മരണം എന്ന ഉറക്കം!
(1 കോരി.15:50 – 58)
“ഹേ മരണമെ, നിന്റെ ജയം എവിടെ? ഹേ മരണമെ നിന്റെ വിഷമുള്ള് എവിടെ?
(വാ. 55).
മരിക്കാൻ ആഗ്രഹിക്കുന്നതും, മരണം എപ്പോൾ സംഭവിച്ചാലും, അതിനെ സ്വാഗതം ചെയ്യാൻ സന്നദ്ധരായി ജീവിക്കുന്നതും, തികച്ചും വ്യത്യസ്ഥങ്ങളായ അനുഭവങ്ങളാണ് ! ജീവിതത്തെ ഭയക്കുന്നവരാണ്, മരിക്കാൻ ആഗ്രഹിക്കുന്നത്. എന്നാൽ, ജീവിതത്തെ സ്നേഹിക്കുന്നവർ, ജീവിതം സാർത്ഥകമായി നയിക്കുന്നവർ, മരണം എപ്പോൾ ആഗതമായാലും അതിനെ സ്വാഗതം ചെയ്യുവാൻ സന്നദ്ധരായിരിക്കും? എന്നാൽ, അവർ എപ്പോഴും ക്രീയാത്മകമായി
ജീവിച്ചു കൊണ്ടിരിക്കുന്നവർ ആയിരിക്കും! ധ്യാന ഭാഗത്തു വി.പൗലൊസ് മരണത്തെ വെല്ലുവിളിക്കുന്നതാണു നാം കാണുനത്! യഥാർത്ഥ വിശ്വാസി മരണത്തെ ഒരു ഉറക്കം പോലെ മാത്രമേ ദർശിക്കുകയുള്ളൂ. രാത്രിയിൽ നാം ഉറങ്ങുന്നു. അടുത്ത പ്രഭാതത്തിൽ ഉണർന്നെഴുന്നേൽക്കുന്നു! ദൈവത്തോടൊപ്പം ജീവിക്കുന്നവർക്ക്, മരണം സമാനമായ അനുഭവം മാത്രമായിരിക്കും. അവർ ഒരിക്കലും മരണത്തെ ഭയപ്പെടേണ്ട കാര്യമില്ല!
പ്രസിദ്ധ എഴുത്തുകാരനും ലബനീസ് ക്രിസ്ത്യാനിയുമായിരുന്ന ഖാലിൽ ജിബ്രാൻ, തന്റെ ഒരു കഥയിൽ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്: ഒരിക്കൽ, മരണം ഒരു വലിയ സമ്പന്നന്റെ അടുത്തെത്തി അയാളോടു പറഞ്ഞു: ഞാൻ മരണമാണ്. താങ്കളെ കൊണ്ടുപോകാനായി വന്നതാണ്. എന്നെ അനുഗമിക്കുക?”
ഇതു കേട്ടു സമ്പന്നൻ ആകെ പരിഭ്രാന്തനായി ഇങ്ങനെ പറഞ്ഞു: “മരണമെ, ഞാൻ എന്റെ കടമകളൊന്നും ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. ദയാവായി
എനിക്കു കുറച്ചായുസ്സു കൂടെ തരണം?” മരണം അവിടെ നിന്നും ദരിദ്രനെങ്കിലും തികഞ്ഞ ഈശ്വരവിശ്വാസിയായ ഒരാളെ സമീപിച്ചു സമ്പന്നനോടു പറഞ്ഞ അതേ വാചകങ്ങൾ തന്നെ പറഞ്ഞു! അയാളുടെ പ്രതികരണം സമ്പന്നന്റേതിൽ നിന്നും തികച്ചും വിഭിന്നമായിരുന്നു! അയാൾ പറഞ്ഞു: “അല്ലയോ മരണമെ,
ഞാൻ തയ്യാർ.എപ്പോൾ നീ വന്നാലും നിന്നെ അനുഗമിക്കാൻ തയ്യാറായിത്തന്നെ
യാണു ഞാൻ ജീവിച്ചത്? ഞാൻ സന്തോഷത്തോടെ നിന്നെ അനുഗമിക്കുന്നു!”
ഇതൊരു ഭാവനാ കഥയാണ്! എന്നാൽ, അതു ചില ആത്മീയ സത്യങ്ങൾ വെളിപ്പെടുത്തുന്നു! ഈലോകത്തിന്റെ കെട്ടുപാടുകളിൽ –\ആശാപാശമാകുന്ന ബന്ധനങ്ങളിൽ — കുരുങ്ങിക്കിടക്കുന്നവർ, എപ്പോഴും മരണത്തെ ഭയപ്പെടുന്നവരായിരിക്കും. എന്നാൽ, ദൈവത്തോടൊപ്പം ജീവിക്കുന്നവർ, ക്രീയാത്മകമായും സാർത്ഥകമായും ജീവിക്കുന്നവർ, എപ്പോഴും മരണത്തെ സ്വാഗതം ചെയ്യാൻ സന്നദ്ധരുമായിരിക്കും! മരണം അവരിൽ യാതൊരു പിരിമുറുക്കങ്ങളും ഉണ്ടാക്കുകയില്ല. അവർ ജീവിച്ചാലും മരിച്ചാലും ദൈവത്തോട് ഒപ്പമായിരിക്കും! നമുക്കതിനു കഴിയുമെങ്കിൽ, മരണം നമുക്ക് ഒരു ഉറക്കം പോലെ മാത്രമേ തോന്നുകയുള്ളൂ. ദൈവം സഹായിക്കട്ടെ?
ചിന്തയ്ക്ക്: മരണം, നിത്യമായ ജീവനിലേക്കുള്ള ഒരു പ്രവേശന കവാടം മാത്രമാണ്!
പ്രൊഫസ്സർ എ.വി. ഇട്ടി✍