കേരളത്തിലെ തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ,ചാലക്കുടിയിൽ നിന്ന് അഞ്ച് കിലോമീറ്റർ തെക്ക് മാറി ദേശീയപാതക്കരുകിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ് കൊരട്ടി. കൊരട്ടി ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമാണിത്.അങ്കമാലിക്കും ചാലക്കുടിക്കും ഇടക്കുള്ള മനോഹരമായ ഒരു ഗ്രാമമാണ് കൊരട്ടി..
🌹കൊരട്ടിയുടെ ചരിത്രത്തിലൂടെ🌹
പ്രാചീന കാലത്ത് ഇത് ഒരു ബുദ്ധസാംസ്കാരിക കേന്ദ്രമായിരുന്നു. ചേര രാജാക്കന്മാർ ശ്രമണമതം സ്വീകരിച്ച് അവർ അർഹതപദം സ്വീകരിക്കുന്നതോടെ അവരുടെ പേരിൽ സാസ്ംകാരിക കേന്ദ്രങ്ങൾ സ്ഥാപിക്കപ്പെട്ടിരുന്നു, ചേര രാജാക്കന്മാർ കുറവർ( പുലയർ) വംശത്തിൽ പെട്ടവരുണ്ടായിരുന്നെന്നും ചേര രാജ്ഞിയെ കുറത്തി, കുരത്തി എന്നും വിളിച്ചിരുന്നു എന്നും രേഖകൾ പറയുന്നു
“സ്വസ്തി ശ്രീ വിക്കിരമാതിത്തവരകുണർക്കു ചെല്ലാനിന്റെ യാണ്ടുയിരുപത്തെട്ടുയിവ്വാണ്ടു പേരങ്കുടി അട്ടനേമി പടാാമണാക്കികൾ കുണന്താങ്കി കുരത്തികൾ തിരുച്ചാരണത്തു പടാരിയാകു”
ഈ രേഖയിൽ പറയുന്നത് ബൗദ്ധ-ജൈന സന്യാസിമാരെ പൊതുവായും കുരത്തികൾ എന്നു വിളിച്ചിരുന്നു എന്നാണ് . കുരത്തി ഇംഗ്ലീഷ് ലിപിയാകുമ്പോൾ കുരട്ടി എന്നും കൊരട്ടി എന്നും ശബ്ദഭേദം വന്നതാവാം എന്നും സ്ഥലനാമചരിത്രകാരൻ വിവികെ വാലത്ത് സൂചിപ്പിക്കുന്നു. ചേന്ദമംഗലത്ത് കൊരട്ടിപ്പറമ്പ് എന്ന സ്ഥലത്ത് ബുദ്ധക്ഷേത്രത്തിന്റെ അവശീഷ്ടങ്ങൾ കണ്ടെടുത്തത് ഇതിനെ ശരിവക്കുന്നു. ^രാജാവ് വിക്രമാദിത്യവരഗുണന്റെ ചെപ്പേട് കൊരട്ടി നിലനിന്നിരുന്ന ചേന്ദമംഗലത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്.
അക്കാലത്തെ പ്രമുഖ ബുദ്ധകേന്ദ്രമായിരുന്ന കൊരട്ടിയിൽ പിന്നീട് സവര്‍ണ നാടുവാഴി മേധാവിത്വം നിലനിന്നിരുന്ന കൊരട്ടിയില്‍ സ്വരൂപത്തിലെ തമ്പ്രാൻന്മാരായിരുന്നു നാടുവാഴികള്‍. ടിപ്പു സുല്‍ത്താന്‍റെ ആക്രമണങ്ങള്‍ നടന്നിരുന്ന പ്രദേശമായിരുന്നു കൊരട്ടി. ടിപ്പുവിന്‍റെ പടയോട്ടം തടയുന്നതിലേക്കായി ഗ്രാമത്തിന്‍റെ വടക്കേ അതിരില്‍ ഒരു കോട്ടയും കെട്ടിയിരുന്നു നെടുംകോട്ട എന്ന പേരിൽ.
🌹അഭിനവ ലൂര്‍ദ് എന്നറിയപ്പെടുന്ന പ്രസിദ്ധമായ കൊരട്ടി ഫൊറോന പള്ളിയുടെ വിശേഷങ്ങളിലേക്ക് 🌹
മദ്ധ്യകേരളത്തിലെ പ്രശസ്തമായ ഒരു മരിയൻ തീർത്ഥാടന കേന്ദ്രമാണു സെന്റ് മേരീസ് ഫൊറോന പള്ളി, കൊരട്ടി. എറണാകുളം-അങ്കമാലി അതിരൂപതക്കു കീഴിലുള്ള ഒരു ഫൊറോന പള്ളിയാണു ഇത്.
കൊരട്ടി മുത്തി എന്നാണ് കൊരട്ടിയിലെ മാതാവിന്റെ പ്രതിഷ്ഠ അറിയപ്പെടുന്നത്. ‘മുത്തി’ എന്ന സംജ്ഞ ഹൈന്ദവ വിശ്വാസവുമായി ബദ്ധപ്പെട്ട ഒന്നാണ്. ക്രിസ്ത്യാനികൾക്ക് പരിശുദ്ധ കന്യാമറിയമാണ് കൊരട്ടി മുത്തിയെങ്കിൽ ഹിന്ദു വിശ്വാസികൾ കരുതുന്നത് പുത്തുകാവ് മുത്തിയുടേയും എടത്രക്കാവ് മുത്തിയുടേയും സഹോദരിയാണ് കൊരട്ടി മുത്തി എന്നാണ്. അവരങ്ങനെ കരുതുന്നു എന്നു മാത്രമല്ല എല്ലാ തിരുന്നാളുകളോടനുബന്ധിച്ചും ആയിരക്കണക്കിന് ഹൈന്ദവ വിശ്വാസികൾ പള്ളിയിലെത്തി വിവിധ വഴിപാടുകൾ നടത്തുകയും അനുഷ്ഠാനങ്ങളിൽ പങ്കുകൊളളുകയും ചെയ്യുന്ന പതിവ് ഇന്നും തുടർന്നു പോരുന്നു.
കൊരട്ടിമുത്തിയുടെ വാസസ്ഥലത്തിനു ചുറ്റും കാര്‍ഷിക -പാടങ്ങളാണ്
തെക്ക്- കൊരട്ടിച്ചാല്‍ പാടം
പടിഞ്ഞാറ്- ചാത്തന്‍ ചാല്‍ പാടം
വടക്ക് – ആറ്റപ്പാടം-മേലൂര്‍പ്പാടം
കിഴക്ക് – കൊരട്ടി ചിറങ്ങരപ്പാടം
കൊരട്ടി തമ്പുരാട്ടിയെന്നും പൂവൻകുല മാതാ എന്നും വിളിക്കപ്പെടൂന്നു ഇവിടെ മാതാവിനെ…
🌹കൊരട്ടി പള്ളി സ്ഥാപക ചരിത്രo🌹
കൊരട്ടി കേന്ദ്രമാക്കി ചാലക്കുടി താലൂക്കിന്റെ തെക്കൻ പ്രദേശങ്ങൾ ഭരിച്ചിരുന്നത് കൊരട്ടി സ്വരൂപവും(കൊരട്ടി കൈമൾ എന്ന നാടുവാഴിയും )കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്ന ചാലക്കുടി താലൂക്കിന്റെ വടക്കു കിഴക്കൻ പ്രദേശങ്ങൾ കോടശ്ശേരി കർത്താക്കൾ എന്ന നാടുവാഴിയുംആണ് ഭരിച്ചിരുന്നത് പരസ്പരം കലഹിച്ചിരുന്ന ഈ നാടുവാഴി കുടുംബങ്ങൾക്ക് കീഴിൽ പ്രബലമായ സൈനിക സന്നാഹങ്ങളുമുണ്ടായിരുന്നു. കോടശ്ശേരി കർത്താക്കളുടെ സുശക്തമായ നായർ പടയോടു കിടപിടിക്കാൻ കഴിയുന്ന പ്രബലമായ ക്രിസ്ത്യൻ പട കൊരട്ടി കൈമളിനുണ്ടായിരുന്നു.അധികാരഗര്‍വും ഭരണസ്വാധീനം ഉറപ്പിക്കാനുള്ള ഇരുവരുടെയും ശ്രമങ്ങള്‍ പലപ്പോഴും യുദ്ധത്തില്‍ കലാശിച്ചു. ഒരിക്കലുണ്ടായ വലിയ ഏറ്റുമുട്ടലില്‍ കര്‍ത്താവിന്റെ സൈന്യം മുന്നേറ്റം നടത്തിയെങ്കിലും കൈമളിന്റെ ബുദ്ധിമാനായ സേനാനായകന്‍ കൊച്ചുവറീതിന്റെ തന്ത്രപരമായ നീക്കത്തിലൂടെ കോടശ്ശേരി കര്‍ത്താവിന്റെ പടയാളികളെ പരാജയപ്പെടുത്തി.വിജയഘോഷയാത്ര കൊരട്ടിയിലേക്ക് വരുന്നതിനിടെ കൊച്ചുവറീത് ശത്രുസൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു. കൊരട്ടി സ്വരൂപത്തിന്റെ ഭരണാധികാരി തമ്പുരാട്ടിയെ സംഭവം ഏറെ ദുഃഖത്തിലാഴ്ത്തി.
ക്രിസ്ത്യൻ പടയുടെ സേനാനായകൻ കവലക്കാട്ട് കൊച്ചുവറീത് എന്ന വീരന്റെ ജഡം എല്ലാ ക്രിസ്തീയ ആചാരങ്ങളോടേയും ബഹുമതികളോടേയും സംസ്കരിക്കാൻ തമ്പുരാട്ടി കല്പിച്ചു. കൊരട്ടിയിലെ ക്രിസ്ത്യാനികൾ അമ്പഴക്കാട് പള്ളിയിടവകയിലാണ് അന്ന് ഉൾപ്പെട്ടിരുന്നത്. അമ്പഴക്കാട് പള്ളിയാകട്ടെ കോടശ്ശേരി കർത്താക്കളുടെ ഭരണപ്രദേശത്തുമായിരുന്നു. കൊച്ചു വറീതിന്റെ ജഡം അമ്പഴക്കാട് അടക്കാൻ അനുവദിക്കാതെ കോടശ്ശേരി കർത്താക്കൾ തിരിച്ചയച്ചു. അമ്പഴക്കാട്ട് നിന്നും ബന്ധുക്കളും ഇടവകക്കാരും തിരിച്ചു പോരും വഴി വിശ്രമിക്കാനായി ശവമഞ്ചം ഒരിടത്ത് ഇറക്കി വച്ചു. വീണ്ടും ശവമഞ്ചം എടുക്കാൻ ശ്രമിച്ചപ്പോൾ അതെടുക്കാൻ കഴിയാത്ത വിധം അവിടെ ഉറച്ചു പോയെന്നും വിവരവറിഞ്ഞ കൊരട്ടി കോവിലകത്തെ തമ്പുരാട്ടി ശവം അവിടെ തന്നെ അടക്കാൻ കല്പിച്ചു എന്നുമാണ് ഐതിഹ്യ കഥ. കൊച്ചു വറീതിന്റെ ശവമഞ്ചം അടക്കിയ സ്ഥലത്ത് അദ്ദേഹത്തിന്റെ സ്മാരകമായി ഇരുപത് അടി നീളവും പന്ത്രണ്ടിഞ്ച് കനവുമുള്ള കൽകുരിശും അഞ്ച് നിലകളുള്ള കൽവിളക്കും സ്ഥാപിക്കുകയും ചെയ്തു. ഇതിനോട് ചേർന്ന് തന്റെ ദേശത്തെ ക്രിസ്ത്യാനികൾക്കായി ഒരു പള്ളിയും തമ്പുരാട്ടി പണിത് നൽകി. 1382 സെപ്തംബർ 8 നാണ് പള്ളി നിർമ്മാണം പൂർത്തിയാക്കി പ്രതിഷ്ഠാകർമ്മം നിർവഹിച്ചത് എന്നാണ് പഴയ പള്ളി രേഖകളിൽ കാണുന്നത്. പള്ളിയിൽ പ്രതിഷ്ഠിക്കാൻ ആനകൊമ്പിൽ കൊത്തിയ കന്യാമറിയത്തിന്റെ ശില്പവും തമ്പുരാട്ടി നിർമ്മിച്ചു നൽകിയത്രെ.
🌹പള്ളി പുനരുദ്ധാരണം🌹
1987 ൽ ആണ് ഇന്ന് കാണുന്ന രൂപത്തിൽ പള്ളി പുതുക്കിപണിതത്.
മനോഹരമായ ഉദ്യാനമധ്യത്തില്‍ ഇന്ത്യന്‍, റോമന്‍, ബൈസന്റയില്‍ ശില്‍പ്പകലാ ചാതുര്യമുള്ള റോസറി വില്ലേജ് ആകര്‍ഷകമായ കാഴ്ചയാണ്. 50 ഭാഷകളില്‍ “നന്മ നിറഞ്ഞ മറിയമേ” എന്ന പ്രാര്‍ഥനാവരികള്‍ ആലേഖനം ചെയ്തിട്ടുണ്ട്. കല്‍ക്കുരിശില്‍ പള്ളി ചരിത്രങ്ങള്‍ വിവിധ ഭാഷകളില്‍ ആലേഖനം ചെയ്തിരിക്കുന്നു. കരിങ്കല്ലില്‍ തീര്‍ത്ത പുരാതനമായ മാമോദീസ തൊട്ടി, അമ്പലങ്ങളില്‍ മാത്രം കാണുന്ന കുത്തുവിളക്ക് എന്നിവ ഇവിടത്തെ പ്രത്യേകതയാണ്.
🌹മത സാഹോദര്യത്തിന്റെ നേർകാഴ്ച്ച🌹
ആറര നൂറ്റാണ്ടിന്റെ പഴക്കമുള്ള കൊരട്ടി പള്ളിയുടെ പടിഞ്ഞാറെ നടയിൽ സ്ഥിതിചെയ്യുന്ന കൽകുരിശും അതിനോട് ചേർന്ന് സ്ഥാപിച്ചിള്ള കൽവിളക്കും മത ചിഹ്നങ്ങളുടെ അസാധാരണമായ കൂടി കലരലിന്റെ ദൃശ്യാനുഭവം സമ്മാനിക്കും. പള്ളിയുടെ മുൻപിൽ നെയ്ത്തിരികളെരിയുന്ന കൽവിളക്ക്, പള്ളിയുടെ വിശുദ്ധമായ അൾത്താരയിൽ കാത്തു സൂക്ഷിച്ചു പോരുന്ന തിരുവസ്തുക്കളിൽ സ്വർണ്ണം കൊണ്ടും വെള്ളികൊണ്ടും പണിത കുരിശുകൾക്കും അരുളിക്കകൾക്കും ഒപ്പം രണ്ട് കുത്തുവിളക്കുകളും ഉണ്ട്. സാധാരണ ഹൈന്ദവ ക്ഷേത്രങ്ങളിൽ മാത്രം ഉപയോഗിച്ചു പോരുന്ന തരത്തിലുള്ള ഈ കുത്തുവിളക്കുകൾ പള്ളി തിരുന്നാളിന്റെ ഘോഷയാത്രയിൽ ഇന്നും ഒരാചാരം പോലെ ഉപയോഗിച്ചു പോരുന്നു. നെയ് വിളക്കുകൾക്കാവശ്യമായ എണ്ണ ഈയടുത്തകാലം വരെ കൊണ്ടുവന്നിരുന്നത് കൊരട്ടി സ്വരൂപത്തിന്റെ പിൻതുടർച്ചക്കാരായ കൊരട്ടി മനയിൽ നിന്നായിരുന്നു.
മറ്റൊരു കൗതുകകരമായ കാര്യം ഹിന്ദു മതസ്ഥരായ ഒരു പട്ടികജാതി വിഭാഗം ഭക്ത്യാദരപൂർവ്വം ഘോഷയാത്രയായെത്തി അവരുടെ അനുഷ്ഠാന കലയായ പറയൻ കൊട്ടും പാക്കാനാർ കളിയും പള്ളി നടയിൽ അവതരിപ്പിച്ചു പോരുന്ന പതിവ് ഇന്നും മുറതെറ്റാതെ തുടർന്നുപോരുന്നു
🌹കൊരട്ടി തമ്പുരാട്ടിയെന്ന കൊരട്ടി മുത്തി🌹
പരിശുദ്ധ കന്യകാമറിയത്തെ മുത്തിയെന്നും മുത്തിയമ്മയെന്നും ചിലപ്പോള്‍ സംബോധന ചെയ്ത് കണ്ടിട്ടുണ്ട്. അത് ഈ പ്രതിഷ്ഠകള്‍ പ്രാചീനങ്ങളായതു കൊണ്ടല്ല. മുക്‌തി പ്രാപിച്ച വ്യക്‌തി അഥവാ വിശുദ്ധന്‍ അല്ലെങ്കില്‍ വിശുദ്ധ എന്ന അര്‍ത്ഥത്തിലാണ് മുത്തന്‍ അല്ലെങ്കില്‍ മുത്തി എന്നീ വാക്കുകള്‍ ഉപയോഗിക്കുന്നതെന്ന് ക്രിസ്‌ത്യന്‍ ഫോക്‌ലോര്‍ പറയുന്നു. ഹൃദ്യത കാണിക്കുവാനാണ് ചില ദേവാലയങ്ങളിലെ മാതാവിനെ മുത്തിയമ്മയെന്ന് വിശേഷിപ്പിക്കുന്നതെന്ന് വടവാതൂര്‍ സെമിനാരി പ്രസിദ്ധീകരണമായ ആരാധനക്രമം വിജ്ഞാനകോശത്തില്‍ പറയുന്നുണ്ട്. കൊരട്ടി, വെച്ചൂര്‍, കടുത്തുരുത്തി പള്ളികളിലെ പ്രതിഷ്ഠയായ കന്യകാമറിയത്തെ മുത്തിയെന്നും മുത്തിയമ്മയെന്നും വിളിക്കുന്നത് ഇങ്ങനെയാണ്.
🌹കൊരട്ടി പള്ളി പെരുന്നാൾ🌹
കൊരട്ടിമുത്തിയുടെ തിരുന്നാൾ എല്ലാ വർഷവും ഒക്ടോബർ മാസത്തിൽ 10 നു ശേഷം വരുന്ന ഞായറാഴ്ചയാണ് തിരുനാൾ. മാസാവസാനം വരെ നീണ്ടു നിൽകുന്ന പെരുന്നാൾ ആഘോഷം പ്രൗഢിയോടും ആചാരാനുഷ്ഠാനങ്ങളോടും കൂടി നടത്തുന്നു. നാനാജാതി മതസ്ഥർ തിരുനാളിൽ പങ്കെടുക്കുന്നു. എട്ടാമിടവും പതിനഞ്ചാമിടവും ആഘോഷിക്കാറുണ്ട്. തീർത്ഥാടക ബാഹുല്യം നിമിത്തം ഒക്ടോബർ ഒന്ന് മുതൽ മുപ്പത്തി ഒന്ന് വരെ ഇപ്പോൾ തിരുനാൾ ദിനങ്ങൾ ആയി തന്നെയാണ് കൊണ്ടാടുന്നത്. ദീപാലങ്കാരങ്ങൾ , വെടിക്കെട്ട് എന്നിവ തിരുനാളിനു മാറ്റ് കൂട്ടുന്നു. വളരെയധികം വാണിജ്യ വ്യവസായ , കരകൗശല പ്രദർശനവും വിൽപ്പനയും , മറ്റു വിനോദ പരിപാടികളും ഇതോടൊപ്പം ഉണ്ടാകാറുണ്ട്.
🌹കൊരട്ടി മുത്തിയുടെ അത്ഭുത രൂപം എഴുന്നള്ളിപ്പ്🌹
എല്ലാ വർഷവും പ്രധാന തിരുനാൾ ദിവസം ഞായറാഴ്ചയാണ് കൊരട്ടിമുത്തിയുടെ അത്ഭുത രൂപം പുറത്തെടുത്ത് പൊതു വണക്കത്തിനായി വെക്കുന്നത്. അതിരാവിലെ അഞ്ചു മണിക്ക് ആണ് സാധാരണയായി ഈ ചടങ്ങ് നടക്കുന്നത്. ഒട്ടേറെ അനുഗ്രഹങ്ങൾ ചൊരിയുന്ന നിമിഷങ്ങൾ ആയി വിശ്വസിക്കപ്പെടുന്നതിനാൽ ആയിരങ്ങൾ ആണ് ഈ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ദൂരദിക്കുകളിൽ നിന്നും തലേദിവസം തന്നെ പള്ളിക്കകത്ത് സ്ഥാനം പിടിക്കുന്നത്. അൾത്താരയിൽ സ്ഥാപിച്ചിട്ടുള്ള കൊരട്ടിമുത്തിയുടെ തിരുസ്വരൂപം വൈദികർ പുറത്ത് എടുത്ത് എഴുന്നള്ളിച്ചു കൊണ്ട് വന്ന് പള്ളിയുടെ മുൻഭാഗത്ത് ഉള്ള തിരുസന്നിധിയിൽ പ്രതീഷ്‌ഠിക്കുന്നു. ഭക്തർ നേർച്ച കാഴ്ചകൾ അർപ്പിക്കാൻ ഉള്ള സൗകര്യം തിരുസന്നിധിയിൽ ആണ് സജ്ജമാക്കാറുള്ളത്. അന്ന് വൈകീട്ട് തിരുസന്നിധിയിൽ നിന്നും എടുത്തു തിരിച്ചു അൾത്താരയിൽ തന്നെ യഥാസ്ഥാനത്ത് വെക്കുന്നു. മറ്റ് തിരുനാൾ ദിവസങ്ങളിൽ കൊരട്ടി മുത്തിയുടെ മറ്റു രൂപങ്ങൾ ആണ് തിരുസന്നിധിയിൽ വെക്കാറുള്ളത്.
പ്രധാന തിരുനാൾ , എട്ടാമിടം, പതിനഞ്ചാമിടം എന്നീ ദിവസങ്ങളിലെ ശനി , ഞായർ ദിവസങ്ങളിൽ പള്ളി ചുറ്റി പ്രദക്ഷിണം ഉണ്ടാകാറുണ്ട്. പ്രധാന തിരുനാൾ ഞായറാഴ്ച നാലങ്ങാടി ചുറ്റി പ്രദക്ഷിണവും ഉണ്ട്.
തിരുനാൾ ദിനങ്ങളിൽ എട്ടാമിടത്തിന്റെ മുൻപത്തെ വെള്ളിയാഴ്ച , കൊരട്ടിമുത്തിയുടെ അനുഗ്രഹത്താൽ ലഭിച്ച പൈതങ്ങളെ കൊരട്ടിമുത്തിക്കു സമർപ്പിക്കുന്ന ചടങ്ങ് ഉണ്ടാകാറുണ്ട്.
പ്രധാന തിരുനാൾ ദിവസം ഞായറാഴ്ച ഹിന്ദു സമുദായത്തിൽ പെട്ട പാക്കനാർ സംഘം അവതരിപ്പിക്കുന്ന പാക്കനാർ പാട്ടു നടത്താറുണ്ട്. തിരുനാളിന്റെ വരവറിയിച്ച് നാടുചുറ്റുന്ന സംഘം തിരുനാൾദിനത്തിൽ ഉച്ചയോടെ കിഴക്കേ നടയിലെത്തുന്നതോടെയാണ് പരമ്പരാഗത ചടങ്ങുകൾ ആരംഭിക്കുന്നത്. മുത്തിയുടെ ചിത്രത്തിന് മുന്നിൽ വിളക്ക് തെളിച്ചതിന് ശേഷമാണ് പാട്ടും നൃത്തവും മുടിയാട്ടവും ആരംഭിക്കാറ്. തിരുനാൾദിനത്തിൽ രാവിലെ ആറ്റപ്പാടം വെളുത്തുപറമ്പിൽ ക്ഷേത്രത്തിൽ ഒന്നിച്ചുകൂടിയാണ് സംഘം പള്ളിയിലേക്ക് പുറപ്പെടുന്നത്.
🌹നേർച്ച വഴിപാടുകൾ🌹
തുലാഭാരം
ഹിന്ദു ക്ഷേത്രങ്ങളിൽ കാണപ്പെടുന്ന ഒരു ആചാരമായ തുലാഭാരം ഇവിടെ ഉണ്ട്. ഒരുവന്റെ ശരീരഭാരത്തിനു തത്തുല്യമായ ഭാരം അനുസരിച്ചുള്ള വസ്തുക്കൾ പള്ളിക്ക് നൽകുന്നു. ഇവിടെ ഇവിടുത്തെ പ്രധാന നേർച്ച ആയ പൂവൻ വാഴപ്പഴം കൊണ്ടുള്ള തുലാഭാരം നേർച്ച ആണ് സാധാരണയായി ഉള്ളത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ തന്നെ പൂവൻപഴം തുലാഭാരം നേർച്ച കഴിക്കാറുണ്ട്.
ഭജന
നിരാഹാരമിരുന്ന് പള്ളിയിൽ ഭജന പാടാനിരിക്കുന്നത് തെറ്റു കുറ്റങ്ങൾക്കുള്ള മാപ്പപേക്ഷയായും കൊരട്ടിമുത്തിയുടെ അനുഗ്രഹ പ്രാപ്തത്തിനായും ചെയ്തുവരുന്നു
മുട്ടിൽ നീന്തൽ നേർച്ച
പാപ പരിഹാരത്തിനായി മുട്ടിലിഴയൽ പ്രദക്ഷിണമാണിത്. പള്ളിയുടെ പ്രധാന കവാടം മുതൽ കൊരട്ടിമുത്തിയുടെ തിരുസ്വരൂപം വരെയാണ് മുട്ടിലിഴയൽ പ്രദക്ഷിണം ചെയ്യുന്നത് ചിലർ പള്ളിയുടെ മുൻഭാഗത്ത് ഉള്ള അത്ഭുത കൽ കുരിശു മുതൽ മുട്ടിന്മേൽ നേർച്ച കഴിക്കാറുണ്ട്
🌹പൂവൻകുല നേർച്ചയുo ഐതിഹ്യവും 🌹
കൊരട്ടിമുത്തിയുടെ വളരെ പ്രധാനപ്പെട്ട നേർച്ചയാണിത്. ഭക്തന്മാർ അവർക്ക് കിട്ടാവുന്നതിൽ വച്ചേറ്റവും വലിയ പൂവൻകുലപ്പഴം സമർപ്പിക്കുന്നു. ജീവിതാഭിവൃദ്ധിക്കായാണ് ഇത് ചെയ്യുന്നത്.
കൊരട്ടിക്കടുത്ത മേലൂരിൽ നിന്നുള്ള ഒരു തീർഥാടകൻ കൊരട്ടി മുത്തിക്ക് വഴിപാടായി പൂവൻ വാഴപ്പഴം എന്ന പ്രത്യേക ഇനം വാഴപ്പഴത്തിന്റെ കുല ചുമന്നുകൊണ്ടുപോകുന്നതായിരുന്നു ഇതിലെ പ്രധാന ഐതിഹ്യo .. വഴിയിൽ വിശന്നുവലഞ്ഞ ഒരാൾ ഇരിക്കുന്ന നെൽവയലിലൂടെ കടന്നുപോകേണ്ടി വന്നു. വാഴക്കുല കണ്ടപ്പോൾ തീർത്ഥാടകനോട് രണ്ട് വാഴപ്പഴം നൽകാൻ ആവശ്യപ്പെട്ടു. കൊരട്ടി മുത്തിക്ക് മുന്നിൽ വയ്ക്കാനുള്ള വഴിപാടാണെന്ന് വിശദീകരിച്ച് തീർഥാടകൻ വിസമ്മതിച്ചു. എന്നാൽ അയാൾ ബലമായി കുട്ടയിൽ നിന്ന് രണ്ട് വാഴപ്പഴം പുറത്തെടുത്ത് തിന്നു. വാഴപ്പഴം കഴിച്ചയുടനെ ആ മനുഷ്യൻ വയറുവേദനയോടെ പുളയാൻ തുടങ്ങി. മരുന്നുകൾക്ക് വേദന സുഖപ്പെടുത്താൻ കഴിഞ്ഞില്ല, അത് ദൈവികമായ ഇടപെടലാണെന്ന് വീട്ടുടമസ്ഥന് മനസ്സിലാക്കി; അദ്ദേഹം ഉടൻ തന്നെ കൊരട്ടി മുത്തിക്ക് വഴിപാടായി ഒരു പൂവൻകുല കാഴ്ച വെച്ചു. അസുഖം ഭേദമായി.പിന്നെ അദ്ദേഹം സ്വർണ പൂവൻകുലയും ധാരാളം ഭൂമിയും ദാനമായി നൽകി.അന്നുമുതൽ കൊരട്ടി മുത്തിക്ക് പൂവൻകുല നേർച്ചയുമായി തീർത്ഥാടകർ കേരളത്തിന്റെ നാനാഭാഗത്തുനിന്നും എത്തുന്നു
🌹കർഷരുടെ സഹായമായ ദേവത🌹
നൂറ്റാണ്ടുകൾക്ക് മുൻപ് ജാതി – ജന്മി – നാടുവാഴിത്വ വാഴ്ചയുടെ നുകകീഴിൽ ഞെരിഞ്ഞമർന്ന ഗ്രമീണ കർഷക ജനത അവരുടെ ദേവതയായി കന്യാമറിയത്തെ കണ്ടിരുന്നു കാർഷിക ജീവിതവുമായി ബന്ധപ്പെട്ട ‘പൂവൻകുല കാഴ്ച’ എന്ന വഴിപാടിനെക്കുറിച്ചുള്ള ഐതിഹ്യ കഥ വിരൽ ചൂണ്ടുന്നത് പണ്ടത്തെ കാർഷിക ജനതയുടെ ജീവിതവുമായുള്ള ദേവാലയത്തിന്റെ പൊക്കിൾകൊടി ബന്ധത്തിലേക്കാണ്.
🌹കുരിശു പള്ളി🌹
ഹോളി ഫാമിലി ചർച്ച്, കട്ടപ്പുറം
മദ്ധ്യകേരളത്തിലെ പ്രശസ്തമായ മരിയൻ കേന്ദ്രമായ കൊരട്ടി പള്ളിക്കു കീഴിലുള്ള ഒരു കുരിശുപള്ളിയാണു ഇത്
ഹിന്ദു-ക്രിസ്ത്യൻ വിശ്വാസങ്ങളിടകലരുന്ന കൊരട്ടി പള്ളിയുടെ ചരിത്രവും ഐതിഹ്യങ്ങളും നമ്മുടെ സാംസ്കാരിക രൂപീകരണങ്ങളുടെയും മതസാഹോദര്യത്തിന്റെയും അടയാളപെടുത്തലാകുന്നു ചരിത്രത്തിൽ നിന്നും മാഞ്ഞു പോയ് കൊണ്ടിരിക്കുന്ന ഇത്തരം അടയാളങ്ങളുടെ വീണ്ടെടുക്കൽ മാനുഷിക മൂല്യങ്ങൾ പടുത്തുയർത്തുവാൻ സഹായകരമാകും എന്നത് നിസ്തർക്കമാണ്.
🌹കൊരട്ടി മുത്തിയോടുള്ള പ്രാർത്ഥന🌹
നന്മ നിറഞ്ഞ കന്യകേ, ദയവുള്ള മാതാവേ, കൊരട്ടി മുത്തി, ഞാൻ എൻറെ ശരീരവും, ആത്മാവും, ചിന്തകളും, പ്രവർത്തികളും, ജീവിതവും, മരണവും നിന്നിൽ ഭരമേല്പ്പിക്കുന്നു. ഓ അമ്മെ, കൊരട്ടിമുത്തി, അങ്ങ് കൈകളിലേന്തിയ ഞങ്ങളുടെ കർത്താവായ ഉണ്ണി യേശുവിൻറെ അനുഗ്രഹത്തിൽ എല്ലാ പ്രലോഭനങ്ങളിൽ നിന്നും എന്നെ മോചിപ്പിക്കണമേ. അങ്ങയുടെ പുത്രനും എൻറെ ദൈവവുമായ യേശുവിൻറെ കൃപയും അനുഗ്രഹവും എനിക്ക് ലഭ്യമാക്കണമേ.ഓ മറിയമേ കൊരട്ടിമുത്തി, ഏതിനെക്കാളും ഉപരിയായി പൂർണ ഹൃദയത്തോടെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു.
ഓ എൻറെ കൊരട്ടിമുത്തി ദൈവമാതാവേ, എനിക്ക് എല്ലാ അനുഗ്രഹങ്ങളും പ്രദാനം ചെയ്യണമേ.എൻറെ എല്ലാ അപേക്ഷകളും, വിശിഷ്യ ( ആവശ്യം പറയുക ………………) അങ്ങയുടെ പുത്രനായ യേശുവിൻറെ അനുഗ്രഹത്താൽ സാധിച്ചുതരുവാനും സഹായിക്കണമേ. അമ്മേൻ.
🌹കൊരട്ടി മുത്തിയെ കുറിച്ചുള്ള പുരാതന ഗീതം🌹
അദ്ധ്വാനിയ്ക്കുന്നവക്കാശ്വാസമേകുന്ന പുത്രനെപ്പെററു നീ പാവനാംഗി! അമ്മതാൻ ജന്മവിശുദ്ധയാമമ്മതാൻ മുമ്മന്നു കാക്കുന്ന തമ്പുരാട്ടി, ചേണിണങ്ങീടുമീ ബ്രഹ്മാണ്ഡമേടയിൽ മാണിക്യക്കൽവിളക്കായി മിന്നീ വിൺപുരത്തിങ്കലും വൻപുകളാകുന്ന വെൺപടം നെയ്ത നീ ദിവ്യനാഥേ! ചിത്രവണ്ണാഞ്ചിതമായി വിളങ്ങുമാ ക്ഷേത്രത്തിൻ പൂമണിമച്ചിനുള്ളിൽ, കണ്ണിനാനന്ദദനാകുന്ന ക്രിസ്തുവാ മുണ്ണിയെയൊക്കത്തെടുത്തു നില്ക്കും, ആനക്കൊമ്പാൽപ്പണിതീർത്തതാം മാതാവിൻ മാനസാകഷകം രൂപം വെൽവൂ. തന്മണിമക്കളെയുൾക്കനിയാകുന്ന വെൺമുലപ്പാലൂട്ടിയമ്മ പോറ്റി മാഞ്ഞുപോം താന്താങ്ങൾതൻ മതമാനം കൺ മഞ്ഞളിപ്പിയ്ക്കുമാക്കോലം കണ്ടാൽ സുന്ദരനേശുവെപ്പണ്ടവൾ മിന്നിനാൾ സ്പന്ദനെപ്പുൽകുമുമയെപ്പോലെ. ആ റാണിയാ മേരി പുഞ്ചിരിതൂകവെ യാറാടീ ഞാനന്നമൃതലയിൽ അന്തമററുള്ള മതസ്പൽ മായ്ക്കുവി നന്തരംഗത്തിൽനിന്നന്ധരേ! നാം
പരിശുദ്ധ അമ്മെ കൊരട്ടിമുത്തി, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
ലൗലി ബാബു തെക്കെത്തല ✍