എല്ലാവർക്കും നമസ്കാരം
എന്തൊക്കെയുണ്ട് വിശേഷങ്ങൾ. ഇന്നും ഒരു മാമ്പഴ വിഭവം ആണ് ട്ടോ. വീട്ടിൽ നിന്ന് കൊണ്ടുവന്ന നല്ല മധുരമുള്ള മാമ്പഴം കഴിയും മുമ്പേ ഇഷ്ടമുള്ള വിഭവങ്ങൾ ഓരോ തവണയെങ്കിലും ഉണ്ടാക്കണ്ടേ. ‘മാംഗോ മസ്താനി’ അതാണ് ഇന്നത്തെ സ്പെഷ്യൽ വിഭവത്തിന്റെ പേര്. പേര് വായിച്ച ഉടൻ നിങ്ങൾക്കെന്താ ഓർമ്മ വന്നത്… എൻ്റെ മനസ്സിലേക്ക് കടന്നുവന്നത് രൺവീർ സിംഗും ദീപിക പദുക്കോണും ഗംഭീര പ്രകടനം കാഴ്ച വച്ച ‘ബാജിറാവുമസ്താനി’ എന്ന സൂപ്പർഹിറ്റ് സിനിമയും അതിമനോഹര ഗാനരംഗങ്ങളുമാണ്. പെഷ്വാ ബാജി റാവുവിന്റെ അതിസുന്ദരിയായ പ്രണയിനി – മസ്താനി.
പ്രണയത്തിലെന്ന പോലെ മരണത്തിലും ഒരുമിച്ച ഭാഗ്യം ചെയ്ത കമിതാക്കൾ.
ഇവിടെ നമ്മുടെ പൂനെ ഫെയിം ‘മാംഗോ മസ്താനി’ ക്ക് അതുമായി ബന്ധമൊന്നുമില്ല ട്ടോ. കഴിച്ചവരൊക്കെ “മസ്ത് ആഹെ” എന്നു പറഞ്ഞുവത്രെ. അങ്ങനെയാണത്രെ മസ്താനി എന്ന പേര് കിട്ടിയത്. എന്തായാലും പേരുപോലെ തന്നെ സൂപ്പർ ടേസ്റ്റ് ആണ്. മാംഗോ ഷേക്കും ഐസ്ക്രീമും നട്സും മാമ്പഴക്കഷണങ്ങളും ചേർന്നാൽ ടേസ്റ്റ് ഇല്ലാതിരിക്ക്വോ ല്ലേ. അപ്പോ ഉണ്ടാക്കിയാലോ.
💖 മാംഗോ മസ്താനി
🌸 ആവശ്യമായ സാധനങ്ങൾ
💖നല്ല മധുരമുള്ള മാമ്പഴം-രണ്ടെണ്ണം
💖പഞ്ചസാര-200 ഗ്രാം
💖വാനില ഐസ്ക്രീം-2 സ്കൂപ്പ്
💖തണുപ്പിച്ച പാൽ-200 മില്ലി
💖ഐസ്ക്രീം-1 സ്കൂപ്പ്
💖മാമ്പഴക്കഷണങ്ങൾ-ആവശ്യത്തിന്
💖ഡ്രൈ ഫ്രൂട്ട്സ്-ആവശ്യത്തിന്
💖ടൂട്ടി ഫ്രൂട്ടി-ആവശ്യത്തിന്
💖ഷുഗർ ബാൾസ്-ഒരു ടീസ്പൂൺ
🌸തയ്യാറാക്കുന്ന വിധം
💖 മാമ്പഴം തൊലി കളഞ്ഞ് കഷണങ്ങളാക്കിയതും പഞ്ചസാരയും രണ്ടു സ്കൂപ്പ് ഐസ്ക്രീമും പാലും ചേർത്ത് അടിച്ച് കഷണങ്ങളില്ലാതെ മാംഗോ ഷേക്ക് തയ്യാറാക്കുക.
💖സെർവ്വിംഗ് ഗ്ലാസ്സിലേക്ക് ഒരു സ്കൂപ്പ് ഐസ്ക്രീം പകർന്ന്, പിന്നെ ഡ്രൈ ഫ്രൂട്ട്സും ടൂട്ടി ഫ്രൂട്ടിയും മിക്സ് ചെയ്തത്, മാമ്പഴക്കഷണങ്ങൾ, അതിനു മുകളിലായി തയ്യാറാക്കിയ മാംഗോ ഷേക്ക്, വീണ്ടും ഐസ്ക്രീം, മാമ്പഴക്കഷണങ്ങൾ,ഡ്രൈ ഫ്രൂട്ട്സ്സ്-ടൂട്ടിഫ്രൂട്ടി, ഷുഗർ ബാൾസ് എന്ന രീതിയിൽ സെറ്റു ചെയ്തു ചെറു പുഞ്ചിരിയോടെ വിളമ്പൂ. കഴിച്ചവർ പറയും ‘ആഹാ! മസ്ത് ഹേ’
ദീപ നായർ (Deepz) ബാംഗ്ലൂർ✍