ദീർഘമായൊരു മൗനത്തിന് ശേഷം ശ്രീ സുരേഷ്കുമാർ.വി എന്ന കഥാകൃത്ത് വീണ്ടും എഴുതി തുടങ്ങിയ കഥകൾ. എഴുത്തിലേക്ക് തിരികെ എത്തിയപ്പോഴും ഈ കാലയളവിൽ ചെറുകഥ ലോകത്തിനുണ്ടായ മാറ്റങ്ങൾക്കൊപ്പം എത്താൻ കഥാകൃത്തിന് ഒട്ടും പ്രയാസം ഉണ്ടായില്ല എന്നത് അദ്ദേഹത്തിന്റെ പ്രതിഭയുടെ തെളിവാണ്. “ഉറങ്ങുന്നവരുടെ ആംബുലൻസ്” എന്ന കഥാസമാഹാരത്തിലൂടെ
കഥാകൃത്തിന്റെ തിരിച്ചു വരവിൽ പ്രതിഫലിച്ചത് ഭാഷയുടെ അവതരണത്തിലും ആവിഷ്കാരത്തിലുമുള്ള പരീക്ഷണാത്മകമായ അനുഭവം ആയിരുന്നു.
ആലപ്പുഴ ജില്ലയിലെ തകഴിയിലാണ് ശ്രീ. സുരേഷ് കുമാറിന്റെ ജനനം. 2020 ലെ കലാകൗമുദി – എഴുത്തുകൂട്ടം പുരസ്‌കാരം അദ്ദേഹത്തിന്റെ “ഫ്രാൻസിസിന്റെ കത്ത് ” എന്ന കഥയ്ക്ക് ലഭിച്ചിട്ടുണ്ട്. “ഏഴു നാല്പത്തിയാറുകാർ” എന്ന കഥയ്ക്ക് കാക്കനാടൻ സ്പെഷ്യൽ ജൂറി അവാർഡും ലഭിച്ചിട്ടുണ്ട്. കലാകൗമുദി, മാധ്യമം, ജനയുഗം, ദേശാഭിമാനി, ഭാഷാപോഷിണി തുടങ്ങിയ ആനുകാലികങ്ങളിൽ ഇരുപത്തിയഞ്ചോളം കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കഥകളുടെ ഇതിവൃത്തത്തിലുള്ള വ്യത്യസ്തത, രചനയുടെ ലാളിത്യം, വിവരണം ഇവ ശ്രീ. സുരേഷ് കുമാറിന്റെ കഥകളിൽ എന്നും യുവത്വം നിലനിർത്തുന്നു. സമകാലിക ആഖ്യാന ശൈലികളെ അതിലംഘിക്കുന്ന അവതരണ രീതിയാണ് അദ്ദേഹത്തിന്റെ ഓരോ കഥയിലും. ദൈനംദിന ജീവിതത്തിലെ അനുഭവങ്ങളെ ഭാവനയുടെ അകമ്പടിയോടുകൂടി അങ്ങേയറ്റം സ്വാഭാവികമായി ചിത്രീകരിച്ചിട്ടുണ്ട്. വായനക്കാരനിൽ വായനയുടെ പുതുലോകം സൃഷ്ടിക്കാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. പുനർവായനക്കായി എടുക്കുമ്പോഴും ഈ കഥകളിൽ നിറയുന്ന പുതുമ അദ്ദേഹത്തിന്റെ സൃഷ്ടികളുടെ പ്രത്യേകതയാണ്.
“തിരിച്ചൊരു വാക്ക് വീണുപോയാൽ ഒപ്പം ഒരു വീടുകൂടി വീണുപോകും..” അലിഖിത നിയമങ്ങളുടെ ഊരാക്കുടുക്കിൽ സ്വത്വം നഷ്ടപ്പെട്ട സ്ത്രീ. അവളെ എങ്ങനെയായിരിക്കും ഒരു കഥാകൃത്ത് അടയാളപ്പെടുത്തുക? പുസ്തകത്തിലെ ആദ്യ കഥയായ “ഫ്രാൻസിസിന്റെ കത്ത്” അങ്ങനെയൊരു സ്ത്രീയുടെ ജീവിതത്തിന്റെ നേർസാക്ഷ്യമാണ്. വായിച്ചു തീരുമ്പോൾ, കുറേ ദിവസത്തേക്ക് ഈ കഥ വായനക്കാരന്റെ ഒപ്പം കൂടും എന്നതിൽ സംശയമില്ല. വിവാഹേതര ബന്ധം എന്ന വിഷയത്തെ കൃത്യമായ അതിരുകൾ നൽകി, അതിസമർത്ഥമായി കൈകാര്യം ചെയ്തിരിക്കുന്നു കഥാകൃത്ത്. ഭാര്യയെ വെറും ദാസിയായും ഭോഗവസ്തുവായും കാണുന്ന ആണഹന്തയുടെ നേർക്കു പായുന്ന കൂർത്ത അമ്പാണ് “ഫ്രാൻസിസിന്റെ കത്ത്.”
“ഉറങ്ങുന്നവരുടെ ആംബുലൻസ്” എന്ന കഥയിൽ, നാനാജാതി പ്രകാശങ്ങൾ മിന്നിച്ചു പായുന്ന ഒരു വലിയ ആംബുലൻസിനോടാണ് പാതി ഉണർന്നിരിക്കുന്ന നഗരത്തെ കഥാകൃത്ത് ഉപമിക്കുന്നത്. വഴിയിൽവീണു പൊലിയുന്നവരുടെ മരണക്കണക്കിൽ കണ്ണും നട്ടിരുന്നു ഇയർ ഓൺ ഇയർ ഗ്രോത്തിന്റെ ശതമാനം കൂട്ടാൻ വെമ്പുന്ന മൾട്ടിസ്പെഷ്യൽറ്റി ആശുപത്രികളുടെ ചിത്രം വരച്ചിടുന്ന ഈ കഥ, നമ്മൾ ഓരോരുത്തരുടെയും കാലടികളിൽ മരണം പതിയിരിക്കുന്നു എന്നൊരു ഓർമപ്പെടുത്തൽ കൂടെയാണ്.
മകളുടെ പ്രായമുള്ള പെൺകുട്ടിയെ ആർത്തിയോടെ നോക്കുകയും കണ്ണുകൾ കൊണ്ടു ഭോഗിക്കുകയും ചെയ്യുന്ന “ആത്മ മെഡിക്കൽസി” ലെ കൊച്ചവിരാ. നിവൃത്തികേട് കൊണ്ട് അയാളുടെ ദർശനത്തിന്റെ വിഷമേറ്റ്, അലോസരപ്പെടുന്ന മനസ്സുമായി ജോലി ചെയ്യേണ്ടി വരുന്ന കൃഷ്ണപ്രിയയും. അവളുടെ ദൈന്യത മുതലെടുക്കാനുള്ള ശ്രമത്തിലും പതറാതെ വ്യക്തിത്വം ഉയർത്തിപ്പിടിക്കുന്ന പെൺകുട്ടിയും വായനക്കാരന്റെ മനസ്സിൽ തങ്ങി നിൽക്കും.
ഓരോ കഥയും വിശകലനം ചെയ്യുക അസാധ്യമാണ്. കാരണം ഓരോ വായനയിലും പുതിയ തലങ്ങളിലേക്ക് ഉയർത്തപ്പെടുന്നു ശ്രീ. സുരേഷ് കുമാറിന്റെ കഥകൾ. കഥകളിൽ ഉപയോഗിച്ചിരിക്കുന്ന ബിംബങ്ങൾ എല്ലാംതന്നെ എഴുത്തിൽ തഴക്കം വന്ന ഒരു എഴുത്തുകാരനെ അനാവരണം ചെയ്യുന്നുണ്ട്. തകഴിയിൽ ജനിച്ചു, മലയാളത്തിന്റെ എക്കാലത്തെയും മികച്ച എഴുത്തുകാരൻ തകഴിയുടെ കഥകൾ കേട്ടു വളർന്ന ഒരു എഴുത്തുകാരന് മറ്റെന്താവാനാണ് കഴിയുക? ഈ പുസ്തകം വായിക്കാൻ ചിലവാക്കുന്ന സമയം ഒരു നഷ്ടമാവില്ല എന്ന ഉറപ്പുമാത്രം നൽകട്ടെ.
മലയാള സാഹിത്യത്തിന്റെ വിശാലമായ ലോകത്ത് ഉയർന്നു കേൾക്കാൻ പോകുന്ന പേരാണ് സുരേഷ് കുമാർ. വി എന്നതിൽ തർക്കമില്ല. അദ്ദേഹത്തിന്റെ എഴുത്തു ജീവിതത്തിന് എല്ലാ ആശംസകളും നേരുന്നു.