പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 78 വയസായിരുന്നു. നുങ്കമ്പാക്കത്തെ വസതിയില്‍ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.. . മലയാളം, തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, ബംഗാളി, കന്നഡ, ഗുജറാത്തി തുടങ്ങിയ ഇരുപതോളം ഇന്ത്യന്‍ ഭാഷകളില്‍ പതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ചു. .
തമിഴ്നാട്ടിലെ വെല്ലൂരിൽ 1945-ലായിരുന്നു ജനനം. കലൈവാണി എന്നായിരുന്നു യഥാർത്ഥ പേര്.. ഹിന്ദി സിനിമയില്‍ പാടാന്‍ തുടങ്ങിയപ്പോള്‍ ഭര്‍ത്താവിന്റെ പേര് കൂട്ടിച്ചേര്‍ത്ത് വാണി ജയറാം എന്നാക്കുകയായിരുന്നു. ഗായിക എന്ന നിലയിലുള്ള വാണിയുടെ വളര്‍ച്ചക്ക് സിത്താര്‍ വിദഗ്ധനായ ഭര്‍ത്താവ് ജയരാമന്‍ വലിയ പിന്തുണ നല്‍കിയിരുന്നു.
സ്വപ്നം എന്ന ചിത്രത്തിലെ സൗരയൂഥത്തിൽ വിടർന്നൊരു എന്ന ഗാനമാണ് മലയാളത്തിൽ അവർ ആദ്യം ആലപിച്ചത്. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം 3 തവണ നേടിയ വാണി ജയറാമിനെ അടുത്തിടെ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചിരുന്നു
മാതാവിൽ നിന്നും സംഗീതം അഭ്യസിച്ചിരുന്ന വാണി തന്റെ എട്ടാമത്തെ വയസ്സിലാണ് ഗാനരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. എട്ടാം വയസ്സിൽ ആകാശവാണി മദ്രാസ് സ്‌റ്റേഷനിൽ പാടിത്തുടങ്ങി.
വളരെ ചെറുപ്പത്തിൽ തന്നെ സിനിമാ മേഖലയിൽ ചുവടുറപ്പിച്ച വാണി 1971 ൽ പുറത്തിറങ്ങിയ ഗുഡ്ഡി എന്ന ചിത്രത്തിലെ ബോലേ രേ പപ്പി എന്ന ഗാനത്തിലൂടെയായിരുന്നു ശ്രദ്ധേയയായത്. ഈ ഗാനത്തിന് അഞ്ച് പുരസ്‌കാരങ്ങൾ വാണി സ്വന്തമാക്കിയിരുന്നു.സ്വപ്നം എന്ന ചിത്രത്തിലൂടെയാണ് വാണി ജയറാം മലയാള സിനിമയിലേക്ക് രംഗ പ്രവേശനം നടത്തുന്നത്. ഏതോ ജന്മകൽപനയിൽ, വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി, ഓലഞ്ഞാലിക്കുരുവി, തിരയും തീരവും, മാനത്തെ , എന്നിവയാണ് വാണി ജയറാമിന്റെ പ്രശസ്ത മലയാള ഗാനങ്ങൾ.