവളം കുന്നുമ്പാറ ക്ഷേത്രത്തിലെ ഉത്സവത്തിന് ഹരികഥയവതരിപ്പിക്കാനുള്ള സന്ദർഭമൊരുക്കി.
അങ്ങനെ നീലകണ്ഠൻ ഭാഗവതർ അവിടെ മാർക്കാണ്ഡേയ ചരിതമെന്ന ഹരികഥ അവതരിപ്പിച്ചു.
രചന: എൻ.കുമാരനാശാൻ.
ഗുരുദേവൻ അന്ന് ഭാഗവതരുടെ പ്രകടനം കേട്ടു. കണ്ടു. ഗുരുദേവൻ മാത്രമല്ല സഹോദരൻ അയ്യപ്പനും അവിടെ സന്നിഹിതനായിരുന്നു.
ഗുരുദേവനുമായുള്ള കൂടിക്കാഴ്ച ഭാഗവതരുടെ ജീവിതത്തെ ആകെ മാറ്റിമറിച്ചു. താമസിയാതെ അദ്ദേഹം നാരായണഗുരുവിന്റെ ശിഷ്യനായി. ഗുരുവിൽ നിന്ന് സന്യാസദീക്ഷ സ്വീകരിച്ചു. ഗുരുദേവൻ ഭാഗവതർക്ക് ഒരു സന്യാസനാമം നൽകി.
സ്വാമി സത്യദേവൻ. ഗുരുദേവന്റെ അനുഗ്രഹാശിസ്സുകളോടെ സത്യദേവൻ പുതിയൊരു കഥാകഥനസമ്പ്രദായം മലയാളികൾക്കായി അവതരിപ്പിച്ചു. അതാണ് കഥാപ്രസംഗം.