Thursday, April 25, 2024
Homeഅമേരിക്കശുഭചിന്ത - (66) പ്രകാശഗോപുരങ്ങൾ - (42) "സത്സംഗം" ✍പി . എം . എൻ...

ശുഭചിന്ത – (66) പ്രകാശഗോപുരങ്ങൾ – (42) “സത്സംഗം” ✍പി . എം . എൻ . നമ്പൂതിരി.

സത്സംഗം

“സത്സംഗത്വേ നിസ്സംഗത്വം
നിസ്സംഗത്വേ നിർമ്മോഹത്വം
നിർമ്മോഹത്വേ നിശ്ചലതത്ത്വം
നിശ്ചല തത്ത്വേ ജീവന്മുക്തി ”

മനോഹരമായ കവിതയിലൂടെ ജീവിത തത്ത്വചിന്തകൾ വിശദമാക്കുന്ന ശങ്കരാചാര്യസ്വാമികളുടെ ഭജ ഗോവിന്ദത്തിലെ വരികളാണ് മുകളിൽ കൊടുത്തിരിക്കുന്നത്. നാം അനുഭവിക്കുന്ന പല ക്ലേശങ്ങൾക്കുമുള്ള പരിഹാരം സ്വാമികൾ ഈ വരികളിൽക്കൂടി നമ്മേ മനസ്സിലാക്കുന്നു. അദ്ദേഹം പറയുന്നത് ശരീരത്തിന് ആറു തരം പരിണാമങ്ങളുണ്ടെന്നാണ്. അവ സൃഷ്ടി , സ്ഥിതി , വളർച്ച , രൂപാന്തരം, തളർച്ച , നാശം എന്നിവയാണ്.ഒന്ന് ആലോചിച്ചു നോക്കൂ! ആയുസ്സിൻ്റെ പകുതിയും നമ്മൾ ഉറങ്ങുകയാണ്. ബാക്കി യാത്ര ചെയ്തും പരദൂഷണം പറഞ്ഞു ഒക്കെ നഷ്ടപ്പെടുത്തുന്നു. അതു പോലെത്തന്നെ ബാല്യകാലത്തിൻ്റെ ഭുരിഭാഗം സമയവും കളിക്കാനായി ചിലവിടുന്നു. വർദ്ധക്യത്തിൻരോഗിയായിട്ടും നമ്മുടെ സമയം പാഴാകുന്നു. യൗവനത്തിൽ യുവാവ് യുവതിയേയും യുവതി യുവാവിനേയും പറ്റി ചിന്തിച്ച് സമയംപാഴാക്കുകയാണ്. അവസാനം വൃദ്ധനാകുമ്പോഴാണ് ഇതൊന്നും വേണ്ടിയിരുന്നില്ല എന്ന ചിന്ത ഉണ്ടാകുന്നത്.

ഒന്ന് മനസ്സിലാക്കുക! ജീവിതം ഇങ്ങനെ പാഴാക്കിക്കളയാനുള്ളതല്ല. പറവയായും പുഴുവായും വൃക്ഷമായും എത്രയോ ലക്ഷം ജന്മങ്ങൾക്ക് ശേഷം കിട്ടിയതാണ് മനനം ചെയ്യാൻ കഴിവുള്ള ഈ മനുഷ്യജന്മം! അതു കൊണ്ട് സത്സംഗത്തിലൂടെ നിസ്സംഗത്വം അഥവാ നിർമ്മമത്വം പരിശീലിക്കൂ! സത്സംഗം എന്നാൽ സത്തുക്കളുമായുള്ള സംഗം എന്നാണ്. സത്ത് എന്നതിന് ഈശ്വരൻ എന്നും അർത്ഥമുണ്ട്. ജീവിതത്തിൽ  പലതിനോടുമുള്ള മമത – പണം – പദവി – ഭാര്യ – മക്കൾ കുടുംബം ഇങ്ങനെ പലവിധ
മമതകൾ ഉണ്ടാകാം. ഈ സംഗം കുറച്ചാൽ നിർമ്മോഹത്വം ലഭിക്കും.അതായത് മോഹമില്ലായ്മ – ആഗ്രഹമില്ലായ്മ എല്ലാറ്റിലും ഒരു സംതൃപ്തി. പക്ഷെ ഓരോ നൈമിക സുഖത്തിനും പിറകിലുള്ള നീണ്ട ദു:ഖം നാം കാണാതെ പോകുന്നു. ജീവിതത്തിലെ വൈതരണീനദി കാണുമ്പോൾ നാം അനുഭവിക്കുന്ന സ്വർഗ്ഗസിംഹാസനം പാടെ
പോയി മറയും.

മാസത്തിൽ ഒരിക്കലെങ്കിലും ഒരു ആശുപത്രി സന്ദർശിച്ചു നോക്കൂ! അപ്പോൾ അന്യരുടെ ദു:ഖം കാണുമ്പോൾ, നാം അറിയും നാം എത്ര സുഖത്തോടുകൂടിയാണ് ജീവിക്കുന്നത് എന്ന്. വിശപ്പിൻ്റെ ദു:ഖം അനുഭവിക്കുമ്പോഴാണ് ആഹാരം ലഭിക്കുന്നതിൻ്റെ സുഖം അറിയാൻ കഴിയുക.

എല്ലാറ്റിനോടും വിരഹാവസ്ഥ ഉണ്ടാകണമെങ്കിൽ മമത കുറഞ്ഞിരിക്കണം .മമത കുറയുവാൻ സത്സംഗം ഒരു പരിധി വരെ സഹായിക്കും. അതോടെ ശരീരത്തോടും
നശ്വരസുഖാനുഭൂതികളോടുമുള്ള മോഹം കുറയും. അപ്പോൾ ചലിക്കാത്ത ആത്മാവിൻ്റെ തത്ത്വം അറിയാൻ കഴിയും. ഒന്ന് മനസ്സിലാക്കുക! ലോകം ചലനാത്മകമാണ്. എന്നാൽ നമ്മുടെ ശരീരം അറിഞ്ഞും അറിയാതെയും ചലിക്കുന്നു. നാഡികളിൽക്കൂടി രക്തം ഒഴുകുന്നു. ഈ ചലനങ്ങൾക്കെല്ലാം കാരണമായ ചലിക്കാത്ത ആത്മാവിനെ നാം അറിഞ്ഞിരിക്കണം. നദിയുടെ ഒഴുക്കറിയുന്നത് ചലിക്കാത്ത കരയെ ആസ്പദമാക്കിയാണ്. അതുപോലെ തന്നെ ചലിക്കുന്ന വാഹനത്തിൻ്റെ വേഗത ചലിക്കാത്ത കരയെ ആസ്പദമാക്കിയാണ്.

ഈ “ഞാൻ” ഈ ശരീരമോ മനസ്സോ ബുദ്ധിയോ അല്ല.ഇതിനെയെല്ലാം പ്രവർത്തിപ്പിക്കുന്ന ആത്മാവാണു ഞാൻ എന്നറിയുമ്പോൾ നമുക്ക് ജീവൻമുക്തി ലഭിക്കും. അതോടെ സകല ദു:ഖങ്ങളിൽ നിന്നുമുള്ള മോചനം സാധ്യമാകും.

മരണം ശരീരത്തിനാണ്. ആത്മാവിന് ജനനമില്ല.അതിനാൽ മരണവുമില്ല. ജീവൻ ഇന്ദ്രിയങ്ങളെയും മനസ്സിനെയും സ്വാധീനിച്ച് ഭൗതിക സുഖം ആസ്വദിക്കുന്നു. സ്തുതിയും നിന്ദയും ചെവി ഒരുപോലെ കേൾക്കുന്നു. പുഷ്പംപോകുമ്പോൾ മണം കൂടെ കൊണ്ടു പോകുന്നതുപോലെ ജീവൻ പോകുമ്പോൾ വാസനകളെ എടുത്തു കൊണ്ടു പോകുന്നു. അതു കൊണ്ട് മനസ്സിലാക്കുക മരണം ഒരു ഫുൾസ്‌റ്റോപ്പല്ല ഒരു കോമമാത്രമാണ്.

ആയുസ്സ്, പ്രവർത്തി മണ്ഡലം, ധനസ്ഥിതി, വിദ്യ, മരണം എന്നീ അഞ്ചു കാര്യങ്ങൾ വാസനാബലത്താൽ ഗർഭത്തിൽവച്ചു തന്നെ തീരുമാനിക്കപ്പെട്ടിരിക്കുന്നതായി
ഭാരതീയചാര്യന്മാർ പറഞ്ഞിട്ടുണ്ട്.

ബാല്യത്തിൽ കളികൂടും, യൗവ്വനത്തിൽ ചിരി കൂടും വാർദ്ധക്യത്തിൽ കരച്ചിൽ കുടും, അടുത്തുള്ളവരെ പിരിയേണ്ടി വരും, ഇതൊക്കെ ജീവിതയാഥാർത്ഥ്യങ്ങളാണ്.
അതുകൊണ്ട് സ്നേഹിച്ചവരെ മറക്കാതെയും സഹായിച്ചവരെ വെറുക്കാതെയും ജീവിതം മുന്നോട്ട് നയിക്കുക.

വിവേകി പറയും “സ്നേഹിക്കേണ്ടത് ഈശ്വരനെ. സേവിക്കേണ്ടത്  ലോകത്തേയും. ശരീരം ലോകത്തിന്‌ വിട്ടുകൊടുക്കൂ. മനസ്സ് ഈശ്വരനും. മായ നമ്മേ തെറ്റിദ്ധരിപ്പിക്കുകയാണ്. സത്യത്തെ മറയ്ക്കുകയാണ്. സൂക്ഷ്മമായതിനെ കാണിക്കാതെ സ്ഥൂലം ശരിയെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ്.

നമ്മെ തളർത്തുന്നത് മറ്റുള്ളവരല്ല. മായയാൽ പിടിക്കപ്പെട്ട നമ്മുടെ മനസ്സു തന്നെയാണ്. മനസ്സിനെ സ്വാധീനിക്കേണ്ടത് മായയല്ല ജ്ഞാനമാണ്.

പി . എം . എൻ . നമ്പൂതിരി.✍

RELATED ARTICLES

Most Popular

Recent Comments