യുഎസ്എ:2021 ല്‍ ലൈബ്രറിയില്‍ വച്ച് സുഹൃത്തിന്‍റെ കൈയില്‍ നിന്നും ഗിന്നസ് വേൾഡ് റെക്കോർഡിന്‍റെ ഒരു വോള്യം താഴെ പോയി. അന്ന് ആ പുസ്തകം തുറന്ന് നോക്കിയപ്പോള്‍ യാദൃശ്ചികയാ കണ്ട ഒരു പേജാണ് കെൽസി ഗ്രബ്ബിന്‍റെ നേട്ടത്തിലേക്ക് വഴി തുറന്നത്.
തലതിരിഞ്ഞവന്‍ / അവള്‍ എന്ന പ്രയോഗം നമ്മുടെ സമൂഹത്തില്‍ അത്ര അസാധാരണമായ പ്രയോഗമല്ല. പൊതുസമൂഹത്തിന്‍റെ ബോധ്യത്തില്‍ നിന്നും മാറി നടക്കുന്നവരെയോ, അല്ലെങ്കില്‍ കുടുംബത്തിന്‍റെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി പെരുമാറുന്നവരെയോ സൂചിപ്പിക്കുന്നതിനായി നമ്മുടെ സമൂഹം, അതിന്‍റെ സാമൂഹിക ജീവിതത്തില്‍ നിന്നും രൂപപ്പെടുത്തിയ ഒരു പ്രയോഗമാണ് ‘തലതിരിഞ്ഞവന്‍ / അവള്‍’ എന്നത്. എന്നാല്‍ അങ്ങ് യുഎസ്എയിലെ ന്യൂമെക്സിക്കോയില്‍ നിന്നുള്ള ഒരു ‘കാല്‍തിരിഞ്ഞവ’ ളാണ് ഇപ്പോള്‍ വാര്‍ത്താ താരം. കെൽസി ഗ്രബ്ബ് എന്ന 32 -കാരിയാണ് തന്‍റെ കാല്‍പാദം തിരിച്ച് നേടിയത് ലോക റിക്കോര്‍ഡാണ്.
കാല്‍പാദം പിന്നില്‍ നിന്ന് മുന്നിലേക്ക് 180 ഡിഗ്രി കറക്കിയെടുത്താണ് കെൽസി ഗ്രബ്ബ് ഈ ലോക റെക്കാഡ് നേട്ടം സ്വന്തമാക്കിയത്. ഇതോടെ 173.3 ഡിഗ്രില്‍ കാല്‍ പാദം തിരിച്ച ലോക റെക്കോഡ് പഴങ്കഥയായി. എന്നാല്‍, താനീ നേട്ടത്തിലേക്ക് എത്തിയത് യാദൃശ്ചികമായാണെന്ന് അവര്‍ ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡിനോട് പറഞ്ഞു. 2021 ല്‍ ലൈബ്രറിയിലെ തന്‍റെ ജോലിക്കിടെ ഒരു സുഹൃത്തിന്‍റെ കൈയില്‍ നിന്നും ഗിന്നസ് വേൾഡ് റെക്കോർഡിന്‍റെ ഒരു വോള്യം താഴെ പോയി. അന്ന് ആ പുസ്തകം തുറന്ന് നോക്കിയപ്പോള്‍ യാദൃശ്ചികയാ കണ്ടത് കാല്‍ പാദം തിരിച്ചതിന് ലഭിച്ച ഗിന്നസ് ലോക റെക്കോർഡിന്‍റെ പേജായിരുന്നു. കാല്‍ പാദം ഇങ്ങനെ തിരിക്കാന്‍ പറ്റുമെന്നറിഞ്ഞപ്പോള്‍ സുഹൃത്ത് അത്ഭുതപ്പെട്ടു. എന്നാല്‍, ഒരു വെള്ള പേപ്പറില്‍ നിന്ന് കൊണ്ട് അത്തരത്തില്‍ ശ്രമിച്ചപ്പോള്‍, ലോക റെക്കോർഡ് തനിക്ക് നിഷ്പ്രയാസം തകര്‍ക്കാന്‍ കഴിയുമെന്ന് മനസിലായതായി കെൽസി ഗ്രബ്ബ് പറഞ്ഞു. എന്നാല്‍ സ്കെയില്‍ ഇല്ലാതിരുന്നതിനാല്‍ എത്രമാത്രം തിരിക്കാന്‍ കഴിയുമെന്ന് അടയാളപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കിലും തന്‍റെ ശരീരത്തിന് നല്ല മെയ്‍വഴക്കമുണ്ടെന്ന് അവള്‍ തിരിച്ചറിഞ്ഞു.