17.1 C
New York
Saturday, September 30, 2023
Home Religion ശ്രീ കോവിൽ ദർശനം (1) ✍അവതരണം: സൈമ ശങ്കർ, മൈസൂർ.

ശ്രീ കോവിൽ ദർശനം (1) ✍അവതരണം: സൈമ ശങ്കർ, മൈസൂർ.

സൈമ ശങ്കർ, മൈസൂർ

ശ്രീ കോവിൽ ദർശനത്തിലേയ്ക്ക് ഏവർക്കും സ്വാഗതം.

ക്ഷേത്ര വിശേഷങ്ങൾ അറിയാൻ പ്രയോജനമാകുന്ന രീതിയിൽ ആരംഭിയ്ക്കുന്ന ഈ തുടരിന്റെ ആദ്യ ഭാഗത്തു നമുക്ക് ഗണപതിയെ കുറിച്ചു അറിയാം. നമ്മുടെ കേരളത്തിന്റെ തലസ്ഥാനത്തിരിയ്ക്കുന്ന പഴവങ്ങാടി ഗണേശന് നാളീകേരമുടച്ചു തുടങ്ങാം.

ഹിന്ദുമതപ്രകാരം ഗണങ്ങളുടെ അധിപൻ അഥവാ ഗണേശനാണ് ഗണപതി. പരമശിവന്റേയും പാർവതിദേവിയുടേയും ആദ്യപുത്രനാണ് ഗണപതി.
സിദ്ധിയുടേയും ബുദ്ധിയുടെയും ഇരിപ്പിടമായാണ് ഹിന്ദുക്കള് മഹാഗണപതിയെ കണക്കാക്കുന്നത്. ശിവ ശക്തി സംഗമത്തിലൂടെ ആദ്യം പ്രണവവും പിന്നീട് തേജോരൂപിയായ സ്കന്ദനുമുണ്ടായെന്നാണ് വിശ്വാസം. ഗണേശൻ , വിനായകൻ , വിഘ്നേശ്വരൻ, തുടങ്ങിയ പേരുകളിലും ഗണപതി അറിയപ്പെടുന്നു.

മനുഷ്യന്റെ ശരീരവും ആനയുടെ തലയും നാലു കയ്യുകളുമുള്ളതായാണ് ഗണപതിയെ വർ ണ്ണിച്ചിരിയ്ക്കുന്നത്. ഒരു കൊമ്പ് ഒടിഞ്ഞാണിരിക്കുന്നത്. രണ്ടു കൈകളില് താമരയും മറ്റു രണ്ട് കൈകള് അഭയമുദ്രയിലും വരദമുദ്രയിലുമാണുള്ളത്. സാധാരണയായി വിഘ്നങ്ങൾ അകറ്റുന്നവനായാണ് മഹാഗണപതിയെ കണക്കാക്കുന്നത് . എലിയാണ് ഗണപതിയുടെ വാഹനം.
“ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമഃ “എന്ന സ്തുതിയാണ് വിജയദശമി ദിനത്തിൽ കുട്ടികളെ എഴുത്തിനിരുത്തുന്ന വേളയില് ഹൈന്ദവർ ആദ്യമായി എഴുതിക്കാറുള്ളത്.

ഏതൊരു ശുഭ കാര്യത്തിനു മുമ്പും ഗണപതിഹോമം നടത്തുക എന്നത് ഹൈന്ദവർക്കിടയിൽ സാധാരണമാണ്. ഗൃഹപ്രവേശം, കച്ചവട ആരംഭം, വിഘ്ന നിവാരണം, ദോഷ പരിഹാരം എന്നിങ്ങനെയുള്ള കാര്യങ്ങള്ക്കെല്ലാം മുഖ്യ ഇനമായാണ് ഗണപതിഹോമം നടത്തുക. കൂടാതെ ഉദ്ദിഷ്ടകാര്യ സിദ്ധിക്കായും ചില പ്രത്യേക തരത്തില് ഗണപതി ഹോമം നടത്താറുണ്ട്. പ്രത്യേക ദ്രവ്യങ്ങൾ ചേർത്ത് ഇത്തരത്തിൽ നടത്തുന്ന ഹോമം വളരെ ഉത്തമമാണെന്നാണ് തന്ത്രഗ്രന്ഥങ്ങളില് പോലും സൂചിപ്പിക്കുന്നത്. വിഘ്നങ്ങൾ ഇല്ലാതിരിക്കാനും ശുഭാരംഭത്തിനും ഗണപതിയെ ആദ്യം പൂജിക്കുന്നതുകൊണ്ട് പ്രഥമ പൂജ്യൻ എന്ന നാമത്തിലും ഗണപതി അറിയപ്പെടുന്നു. ഓം ശ്രീ ഗണേശായ നമഃ എന്നമന്ത്രവും ഓം ഗം ഗണപതയേ നമഃ എന്ന മന്ത്രവുമാണ് ഗണപതിയെ സംബന്ധിച്ച് ഉച്ചരിക്കാറുള്ളത്.

പഴവങ്ങാടി ശ്രീ ഗണപതി ക്ഷേത്രം സര്‍വ്വരാലുമാരാധിക്കപ്പെടുന്ന ദേവനാണ് തുമ്പിമുഖനായ ഗണപതി ഭഗവാൻ. വിഘ്‌നങ്ങള്‍ ഒഴിക്കുന്ന ഗണപതിയ്ക്ക് തേങ്ങ ഉടച്ചിട്ടേ പൊതുവെ ശുഭ കാര്യങ്ങള്‍ തുടങ്ങുകയൊള്ളൂ. ഭാരത ഭൂമിയിൽ ഏറ്റവും കൂടുതല്‍ ക്ഷേത്രങ്ങളുള്ളത് ഗണപതി ഭഗവാനാണെന്നു പറയാം. കേരളത്തില്‍ പ്രധാന ദേവനായി ചില ക്ഷേത്രങ്ങളിലും, ഉപദേവനായി എല്ലാ ക്ഷേത്രങ്ങളിലും ഗണപതി ഭഗവാന്റെ സാന്നിധ്യമുണ്ട്.

കേരളത്തില്‍ ഗണപതി പ്രധാന ദേവനായുള്ള അമ്പലങ്ങളില്‍ പ്രസിദ്ധമായ ഒന്നാണ് പഴവങ്ങാടി ശ്രീ ഗണപതി ക്ഷേത്രം. തിരുവനന്തപുരം നഗരത്തില്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് വടക്ക് ഭാഗത്തായിട്ടാണ് പഴവങ്ങാടി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അനന്തപുരി രാജ വീഥിയ്ക്ക് അരുകില്‍ കറുത്ത ഛായത്തിൽ കുളിച്ചു നില്ക്കുന്ന ക്ഷേത്രമന്ദിരം. ചുവരുകളില്‍ ചാരുതയാര്‍ന്ന ശില്പങ്ങള്‍, മദ്ധ്യത്തിലും ചുറ്റും വര്‍ണ്ണ പ്രഭാപൂരമായി തിളങ്ങി നില്‍ക്കുന്ന ഗണപതി വിഗ്രഹങ്ങള്‍. ക്ഷേത്രത്തിന് പുറത്ത് നിൽക്കുമ്പോൾ തന്നെ ശ്രീകോവിലിൽ വാണരുളുന്ന ഗണപതി ഭഗവാനെ കണ്ടു തൊഴാൻ സാധിക്കും. ക്ഷേത്രത്തിൽ മൂന്ന് പടിക്കെട്ടുകൾ വഴി പ്രവേശിക്കുമ്പോൾ ആദ്യം നാം കാണുന്നത് നാളികേരം ഉടയ്ക്കാനുള്ള കരിങ്കൽ നിർമിതമായ തറയാണ്. ഇവിടെയാണ് സർവ്വ വിഘ്നങ്ങളും അകലുവാൻ വേണ്ടി ഗണപതി ഭഗവാനെ മനസ്സിൽ ധ്യാനിച്ച് നാളികേരം ഉടയ്ക്കേണ്ടത്.

നാളികേരം ഉടച്ചതിനു ശേഷം സാക്ഷാൽ പഴവങ്ങാടി ഗണപതി ഭഗവാനെ ശ്രീകോവിലിനു മുന്നിൽ ചെന്ന് ദർശിക്കണം. ശ്രീകോവിലില്‍ കിഴക്കോട്ട് ദര്‍ശനമായി വലതു കാല്‍ മടക്കി വച്ചിരിക്കുന്ന രൂപത്തില്‍ ഗണപതി വിഗ്രഹം നമ്മുടെ മനസ്സിൽ ശാന്തതയുടെ അന്തരീഷം സൃഷ്ടിക്കുന്നു. ഇവിടെ ദർശനം കഴിഞ്ഞാൽ ശ്രീകോവിലിനെ പ്രദിക്ഷണം ചെയ്യുന്നു. ഈ പ്രദിക്ഷണ വീഥിയിൽ നാം ആദ്യം ശാസ്താ സന്നിധിയിൽ ദർശനം നടത്തുന്നു. അതിനു ശേഷം ഗണപതി ഭഗവാന്റെ അമ്മയായ ശ്രീ ദുർഗ്ഗാദേവിയുടെ സന്നിധിയിൽ ആണ്. അങ്ങനെ ഒരു പ്രദക്ഷിണം പൂർത്തിയാക്കി വീണ്ടും ഗണപതി ഭഗവാന്റെ തിരു മുന്നിൽ വന്ന് മൂന്ന് പ്രാവശ്യം ഏത്തമിടുന്നു. കാലുകൾ പിണച്ചുവച്ച് വലതുകാൽ ഇടതുഭാഗത്തേക്കും ഇടതുകാൽ വലതുഭാഗത്തേക്കു മുന്നിലായും വരത്തക്കവണ്ണവും ഇടതുകൈ വലതു ചെവിയിലും വലതുകൈ ഇടതുകരത്തിന്റെ മുന്നിലായും ഇടത്തു ചെവിയിൽ ചൂണ്ടുവിരലും ചേർത്ത് പിടിച്ച് കാൽമുട്ട് വളച്ച് കുനിഞ്ഞ് വേണം ഏത്തമിടുവാൻ. പ്രദിക്ഷണ വഴിയിൽ ക്ഷേത്ര ഭിത്തിയിൽ ഗണപതിയുടെ 32 വിവിധ രൂപങ്ങള്‍ അടങ്ങുന്ന ശില്പങ്ങൾ കാണാൻ സാധിക്കും.

ഇനി നമുക്ക് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന്റെ ചരിത്രം ഒന്നു നോക്കാം. ആദ്യ കാലങ്ങളില്‍ വേണാടിന്റെ തലസ്ഥാനമായിരുന്ന പത്മനാഭപുരത്ത് വച്ച് രൂപം കൊണ്ട കരസേനയിലെ ഒരംഗത്തിന് പുഴയില്‍ നിന്നും ഒരു ഗണപതി വിഗ്രഹം കിട്ടി. സേനാംഗങ്ങള്‍ ആ വിഗ്രഹം ആരാധിച്ചു പോന്നു. അങ്ങനെ ഗണപതി ഭഗവാൻ അവരുടെ പരദേവതയായി മാറി. വേണാട് വികസിച്ച് തിരുവിതാംകൂർ രാജ്യമായപ്പോള്‍ തലസ്ഥാനം അനന്തപുരി ആയി. അങ്ങനെ കരസേനയുടെ ആസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റിയപ്പോള്‍ സൈനികര്‍ ആ വിഗ്രഹം കൊണ്ടു വന്ന് പഴവങ്ങാടിയില്‍ പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം. ക്ഷേത്രത്തിനു നേരേ എതിര്‍ വശത്ത് വെട്ടി മുറിച്ച കോട്ട കാണാം. പത്മനാഭസ്വാമി ക്ഷേത്രവും നഗരവീഥിക്കും ചുറ്റും കോട്ടകളും നിര്‍മ്മിച്ചു കഴിഞ്ഞപ്പോൾ, പഴവങ്ങാടി ക്ഷേത്ര നിര്‍മ്മിതിക്കായി കല്ല് കൊണ്ടു വരാന്‍ വേണ്ടി കോട്ട വെട്ടി മുറിച്ചു. അങ്ങനെയാണിത് വെട്ടി മുറിച്ച കോട്ടയായത് എന്ന് പഴമൊഴി. ക്ഷേത്രനിര്‍മ്മിതിക്കാവശ്യമായ കല്ല് കൊണ്ടു വന്നത് കിള്ളിയാറ്റിലെ കല്ലന്‍ പാറയില്‍ നിന്നായിരുന്നു.

ക്ഷേത്രത്തിലെ നാലമ്പലത്തിനു പുറത്ത് നാഗരാജ സന്നിധിയും കാണാൻ സാധിക്കും. പഴവങ്ങാടി ഗണപതിക്ക് നാളികേരം പ്രധാന വഴിപാട്, പതിനായിരക്കണക്കിന് നാളികേരമാണ് ദിവസേന ഇവിടെ ഉടയുന്നത്. ഗണപതിഹോമം, മോദകവും ഉണ്ണിയപ്പവും അടയും മറ്റു വഴിപാടുകളാണ്. ശിവരാത്രിക്കും, മകരവിളക്കിനും, തിരുവോണത്തിനും തിരുവാതിരയ്ക്കും, കന്നിമാസത്തിലെ ആയില്യത്തിനും കാര്‍ത്തികയ്ക്കും പുഷ്പാഭിഷേകവും മഹാഗണപതിഹോമവും പഞ്ചാമൃതാഭിഷേകവും നടത്തും. വിനായക ചതുര്‍ത്ഥിയാണ് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെ പ്രധാന ആഘോഷം. ഈ വിശേഷദിവസങ്ങളില്‍ മൂന്ന് ആനപ്പുറത്ത് എഴുന്നെള്ളത്തുണ്ടാകും. അമ്പലത്തില്‍ തുടങ്ങി കിഴക്കേ കോട്ട വഴി പടിഞ്ഞാറേ തെരുവിലൂടെ വടക്കേ തെരുവു വഴി ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനെ പ്രദിക്ഷണം ചെയ്ത് പഴവങ്ങാടി ക്ഷേത്രത്തില്‍ എത്തിച്ചേരും, ഒടുവില്‍ കരിമരുന്നുപ്രയോഗവും ഉണ്ടാകും.

പണ്ട് വളരെ കെങ്കേമമായി വിനായക ചതുര്‍ത്ഥി ആഘോഷിച്ചിരുന്നതായും തമ്പാനൂര്‍ വരെ കുലവാഴയും, കുരുത്തോലയും പൂക്കുലയും കെട്ടി അലങ്കരിച്ചിരുന്നു എന്നും പഴമക്കാര്‍ പറയുന്നു. ഇന്ത്യന്‍ യൂണിയനില്‍ തിരുവിതാംകൂര്‍ രാജ്യം ലയിച്ചപ്പോള്‍ മുതല്‍ ഭാരത കരസേന വിഭാഗത്തിലെ മദ്രാസ്സ് റജിമെന്റ് ആണ് ക്ഷേത്രം നടത്തുന്നത്.

സൈമ ശങ്കർ,
മൈസൂർ

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സെപ്റ്റംബര്‍ 30 ലോക പരിഭാഷാ ദിനം (wrold translation day) 📚🌏✍ലാലു കോനാടീൽ

" എഴുത്തുകാർ ദേശീയ സാഹിത്യം സൃഷ്ടിക്കുന്നു.. വിവർത്തകർ ലോക സാഹിത്യം സൃഷ്ടിക്കുന്നു..." എല്ലാ വർഷവും സെപ്റ്റംബർ 30-ന് ആണ് അന്താരാഷ്ട്ര പരിഭാഷാ ദിനമായി ആഘോഷിക്കുന്നത്.. വിവർത്തകരുടെ രക്ഷാധികാരിയായി കണക്കാക്കപ്പെടുന്ന ബൈബിൾ പരിഭാഷകനും മദ്ധ്യസ്ഥനായ വിശുദ്ധ...

പാട്ടിന്റെ പാലാഴിയിലെ അതുല്യ താരകങ്ങൾ (2) ബിച്ചു തിരുമല ✍ജലജ മധുസൂദനൻ

ബിച്ചു തിരുമല (1942 - 2021) കാവ്യഭംഗി തുളുമ്പുന്ന വരികളിൽ മലയാള ചലച്ചിത്രഗാനാസ്വാദകർക്കും എന്നും ഓർമ്മിക്കാവുന്ന നിരവധി പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവാണ് ബിച്ചു തിരുമല. ഗാനരചന, സംഗീതസംവിധാനം എന്നിവയ്ക്ക് പുറമെ, 'ശക്തി' എന്ന സിനിമയുടെ കഥയും...

‘മലയാള നോവൽ സാഹിത്യം’ (ഭാഗം – 9) ✍പ്രഭ ദിനേഷ്

'മലയാളി മനസ്സ്' ന്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും 'മലയാള നോവൽ സാഹിത്യം' ത്തിന്റെ ഒമ്പതാം ഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏 മലയാള നോവൽ സാഹിത്യത്തിലെ ആദ്യത്തെ ചരിത്രനോവലാണ് സി.വി. രാമൻപിള്ള യുടെ 'മാർത്താണ്ഡ വർമ്മ'. നോവലിസ്റ്റ് സി.വി....

🌹🌹യോഗമയ ക്ഷേത്രം (പാർട്ട്‌ -6) ✍ജിഷ ദിലീപ്, ഡൽഹി

ഈ ക്ഷേത്രം രാജ്യത്തിന്റെ സംസ്കാരത്തിന്റെയും വാസ്തുവിദ്യയുടെയും ഭക്തരുടെ ആത്മീയതയുടെയും പ്രതീകമാണ്. ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മേൽക്കൂരയിൽ നിന്ന് തൂങ്ങിക്കിടക്കുന്ന ഫാനും അതിൽ നിന്നും ഏതാണ്ട് നിലവിളക്ക് പോലുള്ള ഒരു വസ്തുവും തൂങ്ങിക്കിടക്കുന്നുണ്ട്. ഇവ ഒരേ...
WP2Social Auto Publish Powered By : XYZScripts.com
error: