17.1 C
New York
Wednesday, March 29, 2023
Home Religion പുണ്യ ദേവാലയങ്ങളിലൂടെ -(25) - പാവറട്ടി സെന്റ് ജോസഫ് പള്ളി

പുണ്യ ദേവാലയങ്ങളിലൂടെ -(25) – പാവറട്ടി സെന്റ് ജോസഫ് പള്ളി

ലൗലി ബാബു തെക്കേത്തല ✍

🌻പാവറട്ടി സെന്റ് ജോസഫ് പള്ളി🌻

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽ പാവറട്ടി എന്ന സ്ഥലത്താണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. തൃശ്ശൂരിൽ നിന്ന് 23 കിലോമീറ്റർ വടക്ക് പടിഞ്ഞാറും ഗുരുവായൂരിന് 4 കിലോമീറ്റർ തെക്കുമായാണ് പള്ളി സ്ഥിതിചെയ്യുന്നത്.അടുത്തുള്ള റെയിൽവെ സ്റ്റേഷൻ ഗുരുവായൂരും, ഏറ്റവും അടുത്തുള്ള വിമാനത്താവളം 59 കിലോമീറ്റർ അകലെയുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവുമാണ്.

ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫീസുകൾക്കും മറ്റും അനുവദിക്കുന്ന പ്രത്യേക സചിത്ര റദ്ദാക്കൽ മുദ്ര പാവറട്ടി പള്ളിക്ക് 1996 മെയ് 13 മുതൽ അനുവദിച്ചിട്ടുണ്ട്. ഈ ബഹുമതി ലഭിക്കുന്ന കേരളത്തിലെ മൂന്നാമത്തെ ക്രിസ്ത്യൻ ആരാധനാലമാണ് പാവറട്ടി പള്ളി. മലയാറ്റൂർ പള്ളിയും ഭരണങ്ങാനം പള്ളിയുമാണ് മറ്റ് രണ്ട് ആരാധനാലയങ്ങൾ

പഴയ കാലത്ത് സാമൂതിരിമാരുടെയും രാജാക്കന്മാരുടെയും യുദ്ധങ്ങളും ടിപ്പു സുൽത്താന്റെ പടയോട്ടവും കണ്ടുപേടിച്ച ഒരു വിശ്വാസി സമൂഹം പാലയൂരിൽ വച്ച് തോമ്മാസ്ലീഹായിൽ നിന്ന് ജ്ഞാനസ്‌നാനം സ്വീകരിച്ചുകൊണ്ടും അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങിക്കൊണ്ടും പാവറട്ടിയിലേക്ക് കുടിയേറിയതാണെന്ന് പള്ളിയുടെ ചരിത്രക്കുറിപ്പിൽ പറയുന്നു.

🌻പാവറട്ടി

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലുള്ള ഒരു ചെറുപട്ടണമാണ് പാവറട്ടി. കിഴക്ക് എളവള്ളിയും പടിഞ്ഞാറ് കായലും വടക്ക് ബ്രഹ്മക്കുളവും തെക്ക് മുല്ലശ്ശേരിയും അതിരിടുന്നു. ഇത്, സ്പെഷൽ ഗ്രേഡ് പഞ്ചായത്തുകളിലൊന്നായ പാവറട്ടി ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ്.ഇവിടുത്തെ സെൻ്റ് ജോസഫ് പള്ളി പ്രമുഖ തീർത്ഥാടന കേന്ദ്രമാണ്.

പുരാതനകാലത്ത് ഈ നാട്ടിലെ ഭൂരിഭാഗം ജനങ്ങളുടെ അന്നത്തെ പ്രധാന ഉപജീവനമാർഗ്ഗം കൃഷിയായിരുന്നു. കാലാവസ്ഥയെ ആശ്രയിച്ചുള്ള കൃഷി രീതിയാണ് അന്ന് നിലവിലുണ്ടായിരുന്നത്. സമൃദ്ധമായ വിളവ് നല്കുന്ന കേരകൃഷിയായിരുന്നു. അവയിൽ പ്രധാനം. കൂടാതെ താഴ്ന്ന പ്രദേശങ്ങളിൽ വെളളം ക്രമീകരിക്കാവുന്ന പാടങ്ങളിൽ കാലവർഷത്തെ ആശ്രയിച്ച് നെൽകൃഷിയും വേനൽക്കാലത്ത് പാടങ്ങളിൽ എള്ളും കൃഷി ചെയ്തിരുന്നു. കാലക്രമത്തിൽ നെൽകൃഷി ആദായകരമല്ലാ തിരുന്നതിനാൽ നെൽപ്പാടങ്ങൾ തെങ്ങ് കൃഷിക്ക് ഉപയോഗപ്പെടുത്തി. കേരകൃഷിയോടനുബന്ധിച്ച് ഈ നാട്ടുകാരുടെ അന്നത്തെ മുഖ്യ തൊഴിൽ കേര ഉത്പന്നങ്ങൾ സംസ്കരിച്ച് ഉപയോഗപ്പെടുത്തുന്നതിൽ കേന്ദ്രീകരിച്ചായിരുന്നു. അങ്ങനെ അവരിൽ നല്ലൊരു വിഭാഗം എണ്ണയാട്ടും ചകിരിതല്ലലും കയറുപിരിക്കലും തൊഴിലായി സ്വീകരിച്ചു. വെളിച്ചെണ്ണയും എണ്ണയും കയറുല്പന്നങ്ങളും കനോലി കനാൽ വഴി കൊച്ചിയിൽ കൊണ്ടുപോയി വ്യാപാരം ചെയ്യുകയും ചെയ്തിരുന്നു. അങ്ങനെ കൊച്ചിയുമായി പുരാതനകാലം മുതൽ ഇന്നാട്ടുകാർക്ക് വ്യാപാരബന്ധം ഉണ്ടായിരുന്നു

പാവറട്ടി എന്ന സ്ഥലനാമം വന്നത് അച്ചു റൊട്ടിക്ക് ആന്ധ്രക്കാർ പറയുന്ന പാവ് റൊട്ടി പാവറട്ടിയുമായി ബന്ധo വഴി ആകുവാൻ സാധ്യതയുണ്ടെന്ന് കരുതുന്നു. റൊട്ടി നിർമ്മാണത്തിനായി ആന്ധ്രയിൽ നിന്ന് പാവറട്ടിയിൽ വന്നുചേർന്നവർ തദ്ദേശവാസികളുമായിബന്ധപ്പെട്ടിരിക്കാമെന്നും അതുമൂലം പാവറട്ടിയെന്ന പേര് ഈ നാടിനു ലഭിച്ചുവെന്നും കരുതുന്നവരുമുണ്ട്. എം തുണി നെയ്ത്ത് ഉപതൊഴിലായി സ്വീകരിച്ചിരുന്ന പാവറട്ടിയിലെ നെയ്ത്തുകാരുടെ സാന്നിധ്യമാണ് പാവറട്ടിയെന്ന പേരിനാധാരം എന്ന് പറയപ്പെടുന്നു. നെയ്ത്തുകാർ തുണി നെയ്യുന്നത് ഊടും പാവുമിട്ടാണ്. പാവറട്ടിയിലെ നെയ്ത്തുകാർ പാവ് ഇരട്ടിയായി ഉപയോഗിച്ച് നല്ലയിനം തുണികൾ നിർമ്മിച്ചതുമൂലമാണ് പാവ് ഇരട്ടി – പാവറട്ടി – എന്ന പേര് രൂപാന്തരം പ്രാപിച്ചത്.എന്നും പറയപ്പെടുന്നു

🌻പള്ളി സ്ഥാപന ചരിത്രം

പാവറട്ടി പ്രദേശം ഒരിക്കൽ ചിറ്റാട്ടുകര ഇടവകയുടെ കീഴിലായിരുന്നു. ദൂരക്കൂടുതൽ പരിഗണിച്ച് തിരുക്കർമ്മ ചടങ്ങുകളുടെ സമയം അൽപ്പം ദീർഘിപ്പിക്കണമെന്ന പാവറട്ടിയിൽ നിന്നുള്ള ആളുകളുടെ അഭ്യർത്ഥനകളെ ചിറ്റാട്ടുകരയിലെ പള്ളി ഉദ്യോഗസ്ഥർ അവഗണിച്ചതിനാൽ, സ്വന്തമായി ഒരു പള്ളി പണിയാൻ പാവറട്ടിയിൽ നിന്നുള്ള വിശ്വാസികൾ തീരുമാനിക്കുകയായിരുന്നു

ചിറ്റാട്ടുകര ഇടവകയിൽ ഉൾപ്പെട്ടിരുന്ന പാവറട്ടിയിലെ പൂർവ്വികരിൽ ഒരു വിഭാഗം തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുവാൻ ഞായറാഴ്ചകളിലും മറ്റു കടമുള്ള ദിവസങ്ങളിലും ചിറ്റാട്ടുകര പളളിയിൽ എത്തുമ്പോഴേക്കും അവിടുത്തെ തിരുക്കർമ്മങ്ങൾ അവസാനിച്ചിരിക്കും. ഈ പ്രതിസന്ധി തരണം ചെയ്യുവാനായി പാവറട്ടിയിലെ കാരണവന്മാർ ചിറ്റാട്ടുകര പള്ളി നടത്തിപ്പുകാരോട് തിരുക്കർമ്മങ്ങളുടെ സമയം അൽപം വൈകിച്ചാൽ നന്നായിരുന്നു എന്ന് നിരന്തരം അഭ്യർത്ഥിച്ചിരുന്നു. എന്നാൽ നിഷേധാത്മക നയം തുടർന്നു എന്നു മാത്രമല്ല, മഴക്കാലത്ത് ഓലക്കുടയും ചൂടി ചിറ്റാട്ടുകര പളളിയിൽ എത്തിയിരുന്ന പാവറട്ടിക്കാരോട് വളരെ പുച്ഛമായി പെരുമാറുകയും ചെയ്തിരുന്നു. 1876 ലെ ഓശാന ഞായറാഴ്ചയിലെ വേദനാജനകമായ അനുഭവമാണ് വാസ്തവത്തിൽ പാവറട്ടി ഇടവക ദേവാലയസ്ഥാപനത്തിന് ഒരു പ്രധാന കാരണം. ഓശാന തിരുക്കർമ്മങ്ങളെങ്കിലും ഒരൽപം വൈകി തുടങ്ങണമെന്നുള്ള ഇവിടുത്തുകാരുടെ അഭ്യർത്ഥന മാനിക്കാതെ ചിറ്റാട്ടുകരക്കാർ പതിവുപോലെ നേരത്തെത്തന്നെ തിരുക്കർമ്മങ്ങളാരംഭിച്ചിരുന്നു. ഇന്നാട്ടുകാർ അവിടെ എത്തു മ്പോഴേക്കും ഓശാന തിരുക്കർമ്മങ്ങൾ ഏകദേശം കഴിയാറായി. കടുത്ത അവഗണന അനുഭവിക്കേണ്ടിവന്ന പൂർവ്വികർ ഈ പ്രദേശത്ത് തിരിച്ചെത്തി. പാവറട്ടി കവലയ്ക്കടുത്ത്, പാലയൂർ പള്ളിയുടെ സ്വന്തമായിരുന്ന സ്ഥലത്ത് ഒത്തുകൂടി. ആ യോഗത്തിലെ തീരുമാനമായിരുന്നു, എന്തു ത്യാഗം സഹിക്കേണ്ടി വന്നാലും പെസഹാ വ്യാഴാഴ്ച ഇന്നാട്ടിൽ തന്നെ തിരുക്കർമ്മങ്ങൾ നടത്തണമെന്നത്. ഈ നിശ്ചയം സാക്ഷാത്കരിക്കുവാൻ ഒരു പ്രതിനിധിസംഘം പാലയൂരിലേക്കു പോകുകയും ചെയ്തു.

അന്ന് പളളികൾ (ദേവസ്ഥാനങ്ങൾ) ജന്മം തീറാവകാശം ഉള്ള സ്ഥലങ്ങളിൽ മാത്രമേ നിർമ്മിക്കുവാൻ അനുവാദം ഉണ്ടായിരുന്നുള്ളൂ. പാവറട്ടിയിൽ പാലയൂർ പള്ളിക്ക് ജന്മാവകാശം ഉണ്ടായിരുന്ന ഭൂമിയിൽ ഒരു പള്ളി പണിയുന്നതിന് അവിടെ നിന്ന് അനുവാദം ലഭിച്ചു. പള്ളിപ്പണിക്ക് അനുവാദം ലഭിച്ച പ്രസ്തുത സ്ഥലത്ത് നാട്ടുകാരുടെ അശ്രാന്ത പരിശ്രമഫലമായി താല്ക്കാലികമായി പനമ്പ് കൊണ്ട് മറച്ച ഒരു ദേവാലയം നിർമ്മിച്ചു. 1876 ഏപ്രിൽ 13-ാം തിയ്യതി (അന്നത്തെ പെസഹാ വ്യാഴാഴ്ച) ഈ ദേവാലയം വിശു ദ്ധീകരിക്കുകയും തിരുകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്തു. കേരള ക്രൈസ്തവസഭ ഒരു വലിയ പ്രതിസന്ധി നേരിട്ടിരുന്ന 1874 ൽ ഒരു കൽദായ മെത്രാനെ കിട്ടേണ്ട കാര്യത്തിൽ എല്ലാവർക്കും ഏക അഭിപ്രായമായിരുന്നതിനാൽ ജനപ്രതിനിധികളുടെ ഒപ്പോടു കൂടിയ പല ഹർജികളും പാത്രിയാർക്കിസിന് അയക്കുകയുണ്ടായി. കൂടാതെ പല ഹർജികളും എഴുത്തുകളും മേലൂസ് മെത്രാന്റെയും മറ്റും പേർക്കായി പല വൈദികരും അയക്കുകയുണ്ടായി. പാത്രിയാർക്കിസ് സംതൃപ്തനായി മെസപ്പെട്ടോമിയായിലെ ആക (Arg) യിൽ അക്കാലത്ത് മെത്രാനായിരുന്ന മാർ ഏലിയാമേലൂസ് (Mar Elia.john Matu) നെ ഇക്കാര്യത്തിനായി തെരഞ്ഞെടുത്തു.ഇവിടെയെത്തുവാൻ ആഗ്രഹിച്ചിരിക്കെയാണ് അതിനു പാത്രിയാർക്കിസിന്റെ കല്പന അദ്ദേഹത്തിന് കിട്ടിയത്. മേലൂസ് കത്തുമൂലം ഈ വിവരം അറിയിക്കുകയും അദ്ദേഹ ത്തിന് ഇവിടേക്ക് എത്തുവാൻ യാത്രയ്ക്കുവേണ്ട പണം അയച്ചുകൊടുക്കുക ചെയ്തു. 1874 ൽ കേരളത്തിൽ എത്തിയ മേലൂ സ് 2 കൊല്ലങ്ങൾക്കുശേഷം 1876 ൽ മഹറോൻ ചൊല്ലപ്പെടുകയും പളളിക്കയ്യേറ്റത്തിന് വരാപ്പുഴ ബിഷപ്പ് മദ്രാസ് ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിൽ മേലൂസ് പരാജിതനാവുകയും മനസ്സ് മടുത്ത അദ്ദേഹം സ്വദേശത്തേക്ക് മടങ്ങിപ്പോവുകയും ചെയ്തു.1876ൽ പാവറട്ടി പളളി പനമ്പുകൊണ്ട് ആദ്യം നിർമ്മിക്കപ്പെട്ടു.

🌻പുതിയ ദേവാലയ നിർമാണവും പുനരുദ്ധാരണവും

ദേവാലയത്തിനു സമീപത്ത് സ്ഥിരമായ ദേവാലയ നിർമ്മാണത്തിനുളള ഇന്നാട്ടുകാരുടെ പരിശ്രമങ്ങൾ തുടരുകയും താൽക്കാലികമായി നിർമ്മിച്ച പ്രഥമ ദേവാലയത്തിന് തെക്കുഭാഗത്ത് (ഇപ്പോൾ പള്ളി സ്ഥിതിചെയ്യുന്ന സ്ഥലത്ത്) ഒരു വർഷത്തിനുശേഷം പോർച്ചുഗീസ് മാതൃകയിലുളള ദേവാലയ നിർമ്മാണത്തിന് ഔദ്യോഗിക അംഗീകാരം ലഭിക്കുകയും 1877 ൽ പുതിയ ദേവാലയനിർമ്മാണം ആരംഭിച്ചു.

പുരാതന ഇടവക കപ്പേളയിൽ 1876-ൽ നിർമ്മിച്ച ഇടവക ദേവാലയമാണ് പാവറട്ടിയിലെ പുരാതന പ്രഥമ ദേവാലയം ഇന്നത്തെ പള്ളിയുടെ വടക്കുവശത്തായിരുന്നു സ്ഥിതി ചെയ്തിരുന്നത്. 1876ഏപ്രിൽ 13-ാ ം തീയതി അന്നത്തെ പെസഹാ വ്യാഴാഴ്ച ദേവാലയം വിശുദ്ധീകരിച്ച് തിരുക്കർമ്മങ്ങൾ നടത്തുകയും ചെയ്തു. പനമ്പുകൊണ്ട് നിർമ്മിച്ച താല്കാലിക ദേവാലയത്തിന്റെ സ്ഥാനത്ത് ഭിത്തി കെട്ടി ഓടിട്ട ഒരു ചെറിയ കപ്പേള താമസംവിനാ നിർമ്മിച്ചു. പ്രസ്തുത കപ്പേളയിൽ ബലിയർപ്പണത്തിനുള്ള ബലിപീഠത്തി നോടനുബന്ധിച്ചുണ്ടായിരുന്ന പരിമിതമായ സ്ഥലം ഇടവകാംഗങ്ങൾക്ക് ബലിയിൽ സംബന്ധിക്കുന്നതിന് അപര്യാപ്തമായിരുന്നു. ബഹു. ചിറയത്ത് ദേവസ്സി കത്തനാരുടെ നേതൃത്വത്തിൽ അന്നത്തെ പ്രശസ്തരായ തച്ചുശാസ്ത്രവിദഗ്ദ്ധരായി മുഴുക്കുട്ടത്തെ തച്ചന്മാരെയാണ് പള്ളി പണിയാൻ ചുമതലപ്പെടുത്തിയിരുന്നത്. അന്നത്തെ കൈക്കാരന്മാരുടേയും യോഗഭാരവാഹികളുടെയും മേൽനോട്ടത്തിൽ പള്ളിപ്പണി തുടങ്ങുകയും ഇടവകാംഗങ്ങളുടെ സർവ്വതോന്മുഖമായ സഹകരണവും സാന്നിദ്ധ്യവും പ്രയത്നവും മലം 1880 ൽ പുതിയ പള്ളി വിശ്വാസികൾക്ക് തുറന്ന് കൊടുക്കുകയും ചെയ്തു.വിശ്വാസികളുടെ എണ്ണം വർദ്ധിച്ച് പള്ളി ഹാളിന് ഉൾക്കൊള്ളാൻ കഴിയാതായപ്പോൾ, 1934 ൽ പ്രധാന ബലിപീഠത്തിന് അഭിമുഖമായി തെക്ക് ഭാഗത്തേക്ക് വിശാലമായ ഒരു ഹാൾ നിർമ്മിച്ചു, പിന്നീട് 1961 ൽ മറ്റൊന്ന് വടക്ക് ഭാഗത്തേക്കും നിർമ്മിച്ചു. 1975 ലും പിന്നീട് 2004 ലും പള്ളി പുതുക്കി പണിതു. പോർച്ചുഗീസ് വാസ്തു ശൈലിയിൽ നിർമ്മിച്ച ദേവാലയത്തിന്റെ അൾത്താര അതേപടി നിലനിർത്തിക്കൊണ്ടാണ് ഈ രണ്ട് വർഷങ്ങളിലും പള്ളിപുതുക്കി പണിതത്.

🌻പാവറട്ടി പെരുന്നാൾ

ഈസ്റ്ററിനുശേഷം വരുന്ന മൂന്നാമത്തെ ഞായറാഴ്ചയാണ് പാവറട്ടി പള്ളി പെരുന്നാൾ. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പള്ളി പെരുന്നാളുകളിൽ ഒന്നാണ് ഇത്.2019 ൽ നടന്നത് 143 മത് പെരുന്നാൾ ആയിരുന്നു.2020 ൽ കൊറോണ വ്യാപനം മൂലം പെരുന്നാൾ നടത്തിയില്ല.പാവറട്ടി തിരുനാൾ ഈസ്റ്റർ കഴിഞ്ഞ് മൂന്നാം ഞായറാഴ്ചയായതിനാൽ, തിരുനാൾ ആഘോഷതിയതിയിൽ വർഷം തോറും മാറ്റങ്ങൾ അനുഭവപ്പെടുന്നു. നക്ഷത്ര ചന്ദ്രരാശി ഗണിച്ചെടുത്താണ് തൃശൂർ പൂരത്തിനുളള തിയതി കുറിക്കുന്നത്. കണക്കനുസരിച്ച് ഈസ്റ്റർ ദിനാഘോഷത്തോട് ബന്ധപ്പെട്ട പാവറട്ടി തിരുനാൾ ഇക്കാരണത്താൽ പൂരത്തിനോടടുത്ത ദിവസങ്ങളിലായിരിക്കും.

വർഷം തോറും ചിറ്റാട്ടുകര പളളിയിലെ ജനുവരിയിലെ വെടിക്കെട്ടോടുകൂടിയ അവരുടെ ഇടവക മദ്ധ്യസ്ഥന്റെ തിരുനാളിനുശേഷം നടത്തപ്പെടുന്ന പാവറട്ടി ഇടവകയുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആഘോഷപ്രൗഢിയിൽ അവരേക്കാൾ മുന്നിട്ടുനിൽക്കേണ്ടത് അനിവാര്യമെന്ന പൂർവ്വീകരുടെ നിശ്ചയദാർഢ്യവും മത്സര ബുദ്ധിയും, തൃശൂർ പൂരത്തിന്റെ തലേദിവസമോ പിറ്റേ ദിവസമോ നടത്തപ്പെടുന്ന പാവറട്ടി തിരുനാൾ വെടിക്കെട്ട്, പൂരം വെടിക്കെട്ടിനോട് കിടപിടിക്കത്തക്കതാക്കണമെന്ന് പൂർവികരുടെ ആഗ്രഹo നിമിത്തവും പാവറട്ടി തിരുനാളിന് വെടിക്കെട്ട് അവിഭാജ്യഘടകമാക്കി തീർക്കുവാനിടയാക്കി. പാവറട്ടി തിരുനാളും വെടിക്കെട്ടും അഭേദ്യമായി ബന്ധപ്പെട്ടതാണെന്ന് കരുതപ്പെടുന്നു.പൗരാണികകാലം മുതൽ തന്നെ തിരുനാളിന് വെടിക്കെട്ട് നടത്തുന്നതിൽ ഇവിടെ പൂർവ്വികർ ബദ്ധശ്രദ്ധരായിരുന്നു. വെടിക്കെട്ടും വിശുദ്ധ യൗസേപ്പിതാവിന്റെ വളയെടുപ്പും വളരെ മനോഹരമാക്കി ത്തീർക്കുന്നതിനുളള തുക സമാഹരിക്കുന്നത്. പ്രാർത്ഥന സമുദായങ്ങൾ രൂപീകരിച്ച് ദിവസപ്പിരിവെടുത്തും വിവിധ തിരുനാൾ കുറികൾ നടത്തിയും നാനാജാതി മതസ്ഥരിൽ നിന്നും കേരഫലങ്ങളും സംഖ്യയും സംഭാവനയായി സ്വീകരിച്ചുകൊണ്ടാണ്. വിശുദ്ധ യൗസേപ്പിതാവിന്റെ
മദ്ധ്യസ്ഥതയാൽ അനേകായിരങ്ങൾക്ക് അത്താണിയായി മാറിക്കഴിഞ്ഞ ഈ ഇടവകയിൽ ആദ്യം അക്കാലത്ത് 300 വീട്ടുകാർ മാത്രമാണ് ഉണ്ടായിരുന്നത്. ഇവിടെയു ണ്ടായിരുന്നവരുടെ സന്താന പരമ്പരയും ഈ പ്രദേശത്തിന്റെ സാംസ്കാരിക ഔന്നത്യം അംഗീകരിച്ചുകൊണ്ട് ഇവിടെ വന്നു താമസിച്ചവരുമായ 1955 കുടുംബങ്ങൾ ഇന്ന് ഈ ഇടവകയെ സമ്പന്നമാക്കിയിരിക്കുന്നു.

🌻പാവറട്ടി പള്ളി വെടിക്കെട്ട്

പെരുന്നാളിന്റെ ഭാഗമായ വെടിക്കെട്ടും പ്രസിദ്ധമാണ്. വെടിക്കെട്ടിന്റെ നടത്തിപ്പിനെക്കുറിച്ച് ഒരു ഐതിഹ്യമുണ്ട്. വെടിക്കെട്ട്‌ നടത്താനുള്ള അനുമതിക്കായി പോകുമ്പോൾ കൈക്കാരന്മാർക്ക് ഒരു കടവ് കടക്കേണ്ടതായി വന്നു. സന്ധ്യാ സമയം ആയിരുന്നു കടത്തുതോണി ഉണ്ടായിരുന്നു എങ്കിലും കടത്തുകാരൻ ഉണ്ടായിരുന്നില്ല. കൈക്കാരന്മാർ വിഷമിച്ചു നിൽക്കുമ്പോൾ നരച്ച താടിയുള്ള ഒരു വൃദ്ധൻ അവരെ സഹായിക്കാൻ എത്തി അവരെ തോണിയിൽ കടവ് കടത്തി. അക്കരെ എത്തി തിരിഞ്ഞു നോക്കിയപ്പോൾ തോണിയോ വൃദ്ധനോ ഉണ്ടായിരുന്നില്ല. വൃദ്ധനായി എത്തി സഹായിച്ചത് യൗസേപ്പിതാവ് ആണെന്ന് വിശ്വസിക്കപ്പെടുന്നു

കരിമരുന്ന് കലാപ്രകടനം മികവുറ്റതാക്കുന്നതിനാവശ്യമായ സൗഹൃദമത്സരത്തിനായി ഇടവകയെ തെക്കും വടക്കും വിഭാഗങ്ങളായി ഭാഗിച്ചിരിക്കുന്നു. രണ്ട് വിഭാഗക്കാരു ടെയും വാശിയേറിയ ഈ അതിഗംഭീരമായ കരിമരുന്നു പ്രയോഗം പളളിയുടെ പരിമിതമായ തിരുമുറ്റത്ത് നാളിതുവരെയും അപകടരഹിതമായി നടത്തിവരുന്നത് വിശുദ്ധന്റെ പ്രത്യേക മദ്ധ്യസ്ഥത യാലാണെന്ന് നാനാജാതിമതസ്ഥരും വിശ്വസിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. പരവൂർ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ 2016 ൽ കരിമരുന്ന് ഉപയോഗിച്ചുള്ള വെടിക്കെട്ട് വേണ്ടന്ന് വെച്ച് ഡിജിറ്റൽ വെടിക്കെട്ടാണ് നടത്തിയത്.ദൂര പരിധിയും മറ്റ് നിബന്ധനകളും പാലിക്കാത്തതിനാൽ 2018ൽ വെടിക്കെട്ട് നിരോധിച്ചു.പാവറട്ടി പള്ളിയിലെ തിരുന്നാൾ വെടിക്കെട്ട്‌ നടത്താൻ ശേഖരിച്ച പണം പാവപ്പെട്ടവരെ സഹായിക്കാൻ വേണ്ടി ഉപയോഗിച്ചിരുന്നു.
എട്ടാമിട തിരുന്നാളും ഇവിടെ ആഘോഷിക്കാറുണ്ട്.
കുട്ടിക്കാലത്തു പാവറട്ടി പള്ളി തിരുന്നാളിനോ എട്ടാമിടത്തിനോ വീട്ടിൽ നിന്നും കൊണ്ട് പോകാറുള്ളത് ഓർമയിൽ ഇന്നും നിൽക്കുന്നു.

🌻യൗസേപ്പിതാവിന്റെ തിരു സ്വരൂപം

ദേവാലയ നിർമ്മാണം പൂർത്തീകരിക്കവേ, ഇടവകയുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുസ്വരൂപം പ്രധാന ബലിപീഠത്തിൽ സ്ഥാപിക്കുവാൻ തീരുമാനമായി. തിരുസ്വരൂപങ്ങൾ നിർമ്മിക്കുന്നതിൽ വിദഗ്ധരും പ്രശസ്തരുമായ കൊച്ചിയിലെ കോഡാർ കമ്പനിയിൽ നിന്നുമാണ് ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുസ്വരൂപo ലഭിച്ചത്. കൊച്ചിയിലേക്ക് ജലമാർഗ്ഗം പാവറട്ടിയിൽ നിന്നും അയൽ പ്രദേശങ്ങളിൽ നിന്നും എണ്ണയും കയറുല്പന്നങ്ങളും സമാഹരിച്ച് കയറ്റുമതി ചെയ്ത് വ്യാപാരം നടത്തിയിരുന്ന ഇടവകാംഗമായ ഒലക്കേങ്കിൽ മാണി എന്ന വ്യക്തിയാണ് – ഇടവക ദേവാലയത്തിൽ പ്രതിഷ്ഠിക്കുന്നതിനായി തിരുസ്വരൂപം കൊണ്ടുവന്നത്. 1880-ൽ കൊച്ചിയിലെ സുപ്രസിദ്ധമായ കോഡാർ കമ്പനിയിൽ നിന്നും വിശുദ്ധയൗസേപ്പിതാവിന്റെ തിരുസ്വരൂപം കൊണ്ട് വന്നു.തൊഴിലാളി മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തൊഴിലിന് അനിവാര്യഘടകമായ മരത്തിൽ തീർത്ത തിരുസ്വരൂപം ലഭിക്കുവാനിടയായത് ഒരു ദൈവികനിയോഗ സഫലീകരണമാണ് എന്ന് പാവറട്ടിക്കാർ വിശ്വസിക്കുന്നു.

നിത്യമണവാളനായ യൗസേപ്പിതാവിന്റെ പാണിഗ്രഹണവേളയിൽ തൃക്കയിൽ പ്രഫുല്ലമായ ലില്ലിപ്പൂങ്കുലയേന്തി, ശില്പകലാചാതുരിയോടെ നിർമ്മിതമായ യൗസേപ്പിതാവിന്റെ അത്ഭുതതിരുസ്വരൂപം അന്യാദൃശ്യമായ സവിശേഷതകളോടു കൂടിയതാണ്. മദ്ബഹാനിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുവോളം കൊച്ചിയിൽ നിന്നും കൊണ്ടുവന്ന തിരുസ്വരൂപം മാണി മുത്തപ്പന്റെ വസതിയിലെ മുകൾനിലയിലെ മുറിയിലാണ് പൂജ്യമായി സൂക്ഷിച്ചിരുന്നത്. അന്നത്തെ മാണി മുത്തപ്പന്റെ ഭവനത്തിന്റെ മുൻഭാഗവും മറ്റും കാലാനുസൃതമായി നവീകരിക്കപ്പെട്ടുവെങ്കിലും പുരാതനമായി അദ്ദേഹം നിർമ്മിച്ച വീടും മുകൾ നിലയും മാറ്റങ്ങൾക്ക് വിധേയമാകാതെ നിലനിർത്തിയിരിക്കുന്നു.

പുത്ര ലബ്ദിക്കും തൊഴിൽ ലബ്ദിക്കും പേരുകേട്ട ഈ തീർത്ഥാടന കേന്ദ്രത്തിൽ പ്രാർത്ഥനാ-വഴിപാടുകൾ നടത്തിയാൽ കാര്യസിദ്ധി ഉറപ്പാണെന്ന് വിശ്വസിക്കുന്നവരാണ് ഇവിടുത്തെ തീർത്ഥാടകരിൽ ഏറെയും. ജാതി-മത-ഭേദമെന്ന്യേ ലക്ഷക്കണക്കിനു തീർത്ഥാടകരാണ് ഇവിടെ വന്നുപോകുന്നത്. വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥം വഴി നമ്മളേവരും അനുഗ്രഹിക്കപ്പെടട്ടെ.

ലൗലി ബാബു തെക്കേത്തല ✍

FACEBOOK - COMMENTS

WEBSITE - COMMENTS

1 COMMENT

  1. ഞാൻ പെരുന്നാൾ സമയത്ത് ഈ പള്ളിയിൽ പോയിട്ടുണ്ട്. ഒരുപാട് ഓർമ്മകളിലേക്ക് കൂട്ടികൊണ്ടുപോയി. 🙏🙏🙏

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ്സ് — “ആരോഗ്യ വീഥി”

കുട്ടികളുടെ വളര്‍ച്ചാഘട്ടം നല്ല ആഹാരവും വ്യായാമവും ലഭിക്കേണ്ട സമയമാണ്. കുട്ടികളിലും കൗമാരക്കാരിലും അവരുടെ ആരോഗ്യ കാര്യത്തില്‍ ഈ പോഷകങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. വളരുന്ന ശരീരത്തിനു മാത്രമല്ല, തലച്ചോറിന്റെ വികാസത്തിനും സമീകൃതഭക്ഷണം...

മലയാളി മനസ്സ് “ബാല സാഹിത്യവേദി”

ഇന്നത്തെ ബാല സാഹിത്യവേദി നയിക്കുന്നവർ:  ദേവി മനു, ശ്രീകല മോഹൻദാസ്, വിജയ. പി.കെ. ************************************************************** ചിൽ ചിൽ ചങ്ങാതി (കവിത) ✍ദേവി മനു  മരംക്കേറാനറിയാം ചാഞ്ചാടാനറിയാം ചിൽ ചിൽ ചിൽ ചിൽ ചിലയ്ക്കുന്നതാരാണ് കരണ്ട് തിന്നുന്നാളാണ് കാണാനെന്തൊരു ചേലാണ് ചിൽ ചിൽ ചിൽ ചിൽ ചിലയ്ക്കുന്നതാരാണ് പൂപോലുള്ളൊരു വാലാണ് പുറകിൽ വരകൾ...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

നന്നാകൽ, സ്വയം മാറ്റത്തിലൂടെ ...................................................................... ഒരാളുടെ സ്വഭാവമെന്നത് ഒരു പ്രത്യേക ജനിതക പ്രക്രിയയാണ്. ആരും ഒരു ദിവസം കൊണ്ടു മാത്രം നന്നാകുകയോ, മോശമാകുകയോ ചെയ്യുന്നില്ല. മാർഗ്ഗദർശികളുടെയും പ്രബോധകരുടെയും ഇടപെടലിനും സ്വാധീനത്തിനും ഒരു പരിധി വരെ മാറ്റങ്ങൾ...

*ശുഭദിനം* | 2023 | മാർച്ച് 29 | ബുധൻ ✍ കവിത കണ്ണന്‍

1940 ഒക്ടോബറില്‍ ബ്രസീലിലെ ഒരു കൊച്ചുഗ്രാമത്തിലെ ഒരു ദരിദ്ര കുടുംബത്തിലാണ് എഡ്‌സണ്‍ അരാന്റസ് ഡോ നാസിമെന്റോ ജനിച്ചത്. അവന്റെ അച്ഛന്‍ പ്രാദേശിക ക്ലബ്ബിലെ ഒരു ഫുട്ബോള്‍ കളിക്കാരനായിരുന്നു. കളിയില്‍ നിന്ന് ലഭിക്കുന്ന വരുമാനമായിരുന്നു...
WP2Social Auto Publish Powered By : XYZScripts.com
error: