സരസു മൂന്തൂർ
*************
കോതമംഗത്തിനടുത്തുള്ള കോട്ടപ്പടിയിലാണ് സരസു ജനിച്ചത്. കാളിയുടെയും ഇട്രയുടെയും അഞ്ചു മക്കളിൽ ഇളയവളാണ്. ഭർത്താവ് പരേതനായ കുഞ്ഞുമോൻ.
ഹിന്ദി ടി. ടി. സി. പ0നം പൂർത്തിയാക്കി. ഹിന്ദി അധ്യാപികയായും ഓഫീസ് അറ്റെൻഡന്റ് ആയും സേവനമനുഷ്ഠിച്ചു. സർവീസിൽ നിന്നു വിരമിച്ചശേഷം സാഹിത്യരചനയിലേക്ക് കടന്നു. നാലുവർഷത്തോളമായി ഓൺലൈനിലും അല്ലാതെയും എഴുത്തിൽ സജീവമാണ്.
മുക്കുറ്റിപ്പൂവിന്റെ സങ്കടം, നാരീപർവം എന്നീ രണ്ടു കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു.
സരസു എഴുതാൻ തുടങ്ങിയത് സ്കൂൾ ജീവിതത്തിനു ശേഷമാണ്. പത്താം ക്ലാസ്സിൽ പഠനം അവസാനിച്ചു. പിന്നീട് പാറമടയിൽ കൂലിപ്പണിക്കിറങ്ങി. ആക്കാലത്താണ് കവിതയെഴുതിത്തുടങ്ങിയത്. പഠനമവസാനിപ്പിച്ചിട്ട് പതിനൊന്ന് വർഷമായിരുന്നു. ആയിടക്ക് ഹിന്ദി പഠിക്കാൻ രാത്രി ക്ലാസിൽ ചേർന്നു. അടുത്തുള്ള ഒരു വീടാണ് പഠനശാല. അവിടത്തെ ടീച്ചർ അംബികയാണ് എഴുത്തുകാരിയെ തിരിച്ചറിഞ്ഞതും പ്രോത്സാഹിപ്പിച്ചതും. വീട്ടുകാർക്ക് ഇക്കാര്യത്തിൽ കടുത്ത എതിർപ്പായിരുന്നു. എങ്കിലും പന്ത്രണ്ടോളം നോട്ടു ബുക്കിൽ എഴുതി വച്ചു. ദൗർഭാഗ്യവശാൽ
അവ നഷ്ടമായി.
വീട്ടിൽ അധിക സമയവും തനിച്ചായിരുന്നു. വിശപ്പും ഏകാന്തതയും അലട്ടിയപ്പോഴാണ് കവിത എഴുതുവാൻ തുടങ്ങിയത്. ആദ്യകവിത സമാഹാരം കവിതകളും ഗാന ങ്ങളും ഉൾപ്പെടുത്തി 2018ലാണ് പ്രസിദ്ധീകരിച്ചത്. ദുർഗ്രഹതയില്ലാതെ ആരെയും ആകർഷിക്കും വിധത്തിൽ അനുഭവങ്ങളെ നമുക്ക് പരിചയമുള്ള പരിസരങ്ങളിൽ, തൊട്ടറിഞ്ഞ ബിംബങ്ങളിൽ അവതരിപ്പിക്കാൻ ശ്രമിച്ചീട്ടുണ്ട്.
എഴുപത്തിരണ്ട് കവിതകളുടെ സമാഹാ രമാണ് 2021ൽ പ്രസിദ്ധീകരിച്ച നാരീപർവ്വം. പേരുപോലെ തന്നെ സ്ത്രീ വിഷയങ്ങളാണ് ഇതിൽ ഏറെയും. അടിച്ചമർത്തപ്പെടുകയും ഉപഭോഗ വസ്തുവായികാണുകയും ചെയ്യുന്നതിനെ വിമർശിക്കുകയും സ്വയം പ്രതിരോധം തീർക്കാൻ സ്ത്രീകളെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്.
കവിതയുടെ അകത്തളങ്ങളിലൂടെയുള്ള യാത്ര ഇന്നും ഹരമായി നെഞ്ചിലേറ്റുന്നു. ഒന്നും ഇവിടെ അവസാനിക്കുന്നില്ല. എഴുത്തു വഴിയിലൂടെ സങ്കടങ്ങളെ അക്ഷരങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് ജീവിതയാത്ര തുടരുന്നു.
അവതരണം: മിനി സജി, കോഴിക്കോട്✍
Superb article 👍