യുഎഇ: നാട്ടിൽ പാസ്പോർട്ട് പുതുക്കിയ റെസിഡൻറ് വിസക്കാർക്ക് യുഎഇ യിലേക്ക് തിരിച്ചുവരാൻ മുൻകൂർ അനുമതി വേണമെന്ന നിബന്ധന ഒഴിവാക്കി. കോവിഡ് കാലത്താണ് ഇത്തരമൊരു നിബന്ധന നിലവിൽവന്നത്.നിബന്ധന ആഗസ്റ്റ് രണ്ടുമുതൽ ഒഴിവാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് ട്രാവൽ ഏജൻസികൾക്ക് അയച്ച സർക്കുലറിൽ വ്യക്തമാക്കിയത്.
യുഎഇ യിൽ താമസവിസയുള്ളവർ നാട്ടിലെത്തി പാസ്പോർട്ട് പുതുക്കുമ്പോൾ അവർ തിരിച്ചു യാത്രചെയ്യുന്നത് പുതിയ പാസ്പോർട്ടിലായിരിക്കും. എന്നാൽ, വിസ പതിച്ചിരിക്കുന്നത് പഴയ പാസ്പോർട്ടിലാണെന്നിരിക്കെ നാട്ടിലെ വിമാനത്താവളത്തിൽ ഈ രണ്ട് പാസ്പോർട്ടും ഒന്നിച്ചു ചേർത്തുവച്ച് യുഎഇ യിലേക്ക് തിരിച്ചുവരുന്നതിന് നേരത്തേ തടസ്സമുണ്ടായിരുന്നില്ല. പുതിയ പാസ്പോർട്ട് വിവരങ്ങൾ നാട്ടിലെ വിമാനത്താവളത്തിലെ എമിഗ്രേഷൻ കൗണ്ടറിൽനിന്ന് തന്നെ യുഎഇ ക്ക് കൈമാറി അപ്ഡേറ്റ് ചെയ്യാൻ സൗകര്യമുണ്ടായിരുന്നു. എന്നാൽ, കോവിഡ് കാലത്ത് പുതുക്കിയ പാസ്പോർട്ടുമായി യാത്ര നടത്തുന്നവർ പലപ്പോഴും നാട്ടിലെ വിമാനത്താവളത്തിൽ കുടുങ്ങുന്ന സാഹചര്യമുണ്ടായിരുന്നു. വിസ പഴയ പാസ്പോർട്ടിൽ പതിച്ചിരിക്കുന്നവർ യുഎഇ യിലെ ഐ. സി. എയുടെയോ ജി. ഡി. ആർ. എഫ്. എയുടെയോ മുൻകൂർ അനുമതി നേടിയിരിക്കണമെന്ന് വിമാനക്കമ്പനികൾ നിബന്ധനവെച്ചിരുന്നു. ഈ നിയന്ത്രണമാണ് ഇപ്പോൾ ഒഴിവാക്കിയത്.
നാട്ടിലെത്തി പാസ്പോർട്ട് പുതുക്കിയ ശേഷം മടങ്ങുന്ന പ്രവാസികൾക്ക് ഏറെ ആശ്വാസകരമാകുന്നതാണ് ഈ തീരുമാനം. യുഎഇ യിൽനിന്ന് മുൻകൂർ അനുമതി തേടാതെതന്നെ അവർക്ക് മടക്കയാത്ര നടത്താം. അതേസമയം, നിലവിൽ നാട്ടിൽനിന്ന് യു.എ.ഇയിലേക്ക് വരാനുള്ള മറ്റ് കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റങ്ങളൊന്നുമില്ല. രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് പി.സി.ആർ പരിശോധനയില്ലാതെ യാത്ര ചെയ്യാം. വാക്സിൻ സ്വീകരിക്കാത്തവർ 48 മണിക്കൂറിനുള്ളിലുള്ള പി.സി.ആർ ഫലം ഹാജരാക്കണം.
റിപ്പോർട്ടർ,
രവി കൊമ്മേരി.