Thursday, April 25, 2024
Homeസ്പെഷ്യൽശുഭചിന്ത - (69) പ്രകാശഗോപുരങ്ങൾ - (45) "ഭക്തി" ✍പി....

ശുഭചിന്ത – (69) പ്രകാശഗോപുരങ്ങൾ – (45) “ഭക്തി” ✍പി. എം. എൻ. നമ്പൂതിരി.

പി. എം. എൻ. നമ്പൂതിരി.

ഭക്തിശാസ്ത്രം നമ്മേ ഉപദേശിച്ചത് നാരദമഹർഷിയാണ്.ഭക്തി സ്നേഹത്തിൻ്റെ ഉച്ചഭാവമാണ്. അതുപോലെ തന്നെ സ്വന്തം കാര്യം നടക്കാൻ വേണ്ടി അന്യനെ ഇഷ്ടപ്പെടുന്നത് സ്നേഹമായി രൂപാന്തരപ്പെടുന്നു. “എനിക്കൊന്നുംവേണ്ട ഞാൻ ഇഷ്ടപ്പെടുന്നയാൾ സന്തുഷ്ടനാകണം” ഈ ഉദാന്തഭാവത്തെ ആത്മീയ ശാസ്ത്രത്തിൽ പ്രേമം എന്നാണ് പറയുന്നത്. ഉദാഹരണം അമ്മയ്ക്കു കുഞ്ഞിനോടുള്ള വാത്സല്യത്തെ പ്രേമഭാവമായി തന്നെ കാണണം.കാരണം തനിക്കെത്ര ദു:ഖം വന്നാലും സാരമില്ല, കുഞ്ഞിന് സുഖം ലഭിക്കണം എന്നാണല്ലൊ ഏതൊരുമാതാവും ആഗ്രഹിക്കുക . അതുകൊണ് ആ സ്നേഹം പ്രേമഭാവമാണ്. എന്നാൽ ഈ ഭാവം ഈശ്വരനോടായാൽ അതിന് ഭക്തി എന്ന് പറയുന്നു.

ലോകത്തിൽ മൂന്നു വിധത്തിൽ അതിശക്തമായ ആകർഷണമുണ്ട്. അതിൻ ഒന്നാമത്തേത് പെറ്റമ്മയ്ക്ക് കുഞ്ഞിനോടുള്ള ആകർഷണം തന്നെ. രണ്ടാമത് പതിവ്രതയ്ക്ക് ഭർത്താവിനോടുള്ള ആകർഷണം. മുന്നാമത്തേത് പിശുക്കന് പണത്തോടുള്ള ആകർഷണം. ഈ മൂന്നു വിധം ആകർഷണങ്ങൾ ഒന്നു ചേർന്നാൽ എത്ര ശക്തിയുണ്ടോ അത്ര ശക്തമായ ആകർഷണം ഈശ്വരനോടുണ്ടാകുന്നതാണ് ശരിയായ ഭക്തി .

“ഈശ്വര സർവ്വഭൂതാനാം” എന്ന് പറഞ്ഞാൽ ഈശ്വരൻ എല്ലാ ജീവികളിലും കുടികൊള്ളുന്നു.- അന്തര്യാമിയായി വർത്തിക്കുന്നു. അതു പോലെ തന്നെ “ഇശാവാസ്യ മിദം സർവ്വം” എന്ന് പറഞ്ഞാൽ ഈ പ്രപഞ്ചത്തിലെ എല്ലാ ഭാഗത്തും ഈശ്വരൻ വസിക്കുന്നു എന്നാണ്. ഒന്ന് മനസ്സിലാക്കുക! ഈശ്വരൻ ഏതേങ്കിലും കെട്ടിടത്തിനകത്തോ, ക്ഷേത്രത്തിനകത്തോ കുടുങ്ങി കിടക്കുകയല്ല. ഈശ്വരൻ്റെ ക്ഷേത്രം നമ്മുടെയെല്ലാം ശരീരം തന്നെയാണ്. ഹൃദയക്ഷേത്രത്തിൽ ഈശ്വരൻ കുടികൊള്ളുന്നതറിയാതെ നാം ഈശ്വരനെ തേടി അലയുകയാണ്. എന്നാൽ നോക്കേണ്ടിടത്തു മാത്രം നോക്കുന്നുമില്ല. ഇതിന് രസകരമായ ഉദാഹരണം പറയാം.

ഒരിക്കൽ ഒരു ബിസിനസ്സുകാരന് ഒരു രാത്രി ടി.ബി യിൽ തങ്ങേണ്ടിവന്നു. ഡബിൾ റൂം മാത്രമേ ഒഴിവുണ്ടായിരുന്നുള്ളൂ. കൂടെയുണ്ടായിരുന്നവൻ ചങ്ങാത്തം കൂടി.ബിസിനസ്സുകാരൻ കിടന്നയുടൻ ഉറങ്ങിപ്പോയി. ആ സമയം നോക്കി റൂമിലുണ്ടായിരുന്ന മറ്റേയാൾ പതുക്കെ എഴുനേറ്റു. ബിസിനസ്സുകാരൻ്റെ പഴ്സിനുവേണ്ടി തിരഞ്ഞു. അയാളുടെ പെട്ടി, കുപ്പായം, സഞ്ചിഎന്നു വേണ്ട ബിസിനസ്സുകാരൻ്റെ
എല്ലാ വസ്തുക്കളും തപ്പിനോക്കി. ഒന്നും കിട്ടാതെ നിരാശനായി കിടന്നു. പിറ്റെ ദിവസം രാവിലെ അയാൾ ബിസിനസ്സുകാരനോട് ചോദിച്ചു “നിങ്ങൾ എവിടെയാണ് പഴ്സ്
വെച്ചത്? പോയിട്ടില്ലല്ലോ, കള്ളന്മാരുടെ ശല്യമുണ്ട്. അപ്പോൾ ബിസിസ്റ്റുകാരൻ ചിരിച്ചുകൊണ്ടു പറഞ്ഞു “ഞാൻ പഴ്സ് വെച്ചത് നിങ്ങളുടെ തലയിണക്കീഴിലാണ്.അത്
അവിടെത്തന്നെയുണ്ട്. സത്യത്തിൽ ആ തസ്കരൻ അവിടെ തിരക്കില്ലെന്ന് ബിസിനസ്സുകാരന് അറിയാമായിരുന്നു.

ഇതു പോലെയാണ് ഈശ്വരനെ – പരമാനന്ദ ബ്രഹ്മത്തെ ഹൃദയത്തിൽ വെച്ചുകൊണ്ട് മനുഷ്യൻ ഈശ്വരനെ വെളിയിൽ അന്വേഷിച്ചലയുന്നത്. സ്വർണ്ണമാനിനെ മോഹിച്ച സിതാദേവി കഷ്ടത്തിലായതും നമുക്കെല്ലാവർക്കും അറിയാവുന്ന കഥയാണല്ലൊ. നിത്യാനന്ദം ലഭിക്കാതെ ദു:ഖിതരായി മരിക്കുകയാണ് നാം. മൃഗതൃഷ്ണാജലം കണ്ട് പാത്രവുമായി ഓടുന്നതു പോലെയാണ് ബാഹ്യപ്രപഞ്ചത്തിൽ സുഖം തേടി അലയുന്ന മനുഷ്യൻ്റെ ഗതി.

പരമാത്മാവ് ഈ ചരാചരപ്രപഞ്ചങ്ങളിലെ സമസ്ത പദാർത്ഥങ്ങളിലും “സൂത്രേ മണിഗണ ഇവ “മണികളിൽ ചരടുപോലെ വ്യാപിച്ചിരിക്കുന്നു. അങ്ങനെ ഭഗവാൻ സകലതിലുമുണ്ടെങ്കിൽ കാണാത്തതെന്തേ എന്ന ചോദ്യം ഉയരാം. അതിനുള്ള ഉത്തരം ഒന്നേയുള്ളൂ. ഇടതൂർന്ന പുഷ്പമാലയിൽ നൂൽ കാണാൻ കഴിയുമോ?പലിലെ വെണ്ണ
എള്ളിലെ എണ്ണ, പൂവിലെ സുഗന്ധം ഇവയൊക്കെ കാണാൻ കഴിയുമോ? ഇവയെല്ലാം വിവേകനേത്രത്താൽ, ജ്ഞാനദൃഷ്ടിയാൽ മാത്രം കാണാൻ കഴിയുന്നവയാ
ണ്. ഭക്തൻ്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്? ആർക്കും ഭക്തരാകാം.മാനവനും ദാനവനും ദേവനും ഭക്തി സാധനകൾ ചെയ്യാം. മൃഗങ്ങക്കൾക്കും ഭക്തരാകാം. ഹനുമാൻ ഭക്തനായിരുന്നുവല്ലൊ. പക്ഷിയായ ജടായുവും ഭക്തനായിരുന്നു. ഗജേന്ദ്രൻ മൃഗമായിരുന്നു. കുബ്ജ വിരൂപിയായിരുന്നു. കുചേലൻ ദരിദ്രനായിരുന്നു. വിദുരൻ താണകുലത്തിൽ ജനിച്ചവനായിരുന്നു. പണ്ഡിതനായ ഭട്ടതിരിയേക്കാൾ പാമരനായ ഭക്ത കവി പൂന്താനത്തെയല്ലേ ഭഗവാൻ സ്നേഹിച്ചത്.

ഭഗവാൻ സന്തുഷ്ടനാകുന്നത് ഭക്തി കൊണ്ടു മാത്രമാണ്. ഹൃദയശുദ്ധി, ഭഗവൽ ഭക്തി ഇവയാണ് പ്രധാനം. “യോ മദ് ഭക്ത, സ, മേപ്രിയ “ഭക്തൻ്റെ ലക്ഷണം ആരിൽ പൂർണ്ണമായിട്ടുണ്ടോ അവൻ എനിക്ക് പ്രിയനാവുന്നു എന്നാണ് ഭഗവാൻ കഷ്ണൻ പറഞ്ഞിട്ടുള്ളത്.

ആര് സുഖദു:ഖങ്ങളിൽ സമഭാവന കാണിക്കുന്നുവോ, എപ്പോഴും സന്തുഷ്ടരും സംതൃപ്തരുമായിരിക്കുന്നുവോ, ഈശ്വരമാർഗ്ഗത്തിൽ ദൃഢചിത്തരായിരിക്കുന്നുവോ, സമസ്ത പ്രാണികളിലും ദ്വേഷബുദ്ധിയില്ലാതെ സ്നേഹവും കാരുണ്യവും ചൊരിയുന്നുവോ, മാനാപമാന,നിന്ദാ സ്തുതികൾ സമഭാവനയോടെ കാണുന്നുവോ അവർ ഭഗവാന് പ്രിയരാകുന്നു. ഉരകല്ലുപയോഗിച്ച് സ്വർണ്ണം പരീക്ഷിക്കുന്നതുപോലെ ഭഗവാൻ ഭക്തനെ പരീക്ഷിക്കാറുമുണ്ട്. പൂന്താനത്തിൻ്റെ ഒരു ദുരനുഭവം ഇത് വ്യക്തമാക്കുന്നു.

അതു കൊണ്ട് മനസ്സിലാക്കുക!

പൂന്താനത്തെപ്പോലെയൊ, ഗോപികമാരെപ്പോലെയോ, വിദുരരെപ്പോലെയൊ, വിശുദ്ധ ഭക്തിയുടെ പൂന്തേനരുവിയിൽ മുങ്ങിക്കുളിക്കുവാൻ കഴിയുന്നവർ എത്ര ഭാഗ്യവാന്മാർ!

✍പി. എം. എൻ. നമ്പൂതിരി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments