“എനിക്ക് പ്രണയമായിരുന്നെടീ നിങ്ങളുടെ പ്രണയത്തിനോട്. അത്രമാത്രം കൊതിച്ചുപോയി ഞാൻ .
എല്ലാം നശിപ്പിച്ചു കളഞ്ഞില്ലേ…..”
സാറാമ്മ തലക്ക് കൈ കൊടുത്ത് നിലത്തിരുന്നുപോയി.
അത്രമാത്രം റിസ്കെടുത്താണല്ലോ അവൾ അന്നാ അവസരം ഒരുക്കിയത്. അവൾക്ക് അത്ര വിശ്വാസമായിരുന്നു റിയാസിനെ. അവളറിയാത്ത ഒരു കാര്യവും ഞങ്ങൾക്കിടയിലുണ്ടായിരുന്നില്ല. എഴുതുന്ന എല്ലാ കത്തുകളും അവൾ വായിച്ചേ ഒട്ടിച്ച് പോസ്റ്റ് ചെയ്യാറുള്ളു.
അതുപോലെത്തന്നെ ഇങ്ങോട്ട് വരുന്ന കത്തുകൾ അവളുടെ മുന്നിൽ വെച്ച് പൊട്ടിച്ച് രണ്ടുപേരും ചേർന്നേ വായിക്കാറുള്ളൂ . കത്തിലെ പ്രണയസല്ലാപങ്ങളും പിണക്കവും ഇണക്കവും ഇഷ്ടങ്ങളും എല്ലാം അവൾക്കറിയണം. അത് റിയാസിനും പൂർണ്ണസമ്മതമായിരുന്നു. ഇഷ്ടമായിരുന്നു. അതായിരുന്നു ഞങ്ങളുടെ പ്രണയത്തിൻറെ കെട്ടുറപ്പും പവിത്രതയും.
ഈ ലോകത്തിലെ ഏറ്റവും മനോഹരമായി പ്രണയലേഖനങ്ങൾ എഴുതുന്ന കാമുകീകാമുകന്മാർ ഞങ്ങളാണെന്ന് അവൾ പറയും. അത്രമാത്രം ആർദ്രമായ പ്രണയമായിരുന്നല്ലോ ഞങ്ങളുടേത്. അത്രമാത്രം മധുരം തുളുമ്പുന്ന തേൻ മൊഴികളായിരുന്നല്ലോ എഴുതിയി രുന്നത്.
കത്തുവായിച്ചാൽ അവളുടെ കണ്ണുകൾ നക്ഷതങ്ങൾ പോലെ തിളങ്ങും. അവളുടെ കണ്ണുകൾ എത്ര മനോഹരങ്ങളായിരുന്നു!. താൻ എപ്പോളും പറയുമായിരുന്നു നിൻറെ കണ്ണുകൾ എനിക്ക് കിട്ടിയിരുന്നെങ്കിൽ എന്ന്.
” ഓ ..ഇനി അതിൻറെ ഒരു കുറവേ ഉള്ളു. എന്നിട്ടുവേണം ലോകത്തിലുള്ള ആണുങ്ങളെ മുഴുവൻ കാൽക്കീഴിൽ വീഴ്ത്താൻ. ഇപ്പോൾത്തന്നെ ഉടുക്കാനും പുതക്കാനുമുള്ളത് ഉണ്ട്. ഇതിൻറെയൊക്കെ കേട് എനിക്കാ”
അവൾ തിരിച്ചടിക്കും.
ശരിയായിരുന്നു അത്. വല്ല കുരുത്തം കേട്ടോന്മാരെയും കേറി പ്രേമിച്ചാൽ , അവരിങ്ങോട്ട് തിരിച്ച് പ്രേമിച്ചാൽ അതിന്റെ കണക്ക് തീർക്കുക അവളായിരുന്നു. കൂട്ടുകാരിയായിരുന്നെങ്കിലും ഒരു തലമുതിർന്ന കാരണവത്തിയുടെ അധികാരം അവൾക്കുണ്ടായിരുന്നു.
“അവൻ പ്രായത്തിനേക്കാൾ കവിഞ്ഞ പക്വതയുലള്ള ആൺകുട്ടിയാണെടി. അതാണവന്റെ പേഴ്സണാലിറ്റി. എവിടെയെങ്കിലും ചുറ്റിക്കറങ്ങാനോ മറ്റു വല്ല ശരീരികബന്ധങ്ങൾക്കോ ഇന്നേവരെ അവൻ നിന്നോട് ആവശ്യപെട്ടിട്ടില്ല. അവിടെയാണാവന്റെ ആത്മാർത്ഥത.
“അവൻ വരുമെടീ ..എത്രവലിയ ഡോക്ട്ടറായാലും അവൻ തിരിച്ചുവന്ന് നിന്നെ കൊണ്ടുപോവും. അവൻറെ വാരിയെല്ല് നിന്റടുത്താണ്. അത് തിരിച്ചുകിട്ടാതെ അവൻ പോവില്ല. നീ നോക്കിക്കോ.. അവൻറെ ഇണ നീയാണെന്ന് അവൻ തിരിച്ചറിഞ്ഞിട്ടുണ്ട്. നീ ഏതു പാതാളത്തിൽ ഒളിച്ചാലും നിന്നെയവൻ പൊക്കും”
അതൊരു വലിയ ഉറപ്പായിരുന്നു. ആ ഉറപ്പിൽ തന്നെയായിരുന്നു തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ ഒരുമാസം കാത്തിരുന്നതും. വന്നാൽ പറയണം ഞാൻ കൂടെ വരാം . എന്റെ മനസ്സൊന്ന് പാകപ്പെടുത്തിയെടുക്കട്ടെ. നീയല്ലാതെ മറ്റൊരു പുരുഷൻ എന്റെ ജീവിതത്തിൽ ഇല്ലെന്ന്. അവനോട് മാപ്പും പറയണം വേദനിപ്പിച്ചുവിട്ടതിന്.. പക്ഷെ അവൻ വന്നില്ല…ഇങ്ങിനെ ഒട്ടും പ്രതീക്ഷിച്ചതേ അല്ലായിരുന്നു.
ഇനി തനിക്കിവിടെ പിടിച്ചുനിൽക്കാൻ പറ്റില്ലെന്ന് മനസ്സിലായി. കൂടെക്കൂടെ വരുന്ന കല്യാണാലോചനകളും വല്ലാതെ ശല്യപ്പെടുത്തുന്നുണ്ട്. നാട്ടിൽനിന്നും ഒന്ന് വിട്ടുനിൽക്കണം. ചെറിയച്ചനോട് കാര്യം പറഞ്ഞപ്പോൾ ദില്ലിയിലേക്ക് ചെല്ലാൻ പറഞ്ഞു. അങ്ങിനെ നാട്ടിൽനിന്നും ഒരൊളിച്ചോട്ടം. ഓർമ്മകൾ മായ്ച്ചുകളയാൻ പറ്റിയില്ലെങ്കിലും കൂടെക്കൂടെ വരുന്ന കല്യാണാലോചനയിൽനിന്നും തൽക്കാലം രക്ഷപ്പെട്ടെന്ന് മാത്രം. നാലഞ്ച് കൊല്ലം ദില്ലിയിൽ ഒരു സ്കൂളിൽ ജോലിയെടുത്തു. വീണ്ടും നാട്ടിൽ തിരിച്ചെത്തിയപ്പോളേക്കും കല്യാണത്തിൻറെ അതിർവരമ്പുകൾ കടന്നുകഴിഞ്ഞിരുന്നു. അതൊരു മഹാഭാഗ്യമായി തോന്നി. അധികം കഷ്ടപ്പെടാതെത്തന്നെ ഒരു ജോലി കിട്ടുകയും ചെയ്തു, പക്ഷെ ഇന്നലെ വരേയും റിയാസിനെക്കുറിച്ച് ഒന്നും അറിഞ്ഞതേയില്ലല്ലോ. അതാണ് അതിശയമായത്.
ഈയൊരു പ്രോഗ്രാമാണ് ഈ ഭാഗ്യം തന്റെ മുന്നിലിട്ടുതന്നത്. പക്ഷെ റിയാസിന് ഒരു കുടുംബമുണ്ടല്ലോ., കുട്ടികളുമുണ്ടല്ലോ. ഒരുഭാര്യയും സ്വന്തം ഭർത്താവിന്റെ പൂർവ്വകാലകാമുകിയെ അംഗീകരിക്കില്ല. മക്കൾ വലുതായാൽ അവർ വിശാലമനസ്ഥിതിക്കാരാണെങ്കിൽ ഒരുപക്ഷേ ക്ഷമിച്ചേക്കും.
വേണ്ട തനിക്ക് അകലെ നിന്ന് അവനെ കണ്ടാൽമതി. ഒരുപക്ഷേ റിയാസ് മക്കളോട് പറയുമായിരിക്കും നിങ്ങളെ പ്രസവിക്കാത്ത നിങ്ങളുട അമ്മ, നിങ്ങൾക്കുമുമ്പേ ഇവിടെ വരേണ്ടിയിരുന്ന ഒരമ്മ ജീവിച്ചിരിപ്പുണ്ട് മക്കളേ എന്ന്. അങ്ങിനെ റിയാസ് ഒരിക്കൽ അവന്റെ കുട്ടികളോട് പറഞ്ഞുകൊടുത്ത് തന്നെ പരിചയപ്പെടുത്തിക്കൊടുത്താൽ ആ നിമിഷം ആ കുട്ടികളെ ഒന്ന് വാരിപ്പുണരാൻ കഴിഞ്ഞാൽ അത് മതി ഈ ജന്മത്തേക്ക്…അത് മതി.
കൈവിട്ടുപോയതൊന്നും ഇനി തിരിച്ചുപിടിക്കാനാവില്ല. മതത്തിനും രാഷ്ട്രീയത്തിനുമപ്പുറം മനുഷ്യനുണ്ട് . അവന് മനോഹരമായൊരു മനസ്സുണ്ട്. ആ മനസ്സിൽ ഒരുപാട് സ്വപ്നങ്ങളുണ്ട്. ആ സ്വപ്നങ്ങളുടെ സാക്ഷാൽക്കാരമാണ് നമ്മുടെ ജീവിതം. അതിന് വിലങ്ങായി നിൽക്കുന്നതൊന്നും നമുക്ക് സ്വീകരിക്കാനാവില്ല. അതെല്ലാം വെട്ടിനീക്കി വഴി തെളിയിച്ചെടുക്കണം. താനോ തിരിച്ചറിയാൻ ഏറെ വൈകിപ്പോയി.
അടുത്ത തലമുറയ്ക്ക് തൻറെ ദുര്യോഗം ഉണ്ടാവരുത്, പ്രണയം നഷ്ടമായാൽ പിടിച്ചുനിൽക്കാനുള്ള മനക്കരുത്ത് സ്വയം ആർജ്ജിക്കണം. അതിന് കുട്ടികളെ പ്രപ്തരാക്കണം. അവൾ മനസ്സിലുറപ്പിച്ചു.
കുട്ടികൾക്ക് നൽകാനുള്ള സന്ദേശങ്ങൾ അടുക്കും ചിട്ടയുമായി കരുതിവെക്കണം, .
അതിന് സമയം വേണം. അസ്വസ്ഥമല്ലാത്ത മനസ്സും വേണം. ഇപ്പോൾ തന്റെ മനസ്സ് തന്റെ കയ്യിലില്ലല്ലോ. അത് റിയാസിന്റെ കയ്യിൽ പെട്ട് പോയില്ലേ.
റിയാസ് എന്റെ റിയാസ്…. കുറച്ചുദിവസ ത്തേക്കെങ്കിലും ഒന്ന് ഇറങ്ങിത്തരാമോ എന്റെ മനസിൽനിന്ന് ………………?
ഈ പ്രോഗ്രാം കഴിയുന്നതുവരെ സ്വസ്ഥമായി എന്റെ മനസ്സ് എന്റെ കയ്യിൽവേണം. അല്ലെങ്കിൽ കുട്ടികളുടെ മുന്നിൽ ഞാൻ ചെറുതായിപ്പോവും. കേവലം പത്തൊമ്പതാം വയസ്സിലെ കാമുകിയായിരുന്നുകൂടാ ഞാൻ.. ഈ ദൗത്യം എന്റെ കുട്ടികളിൽ ഊർജ്ജം പകരേണ്ടതുണ്ട്. ആയിരം കുട്ടികൾ എനിക്ക് പിറകെ കാത്ത് നിൽപ്പുണ്ട്.. എന്റെ മുന്നിൽ ഒരു ദീപശിഖ തെളിയുന്നു. അതെനിക്ക് എത്തിപ്പിടിക്കണം . എന്റെ കുട്ടികളുടെ കൈകളിലേക്ക് പകർന്നുകൊടുക്കണം. അവർ ഈ ദീപശിഖ ഏറ്റുവാങ്ങി ഈ കൊച്ചുകേരളം മുഴുവൻ ചുറ്റണം. ഇനി ഇവിടെ ഒരുപെണ്ണും പ്രണയിച്ചവനെ കഷായം കുടിപ്പിക്കരുത്. ഒരു കാമുകനും അവന്റെ പ്രണയിനിയുടെ കഴുത്തറുക്കരുത്. അങ്ങിനെയായിരുന്നു പ്രണയം എങ്കിൽ തന്റെ കഴുത്ത് എന്നേ നഷ്ടപ്പെട്ടേനെ…
റിയാസ്… എന്റെ റിയാസ്..എൻറെ മനസ്സ് ഇപ്പോൾ എനിക്ക് വേണം. അത് നിന്നെ ഇഷ്ടമില്ലാഞ്ഞിട്ടല്ല. അതിന് ഇനിയീ ജന്മം എനിക്ക് കഴിയുകയുമില്ല. അതിനല്ലേ ദൈവം നിന്നെ വീണ്ടും എന്റെ മുന്നിലേക്കിട്ടു തന്നത്.
പക്ഷെ ഞാൻ സന്തോഷസപൂർവ്വം ഏറ്റുവാങ്ങിയ ഈ ദൗത്യം. അതെനിക്ക് വിജയിപ്പിച്ചേ തീരൂ..
ഈ സമയത്ത് മൃദുല ദുർബലയായ ഒരു കാമുകിയായിരുന്നുകൂടാ..എന്റെ കുട്ടികൾ അത്രമാത്രം എന്നിൽ വിശ്വാസമുള്ളവരാണ്.
പ്രതീക്ഷയർപ്പിച്ചവരാണ്. അതുകൊണ്ട്.,
റിയാസ്…ഈ ഓർമ്മകളിൽനിന്ന് തല്ക്കാലത്തേക്ക് വിട..
ഞാൻ വരും നിന്റെ ഇഷ്ടങ്ങളെ പുണരാൻ.
ഒരു ഉൾവിളിയുടെ ഉഷ്ണം തിളയ്ക്കുന്ന
മനസ്സുമായ് അവൾ ചാടിയേഴുന്നേറ്റു. ആസമയം ഫോൺ നിർത്താതെ അടിച്ചുകൊണ്ടേയിരുന്നു.
നിർമ്മല അമ്പാട്ട്✍