അടുത്തിടെ മാത്രം കേട്ടറിഞ്ഞ അന്ധവിശ്വാസത്തിന്റെ അമ്പരപ്പിക്കുന്ന ഒരു യാഥാർഥ്യമാണ് “പ്രേതകല്യാണം”. കുടുംബത്തിൽ വിവാഹം കഴിക്കാതെ മരിച്ചുപോയ പുരുഷനോ, സ്ത്രീയ്ക്കോ അനുയോജ്യമായ ആളെ കണ്ടെത്തി വിവാഹം കഴിപ്പിക്കുന്ന രീതിയാണ് “പ്രേതകല്യാണം.”
കർണ്ണാടകയിലെ ചില ഉൾനാടൻ ഗ്രാമങ്ങളിൽ ആണ് ഇന്നും വിചിത്രമായ ഈ ആചാരം നടക്കുന്നത്. കുടുംബത്തിലോ ഗ്രാമത്തിലോ എന്തെങ്കിലും ദോഷങ്ങൾ നടക്കുമ്പോൾ ജ്യോത്സ്യന്റെ നേതൃത്വത്തിൽ ഗ്രാമതലവനാണ് പ്രേതവിവാഹമാണ് പ്രതിവിധി എന്ന് കുടുംബക്കാരെ അറിയിക്കുന്നത്. ജീവിച്ചിരിക്കുന്നവർക്ക് നടത്തുന്ന വിവാഹം പോലെ തന്നെ എല്ലാ ചടങ്ങുകളും പ്രേതവിവാഹങ്ങൾക്കും കാണുമത്രേ. യുവതിയാണെങ്കിൽ അനുയോജ്യനായ പുരുഷനെയും, യുവാവാണെങ്കിൽ അനുയോജ്യമായ യുവതിയെയും സ്വജാതിയിൽ നിന്നും ആദ്യം അന്വേഷിച്ച് കണ്ടെത്തുന്നു. പിന്നീട് ജാതകം കൈമാറി പൊരുത്തം നോക്കും. പൊരുത്തം ശരിയായാൽ പിന്നെ കല്യാണവട്ടങ്ങൾ തുടങ്ങുകയായി.
കർണ്ണാടകയിലെ “മെക്കോർ” എന്നൊരു വിഭാഗം ആൾക്കാരാണ് പ്രേതവിവാഹം നടത്തുന്നത്. ഇപ്പോൾ കാസർഗോഡു നിന്നും ഇത്തരത്തിലുള്ള വാർത്തകൾ പുറത്തു വരുന്നുണ്ട്. അനുയോജ്യമായ വിവാഹബന്ധം ഒത്തുവരുമ്പോൾ മുഹൂർത്തം നോക്കി തീയതി നിശ്ചയിക്കും. പിന്നീട് വിവാഹക്ഷണക്കത്ത് അച്ചടിച്ച് ആളുകളെ ക്ഷണിക്കുന്നു. വധൂവരന്മാർ ഇല്ലെങ്കിലും പ്രത്യേകം പാവകളെ വധുവും വരനുമായി സങ്കല്പിച്ച് വിവാഹത്തിനായി അണിയിച്ചൊരുക്കുന്നു!!!!!. പിന്നീട് മോതിരംമാറ്റവും, പൂമാലയിടലും ഒടുവിൽ താലികെട്ടലും നടത്തുന്നു. വിവാഹം കഴിഞ്ഞ് വരന്റെ ഗൃഹത്തിൽ എത്തിക്കഴിഞ്ഞാൽ വധൂവരന്മാരുടെ രൂപങ്ങളെ ആൽമരച്ചോട്ടിൽ കുടിയിരുത്തുന്നു. അതോടെ പരലോകത്ത് അവർ ആദ്യരാത്രിയിലേക്ക് പ്രവേശിച്ചു എന്ന് ബന്ധുക്കൾ വിശ്വസിക്കുന്നു. ഇതോടെ ചടങ്ങുകൾ അവസാനിക്കുകയും ചെയ്യുന്നു. വിവാഹശേഷവും രണ്ടു വീട്ടുകാരും ബന്ധുക്കളായി മാറുകയും പരസ്പരം സഹകരിക്കുകയും ചെയ്യുന്നു. പൊതുവെ വധുവിന്റെ ഗൃഹത്തിലായിരിക്കും വിവാഹം നടക്കുക. അതും രാത്രിയിൽ, ക്ഷണകത്തടിച്ച് ഗ്രാമമൊട്ടുക്ക് ക്ഷണിക്കുന്നു എങ്കിലും “അതീവ രഹസ്യമായിട്ടാണ്” ഇത്തരം പ്രേതവിവാഹം നടത്തുന്നു എന്നാണ് പറയപ്പെടുന്നത്.
ചെറുപ്പത്തിൽ മരിച്ചു പോയ ആൺകുട്ടിയോ, പെൺകുട്ടിയോ അവരുടെ യൗവനത്തിൽ, ഇത്തരത്തിൽ വിവാഹം നടത്തിയില്ലെങ്കിൽ ആ കുടുംബത്തിൽ ആർക്കും മംഗല്യഭാഗ്യം കിട്ടില്ല എന്നാണ് വിശ്വാസം. മാത്രമല്ല ഇത്തരത്തിൽ അവരുടെ വിവാഹം നടത്തിയില്ലെങ്കിൽ കുടുംബത്തിലും, ആ ഗ്രാമത്തിൽ തന്നെയും അതൊരു ശാപമായി തീരുമത്രേ!!!!!
അറിവിലും, വിജ്ഞാനത്തിലും മുൻപന്തിയിൽ നിൽക്കുന്ന കേരളക്കരയിലും ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങൾ നടക്കുന്നത്, സമൂഹത്തിലെ മൂല്യച്യുതിയെ വ്യക്തമാക്കുന്നു. നരബലിപോലുള്ള പൈശാചികവും, നിന്ദ്യവുമായ വാർത്തകൾ കേട്ട് മരവിച്ച നാം ഇനിയെന്ത് എന്ന ചിന്തയിലല്ലേ ഇപ്പോൾ മുന്നോട്ട് പോകുന്നത്?