എല്ലാവർക്കും നമസ്കാരം
ഓണം കഴിഞ്ഞു ക്ഷീണിച്ചിരിക്കുന്ന ഈ വേളയിൽ പഴയകാല പാലക്കാടൻ പരമ്പരാഗത പലഹാരം പരിചയപ്പെടുത്താം. പേരിൽ തന്നെ പ്രത്യേകത ഉള്ള ഈ പലഹാരം ആരോഗ്യപ്രദവും രുചികരവും പ്രായഭേദമന്യേ എല്ലാവർക്കും കഴിക്കാൻ പറ്റിയതുമാണ്. അപ്പോ നമുക്ക് ജോലി തുടങ്ങാം.
🌾രങ്കയ്യൻ
ആവശ്യമായ സാധനങ്ങൾ
🍂ചെറുപയർ – 250 ഗ്രാം
🍂കറിവേപ്പില – ഒരു തണ്ട്
🍂പട്ട – ഒരു ചെറിയ കഷണം
🍂ഗ്രാമ്പൂ – രണ്ടെണ്ണം
🍂ഏലയ്ക്ക – ഒരെണ്ണം
🍂പെരുഞ്ചീരകം – കാൽ ടീസ്പൂൺ
🍂ജീരകം – കാൽ ടീസ്പൂൺ
🍂കുരുമുളക് – ഒരു ടീസ്പൂൺ
🍂ഉണക്കമുളക് – നാലെണ്ണം
🍂ചെറിയ ഉള്ളി – അഞ്ചാറെണ്ണം
🍂ഉപ്പ് – പാകത്തിന്
🍂വെള്ളം – കുറച്ച്
വറുക്കാൻ
🍂നെയ്യ് – രണ്ട് ടേബിൾ സ്പൂൺ
🍂കടുക് – ഒരു ടീസ്പൂൺ
🍂ഉണക്കമുളക് – ഒരെണ്ണം
🍂ചെറിയ ഉള്ളി – മൂന്നാലെണ്ണം
🍂പച്ചമുളക് – രണ്ടെണ്ണം
🍂കറിവേപ്പില – ഒരു തണ്ട്
ഉണ്ടാക്കുന്ന വിധം
🍂ചെറുപയർ നന്നായി കഴുകി നാലു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. കുതിർന്ന ചെറുപയർ കറിവേപ്പിലയും കുറച്ചു മാത്രം വെള്ളവും ചേർത്ത് തരുതരുപ്പായി അരച്ചെടുക്കുക.
🍂കുരുമുളക്, ജീരകം, ഗരംമസാല, ഉണക്കമുളക് ഇവയെല്ലാം കൂടി എണ്ണയൊഴിക്കാതെ വറുത്ത് അവസാനം ഉള്ളിയും ചേർത്തിളക്കി സ്റ്റൗവ് ഓഫ് ചെയ്യുക. ചൂടാറുമ്പോൾ തരുതരുപ്പായി പൊടിച്ചെടുക്കുക.
🍂ഒരു പാത്രത്തിലേക്ക് അരച്ചതും പൊടിച്ചതും കുറച്ചു വെള്ളവും പാകത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
🍂എണ്ണമയം പുരട്ടിയ പാത്രത്തിലേക്ക് മാവൊഴിച്ച് സെറ്റാക്കി ആവിയിൽ വേവിച്ചെടുക്കുക.
🍂ഒന്നാറിയതിനു ശേഷം കഷണങ്ങളാക്കി വയ്ക്കുക
🍂നെയ്യ് ചൂടാക്കി കടുക് പൊട്ടിച്ച് ഉണക്കമുളകിട്ടതിനു ശേഷം ഉള്ളി, പച്ചമുളക് ഇവ ചെറുതായി മുറിച്ചതും കറിവേപ്പിലയും ചേർത്ത് നന്നായി മൂത്തു വരുമ്പോൾ കഷണങ്ങളിട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. പാലക്കാടൻ പരമ്പരാഗത പലഹാരം രങ്കയ്യൻ തയ്യാർ.
🍂നാലുമണി പലഹാരമായും തൈരുചോറിൻ്റെ കൂടെ സൈഡ് ഡിഷ് ആയും കഴിക്കാം രങ്കയ്യൻ.
🍂 കാലഹരണപ്പെട്ട ഈ പലഹാരം ബ്രാഹ്മിൻസ് മീറ്റ് എന്ന പേരിലും അറിയപ്പെടുന്നു.
🍂ഒന്നു ട്രൈ ചെയ്തു നോക്കാം എന്നു തോന്നുന്നില്ലേ.