സ്‌കൂളിലെ നിലവിലുള്ള ടീച്ചര്‍ നീണ്ട അവധിയെടുത്ത് പോയ ഒഴിവിലേക്കാണ് പുതിയ ടീച്ചര്‍ പകരക്കാരിയായി വന്നത്. ക്ലാസ്സിലെത്തിയ ടീച്ചര്‍ വിദ്യാര്‍ത്ഥികളെ ഒന്ന് പരിചയപ്പെടുകയും അവരുടെ പഠനനിലവാരം അളക്കാമെന്ന ലക്ഷ്യവുമായി പാഠഭാഗം വിശദീകരിക്കാന്‍ തുടങ്ങി. കുട്ടികളോടായി ഒരു ചോദ്യം ചോദിച്ചു. ക്ലാസ്സിന്റെ മധ്യഭാഗത്ത് അശ്രദ്ധമായി തല ചെരിച്ചുവെച്ച് ഇരിക്കുന്ന കുട്ടിയോടായിരുന്നു ടീച്ചറുടെ ചോദ്യം. അല്പം പരുങ്ങലോടെ അവന്‍ എഴുന്നേറ്റ് നിന്നു. പുതിയ ടീച്ചറേയും ടീച്ചറുടെ ചോദ്യത്തേയും അവന്‍ പരിഭ്രമത്തോടെ നേരിട്ടു. അവന്റെ പരിഭ്രമം കണ്ട് ക്ലാസ്സിലെ കുട്ടികള്‍ മുഴുന്‍ ചിരിക്കാന്‍ തുടങ്ങി. കുട്ടികളുടെ ചിരിയുടെ രഹസ്യം ടീച്ചര്‍ തിരിച്ചറിഞ്ഞു. താന്‍ ചോദ്യം ചോദിച്ചത് ക്ലാസ്സിലെ മണ്ടനായ ഒരു കുട്ടിയോടായിരുന്നുവെന്ന് ടീച്ചര്‍ തിരിച്ചറിഞ്ഞു. അന്ന് ക്ലാസ്സ് അവസാനിച്ചപ്പോള്‍ അവനോടൊഴികെ എല്ലാവരോടും പുറത്തേക്ക് പോകുവാന്‍ ടീച്ചര്‍ ആവശ്യപ്പെട്ടു. എന്നിട്ട് അവന്റെ കയ്യില്‍ ഒരു വരി കവിതയും അതിന്റെ അര്‍ത്ഥവും എഴുതികൊടുത്തിട്ട് പിറ്റേ ദിവസം പഠിച്ചുകൊണ്ടുവരുവാന്‍ ആവശ്യപ്പെട്ടു. ഇത് മറ്റാരോടും പറയരുതെന്നും ടീച്ചര്‍ പറഞ്ഞു. പിറ്റേ ദിവസം ഈ കവിതയും അര്‍ത്ഥവും ബോര്‍ഡില്‍ എഴുതുകയും അതിനെ കുറിച്ച് വിശദീകരിച്ചശേഷം അത് മായ്ചു കളയുകയും ചെയ്തു. എന്നിട്ട് ആര്‍ക്കെങ്കിലും ഇപ്പോള്‍ എഴുതിയ കവിതയും അര്‍ത്ഥവും പറയാന്‍ സാധിക്കുമോ എന്ന് ചോദിച്ചു. പരസ്പരം നോക്കുകയല്ലാതെ ആരും അതിന് ഉത്തരം പറഞ്ഞില്ല. അപ്പോഴാണ് മധ്യത്തിലെ ബഞ്ചില്‍ നിന്ന് അവന്‍ പതുക്കെ പരിഭ്രമത്തോടെ എഴുന്നേറ്റ് നിന്നത്. ടീച്ചര്‍ അവനോട് കവിതയും അര്‍ത്ഥവും പറയുവാന്‍ ആവശ്യപ്പെട്ടു. അവന്‍ ആ കവിതയും അര്‍ത്ഥവും പറയുകയും ചെയ്തു. കുട്ടികള്‍ അമ്പരന്നു. കാരണം ഇതുവരെ ഒരു ചോദ്യത്തിന് പോലും അവന്‍ ഉത്തരം പറഞ്ഞ് അവര്‍ കണ്ടിട്ടേയില്ല. ടീച്ചര്‍ അവനെ അടുത്ത് വിളിച്ച് ഒരു പേന സമ്മാനമായി നല്‍കുകയും അവനെ പ്രശംസിക്കുകയും മറ്റുകുട്ടികളോട് അവന് വേണ്ടി കയ്യടിക്കാന്‍ പറയുകയും ചെയ്തു. ഇത് പോലെയുള്ള വ്യത്യസ്തരീതികള്‍ ടീച്ചര്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ഇത് അവനില്‍ മാറ്റങ്ങളുണ്ടാക്കി. തനിക്ക് പാഠങ്ങള്‍ നന്നായി പഠിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം ഉണര്‍ന്നു. സഹപാഠികളുടേയും അധ്യാപകരുടേയും പ്രശംസകള്‍ അവനെ കൂടുതല്‍ പഠിക്കാന്‍ പ്രേരിപ്പിച്ചു. അവന്‍ ക്ലാസ്സില്‍ ഒന്നാമതായി, സ്‌കൂളില്‍ ഒന്നാമതായി. ഉപരിപഠനത്തിലും ഉന്നതവിജയം നേടി. വര്‍ഷങ്ങള്‍കഴിഞ്ഞ് ഏറ്റവും പ്രശസ്തമായ സര്‍വ്വകലാശാലയുടെ അധിപനായി അയാള്‍ നിയോഗിക്കപ്പെട്ടു. സര്‍വ്വകലാശാലയിലെ ആദ്യ ശമ്പളം ലഭിച്ചപ്പോള്‍ അയാളുടെ മുന്നില്‍ ടീച്ചറുടെ മുഖം തെളിഞ്ഞു. ടീച്ചറെ അന്വേഷിച്ച് കണ്ടെത്തി, അന്നത്തെ ആ കുട്ടിയെ കണ്ടപ്പോള്‍ വിശ്രമജീവിതം നയിച്ചിരുന്ന ടീച്ചര്‍ക്കും അത്ഭുതമായി. അന്ന് തന്ന പേനയ്ക്ക്പകരം അയാള്‍ തന്റെ ആദ്യ ശമ്പളം ടീച്ചറുടെ കയ്യില്‍ വെച്ചുകൊടുത്തു. തന്നെ താനാക്കിയതിനുള്ള ഉപഹാരം…! ജീവിത സാഹചര്യങ്ങളാണ് പലരെയും തരം താഴ്ത്തുന്നതും ഉന്നതനാക്കുന്നതും . അത് തിരിച്ചറിഞ്ഞ് അര്‍ഹമായ പരിഗണന നല്‍കി പ്രവര്‍ത്തിക്കുമ്പോഴാണ് നമ്മള്‍ ഓരോരുത്തരും യഥാര്‍ത്ഥ രക്ഷിതാക്കളും അധ്യാപകരുമായി മാറുന്നത്
ശുഭദിനം
കവിത കണ്ണന്‍✍