വേലൂർ പള്ളി, തൃശൂർ
(സെന്റ്. ഫ്രാൻസിസ് സേവ്യർ ഫോറോനാ ചർച്ച്)
സെന്റ്. ഫ്രാൻസിസ് സേവ്യർ ഫോറെൻ ചർച്ച് സ്ഥിതി ചെയ്യുന്നത് കേരളത്തിലെ വേലൂരിൽ ആണ്. ഇതൊരു സുറിയാനി കത്തോലിക്കാ പള്ളിയാണ് .തൃശൂർ അതിരൂപതയുടെ ഗണ്യമായ പൗരാണികതയും ആത്മീയ പൈതൃകവും വിളിച്ചോതുന്ന 311 വർഷം പഴക്കമുള്ള ഈ പള്ളിയുടെ സ്ഥാപകൻ ഫാ. ജൊഹാൻ ഏണസ്റ്റ് ഹാൻക്‌സ്‌ലെഡൻ,എന്ന വിദേശിയായ പുരോഹിതനാണ് അദ്ദേഹം അർണോസ് പാതിരി എന്നറിയപ്പെടുന്നു. 1712 ഡിസംബർ 3-ന് സ്ഥാപിതമായ പുരാതനമായ ഒരു സംരക്ഷിത സ്മാരകവുമാണ് വേലൂർ പള്ളി. ചരിത്രപരമായി ഈ ഫൊറോന പള്ളി പല ഇടവകകളുടെയും മാതൃ ദേവാലയമാണ്. ഈ പള്ളിയിൽ നിന്ന് നാല് ഫൊറോന ഡിവിഷനുകൾ രൂപീകൃതമായിട്ടുണ്ട്.
🌻വേലൂർ ഗ്രാമം 🌻
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് വേലൂർ. വേലൂർ ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്. ചരിത്രപ്രസിദ്ധമായ മണിമലര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുതിരവേല വേലൂരിലാണ് നടക്കുന്നത്. 1956-ല്‍ നടന്ന പ്രസിദ്ധമായ മണിമലർക്കാവ് മാറു മറയ്ക്കൽ സമരo വേലൂരിലാണ് നടന്നത്. കൂടാതെ 1954 ൽ വേലൂർ കേന്ദ്രീകരിച്ച് വാഴാനി ഡാമിൽ നിന്ന് വരുന്ന കനാൽ നിർമാണവുമായി ബന്ധപ്പെട്ട് നടന്ന തൊഴിൽ സമരത്തിന് സ്ത്രീകൾ നേതൃത്വം നൽകിയിരുന്നു. അന്ന് 60 ഓളം സ്ത്രീകൾ ജയിലിലായി. ഈ സമരം നൽകിയ കരുത്ത് സ്ത്രീകളുടെ സ്വത്വബോധത്തിന് ആക്കം കൂട്ടി. തൃശ്ശൂർ പട്ടണത്തിന്റെ 20 കിലോമീറ്റർ വടക്ക് സ്ഥിതിചെയ്യുന്ന വേലൂർ, തലപ്പിള്ളി താലൂക്കിൽ ഉൾപ്പെട്ട ഒരു സ്ഥലമാണ്.
പുത്തൻ പാനയുടെ രചയിതാവായ അർണ്ണോസ്സ് പാതിരി കുറെക്കാലം ജീവിച്ചിരുന്നത് വേലൂരിൽ ആണ്. ചതുരാന്ത്യം, മരണപര്‍വം, വിധിപര്‍വം, നരകപര്‍വം, മോക്ഷപര്‍വം, മിശിഹാചരിത്രം, വ്യാകുല പ്രബന്ധം, പുത്തന്‍പാന എന്നിവയാണ് പാതിരിയുടെ കാവ്യഗ്രന്ഥങ്ങള്‍. മലയാളഭാഷയ്ക്കു വേണ്ടതായ വ്യാകരണഗ്രന്ഥങ്ങളും, മലയാളം – സംസ്കൃതനിഘണ്ടു തുടങ്ങി എന്നിവയും ലാറ്റിന്‍ ഭാഷയിലെഴുതിയ പ്രബന്ധങ്ങളും അദ്ദേഹത്തിന്റെ സംഭാവനകളാണ്.
🌻വേലൂർ പള്ളിയുടെ പ്രാധാന്യം 🌻
തൃശ്ശൂരിലെ വളരെ പഴക്കമുള്ള പള്ളികളിൽ ഒന്നാണ് വേലൂരിലെ സെന്റ് ഫ്രാൻസിസ് ഫെറോന പള്ളി, തൃശ്ശൂരിലെ അതിരൂപതകളിലും കേരളത്തിലെ മുഴുവൻ പള്ളികളിലും വേലൂർ പള്ളിക്ക് ഒരു മഹത്തായ സ്ഥാനമാണ് ഉള്ളത്. ചരിത്രപരമായും ഐതിഹ്യപരമായും ഏറെ പ്രാധാന്യമുള്ള ഒട്ടേറെ സ്ഥലങ്ങളുള്ള വേലൂരിലെ പ്രധാന ആകര്‍ഷണം അവിടത്തെ സെന്റ് ഫ്രാന്‍സിസ് സേവിയേഴ്സ് ഫൊറോന ദേവാലയം തന്നെ. കാരണം, ആധുനിക കേരളത്തിന്റെ സാംസ്കാരിക സാഹിത്യമേഖലകളില്‍ ഏറെ സംഭാവനകള്‍ നല്‍കിയിട്ടുള്ള ഒരു വൈദേശിക സന്യാസിയായ അര്‍ണ്ണോസ് പാതിരി സ്ഥാപിച്ച ദേവാലയമാണിത്. അര്‍ണോസ് പാതിരിയുടെ ഓര്‍മ്മകളുറങ്ങുന്ന വേലൂര്‍ പള്ളി ഇന്ന് അനേകം ഭക്തജനങ്ങളെ ആകര്‍ഷിക്കുന്ന പുണ്യസ്ഥലമാണ്. വേലൂർ പള്ളിയുടെ ചരിത്രമെന്നാൽ അത് അർണോസ് പാതിരിയുടെ ജീവചരിത്രം തന്നെയാണ്. അതിലൂടെ ഒന്ന് കണ്ണോടിക്കാം..
🌻അർണോസ്സ് പാതിരിയുടെ ഇന്ത്യയിലേക്കുള്ള വരവ് 🌻
ജര്‍മ്മനിയിലെ ഓസ്നാബ്റൂക്കിന് സമീപമുള്ള ഓസ്റ്റര്‍കാപ്പലിന്‍ എന്ന സ്ഥലത്ത്, 1681-ല്‍ ജനിച്ച ജോഹാന്‍ ഏര്‍ണസ്റ്റ് ഹാന്‍ക്സ്ലെഡനാണ് വേലൂര്‍ നിവാസികളുടെ അര്‍ണോസ് പാതിരിയായി പില്‍ക്കാലത്ത് മാറിയത്. കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ഈശോ സഭയില്‍ ചേരാനാണ് യുവാവായ ഏര്‍ണസ്റ്റ് ആദ്യം സൂറത്തിലും പിന്നീട് ഗോവയിലും അതുകഴിഞ്ഞ് തൃശ്ശൂര്‍ ജില്ലയിലെ മാളയിലും എത്തിയത്. അർണോസ് പാതിരി 1699ൽ മറ്റ് രണ്ട് വൈദികരോട് ഒപ്പം ജർമ്മനിയിൽ നിന്നും ഒരു പായ് കപ്പലിൽ ഇന്ത്യയിലേക്ക് യാത്ര തിരിച്ചു….. അർണോസ് പാതിരിക്കും കൂട്ടർക്കും പാതിവഴിയിൽ വച്ച് കടൽജ്വരം ബാധിച്ചു…. കൂടെയുണ്ടായിരുന്ന രണ്ട് വൈദികരും വഴി മധ്യേ മരണപ്പെട്ടു…. 1700ൽ പാതിരി ഒറ്റയ്ക്ക് സൂറത്തിൽ അവശനിലയിൽ എത്തിച്ചേർന്നു, പാതിരി തുടർന്ന് ഗോവയിലേക്കും പിന്നീട് മാളയിലും എത്തി. മാളയില്‍ വച്ച്, 1704-ലാണ് ഏണസ്റ്റിന് വൈദികപട്ടം ലഭിച്ചത്. മാളയില്‍ അന്നുണ്ടായിരുന്ന സെമിനാരിയിലെ (അമ്പഴക്കാട് സെമിനാരി) വൈദികവിദ്യാഭ്യാസമാണ് ഏണസ്റ്റ് ഹാന്‍ക്സ്ലെഡനെ മലയാള-സംസ്കൃത ഭാഷകളില്‍ നിപുണനാക്കിയത് എന്ന് കരുതപ്പെടുന്നു. ഭാഷാ പഠനത്തില്‍ ഏറെ താല്‍പര്യം കാണിച്ചിരുന്ന അർണോസ് പാതിരി സംസ്കൃതം പഠിക്കാനായി അന്നത്തെ സാംസ്കാരിക പണ്ഡിതന്മാരുടെ ആസ്ഥാനമായിരുന്ന തൃശൂരിലേക്ക് വരികയായിരുന്നു. ജര്‍മ്മനും ഒട്ടൊക്കെ ഇംഗ്ലീഷും വശമായിരുന്ന അർണോസ് പാതിരി സംസ്കൃത ഭാഷ പഠിക്കാന്‍ അനേകം പേരെ സമീപിച്ചെത്രെ. എന്നാല്‍ ഒരു വിദേശിയെ പഠിപ്പിക്കാന്‍ ആരും തയ്യാറായില്ല. അന്ന് ശൂദ്രന്മാരെപോലും സംസ്കൃതം പഠിക്കാന്‍ സമ്മതിച്ചിരുന്നില്ല. അവസാനം അങ്കമാലിക്കടുത്തുള്ള കുഞ്ഞനെന്നും കൃഷ്ണനെന്നും പേരായ രണ്ട് നമ്പൂതിരിമാര്‍ അർണോസ് പാതിരിയുടെ ഗുരുക്കന്‍മാരായി. താളിയോലയിലെഴുതിയ സിദ്ധരൂപം അവര്‍ അദ്ദേഹത്തിന് നല്‍കി. അതുവഴി ഒരു ജര്‍മന്‍ പാതിരിയെ കേരളത്തിനായി ദത്തെടുക്കുകയായിരുന്നു കുഞ്ഞനും കൃഷ്ണനും. കൊടുങ്ങല്ലൂര്‍ മെത്രോപൊലീത്തയുടെ സെക്രട്ടറിയായി പദവി ലഭിച്ചപ്പോള്‍ മാളയില്‍ നിന്ന് പുത്തഞ്ചിറയിലേയ്ക്ക് അർണോസ് പാതിരി താമസം മാറ്റി.
🌻അർണോസ് പാതിരി വേലൂരിലെത്തുന്നു🌻
ഉദയംപേരൂര്‍ അടക്കമുള്ള ചില പള്ളികളില്‍ സേവനമനുഷ്ഠിച്ച ശേഷം പാതിരി 1710 ൽ വേലൂരിൽ എത്തി. സംസ്കൃതത്തില്‍ പാതിരി നേടിയ വ്യുല്‍പ്പത്തിയും ചതുരംഗഭ്രാന്തുമാണ് വേലൂരില്‍ പാതിരിക്കൊരു ഭവനമൊരുങ്ങാന്‍ കാരണമായത്. പാതിരിയുടെ വ്യുല്‍പ്പത്തിയും ഭ്രാന്തും ബോധിച്ച വേലൂര്‍ പെരുവലിക്കാട് നായര്‍ തറവാട്ടുകാര്‍ വെങ്ങിലശേരി കുന്നിന്‍മേലുള്ള ഭവനം പാതിരിക്കായി വിട്ടു കൊടുക്കുകയായിരുന്നു.
🌻വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ നാമധേയത്തിൽ പള്ളി സ്ഥാപനം🌻
1710 മുതൽ 1729 വരെ അദ്ദേഹം വേലൂരിൽ തുടർന്നുപോന്നു.
തുടര്‍ന്ന് നാട്ടുകാരുടെ സഹകരണത്തോടെ വേലൂരില്‍ പാതിരിയൊരു ദേവാലയവും പള്ളിമേടയും പണികഴിപ്പിച്ചു. വേലൂരിലെ പഴയങ്ങാടിയിലെത്തിയ അർണോസ് ആദ്യം അവിടെ താൽക്കാലികമായി ഒരു ചെറിയ പള്ളി പണിയാൻ ശ്രമം ആരംഭിച്ചു. അതിനായി സ്ഥലം നൽകാമെന്ന് കൊച്ചി രാജാവ് ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് പിൻമാറുകയാണുണ്ടായത്. എന്നാൽ സാമൂതിരിക്കെതിരെയുള്ള യുദ്ധത്തിൽ കൊച്ചിരാജാവിനെ സഹായിച്ച കമാന്റർ ബെർണാർഡ് കെറ്റെൽ അർണോസിനെ സഹായിച്ചു. എന്നാൽ ഇത് നാടുവാഴി ആയിരുന്ന ചെങ്ങഴി നമ്പ്യാർ , കൊച്ചി രാജാവുമായും ഉള്ള അസ്വാരസ്യങ്ങൾക്ക് വഴി തെളിയിച്ചു. എങ്കിലും ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ , ഇല്ലിക്കൾ ഇളയത് എന്നിവരുമായി പാതിരി സൗഹൃദത്തിലാകുന്നു
.പാതിരിയ്‌ക്ക് താമസിക്കാനുള്ള പടിപ്പുര മാളിക പണിയിച്ചത് ആഴ്‌വാഞ്ചേരി തമ്പ്രാക്കളാണെന്ന് അഭിപ്രായമുണ്ട്. പടിപ്പുരമാളിക എന്ന ഗോപുരമാണ് ആദ്യം നിർമ്മിച്ചത് അവിടെ താമസിച്ചുകൊണ്ടാണ് അർണോസ് പാതിരി പള്ളി പണിയുന്നതിനുള്ള മേൽനോട്ടം നിർവ്വഹിച്ചത്. രാജാവിൽ നിന്നും, തദ്ദേശീയരായ അക്രൈസ്തവരിൽ നിന്നും എതിർപ്പുകൾ നേരിടേണ്ടി വന്നതു കാരണം അർണോസ് പാതിരി വേലൂരിന് തൊട്ടടുത്തുള്ള ചിറമ൯കാട് (ശ്രമംകാട്) വെങ്ങിലശേരി അയ്യപ്പൻ കുന്നിലേയ്‌ക്ക് താമസം മാറ്റുകയുണ്ടായി. അവിടെയിരുന്നാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്. വി. ഫ്രാൻസിസ് സേവ്യറിന്റെ പേരിലാണ് അർണോസ് വേലൂരിലെ ദേവാലയം പണി കഴിപ്പിച്ചത്. പള്ളി നിർമ്മാണത്തിന് അനുമതി നൽകിയുള്ള ചെമ്പോലയിലെ വട്ടെഴുത്തിൽ കുന്നത്ത് കീഴൂട്ട് കുമാരൻ തമ്പിമാരും കുന്നത്തു പറമ്പിന്റെ പടിഞ്ഞാറേ അതിർത്തിയിൽ പത്തു പറയ്‌ക്ക് സ്ഥലം ചിറമങ്ങാട്ട് പള്ളിയിൽ പിറഞ്ചാങ്കുന്ന് പുണ്യാളൻ തീരുമാനപ്പേരിൽ ചാമ്പാളൂരുകാരൻ അർണോസ് പാതിരിക്കും… എന്ന് രേഖപ്പെടുത്തിയിരിക്കുന്നു
.🌻മലയാളത്തിലെ ആദ്യമഹാകാവ്യമായ പുത്തൻ പാന രചിക്കുന്നു 🌻
വേലൂരിൽ വച്ചാണ് അദ്ദേഹത്തിന്റെ സാഹിത്യ സൃഷ്ടികള്‍ ഉണ്ടായതെന്ന് കരുതപ്പെടുന്നു. വെങ്ങിലശേരിയിലുണ്ടായിരുന്ന പാതിരിയുടെ ഭവനം ഒരു പണ്ഡിതസഭയുമായിരുന്നു. പാതിരിയും കൂട്ടുകാരും ചര്‍ച്ചകള്‍ നടത്തിയിരുന്നതും ചതുരംഗം കളിച്ചിരുന്നതും ഇവിടെ വച്ചായിരുന്നു. ഇടക്കിടെ പാണ്ഡിത്യം തെളിയിക്കാനുള്ള സൗഹൃദ മത്സരങ്ങളും ഇവിടെ നടന്നിരുന്നു.
അർണോസ് പാതിരി മലയാളത്തിലും സംസ്കൃതത്തിലും അതീവപ്രാവിണ്യം നേടുകയും, ” ജ്ഞാനപ്പാന”യിൽ നിന്നും ആർജ്ജവം ഉൾക്കൊണ്ട് ഇന്നും ക്രിസ്ത്യാനികൾ പാടിപ്പോരുന്ന കർത്താവിന്റെ കഷ്ടാനുഭവ ഭക്തി ഗീതമായ” പുത്തൻ പാന” രചിച്ചു, മലയാളത്തിലെ ആദ്യത്തെ മഹാകാവ്യമായിട്ടാണ് സാഹിത്യ ചരിത്രകാരന്മാര്‍ പുത്തന്‍പാനയെ കാണുന്നത്. ഒരു ജര്‍മ്മന്‍ പാതിരിയാണ് പുത്തന്‍പാനയുടെ രചയിതാവ് എന്നറിയുന്നത് വളരെ ചുരുക്കം പേര്‍ക്കുമാത്രമാണ്. പുത്തന്‍ പാനയാണ് മലയാളത്തിലെ ആദ്യമഹാകാവ്യമെന്നും ആര്‍ക്കുമറിയില്ല.
അന്നുവരെയുള്ള സംസ്കൃതസാഹിത്യ ഗ്രന്ഥങ്ങളെല്ലാം പരിചയിച്ച പാതിരി ഒരു മഹാകവി തന്നെ ആയി തീർന്നു ഹിന്ദുക്കള്‍ക്കുണ്ടായിരുന്ന സാഹിത്യഗ്രന്ഥങ്ങളെപ്പോലെ ചിലത് ക്രൈസ്തവര്‍ക്കും വേണമെന്ന് അർണോസ് പാതിരി ആഗ്രഹിച്ചു.
ചതുരാന്ത്യം, മരണപര്‍വം, വിധിപര്‍വം, നരകപര്‍വം, മോക്ഷപര്‍വം, മിശിഹാചരിത്രം, വ്യാകുല പ്രബന്ധം, പുത്തന്‍പാനഎന്നിവയാണ് പാതിരിയുടെ പ്രധാന കൃതികള്‍. അതില്‍ പുത്തന്‍പാന സ്വാരസ്യം കൊണ്ടും ഭക്തിരസത്താലും മറ്റുള്ള കാവ്യങ്ങളേക്കാള്‍ മികച്ചു നില്‍ക്കുന്നു. രക്ഷാകരവേദകീര്‍ത്തനമെന്നും ഈ കൃതിക്ക് പേരുണ്ട്.
പുത്തന്‍പാനയെന്ന പേര് പൂന്താനത്തിന്റെ ജ്ഞാനപ്പാനയെ ഓര്‍മ്മിപ്പിക്കുന്നതില്‍ അസ്വഭാവികതയില്ല. പൂന്താനത്തിന്റെ ജ്ഞാനപ്പാനയെ മാതൃകയാക്കിയാണ് ക്രിസ്തുവിന്റെ കുരിശുമരണത്തെ പ്രകീര്‍ത്തിക്കുന്ന പുത്തന്‍പാനയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഇതു രചിക്കപ്പെട്ടത് നതോന്നതവൃത്തത്തിലാണ്. ഇതിലെ പന്ത്രണ്ടാം പാദം സാഹിത്യപരമായി ഉന്നത സൃഷ്ടിയാണെന്ന് വിലയിരുത്തുന്നു.
“അമ്മ കന്നീമണിതന്റെ നിര്‍മ്മല ദുഃഖങ്ങളിപ്പോള്‍
നന്മയാലെ മനസ്സുറ്റു കേട്ടുകൊണ്ടാലും….”
എന്നിങ്ങനെ ക്രൈസ്തവഭവനങ്ങളിലെ അമ്മൂമ്മമാര്‍ ഈണത്തോടെ പുത്തന്‍പാന ചൊല്ലുന്നു .
1716-ൽ നതോന്നത (വഞ്ചിപ്പാട്ട്) വൃത്തത്തിൽ എഴുതപ്പെട്ട ദൈവമാതാവിന്റെ വ്യാകുല പ്രലാപം മലയാള ഭാഷയിലെ ആദ്യ വിലാപ കാവ്യമാണ്. ഈശോയുടെ മൃതദേഹം മടിയിൽ കിടത്തി പരിശുദ്ധ ജനനി നടത്തുന്ന വിലാപമാണ് – മേരി മാതാവിന്റെ ഏഴു വ്യാകുലങ്ങളാണ് – ഈ കാവ്യത്തിലുള്ളത്. 1718-ൽ സംസ്‌കൃത വൃത്തങ്ങളായ ഇന്ദ്രവജ്ര, ഉപേന്ദ്ര വജ്ര എന്നിവ കലർന്നു വരുന്ന ഉപജാതിയിൽ രചിച്ച ‘ദൈവമാതാവിന്റെ വ്യാകുലപ്രബന്ധത്തിൽ’ യേശുവിന്റെ പീഡാനുഭവങ്ങളും മരണവും മാതാവിന്റെ ഹൃദയത്തിൽ ഉളവാക്കിയ പ്രതികരണങ്ങളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇത് മലയാളത്തിലെ രണ്ടാമത്തെ വിലാപ കാവ്യമാണ്. ഗ്രീസിന്റെ സംഭാവനയാണ് എലിജി എന്നറിയപ്പെടുന്ന വിലാപകാവ്യരൂപം. ഈ രചനാരീതിയാണ് ദൈവമാതാവിന്റെ വ്യാകുല പ്രലാപത്തിലും ദൈവമാതാവിന്റെ വ്യാകുല പ്രബന്ധത്തിലും സ്വീകരിച്ചിരിക്കുന്നത്.
🌻പുത്തൻപാനയുടെ അവതരണരീതി🌻
1722-ൽ അർണോസ് പാതിരി കൊടുങ്ങല്ലൂർ ആർച്ച് ബിഷപ് ഡോ. ആന്റണി പിമന്തോളിന്റെ (1721-1752) ആശീർവാദത്തോടെ പൂർത്തിയാക്കിയ പുത്തൻപാന (കൂദാശപ്പാന) പതിമൂന്ന് പാദങ്ങളായാണ് രചിച്ചിരിക്കുന്നത്. പാനവൃത്തമായ ദ്രുതകാകളി വൃത്തത്തിലാണ് പുത്തൻപാനയുടെ രചന. ചാത്യാത്ത് കർമലനാഥയുടെ ദൈവാലയത്തിൽ വലിയ നോമ്പുകാലത്ത് ശുശ്രൂഷകളിൽ പങ്കെടുക്കുവാൻ വന്നപ്പോൾ അർണോസ് പാതിരി കേട്ട ‘ദേവാസ്തവിളി’യും ‘ദേവമാതാവമ്മാനെ’ എന്ന ചെന്തമിഴ് കൃതിയുമാണ് ഈ മൂന്നു കാവ്യങ്ങൾക്കും പ്രേരകശക്തിയായത്. തമിഴിന്റെ ദാസ്യത്തിൽനിന്നും മലയാളത്തെ മോചിപ്പിച്ച് സംസ്‌കൃത പ്രധാനമായ മലയാളത്തിന് രൂപം നൽകിയ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ സാഹിത്യഭാഷയാണ് അർണോസ് പാതിരിയും സ്വീകരിച്ചത്. അതിനാൽ ഇന്നത്തെ രൂപത്തിലുള്ള ശ്രേഷ്ഠ മലയാളത്തിന്റെ പ്രാരംഭകൻ കൂടിയാണ് അദ്ദേഹം. ഈ പശ്ചാത്തലം ശരിയായി വിലയിരുത്തിയതിനാലാണ് മലയാളത്തിന്റെ സർഗധനനായ ഡോ. സുകുമാർ അഴീക്കോട് അർണോസ് പാതിരിയെ ‘രണ്ടാം എഴുത്തച്ഛൻ’ എന്ന് വിശേഷിപ്പിച്ചത്.
🌻അർണോസ് പാതിരിയുടെ വേലൂരിലെ ജീവിത കാലഘട്ടവും ഭാഷയിലുള്ള വ്യുല്‍പ്പത്തിയും 🌻
കടമറ്റത്ത് കത്തനാരെയും ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനേയും പോലെ നിരവധി ഐതിഹ്യ കഥകള്‍ അര്‍ണോസ് പാതിരിയെപ്പറ്റിയും പഴമക്കാര്‍ പറയാറുണ്ട്. ഭാഷയിലുള്ള വ്യുല്‍പ്പത്തിയെപ്പറ്റിയുള്ളതാണ് അര്‍ണോസ് പാതിരിയെപ്പറ്റിയുള്ള കഥകള്‍.
പാതിരിയെ കളിയാക്കാനായി ചെന്ന ഒരു നമ്പൂതിരിക്ക് സംഭവിച്ച അമളി പ്രസിദ്ധമാണ്. പാതിരിയുടെ നീലനിറത്തിലുള്ള കണ്ണുകളെ പരിഹസിച്ച് നമ്പൂതിരി ഗണപതി വാഹനരിപുനയനായെന്ന് വിളിച്ചുവെത്രെ. (ഗണപതിയുടെ വാഹനം = എലി + രിപു (ശത്രു) = പൂച്ച + നയനാ = പൂച്ചക്കണ്ണാ) ഒട്ടും അമാന്തമില്ലാതെ തിരിച്ചടിച്ചു, ദശരഥനന്ദന ദൂതമുഖായെന്ന് (ദശരഥനനന്ദന്‍ = ശ്രീരാമന്‍ + ദൂതന്‍ = ഹനുമാന്‍ + മുഖം= കുരങ്ങിന്‍ മുഖത്തോട് കൂടിയവനേ)
ഇനിയൊരിക്കല്‍ ഒരു ഇളയതിനാണ് അബദ്ധം പറ്റിയത്. ഭാഷാ വ്യുല്‍പ്പത്തിയില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന് ധരിച്ചു വശായ ഇളയത്, പൊക്കം കുറഞ്ഞ് ഈര്‍ക്കില്‍ പോലെയായിരുന്ന പാതിരിയോട് ‘പാതിരി’ (പാതിരി = ഒരു കാട്ടു വൃക്ഷം) വില്ലിന് ബഹുവിശേഷമാണ് എന്നു പരിഹസിച്ചു. ഉടന്‍ ഇളയതായാല്‍ ഏറ്റവും നന്നെന്ന് പാതിരി തിരിച്ചടിച്ചു. ഈ ഉദാഹരണങ്ങളില്‍നിന്ന് പാതിരിക്കെത്രെ വ്യുല്‍പ്പത്തിയും ഭാരതീയ സാഹിത്യത്തിലെത്ര പാണ്ഡിത്യവുമുണ്ടെന്നു മനസിലാക്കാം.
🌻അർണോസ് പാതിരി മരണപ്പെടുന്നു
മുപ്പതു വര്‍ഷത്തോളം സേവന നിരതവും തേജോമയവുമായ ഒരു താപസ ജീവിതം നയിച്ച് തീര്‍ത്തും ഒരു കേരളീയനായി, മലയാള ഭാഷയേയും മണ്ണിനേയും ജീവനുതുല്യം സ്നേഹിച്ച് ജീവിച്ച പാതിരിയുടേത് ഒരു അകാലചരമമായിരുന്നു. 1729-ൽ വേലൂരിൽനിന്ന് പഴുവിൽ സെന്റ് ആന്റണീസ് ദൈവാലയത്തിലേക്ക് മാറിയ അർണോസ് പാതിരി അവിടെവച്ച് 1732 മാർച്ച് 20-ന് ദൈവാലയ കിണറിന് സമീപംവച്ച് സർപ്പദംശം ഏറ്റ് 51-ാം വയസിൽ ഇഹലോകവാസം വെടിഞ്ഞു. പാതിരിയുടെ മരണം സംഭവിച്ചത് 907 മീനം 20ന് (1832 ഏപ്രിൽ 3) ആണെന്നും, അതല്ല 1732 മാർച്ച് 20ന് ആണെന്നും ഭിന്നാഭിപ്രായങ്ങളുണ്ട്. അനുരഞ്ജന ചർച്ചയ്ക്ക് എന്ന വ്യാജേന പാതിരിയെ പറഞ്ഞു വിശ്വസിപ്പിച്ച് ശത്രുക്കൾ അദ്ദേഹത്തെ വേലൂരിൽ എത്തിക്കുകയും അവിടെ വെച്ച് ബന്ധനസ്ഥനാക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു. അവിടെ വെച്ച് അദ്ദേഹം ക്രൂരമായ പീഡകൾക്ക് ഇരയായി. സുവിശേഷവേല അവസാനിപ്പിക്കണമെന്നും ആ ദേശം വിട്ടു പൊയ്ക്കോളണം എന്നും ശത്രുക്കൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഇതിൽ കുപിതരായ ജന്മിമാർ ഉഗ്രവിഷമുള്ള പാമ്പിനെക്കൊണ്ട് പാതിരിയെ കൊത്തിച്ച് അദ്ദേഹത്തെ കൊലപ്പെടുത്തുകയാണ് ഉണ്ടായത്. പഴുവിലെ പള്ളിയിൽ തന്നെയാണ് അദ്ദേഹത്തെ സംസ്കരിച്ചത്. 1732 ജൂലൈ 27ന് ജർമ്മൻകാരനായ ഫാദർ ബെർണാർഡ് ബിഷോപ്പിങ്ക് അർണോസ് പാതിരിയുടെ മരണക്കുറിപ്പ് റോമിലേയ്ക്ക് അയച്ചതിന് രേഖകളുണ്ട്. ആർച്ച് ബിഷപ്പ് പി. മെൻറൽ പൊട്ടിക്കരഞ്ഞുവെന്നും കൊച്ചി രാജാവ് വരെ അനുശോചനം അറിയിച്ചുവെന്നും ചരിത്രകാരന്മാർ രേഖപെടുത്തുന്നു.
🌻പെരുന്നാൾ🌻
ഒത്തിരി ഏറെ ചരിത്രമുറങ്ങുന്ന വേലൂർ പള്ളി പെരുന്നാൾ ജനുവരിയിൽ മൂന്നാമത്തെ ഞായറാഴ്ച വിശുദ്ധ സെബാസ്റ്റ്യനോസിന്റെയും പരിശുദ്ധ കർമ്മല മാതാവിന്റെയും തിരുനാളായി സംയുക്തമായി ആഘോഷിക്കുന്നു. കൂടാതെ ഊട്ടു തിരുന്നാൾ മെയ് ആദ്യത്തെ ആഴ്ചയിൽ ആഘോഷിക്കുന്നു.
അർണോസ് പാതിരിയുടെ തേജോമയ ജീവിതം ചിലവഴിച്ച പുരാതനമായ വേലൂർ പള്ളി സന്ദർശിക്കാനും പ്രാർത്ഥിക്കാനും അവസരമുണ്ടാകട്ടെ. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.