“ഹാ! പുഷ്പമേ അധികതുംഗപദ
ത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി
കണക്കയേ നീ,
ശ്രീ ഭൂവിലസ്ഥിര-അസംശയം – ഇ
ന്നു നിൻ്റെ
യാ ഭൂതിയെങ്ങു പുനരെങ്ങു കിട
പ്പിതോർത്താൽ!
1907 ൽ മഹാകവി കുമാരനാശാൻ എഴുതിയ കവിതയാണ് മുകളിൽ കൊടുത്തിട്ടുള്ളത്. പേര് “വീണ പൂവ് “. ഇത്രയും വർഷം കഴിഞ്ഞിട്ടും ഇന്നും അതിലെ ആശയവും കവിതാഭംഗിയും ആസ്വാദകരെ ആകർഷിക്കുന്നു. കാലത്തെ അതിജീവിച്ചു നിൽക്കുന്ന ആ കവിത ജീവിതത്തെയാണു പ്രതിഫലിപ്പിക്കുന്നത്. ഒരു കാലത്ത് നീ എത്ര ഹൃദയാവർജ്ജ കയായിരുന്നു! പുറത്ത് അനുപമ സൗന്ദര്യവും അകത്ത് മധുരം നിറഞ്ഞ മധുവുമുള്ള നീ ആരുടെയെല്ലാം ഹൃദയത്തെ മഥിച്ചു! ഇന്ന് നിൻ്റെ കിടപ്പെവിടെ?
ഒരു രാജ്ഞിയെപ്പോലെ സമൂഹത്തിൽ എത്ര ഉന്നത സ്ഥാനം വഹിച്ചവളായിരുന്നു നീ. ഇന്നോ? ഐശ്വര്യത്തിൻ്റെ ഉത്കർഷത്തിൽ മദിച്ചുനിന്ന നീ ഇന്ന് ഈ മണ്ണിൽ കൊഴിഞ്ഞു വീണു കിടക്കുന്നു. കഷ്ടം തന്നെ! ഇന്ന് നിനക്ക് ഈ ഗതി വന്നു. നാളെ ഞങ്ങളുടെ ഓരോരുത്തരുടെയും വഴിയും ഇതുതന്നെയാണ്. അഗാധമായ അലയാഴിയും അത്യുന്നതങ്ങളായ ഗിരിശൃംഗങ്ങളും ഒരിക്കൽ നശിക്കും. സ്ഥാനമാനങ്ങളിൽ, സമ്പത്തിൽ, സൗന്ദര്യത്തിൽ, മേയ്ക്കരുത്തിലൊക്കെ ഭ്രമിച്ച് ജീവിതം തുലയ്ക്കുന്ന ഹേ മനുഷ്യാ! നീ എന്നും ഇതുപോലെ നിലനിൽക്കുമെന്ന് വിചാരിക്കേണ്ട. അതാണ് കവിയും പറയുന്നത്. ഒരു പൂവിൻ്റെ അത്യാകർഷകമായ ജീവിതം എങ്ങിനെ അവസാനിച്ചു എന്ന് കവി നമ്മെ ഓർമ്മപ്പെടുത്തുന്നു. ഭാരതത്തിൻ്റെ ദർശനം ഉൾക്കൊണ്ട ജീവിതദർശനത്തെയാണിതു സൂചിപ്പിക്കുന്നത്.
Gospel of Buddha എന്ന ഗ്രന്ഥത്തിൽ പറയുന്നത് “പ്രഭാതത്തിൽ പൂർണ്ണ ശോഭയോടെ വിരിയുകയും പകൽച്ചൂടിൽ വാടിവീഴുകയും ചെയ്യുന്ന ഒരു പൂവാണ് ജീവിതം ” എന്നാണ്.
രാജ്ഞിയെപ്പോലെ ബാല്യകാലം നയിച്ച അവൾ പല പ്രേമാഭ്യർ
ത്ഥനകളും നിരസിച്ചു. ചിത്രശലഭങ്ങളിൽ ആകൃഷ്ടയാകാതെ തൻ്റെ ചുറ്റും പാറിപ്പറന്നുനടന്ന ഒരു ഭ്രമരത്തെ സ്വീകരിച്ചു. ആ ഭ്രമരമാകട്ടെ മറ്റു പൂവുകളിലേക്കു പറന്നു പോവുകയും ചെയ്തു. അതിൽ ദുഃഖിതയായി പൂവ് മണ്ണിലേക്കു വീണു.
ഇനി ഒരു നടന്ന സംഭവം ഇവിടെ വിവരിക്കാം.
ഒരു മെഡിക്കൽ കോളജിലെ വാർഡിൽ ഒരു രോഗിയെ കാണാൻ രണ്ടു സുഹൃത്തുക്കൾ പോയി. അവിടെ ദൂരെയൊരു കട്ടിലിൽ ചുരുണ്ടുകൂടി കിടക്കുന്ന ഒരു സ്ത്രീരൂപത്തെ ചൂണ്ടി സുഹൃത്തിനോട് മറ്റേയാൾ ചോദിച്ചു.” ആ കിടക്കുന്ന സ്ത്രീയെ അറിയാമോ?”
സുഹൃത്ത് നോക്കിയപ്പോൾ കണ്ടത് കട്ടിലിൽ വളഞ്ഞു കൂനിക്കൂടി കിടക്കുന്ന ഒരു എല്ലിൽകൂട്. മുഖം ചുക്കിച്ചുളിഞ്ഞ്, പല്ല് കൊഴിഞ്ഞ്, കണ്ണിൽ പീളകെട്ടി, മുടി മുഴുവൻ കൊഴിഞ്ഞ ഒരു സ്ത്രീരൂപം. അവൻ സുഹൃത്തിനോട് പറഞ്ഞു “ഇല്ല എനിക്ക് മനസ്സിലായില്ല ” അപ്പോൾ സുഹൃത്ത് പറഞ്ഞു ” ആ സ്ത്രീയായിരുന്നു 1982-ലെ മിസ് കേരള. നമ്മുടെയൊപ്പം കോ ളജിൽ പഠിച്ചിരുന്ന സുന്ദരിക്കുട്ടി.
ഇത്രയേ ഉള്ളു നമ്മുടെയെല്ലാം ജീവിതം. സൗന്ദര്യവും മസിൽ പവറും കണ്ട് നാം അഹങ്കരിക്കുന്നു. നാം ഓർക്കാറുണ്ടോ ഇന്ദ്രിയ സംവേദനങ്ങളിൽ ഭ്രമിച്ച്, അല്പലാഭത്തിനുവേണ്ടി നിരപരാധികളെ കശക്കിയെറിയാൻ മടിക്കാത്ത നമ്മുടെ ജീവിതവും നശ്വരമാണെന്ന്.
വ്യക്തികളോടും വസ്തുക്കളോടും മമതയും സ്നേഹവും ആവശ്യമാണ്. പക്ഷെ അതിൽ ഒട്ടിപ്പിടിക്കാൻ അനുവദിക്കരുത്. ഒന്നു മനസ്സിലാക്കുക സ്വന്തക്കാരും ബന്ധുക്കളും എപ്പോഴും നമ്മുടെ കൂടെ ഉണ്ടാവുകയില്ല. ഒരുപക്ഷേ ഇന്നത്തെ ബന്ധുക്കൾ നാളെ നമ്മുടെ ശത്രുക്കളായി മാറിയേയ്ക്കാം. അതുകൊണ്ട് മനസ്സിലാക്കുക നമ്മുടെ യഥാർത്ഥ ബന്ധു ഈശ്വരൻ മാത്രമാണ്. ഒരിക്കലും വിട്ടുപിരിയാത്ത ബന്ധു. ദു:ഖം വരുമ്പോൾ നാം വിളിക്കുന്നത് ഈശ്വരനെയാണ്. നമ്മുടെ ഉള്ളിൻ്റെയുള്ളിൽ വസിക്കുന്ന യഥാർത്ഥ ബന്ധു…യഥാർത്ഥ രക്ഷകൻ. അതു മനസ്സിലാക്കാതെ നാം അന്യവ്യക്തികളുടെയും അന്യവസ്തുക്കളുടെയും പിറകേ പോകുന്നു. നശിക്കാത്തതിനെ വിട്ട് നശിക്കുന്നതിനെ നേടാൻ വ്യഗ്രതകൊള്ളുന്നു. നശിക്കുന്ന ബന്ധങ്ങളും മമതകളും ഒക്കെ മഹത്തരമായി കരുതാതിരുന്നാൽ ആരുപേക്ഷിച്ചാലും ആരു ദ്വേഷിച്ചാലും ദു:ഖിച്ചു തളരേണ്ടി വരില്ല. ഇന്ന് കൂടെയുള്ളവരും കൂടെയുള്ളവയും നാളെ നമ്മെ വിട്ടുപിരിയും. അതുകൊണ്ട് നമ്മുടെ ലക്ഷ്യം ഇവരെയൊക്കെ വിട്ട് ഈശ്വരനിൽ എത്തിച്ചേരുകയാണെ ന്ന് മനസ്സിലാക്കി ജീവിക്കുക.
പി . എം . എൻ . നമ്പൂതിരി✍
നല്ല സന്ദേശം 👌🌹🙏🏻
നന്നായിട്ടുണ്ട്, മുഴുവൻ ശരി നമസ്കാരം എല്ലാ ആശംസകൾ നേരുന്നു
Well written Guruji🙏
വളരെ നന്നായിട്ടുണ്ട് .. നല്ല സന്ദേശം 🙏🙏🌹🌹
ഭാരത ദർശനം ഉൾക്കൊണ്ടു തന്നെയാണ് കവി ഇത് പാടിയിട്ടുള്ളത്. എത്ര തുംഗ ത്തിരുന്നാലും പതനമുണ്ടെന്ന സത്യം.. ആ പൂവ് വിരിഞ്ഞ് വിടർന്ന് എത്രയോ പേർക്ക് തന്നെ കാണുന്ന വർക്കെല്ലാം. സന്തോഷം നല്കുന്ന് . അത് ഒരു നിഷ്ക്കാമകർമ്മമാണ്. ഈ ജഗത്ത് നമുക്ക് ആനന്ദിക്കാനുള്ളതാണ്. അതിന് തന്റെ കർമ്മം മറ്റുള്ളവർക്ക് ഗുണപ്രദവും സന്തോഷവുമായിരിക്കണം. ആ സർവ്വാത്മൈക്യത്തോടെ ജീവിക്കുമ്പോൾ നമ്മുടെ ജീവി. തവും അങ്ങിനെ തന്നെ. സൃഷ്ടിസ്ഥിതി. സംഹാരം എന്നത് എല്ലാ ചരാചര ത്തിനും ബാധകമാകമാണ്. നമ്മെ അപേക്ഷിച്ച് പൂവിന്റെ ആയുസ്സ് കുറച്ച് മാത്രം. നമ്മുടെ ഈ കുറഞ്ഞ ജീവിതവും രാഗദ്വേഷങ്ങളില്ലാതെ ആനന്ദപ്രദമാക്കാം. നന്ദി ഗുരു ജീ. നമസ്ക്കാരം.
വളരെ നല്ല സന്ദേശം ഗുരുജീ.
അനശ്വരമായ ആത്മാവ്ഭഗവദ് പാദത്തിൽ
എത്താൻ ഈശ്വരാർപണത്തോടെ
നിഷ്കാമ കർമം ആരോടും ഒട്ടലില്ലാതെ
ചെയ്യുക.
വളരെ വളരെ ശരിയാണ് ഗുരുജി.അനശരമായത്ഒന്ന്മാത്രമാണ് അതത്രെ പരം പൊരുൾ എന്നും പരമാത്മാവ് എന്നും സൗകര്യ പൂർവം നാം വിളിക്കുന്ന ബ്രഹ്മം.ബാക്കി എല്ലാം വെറും നശ്വരം മാത്രം.നന്ദി gurujikkum മലയാളി മനസ്സിനും
പ്രണാമം! വളരെ താത്വികവും ചിന്തോദ്വീപകവുമായ ഒരു നല്ല ലേഖനം!
മഹാകവികുമാരനാശാന്റെ *വീണപൂവ്*കുട്ടിക്കാലത്തു തന്നെ മനസിനെ വളരെയേറെ മഥിച്ച ഒരു കൊച്ചുകാവ്യമായിരുന്നു!ജീവിതത്തിന്റെ നശ്വരതയെയും, കവിഭാവനയ്ക്കു വിധേയമാക്കി ഹൃദയസ്പർശിയായ വിധത്തിൽ നിരവധികവികൾ അവതരിപ്പിച്ചിട്ടണ്ടെങ്കിലും, വീണപൂവ് എന്ന കാവ്യരത്നത്തിലെ ഈ വരികൾ, അന്നും ഇന്നും നമ്മുടെ മനോ വികാരങ്ങളെ, പഠിച്ചു കുലുക്കി, നമ്മെ വേദനിപ്പിക്കുന്ന നിത്യ സത്യത്തെ മനോമുകുരത്തിൽ സർവദാ തെളിയിച്ചുകൊണ്ടിരിക്കുന്നു! വെട്ടിപ്പിടിക്കുവാനും, കെട്ടിപ്പടുക്കുവാനും വെമ്പൽകൂട്ടി നട്ടഓട്ടം ഓടുന്ന മനുഷ്യന്റെ ദൈനംദിന ജീവിതത്തിലെ പച്ച യാഥാർത്ഥ്യങ്ങളെയും, നശ്വരതയെയും പറ്റിയുള്ള ഈ ഓർമ്മപ്പെടുത്തൽ നമ്മുടെ നിത്യാനിത്യാനുഭവങ്ങളെ വിശകലനങ്ങൾക്കു വിധേയമാക്കുന്നതിനോടൊപ്പം, നമ്മെ വിനയാന്വിതരാക്കാൻ തീർച്ചയായും ഉപകരിക്കും! വേദാന്തങ്ങളുദ്ഘോഷിക്കുന്ന നിത്യ സത്യത്തെയും, പ്രാപഞ്ചിക നാമരൂപങ്ങളുടെ നശ്വരതയെയും ഓർമ്മിപ്പിക്കുവാനും, ആത്മാന്വേഷണ വിധേയമാക്കുവാനും വേണ്ടിയുള്ള ഈ നല്ല ഉദ്യമത്തിനു നന്ദി! നമസ്കാരം!