Sunya Tel Kaju Kishmish Murga
(എണ്ണ ഒട്ടും തന്നെ ഉപയോഗിക്കാതെ ഒരു കിടിലൻ കേരള ചിക്കൻ കൂട്ട്)
ആവശ്യമുള്ള സാധനങ്ങൾ
1.സവാള : നാല്
തക്കാളി : രണ്ട്
ചെറിയ ഉള്ളി : പത്ത്
പച്ചമുളക് : അഞ്ച്
ഇഞ്ചി : ഒരിഞ്ചു കഷണം ഒന്ന്
വെളുത്തുള്ളി : പതിനഞ്ചല്ലി
2 . കേരള ചിക്കൻ : ഒരു കിലോ
പുളി അധികം ഇല്ലാത്ത കട്ട തൈര് : അര ഗ്ലാസ്
തേങ്ങാപ്പാൽ : നല്ല കട്ടിയിൽ അര ഗ്ലാസ്
ഉപ്പ് : പാകത്തിന്
3. മഞ്ഞൾ പൊടി : കാൽടീസ്പൂൺ
മുളകുപൊടി : ഒരു ടേബിൾ സ്പൂൺ
മല്ലിപ്പൊടി : അര ടേബിൾ സ്പൂൺ
കുരുമുളക് പൊടി : ഒരു ടീസ്പൂൺ ( കുരുമുളക് ചതച്ചത് )
അണ്ടിപ്പരിപ്പ് : പതിനഞ്ചെണ്ണം
പട്ട : രണ്ടു വലിയ കഷണം
ഏലക്കായ് : അഞ്ചെണ്ണം
ഗ്രാമ്പൂ : അഞ്ചെണ്ണം
പെരിംജീരകം : ഒരു ടീസ്പൂൺ
4. മുരിങ്ങയില നന്നായി കഴുകിയത് : ഒരു വലിയ കൈപ്പിടി
നാരയില നന്നായി കഴുകി രണ്ടായി കീറിയത് : രണ്ടെണ്ണം
പാചകം ചെയ്യുന്ന വിധം
തൊലികളഞ്ഞ് നന്നായി കഴുകി അല്പം വലിപ്പത്തിൽ ചതുരത്തിലരിഞ്ഞ സവാളയും, ചെറിയ ഉള്ളിയും നന്നായി കഴുകി സവാളയുടെ അതേവലിപ്പത്തിലരിഞ്ഞ തക്കാളിയും, രണ്ടായി ക്രോസ് അരിഞ്ഞ പച്ചമുളകും, നന്നായി തൊലികളഞ്ഞ് കഴുകി അരിഞ്ഞ ഇഞ്ചിയും, വെളുത്തുള്ളിയും ചതച്ചതും ചിക്കൻ നന്നായി ഇടത്തരം കഷണങ്ങളാക്കി അരിഞ്ഞത് കഴുകിയതും ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും ഒരു ചുവടു കട്ടിയുള്ള പാത്രം അടുപ്പിൽ വച്ച് തീയ് കത്തിച്ചു ചൂടാകുമ്പോൾ ഒരുമിച്ച് അതിലേയ്ക്കിട്ട് ഇടത്തരം തീയിൽ നന്നായി ഇളക്കി ചേർക്കുക. ഒരു പത്തുമിനിട്ട് പാത്രം അടച്ചു വേവിക്കുക. അതിനുശേഷം മൂടി തുറന്ന് ഒന്നു നന്നായി ഇളക്കി അതിലേക്ക് യഥാക്രമം പെരിംജീരകം, പട്ട,ഗ്രാമ്പൂ, ഏലക്കായ് ചതച്ചത് എന്നിവയിട്ട് നന്നായി ഇളക്കിചേർക്കുക.
അണ്ടിപ്പരിപ്പ് മിക്സിയുടെ ചെറിയ ജാറിൽ അല്പം വെള്ളം ചേർത്ത് നന്നായി അരച്ച് അതിലേക്ക് ഒഴിക്കുക. ചേരുവകളെല്ലാം ഒന്നു കൂടി നന്നായി ഇളക്കി ഒരഞ്ചുമിനിട്ട് തീരെ ചെറിയ തീയിൽ പാത്രം മൂടി വേവിക്കുക. അതിനുശേഷം
മസാലപ്പൊടികൾ ചേർത്ത് നന്നായി ഇളക്കി തേങ്ങാപ്പാൽ കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ച് മുരിങ്ങയിലയും നാരകയിലയും വിതറി തീയ് സിമ്മിലാക്കി കൂടെ കൂടെ ഇളക്കി മസാലക്കൂട്ടുകൾ ഇറച്ചിയിൽ പൊതിഞ്ഞിരിക്കുന്ന പരുവത്തിൽ വാങ്ങിവയ്ക്കുക.എണ്ണ ഒട്ടും തന്നെ ഉപയോഗിക്കാതെ പാചകം ചെയ്യുന്ന ഈ കേരള ചിക്കൻ കൂട്ട് വളരെ രുചിപ്രദമാണ്. എല്ലാവരും ഈ പാചകം ഒന്നു പരീക്ഷിക്കുക.
വേറിട്ട രുചി ആസ്വദിക്കുക.
ചപ്പാത്തിയോടൊപ്പവും,അരിപ്പത്തിരിയോടൊപ്പവും,ആപ്പത്തിനും, പറോട്ടയ്ക്കുമൊക്കെ ഒത്ത ചേരുവയാണീ കൂട്ട്. അപ്പോ…അടുത്തൊരു പാചകവുമായി വീണ്ടും കാണാം. നന്ദി.
തയ്യാറാക്കിയത്: ജസിയഷാജഹാൻ