കരളിൽ കടലൊളിപ്പിച്ചേതോ-
കോവിലിൽ ഒരു ഒരു ശംഖ്
നിലവിളിക്കവേ
പതിവുപോലെ പകലവൻ പടിഞ്ഞാറ്
കടൽ ചുവപ്പിച്ച് കുളിക്കാനിറങ്ങവേ
കടൽ കാക്കകൾ തിരകൾക്കുമേൽ
ചിറകടിച്ചാർക്കവേ
വെയിൽ കായുവാൻ വന്നവർ
കലപില കൂട്ടി പലവഴിയെ പിരിയവേ
ഇതൾ ചിലതറ്റ പൂവുപോലൊരു
പെണ്ണ്
ഇവൾ മാത്രം, ഈ കടൽക്കരയിൽ
തിര നോക്കി ഏകയായി
നിൽപ്പതെന്തിനോ?
[ജെനിമൃതികൾക്കിടയ്ക്ക് ഒരു
ജീവിതം
കഥയറിയാതെ വേഷമാടുന്നവർ
നമ്മൾ
സ്വയമറിയാതെ അന്യർ തൻ നേരിനെ
തിരയുവാനല്ലോ
പ്രിയമെന്നുമേവർക്കും.]
ഓടിക്കിതച്ചെത്തുന്ന തിരകൾ
തീരത്ത്
നീരപതിപ്പിച്ച് തല തല്ലി ചാകവേ
അവൾ ചിരിച്ചുവോ !?
ശരിയാവാം, ഈ തിരകൾ പോലെ
തീരങ്ങൾ തേടി
ഉഴറുന്നവൾക്ക് കരയാൻ കഴിയില്ലല്ലോ;
ചിരിച്ചു നിൽക്കണം കരൾ
പിളരുമ്പോഴും!
ഇരുട്ടാണ് ഇവൾക്കിഷ്ടമെങ്കിലും
പകലിനെ- വെറുക്കാറില്ല ഈ പാവം
പെണ്ണ് ,ഇവൾ ,പുറത്ത്-
നാണക്കേടിൻ പാപഭാരം പേറുന്നവർ.
ഇരുൾ പരന്നു തുടങ്ങിയാൽ
ഇനിയുമേറുമിവൾക്ക് കൂട്ടുകാർ.
ഇത് പതിവാണത്രേ.
ഇരുട്ടാണ് ഇവൾക്കിഷ്ടം,
“ മുഖമില്ലാത്തവർക്കു-
വെളിച്ചമെന്തിനെ” ന്നവൾ ഓതവേ;
മുഖം നോക്കുന്ന പകൽ മാന്യന്മാർ
ചിരിച്ചുകൊ-
ണ്ടിവൾക്ക് പിന്നാലെ
പതുങ്ങിപ്പോകുന്നതും പതിവാണത്രേ.
ഒരിക്കൽ ഇവളുമൊരു
മകളായിരുന്നാർക്കോ.
ഒരിക്കൽ ഇവളുമൊരു
വധുവായിരുന്നാർക്കോ.
ഒഴിഞ്ഞുപോയി പിന്നെയെല്ലാവരും.
ഇവൾ തനിച്ചായി.
തെരുവിൽ പുളയ്ക്കും കാമ
ഭ്രാന്തർക്ക് ഇവൾ നഗര വധുവായി
കാലം അവൾക്ക് പിന്നാലെയായി
പെണ്ണാളിവൾക്ക് പ്രായമില്ല.
ദിനംതോറും
പലവിധക്കാർ, പ്രായക്കാർക്കിവൾ
വധുവായി ആരും
ചോദിച്ചില്ലവളുടെ പ്രായം, അവൾ
പറഞ്ഞുമില്ല
പെണ്ണാളിവൾക്ക് പേരില്ല , പേരുള്ളവർ
പലർ
വന്നു പോയെങ്കിലും ചോദിച്ചില്ലാരും
അവളുടെ
പേരെന്തെന്ന് , അവൾ പറഞ്ഞുമില്ല
പെണ്ണിവൾ ഈ കടൽ പോലെ
മറ്റുള്ളവർക്ക് സുഖമേകി
ഏകാകിയായി ദിനം തോറുമീ തീരത്ത്
നേര് തിരയുന്നു
പിന്നെ അന്യനായ് സ്വന്തം ജഢത്തെ
പങ്കുവയ്ക്കുവാൻ
സ്വന്തം കണ്ണുനീരാൽ കരുത്ത്
നേടുന്നു.
ഞാൻ നോക്കിനിൽക്കവേ,
മണൽ മാളങ്ങളിൽ നിന്ന് കടൽ
ഞണ്ടുകളെന്നപോൽ, ചിലർ എത്തി
അവൾക്ക്ചുറ്റും വില പേശലാൽ
പിന്നെ
നടന്നവൾ അവർക്കൊപ്പം മറ്റൊരു
തീരം തേടി
തിരകൾ അപ്പോഴും തീരത്ത് തലതല്ലി
മരിച്ചു കൊണ്ടേയിരുന്നു…….
മരിച്ചു കൊണ്ടേയിരുന്നു…….
ഫാ. ഷൈജൻ കുര്യാക്കോസ് മറുതല
നല്ലെഴുത്ത് 🌹👌