1940 ഒക്ടോബറില്‍ ബ്രസീലിലെ ഒരു കൊച്ചുഗ്രാമത്തിലെ ഒരു ദരിദ്ര കുടുംബത്തിലാണ് എഡ്‌സണ്‍ അരാന്റസ് ഡോ നാസിമെന്റോ ജനിച്ചത്. അവന്റെ അച്ഛന്‍ പ്രാദേശിക ക്ലബ്ബിലെ ഒരു ഫുട്ബോള്‍ കളിക്കാരനായിരുന്നു. കളിയില്‍ നിന്ന് ലഭിക്കുന്ന വരുമാനമായിരുന്നു ആ കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ്സ്. എന്നാല്‍ മുട്ടുകാലിനേറ്റ പരിക്കിനെതുടര്‍ന്ന് എഡ്‌സന്റെ അച്ഛന് പിന്നീട് കളിക്കളത്തിലേക്ക് പോകാന്‍ സാധിച്ചില്ല. പിന്നീടങ്ങോട്ട് ഒരു ഹോസ്പിറ്റലിലെ ശുചീകരണതൊഴിലായായി അയാള്‍ തന്റെ കുടുംബത്തെ മുന്നോട്ട് കൊണ്ടുപോയി. പൈലറ്റാവണമെന്നായിരുന്നു അവന്റെ ആഗ്രഹം. എന്നാല്‍ വീട്ടിലെ കഷ്ടപ്പാടുകള്‍ അവനെ മറ്റൊരു വഴിക്കാണ് നയിച്ചത്. ചായക്കടയില്‍ സഹായിയായും തെരുവില്‍ ഷൂ പോളീഷ് ചെയ്തും അവന്‍ പണം സ്വരൂപിച്ചു. ഫുഡ്‌ബോളിനോടുള്ള ഇഷ്ടകാരണം സമയം കിട്ടുമ്പോഴെല്ലാം തെരുവോരങ്ങളില്‍ അവന്‍ ഫുട്ബോള്‍ കളിച്ചു. ഒരു കയ്യില്‍ ഫുട്ബോളും മറ്റേ കയ്യില്‍ പോളീഷ് ചെയ്യാനുള്ള ഉപകരണങ്ങളുമായാണ് എഡ്‌സണ്‍ വീട്ടില്‍ നിന്നും ഇറങ്ങുക. എട്ടാം വയസ്സില്‍ എഡ്‌സന്‍ സ്‌കൂളില്‍ ചേര്‍ന്നെങ്കിലും ദാരിദ്ര്യം അവന്റെ സ്‌കൂള്‍ വിദ്യാഭ്യാസത്തെ മുഴുമിപ്പിക്കാന്‍ സമ്മതിച്ചില്ല. പക്ഷേ, ആ സ്‌കൂള്‍ വിട്ടുപോരുമ്പോള്‍ ഒരു പേര് അവന് കിട്ടി.. പിന്നീട് ലോകം മുഴുവന്‍ ആദരവോടെ കണ്ട പേര്.. പെലെ. പെലെ ഫുട്ബോളിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചത് സെപ്‌ററംബര്‍ 7 എന്ന ടീമിലൂടെയാണ്. ആദ്യമൊക്കെ ആ ടീമിന് സ്വന്തമായി ഒരു പന്തുപോലും ഉണ്ടായിരുന്നില്ല. വൈക്കോല്‍ കൊണ്ടും പത്രകടലാസ്സുകൊണ്ടും പന്തുണ്ടാക്കി കളിച്ച പെലെ പിന്നീട് കടലവിറ്റുകിട്ടിയ പണം സ്വരൂപിച്ചാണ് ടീമിന് ഒരു ഫുട്ബോള്‍ വാങ്ങിയത്. കളിയില്‍ പിതാവായിരുന്നു ആദ്യ ഗുരു. ബൗറിലെ സബ് ജൂനിയര്‍ കളിക്കാരെ പരിശീലിപ്പിക്കാന്‍ എത്തിയ വ്‌ളാഡിമര്‍ ഡി ബ്രിട്ടോയാണ് പെലെ എന്ന പതിനൊന്നുകാരനെ കണ്ടെത്തുന്നത്.. പെലെക്ക് 15 വയസ്സായപ്പോള്‍ പരിശീലകന്‍ ബ്രിട്ടോ അദ്ദേഹത്തെ സാന്റോസ് ക്ലബ്ബില്‍ ചേര്‍ത്തു. 15-ാം വയസ്സില്‍ സാന്റോസ് ക്ലബ്ബിന്റെ ജൂനിയര്‍, ജൂവനൈല്‍, അമേച്വര്‍ ടീമുകളില്‍ കളിക്കാന്‍ പെലെക്ക് ഭാഗ്യമുണ്ടായി. 1958 ല്‍ സ്വീഡനില്‍ നടന്ന ആറാം ലോകകപ്പില്‍ കൗമാരക്കാരനായ പെലെയെ കളിപ്പിക്കണോ എന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമുയര്‍ന്നു. പെലെ വെറും ശിശുവാണെന്നും കളിക്കളത്തില്‍ എതിരാളികളെ അറ്റാക്ക് ചെയ്യുവാനുള്ള കഴിവ് കുറവാണെന്നും ടീമിന്റെ സൈക്കോളജിസ്റ്റ് അഭിപ്രായപ്പെട്ടു. മുട്ടിന് പരിക്ക് പറ്റി ആദ്യരണ്ടുമത്സരങ്ങളില്‍ പുറത്തിരുന്ന പെലെയെ കളിപ്പിക്കാനായിരുന്നു പരിശീലകന്‍ ഫിയോളയുടെ തീരുമാനം.. പരിശീലകന്റെ തീരുമാനം ശരിയായിരുന്നുവെന്ന് ആ ടൂര്‍ണമെന്റ് തെളിയിച്ചു. ബാക്കിയെല്ലാം ചരിത്രമായിരുന്നു. ആ ലോകകപ്പില്‍ ആകെ 6 ഗോളുകള്‍ പെലെ നേടി. ഒപ്പം മറ്റൊരു റെക്കോര്‍ഡും, ലോകകപ്പ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഫുട്‌ബോള്‍ താരം.. കാലചക്രം പിന്നെയും ഉരുണ്ടു. ഫുട്ബോള്‍ മൈതാനികളില്‍ മാന്ത്രികത സൃഷ്ടിച്ചുകൊണ്ട് പെലെ മുന്നോട്ട് പോയി. മൂന്ന് ലോകകപ്പുകള്‍ നേടുന്ന ഒരേയൊരു കളിക്കാരനായി പെലെയെന്ന ഇതിഹാസം മാറുകയായിരുന്നു. ഫുട്ബോളിലെ മികവ് മാത്രമല്ല കളിക്കളത്തിന് പുറത്തെ ഇടപെടലുകള്‍ പെലയെ പ്രശസ്തനാക്കി. 1977 ല്‍ വിശ്വപൗരന്‍ പദവി നല്‍കി യുഎന്‍ അദ്ദേഹത്തെ ആദരിച്ചു. ലൈഫ് മാസികയുടെ കവര്‍പേജില്‍ പ്രത്യക്ഷപ്പെട്ട ആദ്യ കറുത്തവര്‍ഗ്ഗക്കാരനും പെലെ ആയിരുന്നു.. ഫുട്‌ബോളിനെ കലയും വിനോദവുമാക്കിയ, കറുത്തവര്‍ക്ക് ശബ്ദം നല്‍കിയ, ബ്രസീലിനെ ലോകത്തിന് മുന്‍പില്‍ നിര്‍ത്തിയ കളിക്കാരന്‍.. എല്ലാ വിവേചനങ്ങള്‍ക്കുമപ്പുറം ഫുട്‌ബോള്‍ എന്ന വികാരത്തെ ലോകത്തി്‌ന്റെ എല്ലാ ഭൂഖണ്ഡങ്ങളിലും അത്രമേല്‍ ഉള്ളില്‍ തട്ടുംവിധം അനുഭവിപ്പിച്ച അനശ്വര പ്രതിഭ.. നൂറ്റാണ്ടിന്റെ ഇതിഹാസം.. ആകാശത്തോളം ഉയരത്തില്‍ നില്‍ക്കുമ്പോഴും, ഓരോ വിജയങ്ങളിലേക്ക് നടന്നടുക്കുമ്പോഴും എങ്ങനെ കൂടുതല്‍ എളിയവനാകാം എന്ന് ജീവിതം കൊണ്ട് ചിലര്‍ കുറിച്ചിടുന്നു.. അത് നമുക്കും മാതൃകയാകട്ടെ
– ശുഭദിനം.
കവിത കണ്ണന്‍✍