തമിഴ് അയ്യര്‍ സമ്പന്നകുടുംബത്തിലെ അംഗമായിരുന്നു ഹരിഹരന്‍. വീട്ടില്‍ വളരെ കര്‍ക്കശസ്വഭാവമായതുകൊണ്ട് തന്നെ സ്വാതന്ത്ര്യം ആയിരുന്നു അവന്റെ സ്വപ്നം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പുതിയ പെന്‍സില്‍ കൂട്ടുകാരന് കൊടുത്തു. വീട്ടില്‍ എത്തിയപ്പോള്‍ പുതിയ പെന്‍സിലും കൊണ്ട് തിരിച്ചുവന്നാല്‍ മതിയെന്നായി വീട്ടുകാര്‍. കൂട്ടുകാരനോട് പെന്‍സില്‍ ചോദിച്ചപ്പോള്‍ അവന്‍ തരാന്‍ തയ്യാറായതുമില്ല. പെന്‍സിലില്ലാതെ വീട്ടില്‍ പോകാന്‍ പേടി തോന്നിയപ്പോള്‍ ആരോടും പറയാതെ വീടുവിട്ടിറങ്ങി. അതായിരുന്നു ഹരിഹരന്റെ ആദ്യ ഒളിച്ചോട്ടം. പക്ഷേ, അന്ന് നേരം പുലരുമ്പോഴേക്കും ഹരിഹരന്‍ തിരിച്ചെത്തി. പിന്നീട് 10-ാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സിഗരറ്റ് വലിച്ചത് വീട്ടില്‍ പിടിച്ചതായിരുന്നു രണ്ടാമത്തെ ഒളിച്ചോട്ടത്തിന്റെ കാരണം. ട്രെയിനില്‍ കയറി മുംബൈയിലേക്ക് പോയി. അവിടെ ടയര്‍ പങ്ചര്‍ കടയില്‍ സഹായിയായി. കുറച്ച് നാള് കഴിഞ്ഞപ്പോള്‍ സ്വന്തം നാടായ പാലക്കാട് ഒന്നുകൂടി കാണാന്‍ ഒരാഗ്രഹം. ട്രെയിന്‍കയറി പാലക്കാട് റെയില്‍വേസ്റ്റഷനിലെത്തിയപ്പോള്‍ വീട്ടുകാരുടെ കണ്ണില്‍പെട്ടു. അങ്ങനെ വീണ്ടും വീട്ടിലെത്തി. പത്താം ക്ലാസ്സ് വിജയിച്ചു. പ്ലസ്ടു ഫസ്റ്റക്ലാസ്സില്‍ പാസ്സായി. സിഗരറ്റ് വലി വീണ്ടും പിടികൂടിയപ്പോള്‍ ഇത്തവണ സ്വയം നന്നാവാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി ഇത്തവണ വീട്ടുകാരോട് പറഞ്ഞാണ് ഇറങ്ങിപ്പോയത്. കൊടൈക്കാനിലും മദ്രാസിലുമായി അലഞ്ഞു. പാത്രം കഴുകലും ബേക്കറിപണിയുമൊക്കെയായി ഒരുവര്‍ഷം തള്ളിനീക്കി. കയ്യില്‍ കുറച്ച് കാശായപ്പോള്‍ വീണ്ടും പാലക്കാട് കാണണമെന്ന് ആഗ്രഹമായി. ഒരു ലോഡ്ജില്‍ മുറിയെടുത്തു. അത് അയാളുടെ അച്ഛന്റെ കൂട്ടുകാരന്റെ ലോഡ്ജായിരുന്നു. വീണ്ടും വീട്ടിലേക്ക്. പിന്നെ ബികോമിന് ചേര്‍ന്നു. എംകോം കഴിഞ്ഞു പുനെയില്‍ എംബിഎ പൂര്‍ത്തിയാക്കി. പേസ് സെറ്റേഴ്‌സ് ബിസിനസ്സ് സൊലൂഷ്യന്‍ എന്ന പേരില്‍ ബിസിനസ്സുകാര്‍ക്ക് വളരാനുള്ള പദ്ധതികള്‍ തയ്യാറാക്കുന്ന കമ്പനി തുടങ്ങി. 2015 ഓടെ കൊല്‍ക്കത്ത, ചെന്നൈ, അഹമ്മദാബാദ് തുടങ്ങിയ പലയിടത്തും ഓഫീസും ആറായിത്തിലധികം സ്റ്റാഫും സ്വന്തമുള്ള ബിസിനസ്സ് നെറ്റ് വര്‍ക്കായി അത് വളര്‍ന്നു. ഒരിക്കല്‍ ഒരു യാത്രയ്ക്കിടയില്‍ മുഷിഞ്ഞ വസ്ത്രങ്ങളുമായി ഒരു കൗമാരക്കാരനെ കണ്ടു. വിശന്നുതളര്‍ന്ന അവന് തന്റെ ഉച്ചഭക്ഷണത്തിനായി കരുതിയ സാന്റ്ഡ്വിച്ച് കൊടുത്തു. അതവന്‍ തന്റെ കൂട്ടുകാരനുമായി പങ്കിട്ട് കഴിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് വീടുവിട്ടിറങ്ങിയ തന്നെതന്നെ അയാള്‍ അവരില്‍ കണ്ടു. അതൊരു തിരിച്ചറിവായിരുന്നു. സമതോള്‍, ഫ്രീ ചില്‍ഡ്രന്‍, ചില്‍ഡ്രന്‍ റീയുണൈറ്റഡ് എന്നീ ഫൗണ്ടേഷനുകളും ട്രസ്റ്റുകളും പിറന്നു. വീട് വിട്ട് അലഞ്ഞുനടക്കുന്ന കുട്ടികളെ തിരികെ വീട്ടിലെത്തിക്കുക, വീട്ടില്‍ പോകാന്‍ പറ്റാത്തവര്‍ക്ക് പുനരധിവാസം ഒരുക്കുക. ഹരിഹരന്‍ അവര്‍ക്ക് ഒരു തണല്‍മരമായി മാറി. ഇവര്‍ക്ക് വേണ്ടി തനിക്ക് പലതും ചെയ്യാനുണ്ടെന്ന തിരിച്ചറിവായിരുന്നു ഈ തീരുമാനത്തിന് പിന്നില്‍. തിരഞ്ഞെടുപ്പുകളാണ് ജീവിതത്തെ വ്യത്യസ്തമാക്കുന്നത്. അതു തന്നെയാണ് ജീവിതത്തെ സമ്പന്നമാക്കുന്നത്. കടന്നുവന്ന വഴികളെ മറവിയിലേക്ക് തള്ളാതെയിരിക്കുക.. കാരണം ആ വഴികളാണ് നമ്മെ നമ്മളാക്കിയത്…
-ശുഭദിനം
കവിത കണ്ണന്‍✍