കാപട്യങ്ങൾ തിരിച്ചറിയുക
ഭക്തിയുടേയും, ആരാധനയുടെയും പേരിൽ നമ്മളെന്തൊക്കെയാണ് ഇന്നു ചെയ്തുകൊണ്ടിരിക്കുന്നത്? നമ്മളോട് നാം തന്നെ ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. നമ്മുടെ ചെയ്തികൾ കൊണ്ട് മനസ്സ് നിർമ്മലമാകുകയാണോ അതോ കൂടുതൽ മലിനമാകുകയാണോ? നമ്മൾ ഈശ്വരനിലേക്കു കൂടുതൽ അടുക്കുകയാണോ അതോ ഈശ്വരനിൽ നിന്നും അകന്നു പോകുകയാണോ? നമ്മുടെ പോക്ക് എവിടേക്കാണ്?
വ്യക്തികളാണ് സമൂഹം സൃഷ്ടിക്കുന്നതെന്നതിനാൽ വ്യക്തിയുടെ ഈശ്വരനിലേക്കുള്ള അടുപ്പവും അകൽച്ചയും സാമൂഹികഭദ്രതയുമായി ബന്ധപ്പെട്ടു നിൽക്കുന്ന വിഷയമാണ്. അപ്പോൾ നമ്മൾ ഓരോരുത്തരും സനാതനധർമ്മസിദ്ധാന്തങ്ങളും തത്ത്വങ്ങളും സ്വന്തം ജീവിതത്തിൽ അനുവർത്തിച്ചാൽ സമൂഹികമായ ഉന്നമനം സാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇക്കാര്യം ശരിക്കും ബോദ്ധ്യപ്പെട്ടവരായിരുന്നു ഭാരതീയ ആത്മീയാചാര്യന്മാർ. ആത്മീയതയിലൂടെ ലോകത്തിനു മുഴുവൻ സുഖം ഭവിക്കട്ടെ ലോകാ സമസ്താ സുഖിനോ ഭവന്തു എന്നവർ പ്രാർത്ഥിച്ചത് അതിനാലാണ്.
അമ്മയെക്കൊന്നാലും വേണ്ടില്ല, അംഗീകാരങ്ങൾ നേടണം എന്നു ചിന്തിക്കുന്ന ഒരു ലോകത്താണല്ലോ ഇന്നു നാം ജീവിക്കുന്നത്.
അധികാര രാഷ്ട്രീയത്തിന്റെ മോഹവലയങ്ങളിലും അവരൊരുക്കുന്ന കുതന്ത്രങ്ങളിലും ചെന്നു ചാടി പലരും സഹസ്രാബ്ധങ്ങളായി തങ്ങളാർജ്ജിച്ചിട്ടുള്ള സംസ്കാരത്തെത്തന്നെ തള്ളിപ്പറയാൻ ലജ്ജയില്ലാത്ത അവസ്ഥയിലെത്തിനിൽക്കുന്ന കാഴ്ചയാണിന്നു കാണുന്നത്. സംസ്കാരചിത്തനായ മനുഷ്യരേക്കാൾ മതേതരവാദിയായ മനുഷ്യരെയാണ് ഈ ഭൂമുഖത്തു കൂടുതലായും കാണുന്നത്. സ്വന്തം ഭാരതസംസ്കാരത്തെ നിന്ദിച്ചുകൊണ്ട്, വൈദേശികമായിട്ടുള്ളതെല്ലാമാണ് മഹത്തരം എന്നു പറഞ്ഞ്, അതിനൊക്കെ ആർപ്പു വിളിക്കുന്നതാണ് പുരോഗമനം എന്ന് ചിന്തിക്കുന്ന മൂഢന്മാരുടെ നാടായി നമ്മുടെ ഭാരതം മാറിക്കൊണ്ടിരിക്കുകയാണ്.
രാഷ്ട്രീയമെന്നപോലെ തന്നെ ജാതിവ്യവസ്ഥ സൃഷ്ടിക്കുന്ന അപകർഷതാ ബോധവും സ്വന്തം സംസ്കാരത്തെക്കുറിച്ചുള്ള അറിവില്ലായ്മയും ഈ കപടമനോഭാവത്തിനു പിന്നിൽ വർത്തിക്കുന്ന പ്രധാന ഘടകങ്ങളാണ്. ഈയൊരവസ്ഥയിൽ നിന്ന് നാം മാറിയേ തീരൂ.
കലക്കവെള്ളത്തിൽ മീൻ പിടിക്കാനെന്ന പോലെ ഭൗതികതയിൽ മാത്രം വിശ്വസിക്കുന്ന പ്രസ്ഥാനങ്ങൾക്കും സ്വസംസ്കാരനിന്ദ അവരുടെ നിലനിൽപ്പിനുള്ള ഒരു ഉപായമായിത്തീർന്നിട്ടുണ്ട്. ബാഹ്യപരമായ ഇത്തരം ചിന്തകൾ സ്വസമൂഹത്തിലെ ആന്തരികമായ കാപട്യമണെന്നതിൽ സംശയം വേണ്ട.
പി. എം.എൻ.നമ്പൂതിരി✍
വളരെ ആനുകാലികമായ ചിന്താധാര! ഇന്നു മനുഷ്യർ അനുദിനം അനുകരണഭ്രാന്തരും, കപടനാട്യക്കാരും, സുഖലോലുപരും ആയി, നമ്മുടെ പൈതൃകവും, പാരമ്പര്യവും നിരാകരിച്ച് ജിവിക്കുവാൻ, എന്തെന്നില്ലാത്ത ആവേശവും തിടുക്കവും പ്രകടിപപിക്കുന്നു!ദേവപൂജയും ക്ഷേത്ര സന്ദർശനവും, ഒക്കെ ഭക്തി രഹിതമായ ആർഭാടപ്രകടനത്തിനും, ആഡംബരത്തിനുമുള്ള ഉപാധി മാത്രമായി മാറിക്കൊണ്ടിരിക്കുന്നു. ആത്മബോധവും, വിവേകബുദ്ധിയും വിരളമായിരിക്കുന്നു! സങ്കടകരമായ ഈ പ്രതിഭാസം വരുംതലമുറയിലേക്കു വ്യാപിപ്പിക്കുന്നത് നിയന്ത്രണ വിധേയമാക്കാൻ, ശ്രീ PMNജിയുടെ ചിന്താധാര വെളിച്ചം വീശുമാറാകട്ടെ എന്നു പ്രാർത്ഥിക്കുന്നു!