17.1 C
New York
Wednesday, March 22, 2023
Home Religion പുണ്യ ദേവാലയങ്ങളിലൂടെ (18) "ചന്ദനപ്പള്ളി വലിയപള്ളി"

പുണ്യ ദേവാലയങ്ങളിലൂടെ (18) “ചന്ദനപ്പള്ളി വലിയപള്ളി”

ലൗലി ബാബു തെക്കെത്തല ✍കുവൈറ്റ്

ചന്ദനപ്പള്ളി എന്നാൽ ചന്ദന മരങ്ങൾ നിറഞ്ഞ സ്ഥലം എന്നാണ് അർത്ഥം.. പത്തനംതിട്ട ജില്ലയിൽ കൊടുമൺ സബ് ഡിവിഷനിലാണ് ചന്ദന പ്പള്ളി.എന്ന സ്ഥലം. ചന്ദനപ്പള്ളി വലിയ പ്പള്ളി സെന്റ് ജോർജ്ജ് ന്റെ (ഇംഗ്ലണ്ടിന്റെ രക്ഷാധികാരി) പേരിലാണ് അറിയപ്പെടുന്നത്.

ചന്ദനപ്പള്ളി ഒരുകാലത്ത് അസംഖ്യം ഇഴജന്തുക്കളും വിഷ പാമ്പുകളും ഉണ്ടായിരുന്ന ഒരു ഗ്രാമമായിരുന്നു പാമ്പുകളിൽ നിന്ന് മാത്രമല്ല, പ്രേതങ്ങളിൽ നിന്നും ഭൂതങ്ങളിൽ നിന്നും ഇരുട്ടിൽ പതിയിരുന്ന മറ്റ് അപകടങ്ങളിൽ നിന്നും അവരെ രക്ഷിക്കാൻ അവിടുത്തെ നിവാസികൾ സെന്റ് ജോർജിൽ വിശ്വാസം അർപ്പിച്ചു. ചന്ദനപ്പള്ളിയിലെ ആദ്യത്തെ ദേവാലയം 1810-ൽ പണികഴിപ്പിക്കപ്പെട്ടു. 1875-ൽ പുതുക്കിപ്പണിതതും കൂദാശചെയ്തതും അന്ത്യോക്യയിലെ പിൽക്കാല പാത്രിയർക്കീസായിരുന്ന പരിശുദ്ധ മാർ അബ്ദുള്ളയാണ്

🌹പള്ളിസ്ഥാപന ചരിത്രം🌹

കൊടുമൺ കാട്ടിൽ നിന്നാണ് പുതിയ പള്ളിയിലേക്കുള്ള മരപ്പലകകൾ കൊണ്ടുവന്നത്. കൊടുമണ്ണിനെയും ചന്ദനപ്പള്ളിയെയും ബന്ധിപ്പിക്കുന്ന അച്ചൻകോവിൽ പുഴയുടെ വലിയ തോട് വറ്റിയതിനാൽ തേക്കിന്റെയും ചന്ദനത്തിന്റെയും തടികൾ പണിസ്ഥലത്തേക്ക് കൊണ്ടുപോകാൻ കഴിഞ്ഞില്ല. അത്ഭുതകരമെന്നു പറയട്ടെ, ദിവസങ്ങളോളം നീണ്ടുനിന്ന കനത്ത മഴയിൽ അരുവി നിറഞ്ഞൊഴുകാൻ തുടങ്ങി, കനത്ത തടികൾ നിമിഷനേരം കൊണ്ട് സ്ഥലത്തേക്ക് എളുപ്പത്തിൽ കൊണ്ടുപോകാൻ കഴിഞ്ഞു.

2000-ൽ ഒരു പുനർനിർമ്മാണം നടത്തി., ഇന്തോ-സർസാനിക് ശിൽപകലയാണ് ഇതിന്റെ നിർമ്മാണത്തിൽ ഉപയോഗിച്ചത്. ക്രിസ്ത്യൻ, മുസ്ലീം, ഹിന്ദു ശിൽപകലകൾ, ഗോഥിക് ശൈലിയിലുള്ള ഗോപുരങ്ങൾ, ഗണിതശാസ്ത്രമനുസരിച്ച് സ്ഥാപിച്ചിരിക്കുന്ന തൂണുകൾ, പേർഷ്യൻ ശൈലിയിലുള്ള മേൽക്കൂര, ഇത് മൊത്തത്തിൽ മനോഹരമായ ഒരു ശില്പത്തിന്റെ ഭംഗി നൽകുന്നു. പുതിയ പള്ളി ഘടന റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയോട് സാമ്യമുള്ളതാണ്.

വിശുദ്ധരുടെയും മാലാഖമാരുടെയും കൊത്തുപണികളുള്ള കൽക്കുരിശ് പള്ളിയിലെ തീർത്ഥാടകരുടെ പ്രധാന ആകർഷണവും അഭയവുമാണ്. ജാതി, മത, വർണ്ണ വ്യത്യാസമില്ലാതെ ഏവരും പള്ളിയിൽ എത്തി പ്രാർത്ഥിക്കുന്നു .തീർ ത്ഥാടകരിൽ പലരും സെന്റ് ജോർജ്ജിന്റെ മഹത്തായ രോഗശാന്തി ശക്തികളിൽ വിശ്വസിക്കുന്ന ക്രിസ്ത്യാനികളല്ലാത്തവരാണ്. സാധാരണയായി മെയ് 1 മുതൽ 8 വരെയാണ് പെരുന്നാൾ നടക്കുന്നത്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് തീർഥാടകർ ഈ പുണ്യകരവും വിശുദ്ധവുമായ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ വരുന്നു.

🌹കൽകുരിശ്🌹

ചന്ദനപ്പള്ളിയിലെ പരിശുദ്ധമായ കൽകുരിശ് പതിനേഴാം നൂറ്റാണ്ടിൻ്റെ ആദ്യം സ്ഥാപിതമായി. കൽകുരിശ് ഇരിക്കുന്ന സ്ഥലം കുരിശ് സ്ഥാപനത്തിന് തിരഞ്ഞെടുക്കുവാൻ കാരണമുണ്ട്, പാണ്ടിനാടും കേരളത്തിന്റെ പടിഞ്ഞാറൻ തീരവുമായി പ്രാചീന കാലയളവിൽ നടത്തിയിരുന്ന വാണിജ്യത്തിന്റെ പ്രധാന നടപ്പാതകളിൽ ഒന്ന് ഇതുവഴിയാണ് കടന്നുപോയിരുന്നത്. ചെങ്കോട്ടയിൽ നിന്നും ആരംഭിച്ച് ആര്യങ്കാവ്, കുളത്തൂപ്പുഴ, പുനലൂർ, പത്തനാപുരം, കൂടൽ, നെടുമൺകാവ്, അങ്ങാടിക്കൽ, ചന്ദനപ്പള്ളി, കൈപ്പട്ടൂർ, പന്തളം ഹരിപ്പാട് വഴി ആലപ്പുഴ തുറമുഖത്തു അവസാനിക്കുന്ന നടപ്പാതയിലെ ഇടത്താവളങ്ങളിൽ ഒന്നായിരുന്നു ചന്ദനപ്പള്ളി.കുരിശും പള്ളിയും നിൽക്കുന്ന സ്ഥലം . തെരുവ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഈ സ്ഥലത്ത്‌ വാണിജ്യാർത്ഥം കടന്നു പോകുന്നവർക്ക്‌ വിശ്രമിക്കുന്നതിനും ദാഹശമനത്തിനുമായി സൗകര്യവും ഉണ്ടായിരുന്നു.ഇതിനായി തീർത്ത കൽകിണറും കൽത്തൊട്ടിയും ചരിത്ര ശേഷിപ്പായി ഇവിടെയുണ്ട് .നാനാജാതി മതസ്ഥരായ ആളുകൾ ഈ കുരിശിന്റെ ചുവട്ടിൽ നേർച്ചയർപ്പിക്കുന്നു. അശരണരുടെ അഭയ കേന്ദ്രമാണ് ഈ കുരിശ്. ഒറ്റക്കല്ലിൽ തീർത്ത കുരിശ് പൗരാണികതയും ഭംഗിയും മൂലം അപൂർവ്വസൗന്ദര്യ ദൃശ്യമാകുന്നു. പുണ്യാളന്മാരുടെയും മാലാഖമാരുടെയും ചിത്രങ്ങൾ കൽകുരിശിൽ ആലേഖനം ചെയ്തിട്ടുണ്ട്. കർത്താവിന്റെ കുരിശ് കണ്ടെടുത്ത സെപ്റ്റംബർ 14ന് കുരിശടിയുടെ പെരുന്നാൾ ആഘോഷിക്കുന്നു. ദുരിതങ്ങളിലും പ്രയാസങ്ങളിലും ഈ കുരിശടിയിൽ എത്തി പ്രാർത്ഥിച്ചാൽ ഫലം നിശ്ചയമാണ് എന്നാണ് വിശ്വാസം. നെയ്യ്ത്തിരി കത്തിക്കുന്നതിനും നേർച്ച അർപ്പിക്കുന്നതിനുമായി ദിനംപ്രതി നിരവധി ഭക്തജനങ്ങൾ ഇവിടെ എത്തുന്നു. ശബരിമല തീർത്ഥാടനം നടത്തുന്ന ഹൈന്ദവ സഹോദരങ്ങൾ ബന്ധുമിത്രാദികളുമൊപ്പം ഇവിടെയെത്തി കുരിശിനെ മൂന്ന് വട്ടം പ്രദിക്ഷണം ചെയ്യ്ത് ശബരിമലയിലേക് പോകുകയും സുരക്ഷിതരായി തിരികെ വരുമ്പോൾ വീണ്ടും കുരിശിനെ പ്രദിക്ഷണം ചെയ്യുകയുമാണ് പതിവ്.
കൽകിണർ കാലക്രമത്തിൽ നശിച്ചെങ്കിലും കൽത്തൊട്ടി ഇന്നും നിലനിർത്തുന്നതിൽ പ്രത്യേകം ശ്രദ്ധ കൊടുക്കുന്നു

🌹കൽകുരിശിന്റെ പിന്നിലെ ഐതിഹ്യo🌹

ഒരു ഗ്രാമത്തിന്റെ വിശുദ്ധമായ ചരിത്രത്തിനു തുടക്കം ഈ കുരിശടിയിലൂടെയാണു.. പതിനേഴാം നൂറ്റാണ്ടിലായി പണികഴിപ്പിച്ചതെന്നു വിശ്വസിക്കുന്ന ഈ കുരിശടി സ്ഥാപിച്ചതിനു ശേഷമാണു ചന്ദനപ്പള്ളിയിൽ ക്രൈസ്തവർ ഒരു ആരാധനാലയം പണികഴിപ്പിക്കുന്നത്‌. വർഷങ്ങൾക്ക്‌ ശേഷം കുരിശും അതിനോടനുബന്ധിച്ച്‌ ഓലയിൽ തീർത്ത ഒരു ചെറു ദേവാലയവും നിർമ്മിക്കപ്പെട്ടു .അന്ന് തദ്ദേശവാസികളായ ഹിന്ദു സഹോദരർ കടംബനാട്ടുനിന്നും തുംബമണ്ണിൽ നിന്നും ചന്ദനപ്പള്ളിയിലേക്ക്‌ കുടിയേറിപാർത്ത ക്രൈസ്തവരുമായി അസാധാരണമായ സ്നേഹത്തിൽ വർത്തിച്ചിരുന്നു.. പോയകാലത്ത്‌ വിജനമായ ചന്ദനപ്പള്ളിയിലെ നാട്ടുപാതയിലൂടെ സഞ്ചരിച്ച ഒരു ഹിന്ദു കാരണവർക്ക്‌ ആശ്വാരൂഡനായി സഹദാ പ്രത്യക്ഷനായി എന്നും ഉടൻ നാട്ടുപ്രമാണികളേയും മറ്റും കാരണവർ ഈ വിവരം അറിയിക്കുകയും അക്കാലത്ത്‌ ഇവിടെ കുടിയേറിപാർത്ത ക്രൈസ്തവരുടെ കൂട്ടായ്മയിൽ വിശുദ്ധന്റെ നാമത്തിൽ പ്രാർത്ഥന നടത്തി കുരിശു സ്ഥാപിച്ചതായാണു തലമുറകൾ പകർന്നുതരുന്ന വിശ്വാസചരിത്രം.

.കുരിശുസ്ഥാപനത്തിനു ശേഷം നാടിനുമാത്രമല്ല വാണിജ്യാർത്ഥം ഇതുവഴികടന്നു പോകുന്ന യാത്രികർക്കും ഇതൊരു ഒരു അഭയസ്ഥാനം ആയിരുന്നു.സെന്റ് ജോർജ്ജിന്റെ അനുഗ്രഹവും സംരക്ഷണയും അന്നും ഇന്നും സജീവമായി അനുഭവിച്ചറിയാനാകുന്നു.

🌹സെന്റ് ജോർജിന്റെ തിരു ശേഷിപ്പ്🌹

സെന്റ് ഗീവർഗീസ് സഹദ എന്നത് സെന്റ് ജോർജ്ജിന്റെ പ്രാദേശിക നാമമാണ്. മർദിയോനിൽ സൂക്ഷിച്ചിരുന്ന പരിശുദ്ധ ഗീവർഗീസ് സഹദായുടെ ഭൗതികാവശിഷ്ടങ്ങൾ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസും (മലങ്കര മെത്രാപ്പോലീത്ത) മോറാൻ മാർ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവയും അന്ത്യോഖ്യാ പാത്രിയർക്കീസിൽ നിന്ന് ഏറ്റുവാങ്ങി 1916-ൽ മലങ്കരയിൽ എത്തിച്ച് കുണ്ടറയിലെ സെമിനാരിയിൽ സൂക്ഷിച്ചു. പിന്നീട് 2004 മെയ് 6-ന് മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായിൽ നിന്ന് അവസ്വീകരിച്ച് ചന്ദനപ്പള്ളിയിൽ സൂക്ഷിച്ചു. പരിശുദ്ധ ഗീവർഗീസിന്റെ ആത്മീയ സാന്നിദ്ധ്യമുള്ള ചന്ദനപ്പള്ളിയിലെ പരിശുദ്ധ സഹദായുടെ ഭൗതികാവശിഷ്ടത്തിന്റെ കൂദാശ 2004 മെയ് 8-ന് മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക ബാവയാണ്‌ നിർവഹിച്ചത്.

🌹ചെമ്പെടുപ്പ് നേർച്ച🌹

ചെമ്പെടുപ്പ് (ചെമ്പ് പാത്രം എടുക്കൽ എന്നർത്ഥം) എന്നത് കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ ഇടം നേടിയ ഒരു പ്രത്യേക ആചാരമാണ്. രണ്ട് നൂറ്റാണ്ടുകൾക്ക് മുമ്പ് പഴയ പള്ളി പണിതപ്പോൾ, പ്രാദേശിക ഹിന്ദുക്കൾ നൂറുകണക്കിന് സന്നദ്ധ തൊഴിലാളികൾക്ക് ഭക്ഷണം നൽകുന്നതിനായി വിവിധ സ്ഥലങ്ങളിൽ നിന്ന് അരി കൊണ്ടുവന്നു. അവർ ഈ ചോറ് അരുവിക്കരയിൽ പാകം ചെയ്ത് വളണ്ടിയർമാർക്ക് ആചാരപരമായി വിളമ്പി. ഈ സംഭവത്തിന്റെ ഓർമ്മയ്ക്കാണ് എല്ലാ വർഷവും “ചെമ്പെടുപ്പ്” ആഘോഷിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള തീർഥാടകരും ആഘോഷങ്ങൾക്കായി നാനാജാതി മതസ്ഥരും തടിച്ചു കൂടുന്നു കുതിരപ്പുരയിലേക്ക് കൊണ്ടുപോകുന്ന ചെമ്പ് പാത്രത്തിൽ പാകം ചെയ്ത അരിയാണ് പ്രധാന വഴിപാട്. പിന്നീട് ഈ പാകം ചെയ്ത അരി തീർഥാടകർ അവരുടെ വീടുകളിലേക്ക് നേർച്ചയായി കൊണ്ടുപോകും. മെയ് 7, 8 തീയതികളിലാണ്  ചെമ്പെടുപ്പ് ആഘോഷിക്കുന്നത്.

🌹ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാൾ 🌹

വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് സാന്നിദ്ധ്യത്താൽ അനുഗ്രഹീതമായ ആഗോളതീർത്ഥാടനകേന്ദ്രം ചന്ദനപ്പള്ളിവലിയപള്ളിപെരുന്നാൾ മെയ്_1 മുതൽ_ 8വരെയും,  ചന്ദനപ്പള്ളി_ചെമ്പെടുപ്പ് മെയ്_8നും ആഘോഷിക്കുന്നു

പെരുന്നാൾകാലത്ത്‌ ഇവിടെ എത്തുന്ന ഭക്തർ ആദ്യം ഈ കുരിശിനെ വണങ്ങും. ചുറ്റുവിളക്കു കത്തിക്കും.. പിന്നീടാണു പള്ളിയിലെത്തി നേർച്ചകാഴ്ചകൾ അർപ്പിക്കുന്നത്‌. .

“ശ്വേതശ്വാരൂഢാ!
കർതൃഭടൻ സഹദാ,
അർത്ഥിക്കുന്നോർക്കായ്
കർത്താവിൻ തിരുസന്നിധിയിൽ
മധ്യസ്ഥൻ മാർ ഗീവറുഗീസ്!
താപത്താൽ മിഴി നിറയുമ്പോൾ,
വേദനയാൽ മനമുരുകുമ്പോൾ,
സഹദായേ പ്രാർത്ഥിച്ചീടണമേ!
മേടം നാലോ-ടിരുപത് തന്നിൽ മാർ ഗീവർഗീസ്
മശിഹായെപ്രതി വീറോടു- പീഡാ മകുടം ചൂടി…
സഹദാ ഞങ്ങടെ ദുഷ്‌കാലമിതിൽ
പ്രാർഥിക്കണമേ….
ത്വരിതം താതാ ദുരിതം പൂരിതമാക്കീടണമേ.”.

ആഗോള തീർത്ഥാടന കേന്ദ്രമായ ചന്ദനപ്പള്ളി വലിയപള്ളിയിൽ സന്ദർശനം നടത്തി അനുഗ്രഹം തേടാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ.🙏🙏

ലൗലി ബാബു തെക്കെത്തല ✍കുവൈറ്റ് 

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ്സ് — ആരോഗ്യ വീഥി

തൈരില്‍ നിന്നും ശരീരത്തിന് ലഭിക്കുന്നത് കാത്സ്യവും വിറ്റാമിന്‍ ഡിയുമാണ്. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ഓരോ മനുഷ്യനും അത്യാവശ്യമാണ്. പാല് കഴിക്കുന്നത് മൂലം ദഹന പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് തൈര് ധൈര്യമായി കഴിക്കാം. കാരണം...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

മരങ്ങൾ പഠിപ്പിക്കുന്ന പാഠം .......................................................... കഠിനമായ വെയിലിൽ നടന്നുവലഞ്ഞ രണ്ടു യുവാക്കൾ ഒരു മരത്തണലിൽ ഇരിക്കാനിടയായി. സമീപത്തെങ്ങും മറ്റൊരു മരവും ഉണ്ടായിരുന്നില്ല. കുറേ നേരം അവിടിരുന്ന അവർ ക്ഷീണത്താൽ ഉറങ്ങിപ്പോയി. ഉറക്കമുണർന്ന അവരിലൊരാൾ, മരത്തിൻ്റെ ശിഖരങ്ങളിലേക്കു...

*ശുഭദിനം* | 2023 | മാർച്ച് 23 | വ്യാഴം ✍ കവിത കണ്ണന്‍

ആ പൂച്ച വലയിലകപ്പെട്ടു. അതിനെ രക്ഷിക്കാന്‍ അയാള്‍ ഒരുങ്ങി. പക്ഷേ, അതിനിടെ പൂച്ച അയാളുടെ കയ്യില്‍ മാന്തി. കയ്യില്‍ രക്തം പൊടിഞ്ഞു. എന്തിന് അനാവശ്യകാര്യങ്ങളിലിടപെടുന്നു എന്ന് ചിന്തിച്ച് അയാള്‍ പിന്മാറാന്‍ ഒരുങ്ങിയപ്പോള്‍ അവിടെ...

ഹുയാങ്സാങും ശ്രീബുദ്ധനും ✍ശ്രീകുമാരി ശങ്കരനെല്ലൂർ

സ്വർലോകം. സന്മാർഗ്ഗികളായവരാണ് സ്വർലോകത്തിൽ എത്തുന്നത് .പ്രസിദ്ധ ബുദ്ധമത ഗ്രന്ഥകർത്താവായ ഹുയാങ് സാങ് സ്വർഗ്ഗത്തിന്റെ വിവിധ ഭാഗത്തിലൂടെ സഞ്ചരിക്കുകയാണ് . അമേരിക്ക ജപ്പാൻ ബ്രിട്ടൻ തുടങ്ങിയ പല രാജ്യക്കാരെ കണ്ടു കണ്ട് വരുമ്പോൾഒരു വിജനമായ സ്ഥലത്ത്...
WP2Social Auto Publish Powered By : XYZScripts.com
error: