അതേ ചിലങ്കകൾ പാടുകയാണ് വീണ്ടും. വർഷങ്ങൾക്ക് മുൻപേ കോളേജിലെ നിറഞ്ഞുകവിഞ്ഞ സദസ്സിന് മുന്നിൽ, സ്റ്റേജിൽ ഒരു പെൺകുട്ടിയുടെ ചിലങ്കയ ണിഞ്ഞ പാദങ്ങളിൽനിന്നും ഉതിരുന്ന നൃത്തച്ചുവടുകൾ ഈണത്തിൽ താളത്തിൽ വീണ്ടും പാടുകയാണ്..!.
“താന കാവേ തകത തെയ് തതെയ്
താന കാവേ തകത തെയ്തതെയ്
താന കാവെ തകത തെയ് ത തെയ്
തെയ്ത തെയ്ത തകതക
ധിം തകിട തകധിം
ധിം തകിട തകധിം
അതതോം അതതോം അത
ഗീതനികുതകധീം ..”
ബാക്കി വരികൾ മനസ്സിൽ നക്ഷത്രംപോലെ തെളിയുന്നു .
ദില്ലിയിൽ നിന്നും ട്രെയിനിംഗ് കഴിഞ്ഞെത്തിയ അധ്യാപകൻറെ ശിക്ഷണത്തിൽ ചിട്ടപ്പെടുത്തി പഠിച്ചെടുത്ത നൃത്ത ശില്പം.
ഇരുത്തം വന്ന ഭാഗവതരുടെ മനോധൈര്യത്തോടെ മനോഹരമായ ശബ്ദത്തിൽ കൂളായി ഇരുന്നുപാടുന്ന പയ്യൻറെ വിരലുകൾ കീബോർഡിൽ അത്ഭുതം സൃഷിടിക്കുകയാണ്. ബാക്കി വരികൾ കൂടി മനസ്സിലേക്ക്
ഓടിയെത്തുന്നു., സ്റ്റെപ്പുകൾ കാലുകളിൽ താളമിടുന്നു. അടച്ചിട്ടമുറിയിൽ അവൾ ചുവടുകൾ ഓർത്തെടുക്കുകയാണ്. അവളറിയാതെ ഏതോ ലോകത്തിലെ സ്വപ്നാടനക്കാരിയെപ്പോലെ നടന്ന് കയറുകയാണ്.!
..ഒരിക്കൽ കൂടി ആ ദൃശ്യങ്ങൾ കണ്മുന്നിലെ ത്തുന്നു. .
ഡാൻസ് മനോഹരമാവണമെങ്കിൽ ചിരിക്കുമ്പോൾ മുത്തുകൊഴിയണം. കണ്ണുകളിൽ നക്ഷത്രങ്ങൾ പൂക്കണം .
നർത്തകിയുടെ ഉടലിന് അഴക് വേണം എല്ലാം ഒത്തിണങ്ങിയാൽ ഉർവ്വശിമേനക രംഭ തിലോത്തമ്മമാർ പോലും നാണിച്ചോടും. ഡാൻസ്‌മാഷ് എപ്പോഴുംപറയുന്ന വാക്കുകൾഅവളോർത്തു.
അതേ ആ വാക്കുകൾ കുറിക്ക് കൊണ്ടു .
തിരശ്ശീല വീണപ്പോൾ തിരിഞ്ഞൊന്ന് നോക്കിയപ്പോൾമറ്റൊരു പുതിയ ലോകത്തിലെന്നപോലെ ഹാർമോണിയത്തിൽ കൈവെച്ച് ഒരു നിർവൃതിയിൽ എന്ന പോലെ റിയാസ്.
അവൻ ഇല്ലായിരുന്നെങ്കിൽ ആ പാട്ട് അത്രപെട്ടെന്ന് പഠിച്ചെടുത്ത് ഇത്ര ഭംഗിയായി ആര് പാടും? അടുത്ത നിമിഷത്തിൽ ഓടിച്ചെന്ന് ഹാർമോണിയത്തിൽ മുഖം ചേർത്തുവെച്ചു നമസ്കരിച്ചത് അതുകൊണ്ട് തന്നെയായിരുന്നു. സത്യത്തിൽ ആ നിമിഷത്തിൽ , തന്നെ അവന് മുന്നിൽ സമർപ്പിച്ചതല്ലേ.
അതിനായി അമ്പതാം വാർഷികം ഒരു നിമിത്തമായി. അതിനായി പിന്നണി പാടുന്ന മാഷിൻറെ ശബ്ദം അടഞ്ഞുപോയി. അതിന് വേണ്ടിമാത്രം ദൈവദൂതനെപ്പോലെ ഒരു കൂട്ടുകാരനും. എല്ലാം തനിക്കുവേണ്ടി.
അവസാനമായി കോളേജിൽനിന്ന് പിരിയുന്നതിനു മുൻപേ ഒരാഗ്രഹമുണ്ട് അത് സാധിച്ചുതരുമോ എന്ന് അവൻ ചോദിച്ചു. എന്താണെന്നു ചോദിച്ചപ്പോൾ വാ… ഇങ്ങോട്ടുവാ എന്ന പറഞ്ഞ് മുമ്പേ നടന്ന റിയാസിന്റെ പിറകെ പേടിച്ചുവിറച്ച് കൊണ്ട് താനും. കെട്ടിപ്പിണഞ്ഞുനിൽക്കുന്ന ആഞ്ഞിലി മരങ്ങളുടെ പിറകിൽ വെച്ച് കെട്ടിപ്പിടിച്ച് നെഞ്ചോട് ചേർത്ത്പിടിച്ച് നിന്ന നിമിഷങ്ങൾ . അതായിരുന്നു അവൻ ആഗ്രഹിച്ചതെന്ന് അപ്പോൾ മനസ്സിലായി. നെഞ്ചിൽ ചേർത്ത് പിടിച്ച്കൊണ്ട് സത്യം തന്നോട് പറഞ്ഞു സത്യം ചെയ്യാൻ. പഠനം പൂർത്തിയാവുന്നത് വരെ തനിക്ക് വേണ്ടി കാത്തിരിക്കണമെന്ന് . . നെഞ്ചിൽ മുഖം ചേർത്ത്‌വെച്ച് എൻറെ ഹൃദയത്തിനോട് പറയൂ അത് എന്ന് പറഞ്ഞപ്പോൾ ആ ആത്മാർത്ഥതയുടെ ആഴവും പരപ്പും എത്രമാത്രമെന്ന് അളക്കാൻ കഴിഞ്ഞില്ല. പിന്നീട് മെഡിസിന് സീറ്റ് കിട്ടി താൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോവുന്നു., ഒന്ന് കുന്നംകുളത്തേക്ക് വരാമോ എന്നുചോദിച്ചു. പക്ഷെ പോവാൻ കഴിഞ്ഞില്ല. അത് തന്റെ തെറ്റ് തന്നെ. അങ്ങിനെ രണ്ടുപേരുടെയും വിദ്യഭ്യാസം രണ്ടുവഴിക്കു തിരിഞ്ഞുപോയി. പിന്നീട് കത്തുകളിലൂടെ മാത്രമുള്ള ബന്ധം. ഒടുവിൽ റാങ്കോടെ പാസായ സന്തോഷം പങ്കിടാൻ ഓടിയെത്തി. വീട്ടിൽ കല്യാണക്കാര്യം അവതരിപ്പിച്ചപ്പോൾ ശക്തമായ എതിർപ്പ്. രണ്ടുകുടുംബങ്ങളും ഒരേപോലെ.
നിനക്ക് മാപ്ല ചെക്കനെ കെട്ടണോടി എന്ന് ആക്രോശിച്ചുകൊണ്ട് ചീറിയടുത്ത അമ്മാമന്റെ രൂപം ഇപ്പോളും ഓർക്കുന്നു.
വാശിയോടെ പിടിച്ചെടുത്ത ഇഷ്ടങ്ങൾ മനസ്സിൽ ചേർത്ത്‌വെക്കുമ്പോൾ ആന്ന് ഇത്രയൊന്നും ഓർത്തില്ല. .കൗമാരക്കാലങ്ങളുട കുസൃതിയാണ് അന്ന് തോന്നിയത്. വേറിടാനാവാത്ത ബന്ധങ്ങളിലേക്ക് എത്തിച്ചേരുമെന്നറിഞ്ഞില്ലല്ലോ ഹിന്ദുവിനും കൃസ്ത്യാനിക്കും ഇസ്ലാമിനുംഒക്കെ അപ്പുറത്തേക്ക് ചിറക് വിരിച്ച വിശാലമായ ആകാശമായിരുന്നു റിയാസിൻറെത്. മതം മാറേണ്ടിവരുമോ തട്ടമിടേണ്ടിവരുമോ നെറ്റിയിലെ ചന്ദനം മായ്ക്കേണ്ടിവരുമോ തുടങ്ങിയ ബാലിശമായ ചിന്തയുള്ള തൻറെ മനസ്സ് ഒരുപാട് ഉയരങ്ങളിലേക്കൊന്നും പറന്നില്ല.
“വാ എൻറെ കൈകളിലേക്ക് . നിന്നെ സംരക്ഷിക്കാൻ കരുത്തുള്ളകൈകൾ ഇന്നെനിക്കുണ്ട്. ആരുടേയും ഔദാര്യം നമുക്ക് വേണ്ട. നീയൊന്നിറങ്ങി വന്നാൽ മതി. നിന്നെ നേടിയെടുക്കാനുള്ള വാശിയാണ് എന്നെ ഒരു റാങ്ക് ഹോൾഡറാക്കിയത്. ഞാനിതാ ജേതാവായി തിരിച്ചു വന്നിരിക്കുന്നു.”
സ്നേഹപൂർവ്വം ക്ഷിച്ചപ്പോൾ അന്നത് സ്വീകരിക്കാനുള്ള മനക്കരുത്തു കിട്ടിയില്ല.
അവസാനമായി ഒരിക്കൽക്കൂടി എനിക്ക് നിന്നെ കാണണം. ഞാൻ ഇവിടം വിട്ടുപോവുകയാണ്, ഈ ഓർമ്മകൾ വരാത്ത നാട്ടിലേക്ക് എന്നുപറഞ്ഞുവിളിച്ചപ്പോൾ അത് മനസ്സിൽ കൊണ്ടു. കാണാനുള്ള സൗകര്യം കൂട്ടുകാരി ഒരുക്കിത്തരികയും ചെയ്തു.
സർക്കാരിൻറെ വിവിധവകുപ്പുകളിലേക്ക് ജോലിയൊഴിവുകൾ ഉണ്ടായിരുന്നു. അപേക്ഷിക്കാനുള്ള ഫോറം പ്രിയകൂട്ടുകാരി സാറാമ്മ വാങ്ങി വെച്ചിട്ടുണ്ടായിരുന്നു. ഞായറാഴ്ച്ചകളിൽ അവളുടെ അമ്മച്ചിയും അപ്പച്ചനും ഫെയ്ത്ത് ഹോമിൽ പോവും. മിക്ക ദിവസവും ഏതെങ്കിലും രോഗികൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ വീടുകളിൽ പോവും . അങ്ങിനെയൊരു ദിവസമാണ് റിയാസിനെയും തന്നെയും അവൾ വീട്ടിലേക്ക് വിളിച്ചത്.
അവളുടെ റൂമിൽ ഇരുന്നു ഉച്ചവരെ രണ്ടുപേരും അളക്കലും ചൊരിയലും. എങ്ങും എത്തിയില്ല കാര്യങ്ങൾ.
.ഒടുവിൽ എനിക്ക് അവസാനമായി ഒരുമ്മ തരണമെന്ന ആവശ്യത്തിന് മുന്നിൽ തല കുനിച്ചു. ഒരു നീണ്ട ആലിംഗനത്തിനു ശേഷം കണ്ണീരോടെ വിട!
തിരിഞ്ഞുനോക്കാതെ അവൻ ഇറങ്ങിപ്പോയി.
” എന്താടി തളർന്നിരിക്കുന്നത് ? ഇത്രയും നല്ല ഒരവസരം കിട്ടിയിട്ട് സമർഥ്യമുള്ളപെണ്ണാണെങ്കിൽ നേടിയെടുക്കുമായിരുന്നു. അവൻ അന്തസ്സുള്ളവൻ. വേറെ വല്ല ആണുങ്ങളുമായിരുന്നെങ്കിൽ അവനിന്ന് കാര്യം സാധിച്ചേ മുറിയിൽനിന്നും പുറത്തിറങ്ങുമായിരുന്നുള്ളു. അവൻ അന്തസ്സുള്ള ഒരു ഡോക്ടറാ..
നീയൊരു പെണ്ണാണോടി ..?
സാറാമ്മ വിരൽ ചൂണ്ടിക്കൊണ്ട് ചോദിച്ചു.
“ഈശോയേ അവൻ ഇറങ്ങിപ്പോയ ഒരു പോക്ക്..! പാവം നെഞ്ചുതകർന്നാണവൻ പോയത്.
അവൻ സ്‌നേഹിച്ചതിന്റെ നൂറിലൊന്ന് നീ തിരിച്ചുകൊടുത്തിരുന്നെങ്കിൽ ഇന്നീ മുറിയിൽ വെച്ച് നിങ്ങൾ ഒന്നാവുമായിരുന്നു. നീ ഓർത്തോ..നിന്നെക്കാളും സുന്ദരിയായ ഒരു പെണ്ണിനെ അവന് കിട്ടാഞ്ഞിട്ടല്ല എന്ന്.
എത്ര റിസ്കെടുത്താണ് ഇവിടെ ഇങ്ങിനെയൊരു സീൻ ഒരുക്കിയത്?
…ഇരുന്നു മോങ്ങുന്നു കഴുത..!. ഇറങ്ങിപ്പോയി കാലുപിടിക്കെടീ അവൻറെ ”
സാറാമ്മ വിറച്ചു തുള്ളുകയാണ്.
(തുടരും)
നിർമ്മല അമ്പാട്ട്✍
👍🙏
മനോഹരമായ കഥ അഭിനന്ദനങ്ങൾ