നേരം സന്ധ്യ കഴിഞ്ഞിരുന്നു.ആകാശത്ത് കാർമേഘം ഉരുണ്ട് കൂടി പതിവിലും ഇരുട്ട് തോന്നിച്ചു.മഴക്കോള് ഉണ്ടായിരുന്നതിനാൽ കച്ചവടക്കാർ അവരവരുടെ കച്ചവടം ഒതുക്കുന്ന തിരക്കിൽ ആയിരുന്നു. നാലും കൂടിയ ആ കവലയിൽ ഒരു പെട്ടിക്കടയുടെ ഓരം ചേർന്ന് നിഴൽ കണക്കെ അയാൾ നിന്നു.
അയാൾ ആരെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അയാളുടെ ഇടതു കയ്യിൽ പച്ചക്കറികളും,ബിസ്‌ക്കറ്റും നിറഞ്ഞ ഒരു സഞ്ചിയുണ്ടായിരുന്നൂ.
“എന്താ രാജീവാ…വീട്ടിൽ പോകാറായില്ലെ?”മുനീറിക്ക ചോദിച്ചു.അടുത്ത് തന്നെ ചെറിയൊരു സൈക്കിൾ വർക്ക്ഷോപ്പാണ് ഇക്കയ്ക്ക്.പ്രായം എഴുപതിനോടടുത്തു.എങ്കിലും ഇപ്പോഴും വർക്ക്ഷോപ്പ് നടത്തി കൊണ്ട് പോകുന്നു മുനീറിക്ക. ഇക്കയുടെ ചോദ്യത്തിന് ഉത്തരം പറയാതെ രാജീവൻ അയാളെ ഒന്ന് തുറിച്ചു നോക്കുക മാത്രം ചെയ്തു.അയാൾ അറിയാതെ തന്നെ അയാളുടെ കാലുകൾ നടന്നു നീങ്ങി തുടങ്ങിയിരുന്നു.
അയാൾ ഓർത്തു.എവിടെയാണ് തനിക്ക് പിഴച്ചത്?എന്ത്കൊണ്ടാണ് മീനാക്ഷി തന്നോട് ഇങ്ങനെ ചെയ്തത്?
പെട്ടന്ന് ഒരു പ്രൈവറ്റ് ബസ് അയാളെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കടന്നു പോയി. അയാളുടെ ചിന്തകൾക്ക് മുറിവേറ്റു.ബസ്സിലെ കിളി ഡോറിൽ തട്ടി ശബ്ദമുണ്ടാക്കി. “വീട്ടിൽ എത്തണ്ടെ ചേട്ടാ?.. “അയാൾ ദേഷ്യത്തോടെ ചോദിച്ചു.
“വീട് “എന്ത് സുന്ദരമായ പദമാണ്.തൻ്റെയും വീട് ഒരു സ്വർഗ്ഗമായിരുന്നു.മീനാക്ഷിയെ കൂടെ കൂട്ടിയ കാലത്തേയ്ക്ക് അയാൾ ഓർമ്മകളിലൂടെ ഊളിയിട്ടു .
മേസ്തിരിപ്പ ണിയായിരുന്നു അയാൾക്ക്.ഒരു ഇടത്തരം കുടുംബത്തിലെ അംഗമായിരുന്നു അവളും. മീനാക്ഷിയുടെ വീടിൻ്റെ തൊട്ടു മുന്നിലെ പറമ്പിൽ ഒരു വീട് പണിക്കു വന്നതായിരുന്നു രാജീവൻ.വീട് പണിതു ഉയർന്നതോടുകൂടി അവരുടെ ഉള്ളിലെ സ്നേഹവും വളർന്നു. ഒന്നര വർഷത്തിനുള്ളിൽ ആ വീട് പണി തീർന്നപ്പോൾ മീനാക്ഷി അയാളുടെ സ്വന്തമായി കഴിഞ്ഞിരുന്നു.
ആദ്യം മുതൽക്കേ രണ്ട് വീട്ടുകാർക്കും അവരുടെ ബന്ധത്തിൽ എതിർപ്പ് ഉണ്ടായിരുന്നതിനാൽ മീനാക്ഷിയുമായി ഒരു വാടക വീട്ടിലേക്ക് മാറുകയായിരുന്നു അയാൾ.
ദാമ്പത്യം പൂത്തുലഞ്ഞ ദിനങ്ങൾ.അതിൽ ആദ്യ പുഷ്പം വിരിഞ്ഞപ്പോൾ എന്ത് സന്തോഷമായിരുന്നു തങ്ങൾക്ക്. മോൾ ഉണ്ടായി ഒന്നര വർഷം കഴിഞ്ഞപ്പോൾ മീനാക്ഷി ഒന്നുടെ പ്രസവിച്ചു. അതും പെണ്ണ് വാവ തന്നെ.തനിക്കൊരു മോനെ കിട്ടാൻ ആയിരുന്നു ആഗ്രഹം എന്നവളോട് പറഞ്ഞപ്പോൾ “പെൺമക്കളാണ് രജീവേട്ടാ നല്ലത്.അവസാന കാലത്ത് വെള്ളം തരാൻ അവരേ കാണൂ”എന്നവൾ പറഞ്ഞത് ഇന്നലെ എന്നത് പോലെ അയാളുടെ ചെവികളിൽ മാറ്റൊലി കൊണ്ടു.
റോഡിൽ കൂടി ആളുകൾ ധൃതിയിൽ നടന്നു പൊയ്ക്കൊണ്ടിരുന്നു.മഴയുടെതായ ഒരു തണുത്ത കാറ്റ് അയാളെ ആശ്വസിപ്പിക്കാൻ എന്ന കണക്കെ തഴുകി തലോടി കടന്നു പോയി. അയാളുടെ ഉള്ള് ഉമിത്തീ കണക്കെ നീറി പുകഞ്ഞുകൊണ്ടിരുന്നു.
വഴിയരികിലെ മെഡിക്കൽ ഷോപ്പിന് മുന്നിൽ ജോസഫ് ചേട്ടനും,കൂട്ടുകാരും സൊറ പറഞിരിക്കുനത് അയാൾ കണ്ടു. മക്കൾക്ക് പനി വരുമ്പോഴും മീനാക്ഷിയ്‌ക്ക് എന്തെങ്കിലും മരുന്നിന് ആവിശ്യമുള്ളപ്പോഴും ജോസഫ് ചേട്ടൻ്റെ “ഹോളിക്രോസ്” മെഡിക്കൽ ഷോപ്പിൽ നിന്നാണ് അയാൾ മരുന്ന് വാങ്ങിയിരുന്നത്.രാജീവൻ നടന്നടുത്തപ്പോൾ ഏവരും സംസാരം നിർത്തി അയാളെ തന്നെ നോക്കി കൊണ്ടിരുന്നു. രാജീവൻ തലയുയർത്താൻ ധൈര്യപ്പെട്ടില്ല. അല്ലെങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തലയുയർത്തി നടക്കാൻ അയാൾ മറന്നു പോയിരുന്നു.
അയാളുടെ മുന്നിൽ ആരും ഒന്നും മിണ്ടിയില്ല
എങ്കിലും അവരുടെ സംസാരം ഊഹിക്കാൻ രാജീവന് കഴിഞ്ഞു.
“ആ പോകുന്നത് രാജീവനല്ലേ?”
“എങ്കിലും അയാളുടെ ഭാര്യ അയാളോട് ഇങ്ങനെ ചെയ്തുവല്ലോ?”പറക്കമുറ്റാത്ത രണ്ട് പെൺമക്കളെയും അയാളെയും ഇട്ടിട്ട് അവൾ മറ്റൊരുത്തൻ്റെ കൂടെ….”
അയാൾ കാലുകൾ വേഗത്തിൽ നീട്ടിവെച്ച് നടക്കാൻ ശ്രമിച്ചു. രണ്ട് മൂന്ന് തെരുവ് പട്ടികൾ കുരച്ചു ബഹളമുണ്ടാക്കി അയാളുടെ മുന്നിലൂടെ ഓടിപ്പോയി.അവറ്റകളും തന്നെ കളിയാക്കുകയാണെന്ന് അയാൾക്ക് തോന്നി.
ഇടയ്ക്ക് അയാളുടെ ഓർമ്മകൾ കഴിഞ്ഞ കുറെ ദിനങ്ങളിലേയ്ക്ക് കൺചിമ്മി .
മീനാക്ഷിയെക്കാൾ എത്രയോ വയസ്സ് കുറവാണ് ആ ചെക്കന്.നാട്ടിൽ പെൺകുട്ടികൾ കുറഞ്ഞ് പോയോ? എൻ്റെ കുഞ്ഞുങ്ങളുടെ അമ്മയെ തന്നെ അവൻ എന്തിന്…
അവളും ഒട്ടും മോശമായിരുന്നില്ലല്ലോ.’നിങ്ങൾ ഇനി എൻ്റെ കാര്യത്തിൽ ഇടപെടെണ്ടതില്ല’ എന്നാണല്ലോ അവൾ അവസാനമായി പറഞ്ഞിട്ട് പോയത്.
അയാളുടെ ശരീരത്തിലെ ഓരോ അണുവും നീറുന്നുണ്ടായിരുന്നു. ശീതക്കാറ്റ് ഒന്നൂടെ ആഞ്ഞ് വീശി. മഴയുടെ ആരംഭമായിരുന്നൂ. ദൂരെ തീവണ്ടിയുടെ ചക്രങ്ങൾ റയിൽവെ പാളത്തിൽ ഉരഞ്ഞ് ശബ്ദമുണ്ടാക്കി. ഒറ്റക്കണ്ണൻ തീവണ്ടി പാഞ്ഞടുത്തുകൊണ്ടിരുന്നു. അയാളുടെ മനസ്സ് ശൂന്യമായിരുന്നു.
റയിൽവേ ക്രോസിനപ്പുറം ഓടിട്ട ഒരു ചെറിയ വാടക വീട്ടിൽ പറ്റിക്കോട്ടിട്ട രണ്ട് അനാഥ ബാല്യങ്ങൾ അയാൾ വരുന്നതും കാത്ത് അനന്തതയിൽ കണ്ണും നട്ടിരുന്നു.
ശ്രീകല സുഖാദിയ.✍
സൂപ്പർ
🙏🙏🙏
Good
Realistic story
Im a fan, felt very bad for Rajivan and his children and its a gud realistic one👍👍👍