17.1 C
New York
Friday, July 1, 2022
Home Special പ്രതിഭകളെ അടുത്തറിയാം (32) ഇന്നത്തെ പ്രതിഭ: നൗഷാദ് കൊല്ലം

പ്രതിഭകളെ അടുത്തറിയാം (32) ഇന്നത്തെ പ്രതിഭ: നൗഷാദ് കൊല്ലം

അവതരണം: മിനി സജി കോഴിക്കോട്

അക്ഷരവെളിച്ചവുമായി നൗഷാദ് കൊല്ലം

1500 രൂപയുടെ പുസ്തകങ്ങളുമായി പുസ്തകവിൽപ്പന തുടങ്ങി 120 ൽ പരം വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ പ്രസാധകനും, 25 പേരുള്ള ഒരു വാട്സ്ആപ് ഗ്രൂപ്പിൽ തുടങ്ങി മൂന്ന് ലക്ഷത്തോളം അംഗങ്ങളുള്ള 1500 ലധികം സമൂഹമാധ്യമ ഇടങ്ങളുടെ സംരംഭകനുമായ പുസ്തക വിൽപ്പനക്കാരനെ പരിചയപ്പെടാം ഈ വായനാ ദിനത്തിൽ

“നമ്മുടെ നാടിനെ അക്ഷരവെളിച്ചത്തിലേക്ക് നയിച്ച പി എൻ പണിക്കരുടെ ചരമദിനമാണ് വായനദിനമായി നാമചരിക്കുന്നത്. കാലങ്ങൾക്ക് മുമ്പ് ഓരോ വീടും കയറിയിറങ്ങി പുസ്തകങ്ങൾ സാമ്പാദിച്ചു സനാതന ഗ്രന്ഥശാല തുടങ്ങിയ പി എൻ പണിക്കരെ പോലെ സമൂഹമാധ്യമ ഇടങ്ങളെ പുസ്തക പരിചയപ്പെടുത്തലുകൾക്കും പ്രചരണത്തിനുമായി പ്രയോജനപെടുത്തുന്ന കൊല്ലത്തുകാരൻ നൗഷാദ് എന്ന പുസ്തക സ്നേഹിയുടെ ജീവിത വിശേഷങ്ങളിലൂടെ നമുക്ക് നടക്കാം.

കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പുതുവായിൽ നാരായണപ്പണിക്കർ എന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരളത്തെ വായിക്കാന്‍ പഠിപ്പിച്ച പി.എന്‍ പണിക്കരുടെ ചരമദിനമാണ് നാം വായനദിനമായി കൊണ്ടാടുന്നത്. ഈ വർഷത്തെ വായനദിനത്തിൽ
കൊല്ലം ജില്ലയിലെ മടത്തറ, തുമ്പമൺതൊടി എന്ന സ്ഥലത്ത് ജനിച്ച് വളർന്ന് കൊട്ടാരക്കര താലൂക്ക് എ ഗ്രേഡ് റഫറൻസ് ഗ്രന്ഥശാലയായ വളവുപച്ച സി.കേശവൻ ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങളിലൂടെ പുസ്തകങ്ങളോടും അക്ഷരങ്ങളോടും കൂട്ടുകൂടിയ നൗഷാദ് കൊല്ലം , ഇന്ന് ലോകമറിയുന്ന പുസ്തക പ്രചാരകനാണ്.

ചെറിയ കുട്ടികൾ മുതൽ സമൂഹമാധ്യമങ്ങളുടെ കുത്തൊഴുക്കിൽപ്പെടുകയും നമ്മളിൽ നിന്നും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വായനയെ തിരിച്ചുപിടിക്കാൻ അതേ സമൂഹമാധ്യമങ്ങൾ വഴി തന്നെ വിപ്ലവകരമായ പ്രവർത്തനങ്ങൾ നടത്തി വിജയം വരിക്കുകയുമാണ് നൗഷാദ് കൊല്ലവും ഇദ്ദേഹത്തിന്റെ “പുസ്തകലോകം” സോഷ്യൽ മീഡിയ കൂട്ടായ്മകളും. ലോകത്തെമ്പാടുമുള്ള അക്ഷരക്കൂട്ടുകാരായ മലയാളികളെയെല്ലാം പുസ്തകലോകമെന്ന വടു വൃക്ഷത്തിന്റെ ചുവട്ടിൽ ഒരുമിച്ച് ചേർത്തുകൊണ്ട് പൊതു പുസ്തക വിപണിയിലിറങ്ങുന്ന മലയാളം പുസ്തകങ്ങളെ അവയുടെ പുറംചട്ടകളിലൂടെയും ലളിതമായ കുറിപ്പുകളിലൂടെയും വായനക്കാരന് പരിചയപ്പെടുത്തിക്കൊണ്ട് ഗൃഹഗ്രന്ഥശാലകളൊരുക്കുവാൻ ഓരോ വ്യക്തികളിലും പ്രേരണ ചെലുത്തുവാനും വായന പ്രോത്സാഹിപ്പിക്കുന്നതിനുമായി പി.എൻ പണിക്കരുടെ പാത പുതിയ കാലത്തിന്റെ ഇടങ്ങളുപയോഗിച്ച് പിൻപറ്റുകയാണ് നൗഷാദ് കൊല്ലം.

വിപണി / കച്ചവട താൽപ്പര്യങ്ങൾക്കപ്പുറം പുസ്തകങ്ങളെയും അക്ഷരങ്ങളേയും എഴുത്തുകാരെയും വായനക്കാരെയും പ്രോത്സാഹിപ്പിക്കുന്ന ഒരാളാണ് നൗഷാദ് കൊല്ലം. പുസ്തക പരിചയപ്പെടുത്തലിനും പ്രചരണത്തിനും വിപണി കണ്ടെത്തുന്നതിനും സോഷ്യൽ മീഡിയ എന്ന സാദ്ധ്യത ഫലപ്രദമായി ഉപയോഗപ്പെടുത്തി വ്യത്യസ്തനാവുകയാണ് ഇയാൾ. കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ട്, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, പ്രിയദർശിനി പബ്ലിക്കേഷൻസ്, ചിന്ത പബ്ലിഷേഴ്‌സ് എന്നിവയുടെ അംഗീകൃത പുസ്തക പ്രൊമോട്ടറും, പുസ്തക വിൽപ്പനക്കാരനുമായ നൗഷാദ് കൊല്ലം സാംസംഗിന്റെ ഒരു സ്മാർട്ട് ഫോൺ മാത്രമുപയോഗിച്ചും വീട്ടിലെ കിടപ്പുമുറിയിൽ ക്രമീകരിച്ചിരിക്കുന്ന പുസ്തകക്കെട്ടുകൾ കൊണ്ടും ആയിരത്തിയഞ്ഞൂറിലധികം വരുന്ന “പുസ്തകലോകം” എന്ന സമൂഹമാധ്യമ കൂട്ടായ്മകൾ വഴി ലോകത്തിന്റെ വിവിധ ദേശങ്ങളിലുള്ള മലയാളികളായ മൂന്ന് ലക്ഷത്തിലധികം വരുന്ന എഴുത്തുകാരുടെയും വായനക്കാരുടെയും ഗവേഷകരുടെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പ്രതീക്ഷയും ആശ്രയവുമായിരിക്കുകയാണ്.

24 വർഷത്തിലധികമായി പുസ്തക വിൽപ്പനയിൽ ശ്രദ്ധിക്കുന്ന ഇദ്ദേഹം ബസ്സിലും ട്രെയിനുകളിലും സ്കൂളുകളിലും H&C യുടെ പുസ്തകങ്ങളും, വീട് വീടാന്തരം കയറിയിറങ്ങി മറ്റ് പുസ്തകങ്ങളും വിറ്റുകൊണ്ടാണ് പുസ്തക വിൽപ്പന രംഗത്തേക്ക് കടക്കുന്നത്. ഇതിനിടയിൽ കൂലിപ്പണികൾ, ചെറുനാരങ്ങവിൽപ്പന, പച്ചക്കറി വിൽപ്പന തുടങ്ങി മറ്റ് പല പണികളിലേക്കും, സജീവരാഷ്ട്രീയ പ്രവർത്തനങ്ങളിലേക്കും, ആറു മാസത്തെ കാർഷിക ഗ്രാമവികസന ബാങ്ക് ജീവനത്തിലേക്കും, പത്രപ്രവർത്തനങ്ങളിലേക്കും,സൗദിയിൽ ഒരു സ്ഥാപനത്തിൽ ജീവനക്കാരനുമായുമൊക്കെ തൊഴിൽരംഗത്ത് വേഷപ്പകർച്ചകൾ നടത്തിയെങ്കിലും ആറ് വർഷങ്ങൾക്കുമുമ്പ് 1500 രൂപ മുതൽ മുടക്കുമായി കോഴിക്കോട് കല്ലായി കേന്ദ്രമായിക്കൊണ്ട് പുസ്തകവിൽപ്പനയിൽ സജീവമാവുകയായിരുന്നു.

സംഘടന സമ്മേളന നഗരികൾ, സ്കൂളുകൾ, കലാലയങ്ങൾ സർക്കാർ ഓഫീസുകൾ,പുസ്തകം വാങ്ങുമെന്ന പ്രതീക്ഷയുള്ള ആളുകൾ കൂടുന്ന രാഷ്ട്രീയ-സാമൂഹിക-സാമുദായിക – സംഘടന സമ്മേളന വേദികൾ, പള്ളികൾ, അമ്പലങ്ങൾ, ചർച്ചുകൾ എന്നിവിടങ്ങളിലെല്ലാം പുസ്തകക്കെട്ടുകളുമായി ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയും പുസ്തക വിൽപ്പന നടത്തുകയുമായിരുന്നു ചെയ്തു വന്നിരുന്നത്. ഇങ്ങനെ പുസ്തക വിൽപ്പന നടന്നുവരികെ കൈവശം എത്തിച്ചേർന്ന സ്മാർട്ട്ഫോണിൽ വാട്ട്സ്ആപ് എന്ന സമൂഹമാധ്യമത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്റെ ഇടപാടുകാർക്ക് വിപണിയിൽ ലഭ്യമായ പുതിയതും പഴയതുമായ പുസ്തകങ്ങൾ പരിചയപ്പെടുത്തി തുടങ്ങി. ഈ സന്ദേശങ്ങൾ കോൺടാക്റ്റ് ലിസ്റ്റിലുള്ള വ്യക്തികൾക്ക് നേരിട്ടയക്കുകയായിരുന്നു പതിവ്. ഇങ്ങനെ സന്ദേശങ്ങൾ അയച്ചുകിട്ടിയ കാലിക്കറ്റ് സർവകലാശാല ഗവേഷക വിദ്യാർത്ഥി റോവിത്ത് കുട്ടോത്ത് ആണ് വാട്ട്സ് കൂട്ടായ്മയുടെ സാദ്ധ്യത ആദ്യമായി പരിചയപ്പെടുത്തുന്നത്. ഈ സാദ്ധ്യതയെ പ്രയോജനപ്പെടുത്താൻ ഗ്രൂപ്പ് രൂപീകരിച്ച് നൽകിയത്

2017-2018 വർഷം കാലിക്കറ്റ് സർവകലാശാലയിലെ എംഫിൽ വിദ്യാർത്ഥിയായിരുന്ന ആസിഫ് കൂരിയാട് ആയിരുന്നു. ആദ്യമായി രൂപീകരിക്കപ്പെട്ട പുസ്തകലോകം ഗ്രൂപ്പിൽ ചേർന്ന 25 അംഗങ്ങൾ കൂട്ടായ്മയുടെ ഉപകാരം മനസ്സിലാക്കുകയും പുസ്തകസ്നേഹികളായ അവരുടെ കൂട്ടുകാരെയെല്ലാം പുസ്തകലോകം എന്ന കൂട്ടായ്മയുടെ ഭാഗമാക്കുകയുമായിരുന്നു. ഇങ്ങനെ പടിപടിയായി പുസ്തകലോകം എന്ന വാട്ട്സ്ആപ് കൂട്ടായ്മ അംഗബലത്താൽ വളർന്നു വളർന്ന് ഇന്ന് ആയിരത്തിയഞ്ഞൂറിലധികം കൂട്ടായ്മകളിലെത്തി നിൽക്കുന്നു. മൂന്ന് ലക്ഷത്തിലധികം പുസ്തക സ്നേഹികളുടെ പ്രിയപ്പെട്ട ഇടമായി “പുസ്തകലോകം” ഇന്ന് മാറിക്കഴിഞ്ഞു.

കോഴിക്കോട് ആസ്ഥാനമായ ആത്മ ബുക്സുമായി സഹകരിച്ചു കൊണ്ട്
കേവലം പുസ്തകവിൽപ്പനക്കാരനിൽ നിന്ന് രണ്ട് വർഷം കൊണ്ട് 120 ലധികം വൈജ്ഞാനിക ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുകയും വിജയകരമായി വിപണി ലഭ്യതയും വായനക്കാർക്കിടയിൽ സ്വീകാര്യമായ ഇടവും നേടാൻ നൗഷാദ് കൊല്ലത്തിനു കഴിഞ്ഞു.

പുതിയ പുസ്തകങ്ങൾ കണ്ടെത്തി അവയെ പുസ്തകലോകം ഗ്രൂപ്പുകളിലൂടെ പരിചയപ്പെടുത്തുകയും, ഓർഡർ സ്വീകരിക്കുകയും, ലഭ്യമാകുന്ന ഓർഡർ പ്രകാരം പുസ്തകങ്ങൾ പ്രസാധകരിൽ നിന്നും വാങ്ങുകയും, യഥാസമയം ഇടപാടുകാരന്റെ വിലാസത്തിലേക്ക് അയച്ചു നൽകുകയും അവയുടെ വില വാങ്ങിയെടുക്കുകയും തുടങ്ങി മുഴുവൻ പ്രവൃത്തികളും നൗഷാദ് കൊല്ലം എന്ന ഒറ്റ വൃക്തിയിൽ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ഇതിനിടയിൽ കലാലയങ്ങൾ, ഓഫീസുകൾ, സ്കൂളുകൾ, രാഷ്ട്രീയ-സംഘടന സമ്മേളന നഗരികൾ എന്നിവിടങ്ങളിൽ പുസ്തക വിൽപ്പനയ്ക്കായി പോകുകയും ചെയ്യും.

പ്രീഡിഗ്രി പഠന കാലയളവിൽ കൊല്ലം ജില്ലയിലെ വളവുപച്ച സി.കേശവൻ ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങളിൽ ഇടപെട്ടു തുടങ്ങുമ്പോഴാണ് പുസ്തകങ്ങളുമായി ഇദ്ദേഹത്തിന് ബന്ധം തുടങ്ങുന്നത്. അവിടെ നിന്നും കിട്ടിയ വായനാനുഭവവും പ്രവർത്തനങ്ങളും പുസ്തകവിൽപ്പനയ്ക്ക് ഏറെ സഹായകരമായിട്ടുള്ളതായി ഇദ്ദേഹം പറയുന്നു. ബിരുദ പഠനത്തോടൊപ്പം പുസ്തക വിൽപ്പനയിലും മറ്റു ചെറിയ തൊഴിലുകളിലും ശ്രദ്ധിച്ചു തുടങ്ങിയ നൗഷാദ് കൂലിപ്പണികൾ ചെയ്യുന്നതിനോടൊപ്പം രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക – ഗ്രന്ഥശാല പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുകയും ചെയ്തിരുന്നു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും, സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലും മത്സരിച്ചുവെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. ഇതിനിടയിൽ എം.എ.ഇംഗ്ലീഷ്, എം.എ ജേർണലിസം,എച്ച്.ഡി.സി ബിരുദങ്ങൾ കരസ്ഥമാക്കിയ നൗഷാദ് ഇന്ന് മുഴുവൻ സമയ പുസ്തക വിൽപ്പനക്കാരനാണ്. ഒപ്പം പുസ്തക പ്രസാധനവും ചെയ്യുന്നു. അമേരിക്ക, ആസ്ട്രേലിയ, കാനഡ, ആഫ്രിക്ക, ലണ്ടൻ, മറ്റ് പാശ്ചാത്യ അറബ് യൂറോപ്യൻ രാജ്യങ്ങളിലെല്ലാമുള്ള മലയാളികൾ പുസ്തകലോകം വാട്ട്സ്ആപ് കൂട്ടായ്മയുടെ ഭാഗവും, ഇവിടേക്കെല്ലാം നൗഷാദ് പുസ്തകം വാങ്ങി അയച്ചുനൽകുകയും ചെയ്യുന്നുണ്ട്.

ഇന്ത്യയിലെ ഒട്ടുമിക്ക സർവ്വകലാശാലകളിലെയും ഗവേഷകർ, ഗവേഷക മാർഗ്ഗദർശികൾ ,വിദ്യാർത്ഥികൾ,അദ്ധ്യാപകർ എന്നിവർ തങ്ങൾക്ക് റഫറൻസിനു വേണ്ടി അത്യാവശ്യമുള്ള പല പഴയ പുസ്തകങ്ങളും ലഭ്യമാകാതെ വരുമ്പോൾ ആശ്രയിക്കുന്ന ഇടമാണ് “പുസ്തകലോകവും”, പുസ്തക വിൽപ്പനക്കാരൻ നൗഷാദ് കൊല്ലവും. ഇവരുടെ ആവശ്യത്തിന് വേണ്ട പുസ്തകങ്ങളുടെ വിവരങ്ങൾ ചേർത്ത് ഗ്രൂപ്പുകളിൽ പോസ്റ്റിടുകയും ആ പുസ്തകം കൈവശമുള്ള ആളുകളിൽ നിന്നും വാങ്ങി പകർപ്പെടുത്ത് ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയും ചെയ്യും. കൂടാതെ ഇന്ത്യയിലെ ഒട്ടുമിക്ക സർവകലാശാലകളും പ്രസിദ്ധീകരിച്ച ഗവേഷണ ജേർണലുകൾ, അക്കാദമിക വൈജ്ഞാനിക ഗ്രന്ഥങ്ങൾ എന്നിവ പുസ്തകലോകം വഴി പ്രചരിപ്പിക്കുകയും വിൽക്കുകയും ചെയ്യാറുണ്ട്.

സമാനമന:സ്കരും എഴുത്തുകാരും ഭാഷാസ്നേഹികളുമായ ഒരുകൂട്ടം അധ്യാപകരുടെ നേതൃത്വത്തിൽ എറണാകുളം ആസ്ഥാനമായി ചാരിറ്റബിൾ സൊസൈറ്റീസ് ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്ത് ലാഭേച്ഛയില്ലാതെ “പുസ്തകലോകം മലയാളം റിസർച്ച് ഫൗണ്ടേഷൻ” എന്ന പേരിൽ പ്രവർത്തിക്കുന്ന സംഘടിത സംവിധാനത്തിന് രൂപം നൽകാൻ കഴിഞ്ഞത് ഏറ്റവും വലിയ നേട്ടമാണ്. പുസ്തകലോകം മലയാളം റിസർച്ച് ഫൗണ്ടേഷൻരജിസ്റ്റർ നമ്പർ: 52/IV/2022 എറണാകുളം – 682312 ഇതാണ് സംഘടനയുടെ ഔദ്യോഗിക വിലാസം.

മലയാളഭാഷയുടെയും സാഹിത്യത്തിൻ്റെയും സമഗ്രമായ പുരോഗതി ലക്ഷ്യംവെച്ചുകൊണ്ട് പ്രാരംഭം കുറിച്ച പ്രസ്ഥാനമാണ് പുസ്തകലോകം മലയാളം റിസർച്ച് ഫൗണ്ടേഷൻ. ഡോ.അശോക് ഡിക്രൂസ്, ഡോ.ജോബിൻ ചാമക്കാല,ഡോ.ജി ശ്രീജിത്, ഡോ. അരുൺ വർഗ്ഗീസ്, ഡോ. എൻ. ശ്രീവൃന്ദാനായർ, ഡോ. സ്റ്റാർലെറ്റ് മാത്യു, ഡോ. കെ. ബീന, ദിവ്യ റ്റി. എസ് , ജംഷീറ എൻ.വി , നിഷ സൂസൻജേക്കബ്, ഷൈജ ജെ, റൈസി ജോസ് ചെമ്മണ്ണൂർ, ഹരിത കെ. കെ , മജു എം കളപ്പുര, നൗഷാദ് കൊല്ലം എന്നിവർ പുസ്തകലോകം മലയാളം റിസർച്ച് ഫൗണ്ടേഷന് നേതൃത്വം നൽകിപ്പോരുന്നു.

സാഹിത്യ സാംസ്കാരിക വൈജ്ഞാനിക മണ്ഡലങ്ങളിൽ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന ഭാഷാസാഹിത്യരംഗത്തെ അധ്യാപകരെയും ഗവേഷകരെയും സാഹിത്യതൽപരരായ വിദ്യാർത്ഥികളെയും എഴുത്തുകാരെയും ചേർത്തുപിടിച്ചുകൊണ്ട് അവരർഹിക്കുന്ന ഇടങ്ങൾ നേടിയെടുക്കുന്നതിന് മാർഗദർശനം നൽകുക എന്നതാണ് ഫൗണ്ടേഷൻ്റെ മുഖ്യലക്ഷ്യം.

അക്കാദമിക-വൈജ്ഞാനിക ഗ്രന്ഥങ്ങളും സർഗ്ഗാത്മകകൃതികളും ജേർണലുകളും പ്രസിദ്ധീകരിക്കുക, അക്കാദമിക വൈജ്ഞാനിക സാഹിത്യ സാംസ്കാരിക പഠനക്ലാസുകൾ സംഘടിപ്പിക്കുക, സെമിനാറുകൾ, വെബിനാറുകൾ, സിംപോസിയങ്ങൾ എന്നിവ സംഘടിപ്പിക്കുക, വൈജ്ഞാനിക ഗ്രന്ഥങ്ങൾക്കും സർഗ്ഗാത്മക ഗ്രന്ഥകാരൻമാർക്കും പ്രോത്സാഹനം നൽകുന്ന പ്രവർത്തനങ്ങൾ നടത്തുക, മലയാളഭാഷയുടെയും സാഹിത്യത്തിൻ്റെയും വളർച്ചക്കുവേണ്ടി നിസ്വാർത്ഥമായ ഇടപെടലുകൾ നടത്തുക തുടങ്ങിയവയാണ് മറ്റു പ്രവർത്തനങ്ങൾ.

പുസ്തകലോകം കൂട്ടായ്മയുടെ ചുവട് പിടിച്ച് 200 ലധികം ക്രിയാത്മക കൂട്ടായ്മകൾക്കും രൂപം നൽകാനും നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോകാനും പുസ്തക വിൽപ്പനക്കാരനു കഴിയുന്നു. കംപ്യൂട്ടർ സംവിധാനങ്ങളോ, ഓൺലൈൻ സംവിധാനങ്ങളോ, ഓഫീസോ, വില്പന ലഭ്യതക്കു വേണ്ടിയുള്ള വലിയ വാഗ്ദാനങ്ങളോ ഒന്നും തന്നെയില്ലാതെ വാട്സ്ആപ് കൊണ്ട് മാത്രം പതിനായിരക്കണക്കായ ഉപഭോക്താക്കളെ തന്റെ കയ്യിലുള്ള ഒരു സ്മാർട്ട് ഫോൺ കൊണ്ടു മാത്രം സംതൃപ്തരാക്കി മുന്നോട്ടുപോകുന്ന കച്ചവട തന്ത്രം നൗഷാദിന് മാത്രം സ്വന്തം. ഇദ്ദേഹത്തെ അനുകരിച്ച് ഇന്ന് പലരും വാട്സ് ആപ് കൂട്ടായ്മകൾക്ക് രൂപം നൽകിയെങ്കിലും പലതും നിർജ്ജീവാവസ്ഥയിലാണ്. എന്നാൽ “പുസ്തകലോകം” കൂട്ടായ്മകൾ ദിനേന എണ്ണം കൂടിക്കൊണ്ടേയിരിക്കുന്നു. +918848663483, +919496105082 എന്നീ വാട്സ്ആപ് നമ്പരുകളിൽ ദിനേന കൂടുതൽ പേർ പുസ്തകലോകം കൂട്ടായ്മകളിലേക്ക് ചേരുവാനായും പുസ്തകന്വേഷണങ്ങൾക്കായും സന്ദേശങ്ങളയച്ചു കൊണ്ടേയിരിക്കുന്നു. അവയ്ക്ക് കൃത്യമായ ഇടപെടൽ നടത്തി പുത്തൻ ഇടങ്ങളൊരുക്കി നൗഷാദ് അവർക്കൊപ്പവും അവർ നൗഷാദിനൊപ്പവും സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു.

കേവലമൊരു പുസ്തക വിൽപ്പനക്കാരനായി ഒതുങ്ങേണ്ട ഒരാൾ ഒരു സ്മാർട്ട് ഫോൺ മാത്രമുപയോഗിച്ച് അക്ഷരങ്ങളെയും പുസ്തകങ്ങളെയും പുസ്തകസ്നേഹികളെയും എഴുത്തുകാരെയും സ്നേഹിച്ചും പ്രോത്സാഹിപ്പിച്ചും യാത്ര ചെയ്യുകയാണ്. ഈ അക്ഷരത്തോണിയിൽ നൗഷാദിനൊപ്പം ജീവിത പങ്കാളിയും മീഞ്ചന്ത രാമകൃഷ്ണമിഷൻ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയുമായ ജംഷീറ എൻ.വി.യും, മക്കളായ അൻജുംകരീം, അനുംഹസൻ, അജൽ മുഹമ്മദ് എന്നിവരുമുണ്ട്.

വാട്സ് ആപ്, ടെലഗ്രാം, ഫേസ് ബുക്ക്, ഇൻസ്റ്റാഗ്രാം ഗ്രൂപ്പുകളിലായി 1500 നു മുകളിൽ ഇടങ്ങളിലായി മൂന്നു ലക്ഷം ആളുകളെ കണ്ണികളാക്കി നൗഷാദ് തൻ്റെ പ്രയാണം തുടർന്ന് കൊണ്ടേയിരിക്കുന്നു , പുതിയ ഇടങ്ങൾ തേടിയും പുതിയ വിജയപഥങ്ങൾ തേടിയും. പുസ്തകലോകം കൂട്ടായ്മയിൽ ചേരാനായി ദൈനം ദിനം 8848663483,9496105082 എന്ന നമ്പരിലേക്കു വരുന്ന സന്ദേശങ്ങളുടെ ബാഹുല്യവും, പുസ്തകന്വേഷകരായ ആളുകളുടെ ഇടപെടലുകളുടെ എണ്ണക്കൂടുതലും നൗഷാദ് കൊല്ലം എന്ന അക്ഷര സ്നേഹിയുടെ ഏകപാത്രസമർപ്പിത പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്. സാങ്കേതിക വിപ്ലവങ്ങളുടെ യുഗത്തിൽ സാങ്കേതികതയെ പാരമ്പര്യവുമായി കൂട്ടിയിണക്കി നമ്മുടെ വായനാ സംസ്കാരത്തെ തിരിച്ചുപിടിക്കാൻ വിപ്ലവകരമായി സമൂഹമാധ്യമത്തെ ഉപയോഗിക്കുന്ന നാഷാദ് കൊല്ലം എന്ന അക്ഷര സ്നേഹിയിലൂടെ നമുക്ക് പുതിയൊരു വായനാ സംസ്കാരം വളർത്തിയെടുക്കാം.

കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രൊമോട്ടർ,കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രൊമോട്ടർ,ചിന്ത പബ്ലിഷേഴ്സ് ഏജൻസി, ആത്മ ബുക്സ്, കേരളസാഹിത്യ അക്കാദമി, സൈകതം, എക്സ്പ്രസ് ബുക്സ്, NBS, വള്ളത്തോൾ വിദ്യാപീഠ കേന്ദ്രം, തൃശൂർ കറൻറ്, വചനം, ഡി സി, മാതൃഭൂമി, കൈരളി, പ്രോഗ്രസ്, ഒലീവ്, മാരാർ സാഹിത്യപ്രകാശം, ഇൻസൈറ്റ് പബ്ലിക, പ്രണത, പ്രസക്തി, മൈത്രി ബുക്സ്, ഗുരുക്ഷേത്ര പ്രകാശൻ, ഗ്രീൻ ബുക്സ്, പുസ്തകഭവൻ, പ്രഭാത് ബുക് ഹൗസ്, വി.സി.ബുക്സ് , IPB, IPH, മഴത്തുള്ളി, യുവത, വചനം, പൂങ്കാവനം, കേന്ദ്ര സാഹിത്യ അക്കാദമി, മലയാള മനോരമ, കൂര ബുക്സ്, പൂർണ്ണ, ലിപി തുടങ്ങി മുഴുവൻ പ്രസാധകരുടെയും പുസ്തകവിതരണക്കാരൻ എന്ന നിലയിൽ പ്രവർത്തനമികവ് പുലർത്തുന്നു.

കോഴിക്കോട് ആത്മ ബുക്സുമായി സഹകരിച്ച് 120 ലധികം അക്കാദമിക വൈജ്ഞാനിക ഗ്രന്ഥങ്ങൾ പ്രസാധനം ചെയ്യുവാനും ശക്തമായ വായനാസമൂഹത്തെ സൃഷ്ടിക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.സാദ്ധ്യതകൾ തേടുമ്പോഴാണ് പുതിയ ഇടങ്ങൾ ഒരുങ്ങുന്നതെന്ന വലിയ പാഠം നമുക്ക് മുന്നിൽ കാണിച്ചുകൊണ്ട് താൻ താണ്ടിയ പടവുകളിൽ വിജയഗാഥ രചിച്ചുകൊണ്ട് അനേകായിരം അക്ഷര സ്നേഹികൾക്കിടയിൽ നിശബ്ദനായി പുസ്തകവിൽപ്പനക്കാരനായി സ്വയം അടയാളപ്പെടുത്തി പുസ്തകക്കെട്ടുകളുമായി അയാൾ നടന്നകലുകയാണ്. തൻ്റെ യാത്രയിൽ പുതിയ ഇടങ്ങളൊരുക്കുവാനും ആ ഇടങ്ങളിലേക്ക് ലോകമലയാളികളെ സംഘടിപ്പിക്കുവാനുമായി ഒരു പുസ്തകവിൽപ്പനക്കാരൻ. അക്ഷരങ്ങളെയും പുസ്തകങ്ങളെയും പുസ്തക വായനക്കാരെയും ഇത്രമേൽ പ്രണയിക്കുന്ന പുസ്തകസ്നേഹികൾ അപൂർവ്വങ്ങളായിരിക്കാം.

ഗ്രന്ഥശാലകൾ, ഗ്രന്ഥശാലാ പ്രസ്ഥാനങ്ങൾ, അധ്യാപകർ, വിദ്യാർത്ഥികൾ എഴുത്തുകാർ,വായനക്കാർ, എഴുത്തിടങ്ങൾ, പുസ്തക പ്രസാധകർ, പുസ്തകവിതരണക്കാർ തുടങ്ങി പുസ്‌തകങ്ങളോട് ,അക്ഷരങ്ങളോട് കൂട്ടുകൂടാൻ താൽപ്പര്യമുള്ള ഏതൊരാളും അറിയേണ്ട ഒരാൾ തന്നെയാണ് നൗഷാദ് കൊല്ലവും അദ്ദേഹത്തിന്റെ പുസ്തകലോകവും. അനന്തമായ അറിവിന്റെ വാതായനങ്ങൾ നിർലോഭമായി സമൂഹത്തിന് പകർന്നു കൊണ്ട് അയാൾ യാത്ര തുടരുകയാണ് ഇനിയുമേറെ അക്ഷരങ്ങളെ പുസ്തകങ്ങളെ സ്നേഹിക്കുന്ന ഒരു പുതു തലമുറയെത്തേടി.

അവതരണം: മിനി സജി കോഴിക്കോട്

Facebook Comments

COMMENTS

- Advertisment -

Most Popular

ഫൊക്കാന കണ്‍വെന്‍ഷന്‍ ചിരിയരങ്ങ് രാജു മൈലപ്ര നയിക്കും; ജെയ്‌ബു മാത്യുവും തോമസ് തോമസും കോർഡിനേറ്റർമാർ

  ജൂലൈ ഏഴ് മുതല്‍ പത്ത് വരെ ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ വെച്ച് നടത്തപ്പെടുന്ന ഫൊക്കാന കണ്‍വെന്‍ഷനിലെ ചിരിയരങ്ങിന്റെ ചെയര്‍മാനായി പ്രശസ്ത സാഹിത്യകാരന്‍ രാജു മൈലപ്രയെ നോമിനേറ്റ് ചെയ്തതായി കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ്...

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം.പി ഇന്ന് വയനാട്ടിൽ എത്തും. രാവിലെ കണ്ണൂരിൽ വിമാനമിറങ്ങുന്ന രാഹുൽ ഗാന്ധിയെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിക്കും. കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ ഏഴിടങ്ങളിലെ സ്വീകരണത്തിന്...

വിളിക്കാത്ത കല്ല്യാണത്തിന് പോയപ്പോൾ..

ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുന്ന പ്രായത്തിൽ സ്ക്കൂൾ ഇല്ലാത്ത ഒരു ദിവസം കുട്ടികൾ എല്ലാവരും കളിച്ചു കൊണ്ടിരിക്കുമ്പോൾ കൂട്ടത്തിൽ ഒരു കുട്ടി പറഞ്ഞു. ഉമ്മ ഉച്ചക്ക് വീട്ടിൽ ചെല്ലാൻ പറഞ്ഞിട്ടുണ്ട് ഞാൻ ചോദിച്ചു...

ആഹ്ലാദാരവങ്ങൾക്ക് കേളികൊട്ടുയരാൻ ഇനി ഒരാഴ്ച്ച മാത്രം;എം ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെന്ന് ഫൊക്കാന ഭാരവാഹികൾ

  മുറികൾ തീർന്നു; രെജിസ്ട്രേഷൻ താൽക്കാലികമായി നിർത്തി വച്ചു, കൂടുതൽ താമസ സൗകര്യമേർപ്പെടുത്താൻ ശ്രമമെന്ന് പ്രസിഡണ്ട് ജോർജി വര്ഗീസ് ന്യൂയോക്ക്: ഫൊക്കാന കൺവെൻഷന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരുക്കങ്ങൾ എല്ലാം അവസാന ഘട്ടത്തിലാണെന്ന് ഫൊക്കാന...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: