മാതാപിതാക്കൾക്കൊരേകമകളായി
വന്നുപിറന്നു ഞാനീയൂഴിയിൽ.
മതിവരുവോളമായ് സ്നേഹം പകർന്നും
നന്മയും തിന്മയും ചൊല്ലിയവരെന്നെ
ചെല്ലക്കിളിയെന്നപോൽ വളർത്തി!
ആതുരസേവനം ചെയ്യാൻ കൊതിച്ചു
ഞാൻ, അശരണർക്കാശ്വാസമാകുവാ
നാശിച്ചു.
പ്രതീക്ഷകളേറെ വളർന്നെന്റെകൂടെ,
മോഹങ്ങൾകൊണ്ടു; ഞാൻ
പൊൻക്കിനാവും കണ്ടു!
കാലങ്ങൾപോകവേയെന്നിലെ
സ്വപ്നങ്ങ-
ളേറെ വളർന്നെനിക്കൊപ്പമായി
ആരേയും വേദനിപ്പിക്കാത്ത മാനസ-
മെന്നുടെ സ്വന്തമായ് തീർത്തുവല്ലോ!
ദു:ഖിതർക്കാവോളമാമോദമേകുവാൻ-
മാത്രമേയെന്നാൽ കഴിഞ്ഞതുള്ളൂ.
വിടരാൻ തുടങ്ങിയ പൂമൊട്ടു
ഞാൻ,എന്നെ-
യെന്തിനായ് നീ നിന്റെ
കത്തിക്കിരയാക്കി?
എന്തപരാധം ഞാൻ നിന്നോടു
ചെയ്തു?
നീയെന്റെ നെഞ്ചിൽ കുത്തിയിറക്കിയ
കത്തിക്കുപോലും നൊന്തിരിക്കാം,
നീയെന്തേ കേട്ടില്ല,യരുതെന്ന രോദനം,
എന്നോടുകൂടെ നിൻ
കത്തിയുമാർത്തല്ലോ!
എന്റെയൊപ്പം, എന്റെ സ്വപ്നങ്ങളെയും
ചേർത്തുപിടിച്ചൊരെൻ
മാതാപിതാക്കൾതൻ
കണ്ണിർ തുടയ്ക്കാൻ നിനക്കൊന്നു
സാധ്യമോ?
എനിക്കെന്നപോൽസമമുള്ളൊരു
മകളെ-
യവർക്കു നൽകാൻ
നിനക്കാകുമെന്നോ?
മാഗ്ളിൻ ജാക്സൺ✍