ഫിലാഡൽഫിയ– സൗത്ത് ജേഴ്സി വെറൈസൺ സെൽ ഫോൺ സ്റ്റോറിൽ നിന്ന് 40,000 ഡോളർ മൂല്യമുള്ള സാധനങ്ങൾ മോഷണം നടത്തിയ നാലു പേരിൽ മൂന്നുപേരെ ഫിലാഡൽഫിയ പോലീസ് കസ്റ്റഡിയിലെടുത്തു, ഒരാൾ രക്ഷപ്പെട്ടു.
കാംഡൻ കൗണ്ടിയിലെ വൂർഹീസ് ടൗൺഷിപ്പിലെ റൂട്ട് 73-ലെ വെറൈസൺ സ്റ്റോറിൽ തിങ്കളാഴ്ച രാത്രി ഒൻപതു മണിയോടെയാണ് സംഭവം. നാലു പേർ സ്റ്റോറിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തി 30,000 മുതൽ 40,000 ഡോളർ വരെ മൂല്യമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കവർച്ച ചെയ്തു. മോഷ്ടിച്ച ഉപകരണങ്ങളിലൊന്നിൽ ട്രാക്കറുണ്ടായിരുന്നത് കൊണ്ട് സംശയിക്കുന്നവരുടെ കാറായ ഫ്ലോറിഡ നമ്പർ പ്ലേറ്റുകളുള്ള സെഡാൻ പിന്തുടരാൻ അധികാരികളെ സഹായിച്ചതായും പോലീസ് പറയുന്നു.
ഫിലാഡൽഫിയയിലെ സംസ്ഥാന ലൈനുകളിലുടനീളം സെഡാൻ ട്രാക്ക് ചെയ്യുകയും, സംശയിക്കുന്നവരെ പിടികൂടാൻ സഹായിക്കുന്നതിന് ഇൻഫ്രാറെഡ് ഉപയോഗിച്ചു.വാഹനം നോർത്തേൺ ലിബർട്ടീസിലെത്തിയപ്പോൾ, അഞ്ചാമത്തെ സ്ട്രീറ്റിലും ഫെയർമൗണ്ട് അവന്യൂവിലും വെച്ചു വാഹനത്തിൽ നിന്ന് മൂന്നു പേരെ പിടികൂടാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞു.ഒരാൾ രക്ഷപ്പെട്ടു.
പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വീഡിയോ ദ്യശ്യങ്ങൾ പരിശോധിച്ചു പോലീസ് അന്വേഷണം ആരംഭിച്ചു. പിടികൂടാനുള്ള പ്രതിയെക്കുറിച്ചെന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസിനെ അറിയിക്കാൻ അഭ്യർത്ഥിക്കുന്നു.
വാർത്ത: നിഷ എലിസബത്ത് ജോർജ്