മനസ്സ് മടുത്തു പോകരുത്
(ഉല്പ. 50: 14 – 21)
“നിങ്ങൾ എന്റെ നേരേ ദോഷം വിചാരിച്ചു; ദൈവമോ, ഇന്നുള്ളതുപോലെ,
ബഹുജനത്തിനു ജീവ രക്ഷ വരുത്തേണ്ടതിന്, അതിനെ ഗുണമാക്കി തീർത്തു”(വാ. 20).
ജീവിതത്തിൽ ഉണ്ടാകുന്ന പ്രതികൂലങ്ങളിൽ മനസ്സു മടുത്തു പോകുക സ്വാഭാവികം ആണ്. എന്നാൽ, അതിൽ നാം അകപ്പെട്ടു പോയാൽ, ആ പ്രതികൂലതകൾ നമുക്കു ശാപം ആയേ പരിണമിക്കൂ. എന്നാൽ പ്രതികൂലതകളിൽ മറഞ്ഞു കിടക്കുന്ന സാദ്ധ്യതകളെ പ്രയോജനപ്പെടുത്താൻ നാം തയ്യാർ ആയാൽ, അത് നമുക്കു മാത്രം അല്ല, മറ്റുള്ളവർക്കും അനുഗ്രഹ മുഖാന്തിരങ്ങൾ ആയി പരിണമിക്കും.
നാം ധ്യാനിക്കുന്ന ജോസഫിന്റെ ജീവിതം അതാണ് സൂചിപ്പിക്കുന്നത്. കാരാഗൃഹ ജീവിതത്തിന് ഇടയിൽ ആണ്, ജോസഫിനെ പുറം ലോകം അറിയത്തക്ക
നിലയിൽ ഉള്ള കാര്യങ്ങൾ സംഭവിച്ചത്. ജോസഫ് കാരാഗൃഹത്തിൽ എത്തിയിരുന്നില്ല എങ്കിൽ, ഫറവോന്റെ പാനപാത്ര വാഹകനുമായി പരിചയപ്പെടുക സാദ്ധ്യം ആകുമായിരുന്നില്ല! സ്വാഭാവികമായും ഫറവോന്റെ കൊട്ടാരത്തിലേക്കുള്ള
അവന്റെ പ്രവേശനവും നടക്കുമായിരുന്നില്ല! ജോസഫിനു വന്നു ഭവിച്ച സകല പ്രതികൂലതകളും, അവന്റെ നന്മയ്ക്കായി ദൈവം രൂപാന്തരപ്പെടുത്തുന്നത് ആണ് നാം കാണുന്നത്. അപ്പക്കാരുടെ പ്രമാണിക്കും, പാനപാത്ര വാഹകരുടെ പ്രമാണിക്കും, ഫറവോനും ഉണ്ടായസ്വപ്നങ്ങളും ജോസഫിന്റെ ഉയർച്ചയ്ക്കുള്ള മുഖാന്തരങ്ങൾ ആയി ഭവിക്കുന്നതാണു നാം കാണുന്നത്.
സാഹചര്യങ്ങൾ പ്രതികൂലമായി തോന്നുന്നുമ്പോൾ, പിറുപിറുക്കാതെ ജോസഫിനെ പോലെ ദൈവത്തിൽ ആശ്രയിക്കുവാൻ നമുക്കു കഴിയണം. വിടുതലിന്റെ മാർഗ്ഗം ദൈവം രൂപപ്പെടുത്തും. പ്രതികൂലതകളിൽ മനസ്സു മടുത്തു പോകാതിരിക്കുവാൻ ഏറെ ദൈവ കൃപ ആവശ്യമാണ്? ദൈവം സഹായിക്കട്ടെ..
ചിന്തയ്ക്ക്: ഏതു മഴക്കാറിന്റെ ഇടയിലും, സൂര്യപ്രകാശത്തിന്റെ ഒരു മിന്നലാട്ടം ദൃശ്യം ആയിരിക്കും
പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര