സമൂഹത്തിലെ വിവിധമേഖലകളിൽ അനുദിനം സംഭവിക്കുന്ന വിഷയങ്ങളെ കവിതയിലൂടെ അനുവാചകരിൽ എത്തിയ്ക്കുന്ന കവയിത്രി യാണ് ആശ അഭിലാഷ് മാത്ര. കാല്പനികഭാവങ്ങൾക്കപ്പുറം പച്ചയായ ജീവിതയാഥാർത്ഥ്യങ്ങളെ കാവ്യഭാഷയിലൊതുക്കാൻ ശ്രമിയ്ക്കുന്നു. കൂടുതലും ഗദ്യകവിതകളാണ് എഴുതുന്നത്. കവിതാലാപനത്തിൽ അസാമാന്യ പാടവം പ്രകടിപ്പിയ്ക്കുന്ന ഒരു വ്യക്തിയാണ് ആശ അഭിലാഷ് മാത്ര.
കൊല്ലം ജില്ലയിലെ ആയൂർ ജവഹർ ഹയർസെക്കൻഡറി സ്കൂളിൽ രസതന്ത്രവിഭാഗം അധ്യാപികയായി ജോലി ചെയ്യുന്നു.ഇതിനോടകം തന്നെ രണ്ടു കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. അധ്യാപകകലാസാഹിതി പ്രസിദ്ധീകരിച്ച “തീർത്ഥം”. അതുപോലെതന്നെ സാഹിതീ ഇൻ്റർനാഷണൽ പ്രസിദ്ധീകരിച്ച “പോക്കുവെയിൽ”. അക്ഷരദീപം, ജനയുഗം ഉൾപ്പെടെ നിരവധി ആനുകാലീകങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചു.
കവിതാലാപനത്തിൽ ശ്രദ്ധേയമായ ഒരു സ്ഥാനം നേടാൻ കഴിഞ്ഞു. അബുദാബി റേഡിയോ സർഗജാലത്തിൽ കവിതാലാപനം, ഹരിപ്പാട് റേഡിയോ സയൻഷ്യയിൽ കവിതാലാപനം, റേഡിയോ ബെൻസിഗറിൽ കവിതാലാപനം എന്നിവയെല്ലാം വ്യത്യസ്ത മായനേട്ടങ്ങൾ ആണ്. നിരവധി പുരസ്‌കാരങ്ങൾ നേടാൻ സാധിച്ചു. സാഹിതി സംസ്ഥാനതല കവിതാരചനാ മത്സരത്തിൽ മൂന്നാം സ്ഥാനം, കാവ്യസപര്യക്ക് കേരള വെള്ളാളസഭയുടെ ആദരവ്, പുനലൂർ ബാലൻ സ്മാരക ആദരവ്, സുഗതകുമാരി സാഹിത്യ വേദിയുടെ ആദരവ്, മഞ്ജരി ബുക്ക് ഓഫ് റെക്കോർഡ് സ് അംഗീകാരം, കാവ്യലോകം സാഹിത്യ പുരസ്‌കാരം എന്നിവയെല്ലാം നേടാൻ കഴിഞ്ഞത് എഴുത്തുവഴിയിലെ വഴിവിളക്കുകളാണ്.
കൊല്ലം ജില്ലയിലെ പുനലൂരിൽ അധ്യാപകരായ കെ.ചന്ദ്രൻപിള്ളയുടെയും വിജയമ്മയുടെയും മകളായി ജനനം. പ്രാഥമിക വിദ്യാഭ്യാസം എല്ലാം മലപ്പുറം ജില്ലയിൽ. ഡിഗ്രി പഠിച്ചത് മലപ്പുറം മുണ്ടുപറമ്പ് ഗവ.കോളേജിൽ. പിജി പഠനം കേരള യൂണിവേഴ്‌സിറ്റിയിൽ ആറാം റാങ്കോടെ മാർ ഇവാനിയോസ് കോളേജിൽ നിന്നും പൂർത്തിയാക്കി. 2007 ൽ അധ്യാപനജോലിയിൽ പ്രവേശിച്ചു.
ഭർത്താവ് അഭിലാഷ് പ്രസാദ് വിദേശത്ത് ജോലിചെയ്യുന്നു. രണ്ടു പെൺമക്കൾ. ഐശ്വര്യ അഭിലാഷ്(ഒൻപതാം ക്ളാസ് വിദ്യാർഥിനി), അനശ്വര അഭിലാഷ്(ആറാം ക്ളാസ് വിദ്യാർഥിനി). അനശ്വര യുടെ ഒരു ഇംഗ്ലീഷ് കഥാസമാഹാരം പ്രസിദ്ധീകരണത്തിനൊരുങ്ങുന്നു.
അവതരണം: മിനി സജി✍