കുളികഴിഞ്ഞ് മുടി ഫാനിന്റെ ചുവട്ടിലിരുന്ന് ഉണക്കുകയാണ് മൃദുല. പത്തുമണിക്ക് റിയാസ് സജ്‌നയോടൊത്ത് വരുമെന്നാണ് പറഞ്ഞത്. ഇവിടെ ഒന്നും ഒരുക്കേണ്ട, ഭക്ഷണം അവിടെ ഒരുക്കുന്നുണ്ട് എന്ന് പ്രത്യേകം അറിയിച്ചിട്ടുണ്ട്. പക്ഷെ പരിപാടിയിൽ പെട്ടെന്നാണ് മാറ്റമുണ്ടയത്.
ടൈലർ സുധാകരേട്ടൻ പോയി ഏതാണ്ട് ഒരുമണിക്കൂർ കഴിയുമ്പോഴേക്കും രാഗേഷും സതീശനും ഓടിയെത്തി.
” ടീച്ചർ ഞങ്ങളൊരു കാര്യം അറിഞ്ഞു.”
വളരെ ആകാക്ഷയോടെയുള്ള അവരുടെ നിൽപ്പകണ്ട് അവൾ പറഞ്ഞു.
“നിങ്ങൾ അറിഞ്ഞത് സത്യം തന്നെയാണ്”
മുഖവുരയില്ലതെത്തന്നെ മൃദുല മറുപടി പറഞ്ഞു. എന്താണ് വിഷയമെന്ന് പ്രത്യേകം ചോദിച്ചറിയേണ്ടതില്ലല്ലോ
“ആരാ നിങ്ങളോടിത് പറഞ്ഞത് ?”
“സുധാകരേട്ടന്റെ മോൾ മിനി വന്ന് പ്രസന്നയോട് പറഞ്ഞു. പ്രസന്ന ഉടനെ വന്ന് എന്നോട് പറഞ്ഞു.”
എല്ലാംകഴിഞ്ഞതിന് ശേഷം എല്ലാരെയും അറിയിക്കാമെന്നാണ് കരുതിയത്. രാമകൃഷ്ണൻസാറിൽ നിന്ന് ഒരു രഹസ്യവും ഒരിക്കലും പുറത്ത് പോവില്ല. അത്രക്ക് പെർഫെക്റ്റാണയാൾ. പിന്നെയുള്ളത് സുധാകരേട്ടനാണ്. അയാൾ ഈ സന്തോഷം ഒരുപക്ഷേ തൻറെ ഭാര്യയോടും മക്കളോടും പങ്കിട്ടുകാണും. അതിൽ തെറ്റൊന്നുമില്ല.
“ടീച്ചർ അങ്ങിനെയങ്ങു ആരുമില്ലെന്ന് കരുതേണ്ട. ഞങ്ങളൊക്കെ ഇവിടെ ഉള്ളിടത്തോളം കാലം ഇങ്ങിനെയല്ല ടീച്ചർ ഇവിടുന്ന് പോവേണ്ടത്. ഞങ്ങൾ ചെറിയൊരു പ്രോഗ്രാം ഇട്ടിട്ടുണ്ട്. അരുതെന്നു പറയരുത്. അത് ഞങ്ങളുടെ ഇഷ്ടമാണ്. അത് ചെയ്തേ ഞങ്ങളിവിടെ നിന്ന് വിടൂ”
” ഇനി ഒട്ടും സമയമില്ല മക്കളേ. എല്ലാം വന്നിട്ടാവാം. ഞങ്ങൾ രണ്ടുപേരും ഇടിടെത്തന്നെയുണ്ടാവുമല്ലൊ. നിങ്ങളുടെ എല്ലാ കാര്യങ്ങൾക്കും. ഡോക്ടർ എന്നും കൂടെയുണ്ടാവുമെന്ന് നിങ്ങൾക്ക് ഉറപ്പ് തന്നിട്ടുമുണ്ടല്ലോ”
“വേറൊന്നുമല്ല ടീച്ചറെ..ഞങ്ങൾ ഈ മുറ്റത്ത് ചെറിയൊരു പന്തലിടും. അത് അലകും കോലുമുപയോഗിച്ചല്ല. വെറും ചരടുകൾ വലിച്ചുകെട്ടി അതിൽ മൾട്ടികളർ പേപ്പർ നാലുഭാഗം തൂക്കിയിട്ട് ഭംഗിയിൽ അലങ്കരിക്കുന്നു. അത്രമാത്രം. ഡോക്ടർ വരുമ്പോൾ ഞങ്ങളാണ് മാലയും ബൊക്കെയും കൊടുത്ത് സ്വീകരിക്കുന്നത്. ഇവിടെ വെച്ച് കേക്ക് മുറിക്കുന്നു. ഒരു ഗ്ലാസ് ജ്യൂസ് കുടിക്കുന്നു, നിങ്ങളെ ഞങ്ങൾ യാത്രയാക്കുന്നു. അത്രമാത്രം. അത് ഞങ്ങളുടെ അവകാശം ”
ഒന്നും മറുത്തുപറയാനില്ലായിരുന്നു അവൾക്ക്. അകത്ത്നിന്ന് ഡ്രസ്സ് മാറി ഇറങ്ങിവരുമ്പോളേക്കും എല്ലാം റെഡി എന്ന ഉറപ്പ് കിട്ടി. കുട്ടികളുടെ ഇഷ്ടമല്ലേ നടക്കട്ടെ എന്ന് കരുതി സമ്മതിച്ചു. മുറ്റത്ത് എല്ലാം ചിട്ടയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. എത്ര പെട്ടെന്നാണ് മുറ്റത്ത് മനോഹരമായ പേപ്പർ പന്തൽ ഉയർന്നത്. അതിശയം തോന്നി.
ആൺ കുട്ടികളും പെൺകുട്ടികളും കൂടി ഏതാണ്ട് അമ്പതോളം കുട്ടികൾ ഒൻപതുമണിയാവുമ്പോളേക്കും എത്തിക്കഴിഞ്ഞിരുന്നു, പാട്ടുപാവാടയിട്ട് മുല്ലപ്പൂ ചൂടിയ പെൺകുട്ടികൾ. എല്ലാം അവർ തലേന്ന് തന്നെ പറഞ്ഞു തീരുമാനിച്ചിരുന്നു, പെൺകുട്ടികൾക്കുള്ള മുല്ലപ്പൂ, കൂടാതെ നിലവിളക്ക് നിറപറ, പൂത്താലം എല്ലാം കണ്ടറിഞ്ഞ്കൊണ്ട് ആൺകുട്ടികൾ കൊണ്ടുവന്നു. ഒരു കെറ്റിലിൽ കട്ടൻ ചായയും തയ്യാറാക്കി വെച്ചിരുന്നു. പൂമാല , ബൊക്കെ, കേക്ക് ലഡ്ഡു ജ്യൂസ് എല്ലാം വളരെ എളുപ്പത്തിൽ പന്തലിലെത്തിക്കഴിഞ്ഞു.
മൃദുലക്ക് അല്പം വിഷമം ഉണ്ടയിരുന്നു, താനിവിടെ ഒറ്റക്കാണല്ലോ. ലേറ്റ് മാര്യേജ് ആയതുകൊണ്ട് പ്രത്യേകിച്ച് ആരെയും അറിയിക്കേണ്ടെന്ന് തീരുമാനിച്ചതായിരുന്നു.. അപ്പോളേക്കും കുട്ടികൾ മണത്തറിഞ്ഞില്ലേ. ആ പ്രയാസം ഇപ്പോൾ തീർന്നു. അവരൊക്കെ ഉള്ളത്കൊണ്ട് അല്പം സമാധാനമൊക്കെ തോന്നുന്നുണ്ട്. താൻ ഒറ്റക്കല്ല എന്ന തോന്നൽ. വീട്ടുകാരെ മനപ്പൂർവ്വം ഒഴിവാക്കിയതാണ്. നല്ലജീവിതം നശിപ്പിച്ച് കയ്യിൽ തന്നത് അവരല്ലേ. ഇനിയും ദുർമ്മുഖം കാണാൻ എന്തിന് അവരെ വിളിച്ചുവരുത്തുന്നു?
ഗേറ്റിൽ രണ്ടുകാർ വന്നുനിന്നു. അലങ്കരിച്ച പുത്തൻ കാറിൽ റിയാസ്. മറ്റേ കാറിൽ ഡോ . ദീപകും സജ്നയും.
പെൺകുട്ടികൾ താലപ്പൊലിയേന്തി അവരെ ആനയിച്ചു. ആൺകുട്ടികൾ ഡോകടറെ മാലയിട്ടുസ്വീകരിച്ചു. ഒരാൾ ബൊക്കെ കൊടുത്തു .
“ആരുമുണ്ടാവില്ലെന്ന് പറഞ്ഞിട്ട് നിങ്ങൾ ഞങ്ങൾക്കൊരു വലിയ സർപ്രൈസ് തന്നല്ലോ” ചിരിച്ചുകൊണ്ട് റിയാസ് പറഞ്ഞു.
” അല്ലെങ്കിലും ഇപ്പോൾ സംഭവിച്ചതെല്ലാം സർപ്രൈസ് തന്നെയല്ലേ ഡോക്റ്ററെ?” പിള്ളേരും വിട്ടുകൊടുത്തില്ല. അവർ ഡോക്ടറെ ആനയിച്ച് അലങ്കരിച്ച കസേരയിൽ ഇരുത്തി.
സജ്ന അകത്തുകയറി വേഗത്തിൽ ഡ്രസ്സ് മാറി മൃദുലയെ മണവാട്ടിയായി ഒരുക്കി. ഏതാണ്ട് അര മണിക്കൂറിനുള്ളിൽ മൃദലയെ പെൺകുട്ടികൾ താലപ്പൊലിയോടെ പന്തലിലേക്ക് ആനയിച്ചു. ആൺകുട്ടികളും പെൺകുട്ടികളും ചേർന്ന് മംഗളഗാനം പാടി. ഹൃദ്യമായ മംഗളം. പന്തലിൽ പൂമഴ പെയ്തു.
അതിന്ശേഷം റിയാസും മുദുലയും ചേർന്ന് കേക്ക് മുറിച്ചു. സ്വീറ്റ്സ് വിതരണം കഴിഞ്ഞതോടെ കുട്ടികളുടെ പരിപാടി കഴിഞ്ഞു,
“അപ്പോൾ ഇനി വൈകിക്കേണ്ട. പോവാംലേ ” ദീപക് ചോദിച്ചു.
എനിക്ക് പൂജാമുറിയിൽ കയറി ഒന്നു തൊഴണം എന്നുപറഞ്ഞ് മൃദുല പൂജാമുറിയിൽ കയറി. കൃഷ്ണന് കത്തിച്ചുവെച്ച വിളക്ക് കത്തുന്നുണ്ട്. ദീപപ്രഭയിൽ കൃഷ്ണൻ ചിരിക്കുകയാണ്.
“എടാ ചെറുക്കാ ..ഞാൻ പോയിവരട്ടെ. നാലുദിവസം നീയിവിടെ ഒറ്റക്ക് നിൽക്ക്വോ .പേടിക്കേണ്ട ഞാൻ വന്ന് നിന്നെ കൊടുപോവും ട്ടോ..”
വിവാഹം കഴിച്ചുപോവുമ്പോൾ ഏതൊരു പെണ്ണിന്റെയും മനസ്സ് പോലെ അവളുടെ ഉള്ളും ഒന്ന് പിടഞ്ഞു. മിഴികൾ നിറഞ്ഞു. അവളങ്ങിനെ നിന്നുപോയി. ആമനസിലൂടെ മിന്നിമറഞ്ഞുപോയത് ഏതൊക്ക ഓർമ്മകളാണ്? അമ്മയോ, അച്ഛനോ അതോ കൂടപ്പിറപ്പുകളോ?..ആയിരിക്കാം.
സജ്‌ന അകത്തേക്ക് വന്നപ്പോൾ മൃദുലയുടെ ആ നിൽപ്പാണ് കണ്ടത്. അവൾക്ക് മനസ്സിലായി ആ നിൽപ്പിൻറെ അർത്ഥം. അവൾ പോയി റിയാസിനെ അകത്തേക്ക് വിളിച്ചു. റിയാസ് വന്ന് അവളെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു.
“എന്തിനാടാ വിഷമിക്കുന്നത്? എന്റെകൂടെയല്ലേ വരുന്നത്? ഞാനല്ലേ നിന്നെ കൊണ്ടുപോവുന്നത്?”
അവൻ അവളുടെ കണ്ണു നീർ തുടച്ചു. അവളെ ചേർത്ത്പിടിച്ചാണ് റിയാസ്
പന്തലിലേക്ക് ഇറങ്ങിയത്.
“കണ്ടോ നിങ്ങളുടെ ടീച്ചർ കരയുന്നത്? ”
റിയാസ് കുട്ടികളോടായി പറഞ്ഞു. പെൺകുട്ടികൾ ഓടിവന്ന് അവരുടെ ടീച്ചറെ ചേർത്ത് പിടിച്ചപ്പോൾ മൃദുല ശരിക്കും തകർന്നു.
ഇഷ്ടപ്പെട്ട പുരുഷനോടൊത്തായാലും ഒരു പെണ്ണ് വിവാഹം ചെയ്ത് കൂടെ ഇറങ്ങിപ്പോവുമ്പോൾ പെണ്ണിന്റെ മനസ്സ് അങ്ങിനെയാണ്.
റിയാസ് വണ്ടിയിൽ കയറി മൃദലക്കായി ഡോർ തുറന്ന് കൊടുത്തു. പെൺകുട്ടികളാണ് അവളെ കാറിൽ കയറ്റി യാത്രയാക്കിയത്.
“ഇങ്ങോട്ട് അടുത്തിരിക്ക്. ഇനി നമ്മൾ ഒരുമിച്ചാണ്..”.
റിയാസ് അവളുടെ.ചെവിയിൽ.മന്ത്രിച്ചു.
അവൻ സ്നേഹപൂർവ്വം പറഞ്ഞപ്പോൾ അവൾ റിയാസിനോട് ചേർന്നിരുന്നു. റിയാസ് പെൻ ഡ്രൈവ് ഓൺ ചെയ്തു.
വണ്ടിയിൽ മനോഹരമായ ഗാനം ഉയർന്നു.
“പള്ളിത്തേരുണ്ടോ…..”
അതെ..പ്രണയത്തിന്റെ പള്ളിത്തേര്..! അവർക്ക് മാത്രമായി ഒരുക്കിയ പള്ളിത്തേര്. കാലം കാത്തുവെച്ച പള്ളിത്തേര്.
“ആമ്പൽക്കുളമുണ്ടോ…!
ഉണ്ടല്ലോ..അവൾക്കായി ഒരുക്കിവെച്ചിട്ടിണ്ടല്ലോ..
റിയാസ് അവളെയുംകൊണ്ട് പറക്കുകയാണ്.
********
(പ്രിയമുള്ളവരേ..അടുത്ത ലക്കത്തോടെ പള്ളിത്തേരുണ്ടോ എന്ന നോവൽ അവസാനിക്കും. നിങ്ങളുടെ ഇഷ്ടമനുസരിച്ചാണ് പള്ളിത്തേര് ഞാൻ തെളിച്ചത്)
നിർമ്മല അമ്പാട്ട്✍